A man without his house is an illusion.
(ഇസ് ഹാഖ് ബാര്‍ലോഡേ- ഇറാഖി കവി)
കുടിയേറ്റക്കാരന്റെ മനസില്‍ ജന്മനാട്ടിലെ വീടിന്റെ ചിത്രം എപ്പോഴും മായാതെ
കിടപ്പുണ്ട്.കുടിയേറ്റക്കാരന്‍ ജന്മനാട്ടിലെ വീട്ടിലെ
തടവുകാരനാണ്.അതുകൊണ്ടാണ് പാലായില്‍ നിന്ന് കുടിയേറി കുറ്റിയാടിയിലെത്തി
അവിടെ പിറന്ന് വളര്‍ന്ന മക്കളോട് നാടെവിടെ എന്നു ചോദിക്കുമ്പോള്‍ പാലാ
എന്ന സംശയരഹിതമായ മറുപടി വരുന്നത്.കുറ്റിയാടി ഭാഷ കലര്‍ത്തി
സംസാരിക്കുമ്പോഴും അതിനിര്‍ണായകമായ ചില മുഹൂര്‍ത്തങ്ങളില്‍ പാലാമൊഴി
പുറത്തുവരുന്നതും കുടിയേറ്റക്കാരന്‍ പാരമ്പര്യത്തിന്റെ തടവുകാരന്‍
കൂടിയായതിനാലാണ്.

പ്രവാസം കുടിയേറ്റത്തില്‍ നിന്നു വിഭിന്നമാണ്.പ്രവാസി ഒരിക്കലും
ജന്മനാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയുമെന്ന്
വിശ്വസിക്കുന്നില്ല,തീര്‍ച്ചയായും പിറന്ന നാടും വീടും അയാളെ/അവളെ
നിരന്തരമായി ക്ഷണിക്കുന്നുണ്ടെങ്കിലും.കുറേ കഴിയുമ്പോള്‍ ജന്മദേശത്തിന്റെ
ഓര്‍മകള്‍ അവരെ വിട്ടൊഴിയുന്നു. പലായനം ചെയ്ത് എത്തിയ നാട്ടിലെ ഭാഷ
പതുക്കെ പതുക്കെ അവരുടെ മാതൃഭാഷയാകുന്നു. (അറബ് നാടുകളില്‍ നിന്ന്
ഓടിപ്പോയി ഫ്രാന്‍സില്‍ കഴിയുന്ന പല എഴുത്തുകാരും ഇപ്പോള്‍ എഴുതുന്നത്
ഫ്രഞ്ചിലാണ്, ഇവരുടെ രചനകള്‍ക്ക് അറബി വിവര്‍ത്തനങ്ങളും ഇംഗ്ലീഷ്
വിവര്‍ത്തനങ്ങളും ഉണ്ടാവുകയാണ്). ഒന്നാം ഭാഷ പ്രവാസജീവിതം നയിക്കുന്ന
നാട്ടിലേതാകുന്നു എന്നര്‍ഥം.
പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസജീവിതം നയിച്ചുകഴിഞ്ഞ തിബത്തന്‍ ജനതയുടെ
ആത്മീയ നേതാവ് ദലൈലാമ ലാസയിലെ തന്റെ പഴയ കൊട്ടാരം ഇനി കാണാന്‍ കഴിയുമെന്ന
പ്രതീക്ഷ, അവിടെ ഒരു ദിവസം തങ്ങാന്‍ കഴിയുമെന്ന സ്വപ്നം, ഇപ്പോള്‍
പൂര്‍ണ്ണമായും കൈവിട്ടിരിക്കും.
പ്രവാസം മിക്കപ്പോഴും രാഷ്ട്രീയകാരണങ്ങളാലാണ് ഉണ്ടാകുന്നത്. ഇസ്രായേല്‍
അധിനിവേശമാണ് ലോകമെങ്ങും ചിതറിയ നിലയില്‍ ജീവിക്കാന്‍ പലസ്തീനികളെ
നിര്‍ബന്ധിതരാക്കിയത്. ലോകമഹായുദ്ധങ്ങള്‍ യൂറോപ്പിലുള്ളവരെ പല
ഭൂഖണ്ഡങ്ങളിലേക്കും വലിച്ചെറിഞ്ഞു.
അന്തരിച്ച ചിന്തകന്‍ എഡ്വേര്‍ഡ് സൈദും നിലവില്‍ പാരീസില്‍ പ്രവാസജീവിതം
നയിക്കുന്ന പലസ്തീന്‍ കവി മഹ്മൂദ് ദര്‍വേശും എല്ലാം പ്രവാസികളാകുന്നത്
ഇസ്രായേല്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ്. അര്‍ബുദം
അസഹനീയമായപ്പോള്‍ ജന്മനാട്ടിലെ കാറ്റ് തന്റെ മുറിവുകളെ ഉണക്കുമെന്ന്
എഡ്വേര്‍ഡ് സൈദ് സ്വപ്നം കണ്ടിരുന്നുവെന്ന് പ്രശസ്ത മാധ്യമ
പ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്ക് രേഖപ്പെടുത്തിയിട്ടുണ്ട്. മരണത്തിന്
മാസങ്ങള്‍ക്കു മുമ്പ് സഹോദരിയുടെ ബെയ് റൂട്ടിലെ വീട്ടില്‍
വിശ്രമിക്കാനെത്തിയ സൈദുമായി ഫിസ്ക് നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ
സ്വപ്നത്തെക്കുറിച്ച് പറഞ്ഞത്. തന്റെ വിശ്രുതമായ സ്വപ്നത്തെക്കുറിച്ച്
സൈദ് സംസാരിക്കുമ്പോള്‍ സ്വന്തം ഓഫീസില്‍ നിന്നു പുറത്തിറങ്ങാന്‍ പറ്റാതെ
യാസര്‍ അറാഫത്ത് ഗാസയില്‍ ഇസ്രായേല്‍ ഉപരോധത്തിലായിരുന്നു. ഒരു
ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഓഫീസിനു മുകളിലും ബോംബു
വര്‍ഷമുണ്ടാകുന്നുണ്ട്. രാഷ്ട്രീയകാരണങ്ങളാല്‍ പ്രവാസിയാകേണ്ടി വന്ന
(അതില്‍ അറാഫത്തുമായുള്ള അഭിപ്രായഭിന്നതയും ഉണ്ട്)
സൈദിനെപ്പോലെയുള്ളവര്‍ക്ക് ജന്മനാട്ടിലേക്കു തിരിച്ചുവരാന്‍ അവസരം
ഒരുക്കുമെന്ന പ്രഖ്യാപനത്തില്‍ അറാഫത്ത് അവസാനം വരെ ഉറച്ചുനിന്നു. അതു
സാക്ഷാല്‍ക്കരിക്കാന്‍ അദ്ദേഹത്തിനായില്ലെങ്കിലും.
ഈ തരത്തില്‍ വിശ്രുതരായ ഏതു പ്രവാസിയുടെ കാര്യമെടുത്താലും അവരെല്ലാം ആ
നിലയില്‍ എത്തുന്നത് രാഷ്ട്രീയകാരണങ്ങളാല്‍ തന്നെയാണെന്നു കാണാം. നോബല്‍
സമ്മാനജേതാവ് ഗാവോ സിങ്ങ്ജിയാന്‍ ജന്മനാടായ ചൈനയില്‍ നിന്ന്
(ജന്മപ്രദേശവും ജന്മരാജ്യവും രണ്ടാണെന്ന് സിങ്ങ്ജിയാന്‍.താന്‍ ജനിച്ച
കിഴക്കന്‍ ചൈന ബീജിംഗല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഇപ്പോള്‍
താമസിക്കുന്ന പാരീസില്‍ ചൈനയുടെ അധിനിവേശം കണ്ട് ഞെട്ടുന്നതായും അദേഹം
കൂട്ടിച്ചേര്‍ക്കുന്നു.ചൈനീസ് ഉല്‍പന്നങ്ങള്‍ ഫ്രാന്‍സിലെ വിപണിയെ മൂടുന്ന
പ്രതിഭാസത്തെയാണ് അദ്ദേഹം ചൈനീസ് അധിനിവേശം എന്നു വിളിക്കുന്നത്)
ഓടിപ്പോകുന്നത് രാഷ്ട്രീയ കാരണങ്ങളാലാണ്. മാവോയുടെ കാലത്തെ ചൈനയില്‍
എഴുത്തുകാരനായി തുടരുക അസാദ്ധ്യമാണെന്നു വന്നപ്പോഴാണ് ജയന്റ് പാണ്ടകളുടെ
കാമുകനായ സിങ്ങ്ജിയാന്‍ ജന്മദേശം വിട്ട് ഓടിപ്പോകുന്നത്.

ഷോഭാ ശക്തി എന്ന തമിഴ്-ശ്രീലങ്കന്‍ എഴുത്തുകാരന് നാട്ടില്‍ നിന്ന്
പരീസിലെ ഹോട്ടല്‍ പണിക്ക് പോകേണ്ടിവന്നതും കശ്മീരി പണ്ഡിറ്റുകള്‍ക്ക്
കശ്മീര്‍ താഴ്‌വാരം വിട്ട് സമതലങ്ങളിലേക്ക് ഓടിപ്പോകേണ്ടി വന്നതും
രാഷ്ട്രീയകാരണങ്ങളാല്‍ തന്നെ. ഓടിപ്പോകേണ്ടി വരുന്നവര്‍ ഉന്നയിക്കുന്ന
രാഷ്ട്രീയ കാരണങ്ങളോട് യോജിക്കാം, വിയോജിക്കാം. പക്ഷേ ഇവര്‍ക്ക്
പ്രവസികളാവേണ്ടി വരുന്നത് ഭരണകൂടവുമായുള്ള ഏറ്റുമുട്ടല്‍ മൂലമോ സ്വന്തം
നാട്ടില്‍ നിര്‍ണായകമായി വിരാജിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായുള്ള
അഭിപ്രായഭിന്നതയോ മൂലമാണ്. ജീവന്‍ അപകടത്തിലാകുമെന്നു വരുമ്പോള്‍
ഇക്കൂട്ടര്‍ക്ക് പലായനം ചെയ്യേണ്ടി വരുന്നു.
ഒട്ടും പ്രശസ്തരല്ലാത്ത ലക്ഷക്കണക്കിനാളുകള്‍ ലോകത്തെങ്ങും പ്രവാസികളായി
കഴിയുന്നുണ്ട്. സ്വന്തം നാട്ടില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ നിലനില്‍പ്പ്
നിഷേധിക്കപ്പെട്ടവരാണിവര്‍.ശ്രീലങ്കയിലെ തമിഴ് പുലി മേഖലയില്‍ നിന്നും
ഗള്‍ഫിലെങ്ങും താഴ്‌ന്ന കൂലിക്ക് ജോലിചെയ്യുന്ന ശ്രീലങ്കക്കാരന്‍/കാരി ഒരേ
സമയം പ്രവാസിയും കുടിയേറ്റക്കാരനും അഭയാര്‍ഥിയുമാണെന്നതാണ് മറ്റൊരു
വസ്തുത. പുലിമേഖലയില്‍ ജോലി ചെയ്യാന്‍ കഴിയാതെ ഗള്‍ഫിലേക്കു വരുന്ന ഇവരില്‍
വലിയൊരു ഭാഗം എല്‍.ടി.ടി.ഇക്ക് പ്രതിമാസ സെസ് കൊടുക്കുന്നവരാണ്. പക്ഷേ
അവധിക്കു നാട്ടില്‍ ചെല്ലുമ്പോള്‍ ഉന്നം തെറ്റിയ പുലികളുടേയോ സര്‍ക്കാര്‍
സൈന്യത്തിന്റേയോ ആക്രമണങ്ങളില്‍ തകര്‍ന്ന സ്വന്തം വീടുകളോ മരിച്ച
പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങളോ ഇവര്‍ക്കു കാണേണ്ടി വരുന്നത് അപൂര്‍വ
സംഭവമല്ല. അതിനാല്‍ ലോകത്ത് പ്രവാസിയും കുടിയേറ്റക്കാരനും അഭയാര്‍ഥിയുമായി
,ഒരേ സമയം മൂന്നു വേഷങ്ങളില്‍ ശ്രീലങ്കന്‍ ജനത പകര്‍ന്നാടുകയാണ്.

2
കേട്ടെഴുത്തുകാരെ ആവശ്യമുണ്ട്
ഇന്നു ലോകമെങ്ങും ചിതറിക്കിടക്കുന്ന മലയാളിയോ? ചിതറലിന്റെ കണക്കുകള്‍
എടുത്തു നോക്കിയാല്‍ പലസ്തീനികളുടേതിന് സമാനമായ അവസ്ഥ
മലയാളിക്കുമുണ്ടാവും. പലസ്തീനി എത്ര ഉയര്‍ന്ന ജോലി ചെയ്യുമ്പോഴും
അയാളില്‍/അവളില്‍ അഭയാര്‍ഥിയുടെ നനഞ്ഞ കണ്ണുകളുണ്ട്. അഭയം തേടി നടക്കുന്ന,
വീടും നാടും തേടി നടക്കുന്ന ഒരു മാനുഷികാവസ്ഥ പലസ്തീനിയില്‍ ജ്വലിച്ചു
നില്‍ക്കുന്നു.
മലയാളി ലോകത്തെവിടെയാകുമ്പോഴും സ്വന്തം വീടിനെക്കുറിച്ചോര്‍ത്ത്, അതില്‍
തല പൂഴ്ത്തി ജീവിക്കുന്നവനാണ്. ഒന്നുകില്‍ പുതിയ വീട്
നിര്‍മിക്കുന്നതിനെക്കുറിച്ച്, അല്ലെങ്കില്‍ ഉള്ള വീട്
പുതുക്കിപ്പണിയുന്നതിനെക്കുറിച്ച് ആലോചിച്ചാണ് അവന്‍/അവള്‍ പുറം
നാടുകളില്‍ കഴിയുന്നത്. സ്വന്തമായി സ്വത്ത് വാങ്ങാന്‍ നിയമം
അനുവദിക്കാത്ത ഗള്‍ഫ് നാടുകളില്‍ (ചിലയിടങ്ങളില്‍ വിദേശികള്‍ക്ക്
സ്വത്ത് വാങ്ങാമെന്ന നിയമം വൈകാതെ പ്രാബല്യത്തില്‍ വരുമെന്നാണ്
കേള്‍ക്കുന്നത്,ചിലയിടങ്ങളില്‍ നടപടികള്‍ തുടങ്ങിയതായും
വാര്‍ത്തയുണ്ട്)കഴിയുന്ന മലയാളി ജന്മനാട്ടില്‍ വീടോ വീടുകളോ
പണിഞ്ഞുകൊണ്ടിരിക്കുകയാണ്. 35 വര്‍ഷമായി ഈ പ്രവര്‍ത്തനം നടന്നു വരുന്നു.
(ഗള്‍ഫില്‍ ജോലി ചെയ്ത് നാട്ടില്‍ വീടുണ്ടാക്കിയവരേക്കാള്‍
വീടുണ്ടാക്കാന്‍ കഴിയാത്തവരാണ് ഭൂരിപക്ഷം കുടിയേറ്റ മലയാളികളും എന്നൊരു
കണ്ടെത്തലുണ്ട്)തറവാട് നന്നാക്കിയെടുത്ത് കഴിഞ്ഞപ്പോഴേക്കും
അണുകുടുംബത്തിന്റെ കാറ്റ് വീശാന്‍ തുടങ്ങിയതിനാല്‍ ഓരോരുത്തരും സ്വന്തം
കുടുംബത്തിനുള്ള വീടും നിര്‍മിച്ചു.
ഇങ്ങിനെയൊക്കെയായിട്ടും ഗള്‍ഫ് ജീവിതം എന്തുകൊണ്ട് മലയാള സാഹിത്യത്തില്‍
നിര്‍ണായകമായ ശക്തിയായി മാറുന്നില്ലെന്ന ചോദ്യം പല കോണുകളില്‍ നിന്നും
ഉയരുന്നു. നിലമ്പൂര്‍ ഗൂഡല്ലൂരില്‍ ചെന്നു ചേരുന്ന പ്രദേശത്ത് 60കളില്‍
സ്വര്‍ണ്ണത്തിനായി നടന്ന കുഴിക്കലും അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളും
ഉറൂബിന്റെ 'ഉമ്മാച്ചു'വില്‍ സസൂക്ഷ്മം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. നേരിയ
കാലത്തേക്കു മാത്രം നിലനിന്ന ഈ പ്രതിഭാസം പോലും മലയാള സാഹിത്യത്തില്‍ ഇടം
നേടിയിട്ടും കേരളത്തിന് മൂന്നര പതിറ്റാണ്ടോളമായി അന്നം തന്ന മലയാളിയുടെ
ഗള്‍ഫ് ജീവിതം എന്തുകൊണ്ട് നമ്മുടെ സാഹിത്യത്തില്‍ പീലി വിടര്‍ത്തി
ആടിയില്ല എന്നതാണ് ചോദ്യം.
ഗള്‍ഫിലേത് മലയാളിയുടെ കുടിയേറ്റ ജീവിതമാണ്, പ്രവാസ ജീവിതമല്ല എന്ന
യാഥാര്‍ഥ്യമാണ് ആദ്യം മനസിലാക്കേണ്ടത്. ഗള്‍ഫിലെ ജീവിതം മതിയാക്കി
ജന്മനാട്ടിലെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് മലയാളി ഇവിടെ
കഴിയുന്നത്. തൊഴിലില്ലായ്മ രാഷ്ട്രീയമായി പരിഹരിക്കാന്‍ കഴിയില്ലെന്നും
സംഘടിതമായ കുടിയേറ്റം മാത്രമാണ് ഇതിനു പരിഹാരമെന്നും മലയാളി ഉറച്ചു
വിശ്വസിക്കുന്നു.മാറിമാറി വരുന്ന സര്‍ക്കാരുടെ ജോലി വാഗ്ദാനങ്ങളൊന്നും
വിശ്വസിക്കാന്‍ പറ്റില്ലെന്നും മലയാളി ഇക്കാലം കൊണ്ട്
തിരിച്ചറിഞ്ഞിട്ടുണ്ട്. ചിതറലില്‍ പാലസ്തീനികള്‍ക്കൊപ്പമാണെങ്കിലും അവരുടെ
യാഥാര്‍ഥ്യവും മലയാളിയുടെ യാഥാര്‍ഥ്യവും തമ്മില്‍ ഒരു സാമ്യവുമില്ല.
അതിനാല്‍ മഹ്മൂദ് ദര്‍വേശിനെപ്പോലെ ഒരു കവിയോ ഗസ്സാന്‍ കാനഫാനിയെപ്പോലെ
ഒരു കഥ എഴുത്തുകാരനോ നമ്മുടെ ഭാഷയില്‍ പിറക്കുക അസാദ്ധ്യമായിരിക്കും.
പ്രവാസവും കുടിയേറ്റവും തമ്മില്‍ അത്രയും അകലമുണ്ട്. തൊഴിലില്ലായ്മ
രാഷ്ട്രീയപ്രശ്നമായി ഉയര്‍ത്തുമ്പോഴും അതിനുള്ള എളുപ്പത്തിലുള്ള പോംവഴി
കുടിയേറ്റമാണെന്നു തന്നെ മലയാളി വിശ്വസിക്കുന്നു.
ഇറച്ചി എന്ന പേരില്‍ ഒന്നാംതരം മലയാളി-ഗള്‍ഫ് കഥ എഴുതിയ ടി.വി.കൊച്ചുബാവ
അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്ന ഒരു പ്രസ്താവനയുണ്ട്. ഇഷ്ടമോ
വെറുപ്പോ തോന്നുന്ന സംഭവമോ നാടോ കഥാപാത്രങ്ങളോ ഉണ്ടെങ്കിലേ അതു
സംബന്ധിച്ച് എഴുതാന്‍ കഴിയൂ എന്നും ഇഷ്ടവും വെറുപ്പുമില്ലാത്തതിനാല്‍
ഗള്‍ഫിനെക്കുറിച്ച് എഴുതുന്നില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.കുടിയേറ്റ
ഭൂമിയോട് വാടക വീടിനോടുള്ള സമീപനമാണ് മലയാളിക്കുള്ളതെന്നാണോ ഇതില്‍
നിന്ന് മനസ്സിലാക്കേണ്ടത്. ഇഷ്ടവും വെറുപ്പുമില്ലാത്ത ഒരുനില.നോമാന്‍സ്
ലാന്റിലെ ഭൂതവും ഭാവിയുമില്ലാത്ത, ഇരുട്ടും വെളിച്ചവുമില്ലാത്ത
പാര്‍ക്കലിനെയാണ് കൊച്ചുബാവയുടെ പ്രസ്താവന ഓര്‍മിപ്പിക്കുന്നത്.
നോമാന്‍സ് ലാന്റിലെ സാഹിത്യം എപ്പോഴും കേട്ടെഴുത്തുകാര്‍ക്കാണ്
രേഖപ്പെടുത്താനാവുക.നിലമ്പൂര്‍ ആയിഷയുടെയും വിളയില്‍ ഫസീലയുടെയും ജീവിത കഥ
കേട്ടെഴുത്തുകാരന്‍ പകര്‍ത്തിയെടുത്ത് മനോഹരമായി അവതരിപ്പിച്ചതു പോലെ.(ഈ
രണ്ട് കലാകാരികളിലും നോമാന്‍സ് ലാന്റുമായുള്ള ഏറ്റുമുട്ടലുണ്ട്.മുസ്ലിം
സ്ത്രി നാടകം കാണുകപോലും ചെയ്യാത്ത കാലത്ത് അതില്‍ അഭിനയിച്ച ആയിഷയും
മാപ്പിളമാര്‍ മാത്രം ചൊല്ലി നടക്കേണ്ട പാട്ട് അതല്ലാത്ത ഒരാള്‍ പാടി
നടക്കാന്‍ തുടങ്ങിയതു വഴി വത്സലയായിരുന്ന ഫസീലയും നിര്‍വഹിച്ചത്
ഇത്തരമൊരേറ്റുമുട്ടലാണ്.)
ഗള്‍ഫില്‍ കഴിയുന്ന, കഴിഞ്ഞിരുന്ന മലയാളിക്ക് ഇവിടുത്തെ ജീവിതത്തെ
കേന്ദ്രീകരിച്ച് കഥയും കവിതയും എഴുതാന്‍ പറ്റുമായിരിക്കില്ല. കാരണം ഇവിടെ
കഴിയുന്നവരില്‍ ഓരോരുത്തരും ആത്മകഥകള്‍ കൊണ്ട്
വീര്‍പ്പുമുട്ടുകയാണ്.കുടിയേറ്റക്കാരന്റെ അനുഭവങ്ങള്‍ അത്ര
അധികമാണ്.തൊഴിലിടങ്ങളില്‍, മനുഷ്യബന്ധങ്ങളില്‍, പ്രണയസ്മരണങ്ങളില്‍
ഗള്‍ഫുകാരന്‍ കിടന്ന് പിടയുകയാണ്. ഈ പിടച്ചില്‍ ആത്മകഥകള്‍ക്ക് മാത്രം
ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ളതാണ്. എന്നാല്‍ ഇവര്‍ക്കൊന്നും ആത്മകഥകള്‍
എഴുതാനാകുന്നില്ല അനുഭവം പകര്‍ത്താനാവുന്ന ഭാഷ ഈ കുടിയേറ്റക്കാരനില്‍
വളര്‍ന്നില്ല എന്നതാണ് വസ്തുത. ഇവിടെയാണ് കേട്ടെഴുത്തുകാരന്‍/കാരി എന്ന
സങ്കല്‍പത്തിന് കൂടൂതല്‍ മിഴിവ് കിട്ടുന്നത്. ഗള്‍ഫ് ജീവിതം
പകര്‍ത്താന്‍ യഥാര്‍ഥ എഴുത്തുകാരനെയല്ല ,കേട്ടെഴുത്തുകാരനെയാണ് ആവശ്യം.ഈ
കേട്ടെഴുത്തിലൂടെയായിരിക്കും(ഒരു പക്ഷെ അങ്ങനെ മാത്രമായിരിക്കും) ഗള്‍ഫ്
ജീവിതം മലയാളി മുഖ്യധാരയില്‍ പ്രവേശിക്കുന്നത്.
അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ മലയാളി മുഖ്യധാര ജീവിതത്തിന്
ഗള്‍ഫുകാരന്‍ എക്കാലത്തും ആഡംബര ജീവി മാത്രമായിരിക്കും.കാരണം
നാട്ടിലുള്ളവര്‍ ഗള്‍ഫുകാരന്റെ അവധിക്കാലം മാത്രം കാണുന്നവരാണല്ലോ. അവന്റെ
/അവളുടെ ഇവിടുത്തെ ജീവിതം കാണാനവര്‍ക്ക് വഴിയില്ലല്ലോ.ലേബര്‍ ക്യാമ്പില്‍
അധസ്ഥിതനായി കഴിയുന്ന,തോട്ടങ്ങളില്‍ രാപ്പകല്‍ കുറഞ്ഞ കൂലിക്ക് ജോലി
ചെയ്യുന്ന ,വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ കഴിയാത്ത,ചേരിയേപ്പോലും
നാണിപ്പിക്കുന്ന ഇടങ്ങളില്‍ പാര്‍ക്കേണ്ടി വരുന്ന ഗള്‍ഫിലെ
മലയാളിയെക്കുറിച്ച് ഇന്നും നാട്ടിലുള്ളവര്‍ക്ക് അറിയില്ല .ഇവിടെയുള്ളവര്‍
എഴുതിയാലും നാട്ടുകാര്‍ അതു വിശ്വസിക്കില്ല. അവര്‍ക്കുവേണ്ടി
കേട്ടെഴുത്തുകാരുടെ ഒരു നില അനിവാര്യമാണ്. പുറത്തു നിന്നുള്ള
കേട്ടെഴുത്ത് ഇടപെടലിനേ നമ്മുടെ ഭാഷയില്‍ ഗള്‍ഫ് മലയാളികളുടെ യാഥാര്‍ഥ്യം
പകര്‍ത്താന്‍ കഴിയൂ. കള്‍ച്ചറല്‍ ജേണലിസത്തിനുള്ള ഇടമാണത്. അല്ലാതെ
ശുദ്ധസാഹിത്യത്തിനുള്ള ഇടമല്ല.
ഗള്‍ഫിലെ അനുഭവങ്ങള്‍,വേദനകള്‍,സ്വപ്നങ്ങള്‍,മിഥ്യങ്ങള്‍ എന്നിവയിലൂടെ
മുഖ്യധാരക്ക് അപരിചിതനായ മറ്റൊരു മലയാളിയെ നിര്‍മിച്ച്
യാഥാര്‍ഥ്യത്തിന്റെ കഥാര്‍സിസ് നടത്താന്‍ ഇവിടെയുള്ള ശുദ്ധ
സാഹിത്യകാരന്മാരില്‍ ആരും താല്‍പര്യമെടുത്തു കാണുന്നില്ല. മരുഭൂമിയില്‍
ജീവിക്കുമ്പോഴും നിറഞ്ഞൊഴുകിയിരുന്ന ഭാരതപ്പുഴ കണികണ്ടാണ് താനുണരുന്നത്
എന്ന മട്ടിലാണ് ഗള്‍ഫിലെ വലിയൊരു വിഭാഗം മലയാളി എഴുത്തുകാരും കഴിഞ്ഞു
പോരുന്നത്. ഇത് അട്ടിമറിക്കാന്‍ കേട്ടെഴുത്തുകാര്‍ക്കായിരിക്കും കഴിയുക.
ഒരു പക്ഷെ അതുവഴി ഭാവുകത്വ വിസ്ഫോടനം
തന്നെയുണ്ടായിക്കൂടെന്നില്ല.ഗള്‍ഫുകാരന്റെ നേര്‍കഥ,സമൃദ്ധിയും,ദാരിദ്ര്യവും
ഉള്‍ചേര്‍ന്ന മായികമായ അറബിക്കഥ മൂന്നര പതിറ്റാണ്ട് നീണ്ട കുടിയേറ്റത്തിനു
ശേഷവും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓര്‍ക്കണം.
