അടൂര്‍ ഗോപാലകൃഷ്‌ണന്
എന്ന ചലച്ചിത്രകാരന്റെ രചനകള്‍ കേരളത്തിന്റെ ദേശചിഹ്‌നങ്ങളായി മാറുന്നു
'There is no revenge of anonymity in staring through the camera
;it is a machine that takes pictures of the desperate artist behind it
as well as the compelling people in front .' ( He Was a Camera - By
Richard Corliss ക്രിസ്റ്റോഫ്
കീസ്‌ലോവ്‌സികിയെ അനുസ്‌മരിച്ചു കൊണ്ട്)
മലയാളിയുടെ ചലച്ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്‌ണനാണ് അധികവും
നിര്‍മിച്ചത്. ആ ചലച്ചിത്രങ്ങളിലാണ് മലയാളി അയാളുടെ ചലച്ചിത്രഭാഷയും
ദൃശ്യബോധത്തിന്റെ പക്വതയും തേടിയത്. പിന്നീട് പിന്നീട് അദ്ദേഹം ഒരേ സമയം
മലയാളിയുടെ ചലച്ചിത്രത്തിന്റെ അഭിമാനകരമായ ഒരു നാമവും ആ ചലച്ചിത്രങ്ങളുടെ
സൂക്ഷിപ്പ്പുകാരാവാത്ത തലമുറകളുടെ കൂടി ചലച്ചിത്രകാരനാവുകയും ചെയ്‌തു.
ഇപ്പോള്‍ ഇന്ത്യന്‍ സിനിമ അടൂര്‍ ഗോപാലകൃഷ്‌ണന് ചലച്ചിത്രരംഗത്തെ ഏറ്റവും
വലിയ പുരസ്‌കാരം നല്‍കി ആദരിക്കുമ്പോള്‍ വീണ്ടും ഈ ചലച്ചിത്രകാരന്‍
മലയാളിക്ക് തന്റെ ആവിഷ്‌കാര ജീവിതത്തിലെ ഏറ്റവും പ്രശസ്‌തവും പ്രസന്നവുമായ
ഒരു കലാരൂപത്തിന്റെ പ്രതീകമാവുന്നു.
ഇന്ത്യയിലെ ഏതൊരു നല്ല ഭാഷാ ചലച്ചിത്രകാരനും തന്റെ മാധ്യമം ഒരു
യക്ഷിക്കഥയില്‍ അകപ്പെട്ടതു പോലെ വഴിതെറ്റുമ്പോള്‍, അല്ലെങ്കില്‍ ആ
യക്ഷിക്കഥയുടെ പ്രലോഭനങ്ങള്‍ തന്നെയായി വേഷംമാറി എത്തുമ്പോള്‍, ഒരുപക്ഷേ
ഇങ്ങനെയൊരു ചലച്ചിത്രകാരനെ ഓര്‍ത്തായിരിക്കും തന്റേയും വഴി, ദൂരം, ലക്ഷ്യം,
എന്നിവ കണ്ടെത്തുന്നത്. തന്റെ ഭാഷയെ, തന്റെ സംസ്‌കാരത്തെ, തന്റെ ജീവിതത്തെ
തന്നെ, വിവേകപൂര്‍വമായ
കാഴ്ചയിലൂടെ കാണാനിരിക്കുന്ന ഒരു പ്രേക്ഷകനായി അയാള്‍
മുതിര്‍ന്നിരിക്കുന്നു. അടൂര്‍ ഗോപാലകൃഷ്‌ണന്‍ അങ്ങനെയാണ് മലയാളത്തിലെ
ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരനും ഒപ്പം നമ്മുടെ ഭാഷയിലെ
ഉത്തരവാദിത്വമുള്ള കലാകാരനായും വരുന്നത്.
ആ ചലച്ചിത്രങ്ങളില്‍, നമ്മുടെ സര്‍ഗ്ഗധനരായ എഴുത്തുകാരിലും എന്ന പോലെ,
കേരളത്തിന്റെ ആധുനിക സന്ദര്‍ഭങ്ങള്‍ വിഷയമാവുന്നുണ്ട്. സ്വാതന്ത്ര്യാനന്തര
ഇന്ത്യയിലെ സാമൂഹിക ജീവിതത്തില്‍ പ്രാദേശിക സമൂഹങ്ങളുടെ ദേശീയ
സ്വത്വങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടുന്നതിന്റെ തൊട്ടു പിറകെയാണത്. ആ
ഇതിവൃത്തങ്ങളില്‍ കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ
മുഹൂര്‍ത്തങ്ങളില്‍ ഒരു ചലച്ചിത്രകാരന്‍ വന്നു പെടുന്നതിന്റെ കൃത്യമായ
ഒരിടമുണ്ട്. ചലച്ചിത്രസമിതികളുടെ രൂപീകരണം, ചലച്ചിത്രങ്ങളോടുള്ള
ആഭിമുഖ്യത്തിന്റെ അര്‍ഥം നിര്‍ണ്ണയിക്കല്‍ ഒക്കെയായി, ഇതൊരു നവീനമായ
അനുഭവമായി നിലകൊണ്ടു. ഈ ഒരു നിയോഗം അടൂര്‍ ഗോപാലകൃഷ്‌ണന്റെ ചലച്ചിത്രങ്ങള്‍
സ്വയം ഏറ്റെടുത്തു.
കഥാചിത്രങ്ങളും 'കഥ പറച്ചിലി'ന്റെ രൂപത്തിലേക്ക് മാറി ഒരു കഥയായി മാറാന്‍
ആഗ്രഹിക്കുന്നു. അല്ലെങ്കില്‍, ആ രൂപത്തിലാണ് ചലച്ചിത്രം അതിന്റെ ഏറ്റവും
വശ്യമായ ജീവിതവും ആ ജീവിതത്തിലെ സ്വന്തം ഉപയോഗവും തിരിച്ചറിഞ്ഞത്. കഥ
എഴുതുമ്പോള്‍ തന്റെ ഇതിവൃത്തം കഥയുടെ രൂപത്തിലേക്ക് ഓരോ നിമിഷവും
നീങ്ങിത്തുടങ്ങുമ്പോള്‍ കഥാകൃത്തും ഇങ്ങനെയൊരു സാങ്കേതികജ്ഞാനത്തിലേക്ക്
എത്തുന്നു. തന്റെ ഭാഷയില്‍, മാധ്യമത്തില്‍, വിറക്കുന്ന കാലുകളോടെ താന്‍
'നില്‍ക്കുന്ന ഇടത്തിലേക്ക്' അയാള്‍ കുനിഞ്ഞു നോക്കുന്നതു മാത്രം ഞാനാദ്യം
പറയട്ടെ.
എന്നാല്‍ ചലച്ചിത്രകാരന് ഈ സാങ്കേതികജ്ഞാനം തന്റെ തന്നെ ഏകാന്തതയുടേ
ശബ്ദഭരിതമായ സമയമാകുമെന്ന് ഉറപ്പാണ്. 'അയാള്‍ അവിടെ മൂന്നു പ്രാവശ്യം
ചെന്നു' എന്ന ഒരു വരിയില്‍ ഒരു ചലച്ചിത്രകാരന്‍ എങ്ങനെയാകും നിന്നിരിക്കുക
എന്നും എങ്ങനെയാകും അയാള്‍ ഒരേ പ്രവൃത്തിയുടെ മൂന്നു സമയങ്ങള്‍
അടയാളപ്പെടുത്തുക എന്നും ആലോചിക്കുന്നതിന്റെ ഒരു സന്ദര്‍ഭം ക്രിസ്റ്റോഫ്
കിസ്‌ലോവ്‌സികിയുടെ ഒരഭിമുഖത്തില്‍ വായിച്ചത് ഓര്‍ക്കുന്നു. ഒരു
കഥാകൃത്തിന് ഇങ്ങനെ ഒരു വരിയില്‍ നിന്നും, ആ ഒരൊറ്റ വരിക്കു ശേഷം,
നടന്നുപോകാനാവുമ്പോള്‍ ആ ചലച്ചിത്രകാരന്‍ അവിടെ തങ്ങി നില്‍ക്കുന്നു.
അയാള്‍ക്ക് ആ പ്രദേശവും, ആ കാലവും, ആ പ്രവൃത്തി- - 'ചെന്നു' എന്ന
പ്രവൃത്തിയിലൂടെ ഒരു വെല്ലുവിളി ഉയര്‍ത്തുന്നു. തീര്‍ച്ചയായും അയാള്‍ക്ക്
ആ വരി ആവര്‍ത്തിക്കാനാവില്ല.

ഇങ്ങനെയെല്ലാം കാലം, മാധ്യമം, ഭാഷ, കലയിലെ ഒരു പ്രധാന ഘടകമായി വരുന്നത്
മലയാളത്തില്‍ പ്രധാനമായും അടൂര്‍ ഗോപാലകൃഷ്‌ണന്റെ ചലച്ചിത്രങ്ങളിലാണ്.
അവയുടെ ഇതിവൃത്തങ്ങള്‍ നമുക്ക് നല്ല പരിചയമുള്ളവ തന്നെയായിരുന്നു. അവയുടെ
കാലവും അവയിലെ മുഹൂര്‍ത്തങ്ങളും അതെ. ആ ചലച്ചിത്രങ്ങള്‍ ശ്രദ്ധിച്ചതു
കൊണ്ടും, നമ്മോട് എപ്പോഴും ചലച്ചിത്രത്തെക്കുറിച്ച്
സംസാരിക്കാറുള്ളതുകൊണ്ടും അടൂര്‍ ഗോപാലകൃഷ്‌ണനെ എനിക്കും നല്ല പരിചയമാണ്,
ഇതുവരെയും കണ്ടിട്ടില്ലെങ്കിലും. അദ്ദേഹം കഥകളിയോട് ആഭിമുഖ്യമുള്ള ഒരു
കുടുംബത്തില്‍ നിന്നും വന്നു. നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും
അഭിനയിക്കുകയും ചെയ്തു. പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോയി
ചലച്ചിത്രകല പഠിച്ചു. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി ഉണ്ടാക്കി.
എഴുപതുകളിലൊരിക്കല്‍, അതുവരെയും കണ്ടു ശീലിച്ച നമ്മുടെ സിനിമയെ, തന്റെ
ആദ്യത്തെ ചലച്ചിത്രം കൊണ്ട് തിരുത്താന്‍ മുതിര്‍ന്നു. ഒപ്പം പിറകിലേക്ക്
ചീകി വച്ച നീണ്ട മുടി, ചുണ്ടുകള്‍ക്കിരുവശമായി ഇത്തിരി ഇറക്കി
വെട്ടിനിര്‍ത്തിയ മേല്‍മീശ, ഒരു ഗോത്രമുഖ്യന്‍ എന്ന പോലെ പെട്ടെന്ന്
അടയാളമാകുന്ന മൂക്ക്, കോളര്‍ വെച്ച ഖാദി ജുബ്ബ, എൃാമചന്ദ്രന്‍ തന്റെ
ചിത്രങ്ങളില്‍ തന്നെത്തന്നെ വരച്ചിടുന്നതു പോലെ ഒരു മുദ്ര. അതിന്റെ രൂപവും
അടൂരിന്റെ രൂപവും നമ്മുടെ ചലച്ചിത്ര ജീവിതത്തിലും വീണു.
ദില്ലിയില്‍ ഇന്ത്യയുടെ രാഷ്ട്രപതിയില്‍ നിന്നും അദ്ദേഹം ദാദാസാഹേബ്
ഫാല്‍ക്കെ അവാര്‍ഡ് വാങ്ങുന്നതിന്റെ ടെലിവിഷനിലെ തല്‍സമയ സംപ്രേക്ഷണം
കാണാന്‍ ഞാനും കുടുംബവും കുവൈറ്റിലെ ഞങ്ങളുടെ ചെറിയ ഇരിപ്പുമുറിയില്‍
നേരത്തേ കാത്തിരുന്നു. അദ്ദേഹം തന്റെ ചലച്ചിത്രത്തെക്കുറിച്ച് പറഞ്ഞത്,
തന്റെ കലാജീവിതത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്കൊന്നും വഴങ്ങില്ല എന്നു
പറഞ്ഞത്, സന്തോഷത്തോടെ കണ്ടു. അടൂര്‍ പുരസ്‌കാരം വാങ്ങാന്‍ എഴുന്നേറ്റു
പോകുമ്പോള്‍ ഡല്‍ഹിയിലെ ആ ചലച്ചിത്രസദസ്സു മുഴുവന്‍ എഴുന്നേറ്റു നിന്നു
കൈകൊട്ടുമ്പോള്‍, ഞങ്ങളും എഴുന്നേറ്റു നിന്നു.
തുടരും...
