1.
എന്താണ് ഫോണ്ട് എന്നതുകൊണ്ട്
അര്‍ത്ഥമാക്കുന്നത്?
ഏറെക്കുറെ മിക്കവ്വര്‍ക്കും അറിയാവുന്ന ഒരു
കാര്യമായിരിക്കും കമ്പ്യൂട്ടറിനു മനസ്സിലാവുന്ന ഭാഷ 0,1 എന്നീ അക്കങ്ങള്‍
മാത്രമാണെന്നു്. ഇവയെ ബിറ്റ് എന്നു പറയുന്നു. ഈ ബിറ്റുകളുടെ വിവിധ
കോമ്പിനേഷനുകള്‍ ഉപയോഗിച്ചാണു
കമ്പ്യൂട്ടറുകള്‍ ഡാറ്റ
സംസ്കരിക്കുന്നതു്. സംഖ്യകളായാലും ചിത്രങ്ങളായാലും അങ്ങനെ തന്നെ.
എന്നാല്‍, സംഖ്യയും ചിത്രവും എടുത്തുവയ്ക്കാനാവശ്യമായ ബിറ്റുകളുടെ
എണ്ണത്തില്‍ കാര്യമായ വ്യത്യാസമുണ്ട്. ഒരു സംഖ്യക്ക് മുപ്പത്
ബിറ്റുകളാണ് വേണ്ടതെങ്കില്‍, ഒരു ചിത്രത്തിന് മുപ്പതിനായിരവും മുപ്പത്
ലക്ഷവും ഒക്കെ ബിറ്റുകള്‍ വേണ്ടി വരും.
a,b,c എന്നിങ്ങനെ അക്ഷരങ്ങളുടെ ഒരു കൂട്ടമാണല്ലോ
ഒരു ഡോക്യുമെന്റ്. ഓരോ അക്ഷരത്തേയും ചിത്രമായി എടുത്തുവച്ചാല്‍
ഡോക്യുമെന്റിന്റെ വലുപ്പം വല്ലാതെ കൂടും. അതിനൊരു പോംവഴിയായി കണ്ടുപിടിച്ച
മാര്‍ഗമാണ് ഓരോ അക്ഷരത്തിനും ഒരു കോഡ്‌നമ്പര്‍ കൊടുക്കുക എന്നത്. ഈ രീതിയെ
എന്‍കോഡിങ് എന്നുപറയും. പല എന്‍കോഡിങ് രീതികളുണ്ടായതില്‍ ഏറ്റവും
പോപ്പുലറായ എന്‍കോഡിങ് രീതിയാണ് ആസ്കി. അതില്‍ 65 എന്നാല്‍ A ആണ്; 66
എന്നാല്‍ B; എന്നിങ്ങനെ പോകുന്നു.
എന്നാല്‍ ആസ്കി എന്ന ഈ അക്ഷരസംഖ്യ മാത്രം
പോരല്ലോ അക്ഷരം കമ്പ്യൂട്ടര്‍ മോണിറ്ററില്‍ തെളിയാന്‍. അക്ഷരരൂപവും വേണം.
അക്ഷരരൂപങ്ങളുടെ പട്ടികയാണ് ഫോണ്ട് എന്നറിയപ്പെടുന്നത്. അതില്‍ ഒരു
കോളത്തില്‍ 65, 66, എന്നിങ്ങനെ എന്‍കോഡിങ് സംഖ്യകള്‍ (അക്ഷരസംഖ്യ)
കൊടുത്തിരിക്കും. അപ്പുറത്തെ കോളത്തില്‍ ആ അക്ഷരത്തിന്റെ രൂപം ചിത്രങ്ങളായോ
ഗണിത ഫോര്‍മുലകളായോ എഴുതി വച്ചിരിക്കുന്നു. ഈ ചിത്രങ്ങളും ഗണിത ഫോര്‍മുലകളും
കമ്പ്യൂട്ടറുകള്‍, മോണിറ്ററിലോ പ്രിന്ററിലോ വളരെ ചെറിയ ഡോട്ടുകളായി
(pixels) വരയ്ക്കുന്നതാണു അക്ഷരങ്ങളായി കമ്പ്യൂട്ടര്‍
ഉപഭോക്താക്കള്‍ കാണുന്നതു്.
2. യൂണികോഡ്
ഫോണ്ടിന് മേല്പറഞ്ഞ ഫോണ്ടിനെ അപേക്ഷിച്ച് എന്ത് മെച്ചമാണുള്ളത്?
ഫോണ്ട് ടേബിളില്‍ ആസ്കി നിശ്ചയിച്ചിരിക്കുന്ന
അക്ഷരങ്ങള്‍ മാറ്റി, പകരം അവിടെ മലയാളം അക്ഷരരൂപങ്ങള്‍ (glyphs) വരച്ചാണ്
മാതൃഭൂമി, മനോരമ, ദീപിക തുടങ്ങിയ സൈറ്റുകള്‍ മലയാളം
പ്രദര്‍ശിപ്പിക്കുന്നത്. ഇത്തരം ഫോണ്ടുകള്‍ അതാത് പത്രങ്ങളുടെ മാത്രമാണ്.
അതാത് പത്രങ്ങളുടെ ഫോണ്ടോടുകൂടി മാത്രമേ ആ പത്രത്തിന്റെ ഡോക്യുമെന്റുകള്‍
കാണാനാവൂ. ആസ്കീ വിലകളെ ഒരു പ്രത്യേക രീതിയില്‍
ഫോര്മാറ്റ് ചെയ്താല് കമ്പ്യൂട്ടറുകള്‍ ആ വിലകളെ
ഫോര്‍മാറ്റില്‍ നിര്ദ്ദേശിച്ചിരിക്കുന്ന ഫോണ്ടു്
ഉപയോഗിച്ചു കൃത്യമായി പ്രദര്ശിപ്പിക്കും (ഫോണ്ട് കമ്പ്യൂട്ടറില്‍
ലഭ്യമായിരിക്കണം) എന്നതാണു് ഈ രീതിയുടെ
സാങ്കേതികവശം. ഈ ഒരു സങ്കേതം കൂടുതല്‍
പ്രശ്നങ്ങളിലേയ്ക്കാണു കമ്പ്യൂട്ടറുകളെ കൊണ്ടുപോകുന്നതു്.
ഡാറ്റയുടെകൂടെ ഫോണ്ട്/ഫോര്‍മാറ്റ് എപ്പോഴും
എടുത്തുവയ്ക്കാന്‍ കഴിയാത്ത ചില സന്ദര്ഭങ്ങളുണ്ടു്, ഉദാഹാരണം ഡാറ്റാബേസില്‍
ഒരു പദം സൂക്ഷിച്ചുവയ്ക്കുന്നതു്, വെബ്പേജുകള്‍
തിരയുന്ന വേളയില്‍, ചില ഇ-മെയില്‍
പ്രോഗ്രാമുകള്‍ എന്നിങ്ങനെ. ആസ്കി ഫോണ്ട് ഉപയോഗിച്ചു ഡാറ്റാബേസില്‍
സ്റ്റോര്‍ ചെയ്തിരിക്കുന്ന ഒരു പദം
ഉപയോഗത്തിനായി തിരിച്ചെടുക്കുമ്പോള്‍ നേരത്തെ
ഉപയോഗിച്ച ഫോര്മാറ്റ് പ്രകാരം തന്നെ വായിക്കപ്പെടേണ്ടി വരും. ഇത്തരം ഫോണ്ട്
ഫോര്മാറ്റുകള്‍ നഷ്ടപ്പെടുന്നതോടെ ഡാറ്റ
ഉപയോഗശൂന്യമാവുകയും ചെയ്യുന്നു.
യൂണികോഡ് ഈ പ്രശ്നത്തിനുള്ള പ്രതിവിധിയാണു്.
യൂണികോഡ് ഒരു ഫോണ്ടല്ല. ആസ്കി എന്ന എന്‍കോഡിങ് രീതിയെ
വിപുലപ്പെടുത്തിയതാണ് യുണിക്കോഡ്. ആസ്കിയില്‍ ലാറ്റിന്‍
അക്ഷരമാല മാത്രമേ എന്‍കോഡ് ചെയ്യപ്പെട്ടിട്ടുള്ളൂ. യുണീക്കോഡിലാവട്ടേ,
ലോകത്തിലെ എല്ലാ ഭാഷകളും എന്‍കോഡ് ചെയ്തിട്ടുണ്ട്. അതില്‍ മലയാളം
'അ'കാരത്തിന് 3333 ആണ് അക്ഷരസംഖ്യ. 'ആ'കാരത്തിന് 3334 എന്നിങ്ങനെ.
അതുകൊണ്ട് മാതൃഭൂമി, മനോരമ തുടങ്ങീ പ്രത്യേക ഫോണ്ടുകള്‍ ഉപയോഗിക്കാതെ
തന്നെ മലയാളം വാക്കുകളെ തിരിച്ചറിയുവാന്‍
കമ്പ്യൂട്ടറുകള്ക്കു കഴിയുകയും ചെയ്യും.
ഇപ്പോള്‍
ഫോണ്ടുകള്ക്കുള്ള പ്രസക്തി യൂണികോഡ് സ്റ്റാന്ഡേര്ഡിലെ വിലകളെ ഏതു്
ആകൃതിയില് പ്രദര്ശിപ്പിക്കണം എന്നു നിശ്ചയിക്കുന്നതിലാണു്. അതിനായി
യൂണികോഡില്‍ ഫോണ്ട് ഫോര്മാറ്റുകള്‍
പ്രയോഗിക്കാവുന്നതാണു്, പല ആകൃതിയിലും ലിപികള്‍
പ്രദര്ശിപ്പിക്കാവുന്നതുമാണു്. ഏതെങ്കിലും ഒരു അവസരത്തില് ഈ ഫോണ്ട്
ഫോര്മാറ്റുകള്‍ നഷ്ടമാവുകയാണെങ്കില്‍
തന്നെയും ഡാറ്റ നഷ്ടപ്പെടുകയില്ല. നെറ്റില്‍ ഒരു
പദം സേര്ച്ച് ചെയ്യുന്നതിനനു് അതു പ്രത്യേക
ആകൃതിയില്‍ പ്രദര്ശിപ്പിക്കപ്പെടണം എന്നു
നിര്ബന്ധമില്ലല്ലോ, യൂണികോഡ് ഉപയോഗത്തിലൂടെ
യാതൊരുവിധ ഫോണ്ട് dependency യും ഇല്ലാതെ തന്നെ ആ പദത്തെ സേര്ച്ച്
സെര്‍വറുകള്ക്കു തിരിച്ചറിയാനാവുകയും കൃത്യമായ ഉത്തരങ്ങള്‍
നല്കുവാന് കഴിയും ചെയ്യുന്നു.
3.
മറ്റുഭാഷകളിലെല്ലാം യൂണികോഡ് ഫോണ്ടാണോ ഉപയോഗിക്കുന്നത്?
ലോകത്തിലെ മിക്ക ഭാഷകള്ക്കുമായി യൂണികോഡ് അവരുടെ
സ്റ്റാന്ഡേര്ഡില്‍ സ്ഥാനങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടു്. ഒട്ടുമിക്ക ഭാഷകളും ഈ സ്ഥാനങ്ങള്‍
ഉപയോഗപ്പെടുത്തി ഇവയുടെ വിലകളെ സൂചിപ്പിക്കുവാനുള്ള ഫോണ്ടുകളും
നിര്മ്മിച്ചിട്ടുണ്ടു്. പ്രധാന സോഫ്റ്റ്വെയര്‍
കമ്പനികളെല്ലാം തന്നെ യൂണികോഡിലാണു അവരുടെ പ്രൊഡക്റ്റുകളുടെ പ്രാദേശിക
വേര്ഷനുകള്‍ നിര്മ്മിക്കുന്നതു്. ഇന്ത്യന്
ഭാഷകളില്‍ ഹിന്ദി, മലയാളം, തമിഴ്, കന്നട
എന്നിവയ്ക്കുള്ള വിന്ഡോസ് എക്സ്.പി വേര്ഷനുകള്‍
യൂണികോഡ് സ്റ്റാന്ഡേര്ഡ് അനുവര്ത്തിക്കുന്നവയാണു്. അവയില്‍
ഫയല്‍ നാമങ്ങളും മറ്റും യൂണികോഡ് സ്റ്റാന്ഡേര്ഡ്
ഉപയോഗിച്ചാണു് എഴുതപ്പെടുന്നതും. കണക്കുപുസ്തകം.xls എന്ന എക്സല്‍
ഫയല്‍ യാഥാര്ഥ്യമാണെന്നര്ഥം. ഫയല്‍
നാമങ്ങള്ക്കു ഫോണ്ട് ഫോര്മാറ്റുകള് ഉപയോഗിക്കുവാന് സാധിക്കുകയില്ല, പക്ഷെ
യൂണികോഡില് ഫോണ്ട് ഫോര്മാറ്റുകള് ആവശ്യമില്ലല്ലോ. ആസ്കിയില് കഴിയാതിരുന്നതു
യൂണികോഡില് കഴിയുന്നു.
അച്ചടിയുടേയും ടൈപ്റൈറ്ററുകളുടേയും ആഗമനത്തോടെ
നഷ്ടപ്പെട്ടുപോയ പല ലിപിരൂപങ്ങളും പുനര്സൃഷ്ടിക്കുവാനുള്ള യൂണികോഡിന്റെ
കഴിവോടെ, ഭാഷയെ തന്നെ പുനരുജ്ജീവിപ്പിക്കുന്ന
തരത്തിലുള്ള സംസ്കരണം ഐ.ടിയില്‍ സാധ്യമാകുന്നു.
ഭാഷാപ്രേമികള്ക്കു എന്തുകൊണ്ടും ഇതു ആശ്വാസകരമായ വസ്തുതയാണു്.
4. മലയാളത്തിലെ
പത്രങ്ങളും വെബ് മാഗസിനുകളും ഇനിയും യൂണികോഡ് ഫോണ്ട് ഉപയോഗിക്കാത്തതിന്
കാരണം?
പത്രങ്ങളും വെബ് മാഗസിനുകളും ആസ്കി ഫോണ്ടുകള്‍
എന്ന പാരമ്പര്യം തുടര്ന്നു പോന്നവരാണു്. ഈ ഫോണ്ടുകളില്‍
ഡോക്യുമെന്റുകള്‍ തയ്യാറാക്കുന്നതിനായി പ്രത്യേക
സോഫ്റ്റ്വെയറുകളും കീബോര്ഡുകളും വാങ്ങുന്നതിനു് അവര്‍
കാശുമുടക്കിയിട്ടുമുണ്ടു്. പെട്ടെന്നുള്ള ഒരു മാറ്റം അവര്ക്കു
സാമ്പത്തികമായും പ്രായോഗികമായും ബുദ്ധിമുട്ടുകള്‍
വരുത്തിവച്ചേയ്ക്കും. പത്രങ്ങളും മറ്റും യൂണികോഡ് ഉപയോഗിക്കുകയാണെങ്കില്‍
ഉപഭോക്താക്കള്ക്കും പത്രക്കാര്ക്കു തന്നെയും ഒരുപാടു ഗുണങ്ങളുണ്ടു്.
ഭാഷയിലെ അക്ഷരതെറ്റുകള്‍, വ്യാകരണപ്പിശകുകള്‍
എന്നിവ കണ്ടുപിടിക്കുന്നതിനു്, അക്ഷരമാലാ ക്രമത്തില്‍
പദങ്ങള്‍ ക്രമീകരിക്കുന്നതിനു്, ഫയലുകളിലെ
ഉള്ളടക്കം തിരയുന്നതിനു് എല്ലാം യൂണികോഡ്
സഹായകമാകും. ഇതിനെല്ലാം പുറമെ വായനക്കാരനു്, ഓരോ പത്രത്തിനനുസരിച്ചും പുതിയ
ഫോണ്ടുകള്‍ ഡൌണ്‍ലോഡ്
ചെയ്യേണ്ടി വരില്ല. ഒട്ടുമിക്ക പുതിയ ഓപ്പറേറ്റിങ് സിസ്റ്റമുകളിലും
യൂണികോഡ് ഫോണ്ടുകള്‍ ലഭ്യമാണു്.
ഒപ്പം തന്നെ വെബില്‍ പത്രങ്ങളുടേയും
മാഗസിനുകളുടെയും contents, സേര്ച്ച് എഞ്ചിനുകള് ശേഖരിക്കുകയും എളുപ്പം
തിരയുന്നതിനായി index ചെയ്യപ്പെടുകയും ചെയ്യുന്നതോടെ
ഭാഷയിലുള്ള വിജ്ഞാനം, എവിടെ നിന്നും എളുപ്പം വായിച്ചെടുക്കാവുന്ന
രീതിയിലുമാകും. ഭാഷയുടെ വളര്ച്ചയ്ക്കു ആ ഭാഷയില്‍
ലഭ്യമായിട്ടുള്ള അറിവുകളുടെ ശ്രോതസ്സുകള്‍
എന്തുമാത്രം ഉപയോഗപ്രദമാണെന്നുള്ളതു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഭാഷാപത്രങ്ങളും, മറ്റു മാധ്യമങ്ങളും യൂണികോഡിലേയ്ക്കു നീങ്ങേണ്ടതു്,
ഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു രൂപമെടുത്തിട്ടുള്ള മാധ്യമങ്ങള്‍
എന്ന നിലയ്ക്കു അവരുടെ ധാര്മികപരമായ കടമകൂടിയാണു്.
ഈ ധാര്മികത പുലര്ത്തുന്നതില്‍ എത്ര പേര്ക്കു
താല്പര്യമുണ്ട് എന്ന കണക്ക് എന്റെ അറിവുകളുടെ പരിധിക്കു പുറത്താണു്.
5.
ഇക്കാര്യത്തില്‍ ഗവണ്മെന്റിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയില്ലേ?
ലോകത്തിലെ മിക്ക ഗവണ്മെന്റുകളും e-governance നടപ്പാക്കുന്നതു് യൂണികോഡില്
അധിഷ്ഠിതമായ ഭാഷാഉപകരണങ്ങള്‍ ഉപയോഗിച്ചാണു്.
കേരളത്തിലെ സ്ഥിതിയും മറിച്ചാവില്ലെന്നു കരുതുവാനാണു്, എനിക്കിഷ്ടം.
സര്ക്കാര്‍ ഓഫീസുകളിലും മറ്റും ഉപയോഗിക്കുന്ന
പ്രോഗ്രാമുകളും ഡാറ്റയും യൂണികോഡിലാവണം എന്നതാണു പ്രധാനകാര്യം. അത്തരം
ഏജന്സികളില്‍ എന്തു നടക്കുന്നു എന്നറിയുവാനുള്ള
സൌകര്യം എനിക്കു ലഭിച്ചിട്ടില്ല, അറിയാവുന്ന വിവരം
അനുസരിച്ചു ഗവണ്മെന്റ് സൈറ്റുകളിലും മറ്റും ഇപ്പോഴും ആസ്കി
ഫോര്മാറ്റിലാണു മലയാളം ഭാഷ കൈകാര്യം ചെയ്തുപോരുന്നതു്. യൂണികോഡിന്റെ
ടെക്നിക്കല്‍ ഗുണങ്ങള്‍
തിരിച്ചറിഞ്ഞു്, പ്രധാന സോഫ്റ്റ്വെയര്‍
ദാതാക്കളെല്ലാം യൂണികോഡിലേയ്ക്കു മാറുന്ന
സ്ഥിതിക്കു ഗവ. സ്ഥാപനങ്ങള്‍ ഇപ്പോഴും ആസ്കിയില്‍
തുടരുന്നതു ഗുരുതരമായ കൃത്യവിലോപമാണു്. മലയാളം ഭാഷയിലുള്ള ഔദ്യോഗിക
ഇലക്ട്രോണിക് സന്ദേശങ്ങളും (അഥവാ അങ്ങിനെ ഒന്നുണ്ടെങ്കില്‍)
പൊതുജനത്തിനു ലഭ്യമാക്കുന്ന ഇലക്ട്രോണിക് ഡാറ്റയും യൂണികോഡിലാവേണ്ടതു്,
വളരെ ഗൌരവ സ്വഭാവമുള്ള ഒരു ആവശ്യമാണു്. കാരണം information
ലഭ്യമാക്കേണ്ടതു്, എളുപ്പം ഉപയോഗിക്കാവുന്ന തരത്തിലായിരിക്കണം, അല്ലെങ്കില്‍
information technology എന്ന പദം തന്നെ സൃഷ്ടിച്ചെടുക്കേണ്ടായിരുന്നല്ലോ.
കേരള സര്ക്കാറിന്റെ മലയാളം വെബ്സൈറ്റ് പ്രശസ്തമായ സേര്ച്ച് എഞ്ചിനുകളില്‍
സേര്ച്ചബിള്‍ അല്ലാതിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥ
ദോഷം ചെയ്യുകയേയുള്ളൂ.
ഗവണ്മെന്റ് സ്ഥാപനങ്ങള്‍ യൂണികോഡിലേയ്ക്കു
മാറുന്നതോടെ നമ്മുടെ പ്രശ്നങ്ങള്‍
അവസാനിക്കുന്നില്ല. മലയാളം ഭാഷ ഏവര്ക്കും ഉപയോഗിക്കാനാവുന്ന സവിശേഷ അവസ്ഥ
കൈവരുമ്പോള്‍ സോഫ്റ്റ്‌വെയര്‍
അപ്ലിക്കേഷനുകളും മറ്റും പ്രാദേശികവല്ക്കരിക്കപ്പെടുകയും ചെയ്യും.
അപ്ലിക്കേഷനുകളുടെ മെനു, ഉപഭോക്താവുമായി സംവദിക്കുന്ന മെസേജുകള്‍
എന്നിവ മലയാളത്തിലാക്കപ്പെടും എന്നര്ഥം. ഓരോ സോഫ്റ്റ്വെയര്‍
വെന്ഡറും അവരുടേതായ രീതികളിലാണു് ഇംഗ്ലീഷിലുള്ള ടെക്നിക്കല്‍
വാക്കുകളെ ഇപ്പോള്‍ മലയാളത്തിലേയ്ക്കു
തര്ജ്ജമ ചെയ്യുന്നതു്. പൊതുവായ ഒരു ടെക്നിക്കല്‍
ഗ്ലോസറി ഇല്ലാത്തിടത്തോളം കാലം മലയാളത്തില്‍
സോഫ്റ്റ്വെയറുകളും ഐ.ടി. സേവനങ്ങളും ലഭ്യമാക്കുന്നവര്‍
അവര്ക്കു ബോധിക്കുന്ന രീതിയില്‍ വാക്കുകള്‍
തര്ജ്ജമ ചെയ്യുന്നതു തുടരും. ഗവണ്മെന്റിനു
സോഫ്റ്റ്വെയര്‍ നല്കുന്ന രണ്ടു വ്യത്യസ്ഥ
സ്ഥാപനങ്ങള്‍ File എന്ന computer term -നെ
'പുസ്തകം' എന്നും 'ഫയല്‍' എന്നും തര്ജ്ജമ ചെയ്താല്‍
സംഭവിച്ചേയ്ക്കാവുന്ന ദോഷങ്ങളെ കുറിച്ചോര്‍ത്തു
നോക്കുക. ഇവ രണ്ടും ഒരുമിച്ചു ഉപയോഗിക്കേണ്ടി വരുന്ന ഒരാള്ക്കു അതുമൂലം
ഉണ്ടായേക്കാവുന്ന തെറ്റിദ്ധാരണകളും വന്നേയ്ക്കാവുന്ന
സമയനഷ്ടത്തെ കുറിച്ചും നമ്മളും സര്ക്കാരും ബോധവാന്മാരാകേണ്ടതുണ്ടു്.
യൂണികോഡ് ഉപയോഗത്തിനൊപ്പം തന്നെ സര്ക്കാര്‍
തലത്തില്‍ നിര്ണ്ണയിക്കപ്പെടേണ്ട ചില കാര്യങ്ങളില്‍
സുപ്രധാനമായ ഒന്നാണു് മലയാളത്തിനു ഏകതാനമായ ഒരു technical glossary.
സോഫ്റ്റ്വെയര്‍ ദാതാക്കള്‍
ഇത്തരം ഐക്യരൂപങ്ങളെ സ്വീകരിക്കുവാനാണു് എല്ലായ്പ്പോഴും
താല്പര്യപ്പെടുന്നതും.
ഗവണ്മെന്റ് യൂണികോഡ് ഉപയോഗിക്കുവാന്‍
തുടങ്ങിയാല് മറ്റു സ്ഥാപനങ്ങളും മാധ്യമങ്ങളും യൂണികോഡ് സ്വീകരിക്കുവാന്‍
മുന്നോട്ടു വരുമെന്നു നമുക്കു പ്രത്യാശിക്കാം. വിക്കിപീഡിയ, എം.എസ്.എന്‍
മലയാളം, മലയാളം ബ്ലോഗുകള്‍ എന്നിങ്ങനെ വെബ്ബില്
സുപ്രധാന സ്ഥാനം നേടിയിട്ടുള്ള പല മാധ്യമങ്ങളും ഇതിനകം തന്നെ യൂണികോഡ്
ഉപയോഗിച്ചു തുടങ്ങി എന്നുള്ളതു കുറച്ചെങ്കിലും ആശ്വാസ്യകരമായ വാര്ത്തയാണു്.
6. ഇന്ന് യൂണികോഡ്
സര്‍വ്വത്രികമാക്കാനായി (മലയാളത്തില്‍) എന്തെങ്കിലും തരത്തിലുള്ള
ബോധവല്‍ക്കരണം നടക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ആര്‍, എങ്ങനെയെല്ലാം? നമുക്ക്
ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ വിശദീകരിക്കാമോ?
മലയാളം വിക്കിപീഡിയ പോലുള്ള കമ്യൂണിറ്റി സംരംഭങ്ങള്‍
യൂണികോഡില്‍ മാത്രമേ contributions
സ്വീകരിക്കുകയുള്ളൂ. വിക്കിപീഡിയ കമ്യൂണിറ്റിയിലെ വ്യക്തികള്‍
സ്വന്തം നിലയ്ക്കും കമ്യൂണിറ്റിയില്‍
ഉള്പ്പെട്ടുകൊണ്ടും യൂണികോഡിനെ കുറിച്ചുള്ള ബോധവല്ക്കരണം നടത്തുന്നുണ്ടു്.
അതുപോലെ തന്നെ മലയാളം ബ്ലോഗെഴുത്തുകാരുടെ കൂട്ടായ്മകളിലും കമ്യൂണിറ്റികളും
യൂണികോഡ് ബോധവല്ക്കരണ പ്രവര്ത്തനങ്ങളും വളരെ നല്ല രീതിയില്‍
നടന്നുപോകുന്നുണ്ടു്. യൂണികോഡ് സ്റ്റാന്ഡേര്ഡ് നിര്‍വചിക്കുന്ന
യൂണികോഡ് കണ്സോര്ഷ്യം എന്ന സ്ഥാപനം നടത്തുന്ന ചര്ച്ചകളിലും മറ്റും പല
മലയാളികളും ഗവണ്മെന്റ് തലത്തില് നിന്നുള്ള ചില വ്യക്തികളും പങ്കെടുത്തു
കാണാറുണ്ടു്.
പൊതുജനങ്ങളിലേയ്ക്കു യൂണികോഡിനെയും അതിന്റെ ഗുണങ്ങളേയും എത്തിക്കുവാന്‍
ഏറ്റവും നല്ല മാര്ഗം കഴിയുന്നത്ര യൂണികോഡ്
ഉപയോഗിക്കുക എന്നതാണു്. വിക്കിപീഡിയ, മലയാളം ബ്ലോഗുകള്‍,
സ്വകാര്യ ഇ-മെയില്‍ സന്ദേശങ്ങള്‍
എന്നിവയില്‍ വ്യക്തികള്‍
യൂണികോഡ് ഉപയോഗിക്കുവാന്‍ തുടങ്ങിയാല്‍
പതിയെ മാധ്യമങ്ങള്ക്കും ഗവണ്മെന്റിനും തന്നെ ഈ നവസാങ്കേതികത്വത്തെ
അവഗണിക്കുവാന്‍ കഴിയാതെ വരും. മാധ്യമങ്ങളെയും
ഗവണ്മെന്റിനെയും ഇക്കാര്യത്തില്‍
ബോധവല്ക്കരിക്കുവാന്‍ കൂട്ടായ ശ്രമങ്ങളും
കാമ്പയിനുകളും സഹായകരമായേക്കും. ഈയടുത്ത കാലത്തു വിക്കിപീഡിയ കമ്യൂണിറ്റി
നടത്തുവാന്‍ ഉദ്ദേശിച്ചിരുന്ന വിക്കിമീഡിയ
പങ്കാളിത്ത യജ്ഞം ഒരു പക്ഷെ നടന്നിരുന്നുവെങ്കില്‍
കേരളത്തിലെ വിദ്യാര്ത്ഥിസമൂഹത്തിലും കലാലയങ്ങളിലും യൂണികോഡിനെ കുറിച്ചു
ബോധവാന്മാരായ ഒരു സമൂഹം രൂപപ്പെടുന്നതു കാണുവാനായേനെ. ഇപ്പോള്‍
യൂണികോഡ് ഉപയോഗിക്കുന്ന നെറ്റ് യൂസേഴ്സിന്റെ കമ്യൂണിറ്റികള്ക്കു
പൊതുപരിപാടികള്‍ ആസൂത്രണം ചെയ്യുവാനും
നടപ്പാക്കുവാനും കഴിഞ്ഞാല്‍ യൂണികോഡിനു്,
കേരളത്തിലെ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്ക്കിടയില്‍
സ്വാധീനം നേടിയെടുക്കാനായേക്കും.
യൂണികോഡ് ഉപയോഗത്തിലൂടെ, ഭാഷയെ അതിന്റേതായ
സര്‍വ്വഗുണങ്ങളോടും കൂടി ഉപയോഗിക്കുവാന്‍
സജ്ജമാക്കുന്നതിലൂടെ മലയാളം മരിക്കുന്നില്ലെന്നു് ഓരോ ഭാഷാപ്രേമിക്കും
ഉറപ്പുവരുത്താം.
ചോദ്യങ്ങള്‍ തയ്യാറാക്കിയത് :- മീനാക്ഷി
