1
നാളുകള്‍ക്കു ശേഷം
ഇന്നലെ ഞാനുറങ്ങി
പോര്‍വിമാനങ്ങള്‍ക്കും
ബോംബുകള്‍ക്കുമിടയിലൂടെ
മലയും ശവങ്ങളും കടന്ന്
എന്റെ ബാബയും മാമിയും
നാടു കടന്നിട്ടുണ്ട്
ലെബനോണ്‍
കൈകാലുകള്‍ ഛേദിക്കപ്പെട്ട
കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട
ശരീരം മാത്രമാണ്
എന്റെ ശരീരം ഇപ്പോള്‍
പൊട്ടിത്തെറിക്കും
നിനക്കറിയുമോ
എനിക്കിതു പുതിയതല്ല
Born in the war
Lived in the war
I will die in the war
ഇംഗ്ലീഷ് സിനിമയില്‍ കണ്ടതല്ലാതെ
ചരിത്ര പുസ്തകങ്ങള്‍ പറഞ്ഞല്ലാതെ
യുദ്ധം പരിചയമുണ്ടോ നിനക്ക്
തോക്കുകള്‍ ജൈവമാവുക
കൈകള്‍ ചേരുമ്പോഴാണ്
തോക്കിന്റെ ആത്മാവ്
കൈകളാണ്

2
യുദ്ധം അവസാനിച്ചപ്പോള്‍
സമാധാനത്തിനായി
ഒലിവുമരങ്ങള്‍ക്കു കീഴെ
തോക്കുകള്‍ കുഴിച്ചിട്ടിരുന്നു
മെനിഞ്ഞാന്നു രാത്രി
അവയുടെ അസ്ഥികൂടങ്ങള്‍
അലമുറയിട്ട് കരഞ്ഞെന്ന്
ബാബയുടെ വിഭ്രമം
ഷവര്‍മ്മ പോലെ ചുരുട്ടി
അവര്‍ രാജ്യത്തെ തിന്നാന്‍ തുടങ്ങി
എന്റെ ശരീരവും വേവുന്നു
നീയും അരിഞ്ഞെടുക്ക്
ലോകം നിശബ്ദമായ ക്ലാസുമുറിയാണ്
ചുമരില്‍ നിവര്‍ത്തിയിട്ട
ഭൂപടത്തില്‍
ആയുധം കൊണ്ട്
അവര്‍ കാണിച്ചു തരുന്നു
പാലസ്തീന്‍, ലെബനോണ്‍,
സിറിയ, ഇറാന്‍..
അവര്‍ ഭൂപടത്തെ പിന്തുടരുന്നു
നിനക്കിപ്പോള്‍ മനസ്സിലാകും
4000RPM ല്‍ കുതിപ്പിച്ചെടുക്കുന്ന
240കി.മി. വേഗതയില്‍ കുതിക്കുന്ന
അക്ഷമമായ ലെബനീസ് ജീവിതത്തെ

3
കര്‍ക്കിടക മഴയില്‍
രാമായണപ്പുതപ്പില്‍
അച്ഛനുമമ്മയും
ഉറങ്ങുന്നു
അടച്ചിട്ട എന്റെ മുറിയില്‍
പുസ്തകങ്ങളുടെ
മോര്‍ച്ചറിയില്‍ നിന്ന്
സ്നേഹത്തിന്റെ പ്രവാചകന്‍
ഉയിര്‍ത്തെഴുന്നേറ്റ്
ആരോടെങ്കിലും പറഞ്ഞൊടുക്കാന്‍
വാതിലില്‍ മുട്ടുന്നു
മിനുത്ത വസ്ത്രങ്ങളും
ഒലിവുകായുമായെത്തുന്ന
ലെബനോണി
അച്ഛനു സ്വപ്നത്തില്‍ വന്നു
എനിക്കുടുക്കാന്‍
വസ്ത്രങ്ങള്‍ തുന്നിത്തരണം
അയാള്‍ പറഞ്ഞു
നഗ്നനായിരുന്നു അയാള്‍
ഉടലില്‍ ചിലയിടങ്ങള്‍
കത്തുന്നുണ്ടായിരുന്നു.
