അഭിമുഖം

മണലും മീറും കൊണ്ടുള്ള സ്ത്രീകള്‍

ഹനാന്‍ ഷെയ്ക്‌
വിവര്‍ത്തനം പ്രീതി . കെ എ
 




























പ്രശസ്ത അറബ്‌ നോവലിസ്റ്റായ ഹനാന്‍ ഷെയ്ക്‌ 1945- ല്‍ ബെയ്രൂട്ടില്‍ ജനിച്ചു കെ യ്‌ റോ യില്‍ നിന്ന് ബിരുദം .ലെബനീസ്‌ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് 1975 ല്‍ സൗദിയിലേക്ക്‌ പോയി. 1984 മുതല്‍ ലണ്ടനില്‍, അഞ്ചു നോവലുകളും ഒരു ചെറുകഥാസമാഹാരവും രണ്ടു നടകങ്ങളും പ്രസിദ്ധീകരിച്ചു.

1. എഴുത്തിന്റെ പ്രേരണകളെന്തൊക്കെയാണ്‌?

ശരിക്കും അതെനിക്കറിയില്ല. അതെന്റെ ജോലിയാണ്‌.ഞാനതിനെ ചോദ്യം ചെയ്യാറില്ല. ജീവിതത്തില്‍ ഞാനതാണ്‌ ചെയ്യുന്നത്‌. ഇതാണെന്റെ വഴിയെന്ന് കണ്ടെത്തിയത്‌ എനിക്ക്‌ പതിന്നാലു വയസുള്ളപ്പോഴാണ്‌, തീര്‍ച്ചയായും അന്നത്തെ എഴുത്തില്‍ നിന്നും ഞാനിന്നൊരുപാട്‌ മാറിയിട്ടുണ്ട്‌. കാരണം നമ്മള്‍ ജീവിതത്തില്‍ ചെയ്യുന്നതെന്തും നമ്മുടെ പ്രായത്തേയും അനുഭവങ്ങളേയും ആശ്രയിച്ചിരിക്കും. തുടക്കത്തില്‍ എന്റെ എഴുത്ത്‌ വിഷയമാക്കിയത്‌ ജീവിതത്തിലെ മടുപ്പും മാതാപിതാക്കള്‍ എന്നെ മനസിലാക്കാത്തതിലുള്ള വിഷമവുമൊക്കെയായിരുന്നു. ഒരു പ്രമുഖ പത്രം രണ്ടാഴ്ചയിലൊരിക്കല്‍ കുട്ടികള്‍ക്കായി ഒരു പേജ്‌ നീക്കി വെച്ചിരുന്നു. ഞാനതില്‍ ഉപന്യാസങ്ങള്‍ എഴുതിത്തുടങ്ങി. പിന്നെ കഥകളും.

വ്യക്തിപരമായി മിക്കപ്പോഴും എഴുതാനിരിക്കുമ്പോള്‍ എന്നില്‍ സംഘര്‍ഷങ്ങളില്ല. തുടക്കത്തില്‍ മറ്റുള്ളവയോടുള്ള വികാരവിചാരങ്ങളാണ്‌ എഴുത്തില്‍ പ്രതിഫലിക്കുന്നതെങ്കിലും പതുക്കെ പതുക്കെ നമ്മള്‍ കഥാപാത്രങ്ങളുടെ ആത്മാവിലേക്ക്‌ സഞ്ചരിക്കുന്നു. ഏതു കഥാപാത്രത്തെക്കുറിച്ചും നമുക്കെഴുതാം. നമ്മള്‍ ഏറെ അടുത്തറിഞ്ഞതോ നമ്മുടെ മനസിനെ മഥിച്ചതോ ആവണമെന്നില്ല. എന്റെ ഏറ്റവും പുതിയ നോവലായ 'Only in London'ല്‍, എന്റെ നായികമാരിലൊരാള്‍, ആമിന, ഒരു വേശ്യയാണ്‌.നായകന്‍ 'സമീര്‍' ഒരു സ്വവര്‍ഗഭോഗിയും. ഒരു പ്രത്യേക തരത്തില്‍ ഞാനവരുടെ ആത്മാവില്‍ ജീവിച്ചു. അതിനൊരു ശില്‍പ്പമുണ്ടായി. തീര്‍ച്ചയായും അനുഭവങ്ങള്‍ എപ്പോഴും അവിടെത്തന്നെയുണ്ട്‌. അറബ്‌ സമൂഹത്തെക്കുറിച്ച്‌ പറയാനുള്ളത്‌ ഞാന്‍ പറയുന്നു. വികാരങ്ങള്‍ അവയ്കൊരു വാഹനം.

2. താങ്കളുടെ 'Only in London' (2001) 'Beirut Blues' (1992) എന്നീ നോവലുകളില്‍ നഗരങ്ങളും കഥാപാത്രങ്ങളായി വരുന്നുണ്ട്‌. ഇതിന്റെ പ്രസക്തിയെന്ത്‌? ലണ്ടനും ബെയ്‌ റൂട്ടും രചനകളില്‍ വഹിച്ച പങ്കിനെക്കുറിച്ച്‌ വിശദീകരിക്കാമോ?

എന്റെ രചനകളില്‍ 'കഥാസ്ഥലം' വളരെ പ്രധാനപ്പെട്ടതാണ്‌. അതൊരു കഥാപാത്രം തന്നെയാണ്‌. എന്റെ കൃതികളായ 'Women of sand and Myrrh'ല്‍ മരുഭൂമി ഒരു കഥാപാത്രമാണ്‌. കാരണം അതിലെ എല്ലാ കഥാപാത്രങ്ങളും ജീവിക്കുന്നത്‌ മരുഭൂമിയെ ചുറ്റിപ്പറ്റിയാണ്‌.അതവരുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്നുണ്ട്‌. വളരെ ചെറുപ്പത്തില്‍ തന്നെ സ്ഥലങ്ങള്‍ക്ക്‌ ജീവനുള്ളതായി,ഒരാത്മാവുള്ളതായി അനുഭവപ്പെട്ടിരുന്നു.പണ്ട്‌ മലനിരകളില്‍ നിന്ന് തിരിച്ചു വീട്ടിലെത്തുമ്പോള്‍,വീട്‌ എന്റെ മടങ്ങിവരവ്‌,എന്റെ സാന്നിദ്ധ്യം അറിയുന്നതായി തോന്നിയിരുന്നു. എന്നെങ്കിലും ഞാന്‍ മടങ്ങി വരാന്‍ വൈകിയാല്‍ പിതാവിനോടൊപ്പം വീടും അസ്വസ്ഥമാകുന്നത്‌ ഞാനറിഞ്ഞിരുന്നു. വീടെന്നത്‌ ഗൃഹോപകരണങ്ങള്‍ മാത്രമല്ല, ഒരു മനുഷ്യജീവിയെപ്പോലെയാണ്‌.പക്ഷെ ലണ്ടനെക്കുറിച്ച്‌ അങ്ങനെയെഴുതാന്‍ എനിക്ക്‌ ഒരുപാടു കാലം വേണ്ടിവന്നു.



3. ഇരുപതു വര്‍ഷക്കാലം അവിടെ ജീവിച്ചിട്ടും..?

ഏതാണ്ട്‌ ഇരുപതു കൊല്ലം. ഞാന്‍ സൗദി അറേബ്യയിലേക്ക്‌ പോകുകയും വേനലവധിക്കു മാത്രം ലണ്ടനിലേക്ക്‌ വരികയും ചെയ്തു. ഈ നഗരവുമയി ഒരടുപ്പം എനിക്കനുഭവപ്പെട്ടിരുന്നില്ല. അതാണ്‌ ഇത്രയും വൈകിയത്‌. എന്നാല്‍ വളരെപ്പെട്ടെന്ന്, അത്‌ 'Only in London' എഴുതിയപ്പോഴല്ല, അതിനു മുമ്പ്‌ ലണ്ടനിലെ കുടിയേറ്റക്കാരെക്കുറിച്ച്‌ രണ്ടു നാടകങ്ങളെഴുതിയപ്പോള്‍ തന്നെ...

4.അവ ഏതൊക്കെയാണ്‌
ഒന്ന് 'Hampstead Theatre' ല്‍ അവതരിപ്പിക്കപ്പെട്ടു 'Paper Husband', രണ്ടാമത്തേത്‌ 'Dark Afternoon Tea'. ഈ രണ്ടു നാടകങ്ങളോടു കൂടി ഞാന്‍ സ്ഥലങ്ങളുമായുള്ള എന്റെ വാദപ്രതിവാദങ്ങള്‍ തുടങ്ങി. സ്ഥലങ്ങള്‍ ആളുകളെ എങ്ങനെ സ്വാധീനിക്കുന്നു?അതിനെ പ്രവാസമെന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നില്ല്ല. അതൊരു ചിതറിപ്പോകലാണ്‌. കാരണം ലെബനോണില്‍ നിന്നും അകന്നു നില്‍ക്കണം എന്നത്‌ ഞാന്‍ തീരുമാനിച്ചതാണ്‌. അതിനു രാഷ്ട്രീയപരമായോ മറ്റോ ഒരു കാരണവുമില്ല. വാസസ്ഥലം വളരെ പ്രധാനപ്പെട്ടതാണ്‌. ഞാന്‍ ലണ്ടനില്‍ താമസിച്ച കാലമൊക്കെയും ഉപബോധമനസ്സില്‍ ഈ നഗരത്തെക്കുറിച്ച്‌ ആലോചിക്കുകയായിരുന്നു,അതെങ്ങനെയാണ്‌ കുടിയേറ്റക്കാരെ സ്വീകരിച്ചതും ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതുമെന്ന്. ദാരിദ്ര്യത്താലും സാമ്പത്തികകാരണങ്ങളാലും കുടിയേറുന്നവരായാലും, രാഷ്ട്രീയകാരണങ്ങളുള്ളവരായാലും, അവര്‍ ഒരു പലവ്യഞ്ജനപ്പാത്രം പോലെയാണ്‌, പല ഘടകങ്ങളും കാരണങ്ങളുമുള്ളത്‌. അവര്‍ അവരുടെ ജീവിതരീതികള്‍ മാറ്റാന്‍ ശ്രമിക്കുകയോ, ഈ രാജ്യത്ത്‌ തുടരുകയോ ചെയ്യുന്നു. പക്ഷേ അവര്‍ അനിവാര്യമാം വിധം മാറുന്നു,അവരുടെ പാരമ്പര്യവുമായി എത്ര ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചാലും. ഒന്നുകില്‍ അവര്‍ തീവ്രവാദികളാവും. അല്ലെങ്കില്‍ കൂടുതല്‍ സ്വതന്ത്രമായ കാഴ്ചപ്പാടുകള്‍ ഉള്ളവരാകും. ആത്യന്തികമായി അവര്‍ മാറുന്നു. ഈ നഗരം അവരെ മാറ്റുന്നു.
ഞാന്‍ ഈ നഗരത്തെ നോക്കിക്കാണുമ്പോള്‍ അതൊരു സംസ്കാരമാണ്‌,ആളുകള്‍ പരസ്പരം ഇടപഴകുന്ന രീതിയാണ്‌.എനിക്ക്‌ ശരിക്കും ലണ്ടനെക്കുറിച്ചെഴുതുക എന്നത്‌ ഒരു വലിയ കാല്‍ വയ്പ്പായിരുന്നു. ഉദാഹരണമായി ഞാന്‍ 'Oxford Street'നെക്കുറിച്ചോ,'BT Tower'നെക്കുറിച്ചോ എഴുതുമ്പോള്‍, ഞാനതൊക്കെ എന്നോടു തന്നെ പറയുന്നതു പോലെയായിരുന്നു. ഒരു തരത്തില്‍ ഇതെല്ലാം എനിക്കെന്തൊക്കെയോ ആണെന്നും. അവയെക്കുറിച്ചെഴുതുന്നു എന്നാല്‍ ഞാനവയെക്കുറിച്ച്‌ ചിന്തിക്കുന്നു, ഞാനത്‌ അനുഭവിക്കുന്നു എന്നാണ്‌. ഇപ്പോള്‍ എനിക്ക്‌ ശരിക്കും എഴുതാന്‍ കഴിയുന്നു. മുമ്പത്തെ അപരിചിതത്വം ഇല്ല. 'Oxford Street'നെക്കുറിച്ച്‌ വെറുതെ എഴുതുന്നതും അവിടെ താമസിച്ച്‌ അതിനെ അറിഞ്ഞെഴുതുന്നതും രണ്ടും വ്യത്യസ്തമാണ്‌.

5. ലണ്ടനിലെ ഇത്രയധികം നാളത്തെ താമസം താങ്കളുടെ ശൈലിയെയോ സൗ ന്ദര്യബോധത്തെയോ സ്വാധീനിച്ചതായി തോന്നുന്നുണ്ടോ?

ശരിക്കും എനിക്കറിയില്ല. ലെബനോണിലെ സുഹൃത്തുക്കളുമായി ഇവിടെ ഒത്തുകൂടുമ്പോള്‍ ഞങ്ങള്‍ മാറുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഞങ്ങള്‍ പരസ്പരം ചോദിക്കാറുണ്ട്‌,'നമ്മള്‍ മാറുന്നത്‌ ഇവിടെയായതു കൊണ്ടാണോ? അതോ പ്രായമേറുന്നതുകൊണ്ടാണോ?'എന്ന്. ഒന്നറിയാം ഇവിടുത്തെ ജീവിതം എന്നെ വ്യത്യസ്തങ്ങളായ അന്തര്‍ദേശീയസാഹിത്യവുമായി ബന്ധപ്പെടുത്തി. എനിക്കു ലഭിച്ച ജീവിതാനുഭവങ്ങള്‍ നിഷേധിക്കാനാവില്ല. പ്രധാനപ്പെട്ട പല എഴുത്തുകാരെ വായിക്കാന്‍ മാത്രമല്ല നേരിട്ടു സംവദിക്കാനും സാധിച്ചു. ലെബനോണില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെയാകുമായിരുന്നില്ല. എന്നാല്‍ ഇവിടുത്തെ സാഹിത്യവായന കൊണ്ട്‌ ഞാന്‍ പടിഞ്ഞാറു നിന്ന് കടമെടുത്ത ഒന്നുണ്ട്‌. മിഡില്‍ ഈസ്റ്റിലോ അറബ്‌ രാജ്യങ്ങളിലോ നിങ്ങളൊരു ഗൗരവമുള്ള എഴുത്തുകാരനാണെങ്കില്‍, ഹാസ്യപ്രധാനമായ ഒരു വാക്കു പോലും നിങ്ങളുടെ രചനകളില്‍ വന്നു ചേരില്ല. നിങ്ങളൊരു ഹാസ്യ സാഹിത്യകാരനാണെങ്കില്‍ ആദ്യം മുതല്‍ അവസാനവാക്കു വരെ കോമഡിയായിരിക്കും. രണ്ടും ഒരുമിച്ചു കൊണ്ടു വരാന്‍ നിങ്ങള്‍ക്കാവില്ല. ,നിങ്ങളുടെ എഴുത്തില്‍ വാക്കുകള്‍ക്കിടയില്‍ ഒരു ചിരി ഉയര്‍ത്താന്‍ കഴിയുമെങ്കില്‍ നിങ്ങളെ ആധികാരികതയുള്ള ഒരെഴുത്തുകാരനായിട്ടാണ്‌ ഇവിടെ പരിഗണിക്കുക. വാക്കുകളെ വരുതിയിലാക്കാന്‍ കഴിവുള്ള ഒരാളായി. ഒരു ദുരന്തം വിവരിക്കാനും ആളുകളെ കരയിപ്പിക്കാനും വളരെ എളുപ്പമാണ്‌. എന്നാല്‍ വായനക്കാരെ ചിരിപ്പിക്കാന്‍, നിങ്ങള്‍ക്ക്‌ ആഴത്തിലുള്ള നര്‍മ്മബോധം വേണം.
 


6 . ഒരെഴുത്തുകാരി എന്ന നിലയില്‍ ഇത്രയും കലത്തിനുള്ളില്‍ താങ്കളുടെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക്‌ കൂടുതല്‍ കൂടുതല്‍ ശക്തി പകരുന്നതായി തോന്നിയിട്ടുണ്ടോ? തുടക്കത്തിലെ 'The Story of Zahara'യിലെ താരതമ്യേന ദുര്‍ബലയായ 'സഹറ'യില്‍ നിന്ന് 'Only in London'ലെ 'ആമിറ'യിലെത്തി നില്‍ക്കുമ്പോള്‍? ഇത്‌ നോവല്‍ ലണ്ടനെ പശ്ചാത്തലമാക്കിയതുകൊണ്ടാണോ?


വായനക്കാര്‍ കരുതിയതു പോലെ 'സഹറ' ഒരു ദുര്‍ബലയായി എനിക്കു തോന്നിയിരുന്നില്ല. പശ്ചാത്യമയി ചിന്തിച്ചാല്‍ അവല്‍ പ്രതീക്ഷയറ്റവളാണ്‌, ഒന്നിനും കെല്‍പില്ലാത്തവള്‍. പക്ഷേ അവളുടെ സമൂഹത്തെ എതിര്‍ക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നു. 'അവള്‍ സുന്ദരിയല്ല, സൗ ന്ദര്യമല്ല എല്ലാം എന്നു പറഞ്ഞ്‌ പിതാവിനെ എതിര്‍ക്കുന്നത്‌, അഫ്രിക്കയിലേക്ക്‌ പോകുന്നത്‌'ഒക്കെ. അവള്‍ ഒരു ദുര്‍ബലയായിരുന്നെങ്കില്‍ ഗര്‍ഭം അലസിപ്പിക്കില്ലായിരുന്നു, ഏതെങ്കിലും ഒരു കുടുംബാംഗം അവളെ വകവരുത്തുമായിരുന്നു. അതുകൊണ്ട്‌ എന്റെ അഭിപ്രായത്തില്‍ അവളൊരു ദുരന്തമായിരുന്നു. പക്ഷേ അവളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അവള്‍ പരമാവധി ശ്രമിച്ചു. അതേ സാഹചര്യങ്ങളിലെ മറ്റാരേക്കാളും ധീരയായിരുന്നു അവള്‍.

ഇന്ന് ഇരുപതു വര്‍ഷത്തിനിപ്പുറം, സ്ത്രീകളുടെ അവസ്ഥ മാറിയിട്ടില്ലെങ്കില്‍ നമ്മുടെ അവസ്ഥയെയും നമ്മുടെ ലോകത്തെയും ഓര്‍ത്ത്‌ സഹതപിക്കുകയേ നിവൃത്തിയുള്ളൂ. എന്റെ കഥാപാത്രങ്ങള്‍ക്ക്‌ സമഗ്രമായ വ്യക്തിത്വം ഉണ്ട്‌ എന്നു പറയുന്നില്ല. അവര്‍ മുന്‍ നിരയില്‍ വരാന്‍ ശ്രമിക്കുന്നവരാണ്‌. 'Only in London'ലെ 'ലാമിസ്‌' പോലും , സാമ്പത്തികമായി ബുദ്ധിമുട്ടും എന്നറിഞ്ഞിട്ടും സ്വന്തം ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാന്‍ തീരുമാനിക്കുകയാണുണ്ടായത്‌.

7. മുമ്പൊരു അഭിമുഖത്തില്‍ താങ്കള്‍ പറഞ്ഞു ഇന്നത്തെ ലെബനീസ്‌ സ്ത്രീകള്‍ അവരുടെ ഭൗതിക സുഖഭോഗങ്ങളില്‍ മാത്രം ഉല്‍കണ്ഠയുള്ളവരായി മാറിയിരിക്കുന്നു എന്ന്, നിങ്ങളുടെ തലമുറ കൂടുതല്‍ രാഷ്ട്രീയവല്‍കരിക്കപ്പെട്ടിരുന്നുവെന്നും, കോഫീഹൗ സുകളില്‍ പോലും ഗൗരവമുള്ള സംവാദങ്ങള്‍ നടന്നിരുന്നു എന്നും. 'Only in London'ല്‍ അറബ്‌ രാജ്യങ്ങളിലെ സുഖഭോഗങ്ങളില്‍ ആസക്തരായ റഷ്യന്‍ സ്ത്രീകളെക്കുറിച്ച്‌ പറയുന്നുണ്ട്‌.അതുപോലെ ധനികരെ മാത്രം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന യുവതികളെക്കുറിച്ചും. പഴയ ആദര്‍ശാത്മക സ്ത്രീവാദത്തിന്റെ സ്ഥാനത്തേക്കു വരുന്ന പുതിയ ആഗോളപ്രവണതയാണോ ഇത്‌?

ഓരോ തവണ ലെബനോണില്‍ പോകുമ്പോഴും അവിടുത്തെ സമൂഹം മാറുന്നതായി തോന്നിയിട്ടുണ്ട്‌. എന്നാല്‍ പുതിയ തലമുറയോട്‌ സംസാരിക്കുമ്പോള്‍ അവര്‍ എന്നെ നിരാശപ്പെടുത്തുന്നു. ഒരു വശത്ത്‌ രാജ്യം കൂടുതല്‍ ഭൗതികവാദപരമാകുമ്പോള്‍ മറുവശത്ത്‌ അത്‌ മതാത്മകമാകുന്നു. ഇതെന്തുകൊണ്ട്‌ ഇങ്ങനെയായി എന്നു ഞാന്‍ എപ്പോഴും വിചാരപ്പെടാറുണ്ട്‌.യുദ്ധാനന്തരം സമൂഹം ജീര്‍ണ്ണിച്ച്‌ കൂടുതല്‍ ഭൗതികാസക്തികളിലേക്ക്‌ നീങ്ങിയതാകുമോ? അവര്‍ മരണത്തെ അഭിമുഖീകരിച്ചു. യുദ്ധം അനുഭവിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ സ്വന്തം ജീവിതമല്ലാതെ മറ്റൊന്നും കാര്യമാക്കുന്നില്ല. പക്ഷേ പിന്നീട്‌ മടങ്ങുമ്പോള്‍ അത്മഭാഷണം എന്ന നിലയില്‍ ഞാനെന്നോട്‌ തന്നെ ചോദിക്കാറുണ്ട്‌ അവര്‍ മരണത്തെ അഭിമുഖീകരിച്ചുവെങ്കില്‍, അവര്‍ ശൂന്യതാവാദികളായെങ്കില്‍ ഇപ്പോഴും ഭോഗാസക്തികളില്‍ ഇത്രമേല്‍ ആകൃഷ്ടരാകുന്നതെന്ത്‌? അവര്‍ പോകേണ്ട വഴി മറ്റൊന്നല്ലേ?