ഇക്കരെ

മുഖം മൂടി

എന്‍.ടി. ബാലചന്ദ്രന്‍
 

 


പ്രിയപ്പെട്ട കൂട്ടുകാരിക്ക്‌ പിറന്നാള്‍ സമ്മാനം വാങ്ങാന്‍ നഗരത്തിലെ ഷോപ്പിംഗ്‌ കോമ്പ്ലക്സിലേക്കു പോകുമ്പോള്‍ മകള്‍ എന്നോട്‌ പറഞ്ഞു:
-ഇതൊരു പക്ഷേ ഞാന്‍ അവള്‍ക്കു കൊടുക്കുന്ന അവസാനത്തെ Birthday present ആയിരിക്കും ... ജീവിതത്തില്‍ അവള്‍ എന്നും ഓര്‍ക്കാനിടയുള്ള എന്തെങ്കിലും വാങ്ങികൊടുക്കണം... Something special...
എന്റെ മകളുടെ പേര്‌ നീലിമ. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ പേര്‌ താര. മൂന്നുവയസ്സുള്ളപ്പോള്‍ കണ്ടുമുട്ടിയവരാണ്‌ അവര്‍. എല്‍. കെ. ജി. യില്‍ ആദ്യം കൊണ്ടിരുത്തിയ ദിവസം ക്ലാസ്‌ മുറിയില്‍ പരസ്പരം കെട്ടിപ്പിടിച്ച്‌ വാവിട്ട്‌ കരഞ്ഞ നീലിമാ ബാലചന്ദ്രനും താരാ ജോസഫും.
താരയുടെ കരച്ചില്‍ ഒരു ദിവസം കൊണ്ടു നിന്നു. നീലിമ പിന്നെയും ഒരു മാസം കൂടി കരഞ്ഞു. താരയുടെ കുഞ്ഞു ഫ്രോക്കിന്റെ പോക്കറ്റില്‍ എപ്പോഴും ഒരു കൈലേസുണ്ടായിരുന്നത്‌ എനിക്ക്‌ ഓര്‍മയുണ്ട്‌. ഒരു ദിവസം ഞാന്‍ ചോദിച്ചു:
-താര ക്ലാസില്‍ കരയാറുണ്ടോ?
-ഇല്ല
-പിന്നെയെന്തിനാ കൈലേസ്‌?
-കണ്ണീന്നു വെള്ളം വരുമ്പോള്‍ തുടയ്ക്കാനാ...
നിഷ്കളങ്കമായ മറുപടി.
ആ കൈലേസ്‌ കൊണ്ട്‌ താര നീലിമയുടെയും കണ്ണീരു തുടച്ചു. അവര്‍ കൂട്ടുകാരായി. പിരിയാന്‍ വയ്യാത്ത കൂട്ടുകാരായി. ആ കൂട്ടുകാരികള്‍ പഠിച്ച്‌ പത്താംക്ലാസ്‌ വരെയെത്തി. പത്തിലെത്തിയതോടെ രണ്ടു പേരും ദു:ഖത്തിലായി.പിരിയാന്‍ സമയമടുത്തിരിക്കുന്നു.
പത്തു കഴിഞ്ഞാല്‍ താര നാട്ടില്‍ പോകും. എന്‍ ട്രന്‍സ്‌ കോച്ചിംഗിനു ചേരണം. ഒറ്റ മകളെ ഡോക്ടറാക്കാനാണ്‌ അമ്മയച്ഛന്മാരുടെ തീരുമാനം.നീലിമയും ഒറ്റമകളായിരുന്നെങ്കിലും മെഡിസിനും എഞ്ചിനീയറിംഗും വേണ്ടെന്ന് അവള്‍ സ്വയമങ്ങു തീരുമാനിച്ചു. അതുകൊണ്ട്‌ ആശങ്കകളില്ലാതെ മസ്കറ്റില്‍ തന്നെ തുടര്‍ന്നു പഠിക്കാം.



'സിറ്റി പ്ലാസ'യുടെ 'മദീന കബൂസി'ലുള്ള വലിയ ഷോറൂമിലേക്കാണ്‌ ഞങ്ങള്‍ പോയത്‌. പഠനപീഡനത്തിനിടയില്‍ അരമണിക്കൂര്‍ യാചിച്ചു വാങ്ങിയാണ്‌ മകള്‍ എന്നോടൊപ്പം വന്നിരിക്കുന്നത്‌.

മകളുടെ കഴിഞ്ഞ ഓരോ 'ബര്‍ത്ത്‌ ഡേ'ക്കും താര കൊടുത്തിട്ടുള്ള സമ്മാനങ്ങള്‍ ഇപ്പോഴും അവളുടെ സ്വകാര്യശേഖരത്തിലുണ്ട്‌. ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു പെന്‍സില്‍ കട്ടര്‍, ക്രിസ്റ്റല്‍ ബോള്‍, ഡൊണാള്‍ഡ്‌ ഡക്കിന്റെ കീ ചെയിന്‍, ഹൃദയാകൃതിയിലുള്ള ഫോട്ടോ ഫ്രെയിം തുടങ്ങിയവ.കഴിഞ്ഞ പിറന്നാളിന്‌ വേര്‍പിരിയലിന്റെ സ്മാരകമായി അവള്‍ മകള്‍ക്ക്‌ സമ്മാനിച്ചത്‌ രണ്ടായി ഇതള്‍ വിരിഞ്ഞു നില്‍ക്കുന്ന വെള്ളിയുടെ ഒരു മെഴുകുതിരി കാലാണ്‌. അതു ഞങ്ങള്‍ സ്വീകരണ മുറിയിലെ ഷോക്കേസില്‍ വച്ചു.

സമ്മാനം തിരയുന്നതിനിടയില്‍ മുത്തുകള്‍ പതിച്ച്‌ മനോഹരമാക്കിയ പിടിയുള്ള വെള്ളിയുടെ ഒരു കണ്ണാടി കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു :
-നിന്റെ കൂട്ടുകാരിയുടെ ഇനിയുള്ള കാലം മുഴുവന്‍ അവള്‍ക്കു കാണിച്ചു കൊടുക്കാന്‍ ഈ കണ്ണാടിക്കു കഴിയും.
-വേണ്ട.
മകള്‍ പറഞ്ഞു:
-കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്നെ കാണാന്‍ അവള്‍ക്കു കഴിയില്ലല്ലോ...
അപ്പോള്‍ മൊബെയില്‍ ഫോണ്‍ ശബ്ദിച്ചു. ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങിയിട്ട്‌ കൃത്യം അരമണിക്കൂര്‍ ആയെന്ന് അറിയിക്കാന്‍ മായ വിളിച്ചതാണ്‌. എന്തെങ്കിലും കേള്‍ക്കുകയും പറയുകയും ചെയ്യുന്നതിനു മുമ്പെ ലൈന്‍ കട്ടായി. അതിലടങ്ങിയിരിക്കുന്ന ഭീഷണി മകള്‍ക്കും എനിക്കും മനസിലായി.
 

- അവളുടെ പത്തിലെ റിസള്‍ട്ട്‌ എന്തായിരിക്കുമെന്ന് ഇന്നു തന്നെ അമ്മ പ്രഖ്യാപിക്കും. അതില്‍ അച്ഛനായ എനിക്കുള്ള ഉത്തരവാദിത്വവും.

മകള്‍ സമ്മാനം തിരയുന്നത്‌ തിടുക്കത്തിലാക്കി. അങ്ങനെയാണ്‌ അവള്‍ ആ മുഖം മൂടി കണ്ടെത്തുന്നത്‌. ഒരു സ്ത്രീയുടെ മുഖത്തോളം വലിപ്പമുള്ള മുഖം മൂടി. കാതോളം നീണ്ട കരച്ചിലുള്ള കണ്ണുകള്‍. ഉയര്‍ന്നു ധിക്കരിച്ചു നില്‍ക്കുന്ന നാസിക. വിടര്‍ന്ന ചുണ്ടുകളില്‍ ഏതു നിമിഷവും പറഞ്ഞേക്കാവുന്ന വാക്കുകള്‍. മകള്‍ താല്‍പര്യത്തോടെ ആ മുഖം മൂടി കയ്യിലെടുത്തു.

ഞാന്‍ പറഞ്ഞു:
-No... ത്രിമാന രൂപങ്ങള്‍ ഒരിക്കലും സമ്മാനമായി കൊടുക്കരുത്‌, it will bring bad luck...

അല്‍ഭുതം വിടര്‍ത്തിയ കണുകളോടെ മകള്‍ എന്നെ നോക്കി.
-Who said that?

ഒരൊറ്റ നിമിഷം കൊണ്ട്‌ എന്നെ പഴഞ്ചനും പിന്തിരിപ്പനും അന്ധവിശ്വാസിയുമാക്കിയ പുതിയ തലമുറയുടെ നോട്ടത്തിനു മുന്നില്‍ ഞാന്‍ പകച്ചു.
-ഇതു തന്നെ മതി.
മകള്‍ തീരുമാനിച്ചു. താര മനോഹരമായി ചിത്രം വരക്കുമെന്ന് എനിക്കറിയാമായിരുന്നു. അവള്‍ സ്കൂള്‍ എക്സിബിഷനു വേണ്ടി കളിമണ്ണില്‍ ഒരു ശില്‍പം ചെയ്യുകയാണെന്നും അതിനു വേണ്ടി വ്യത്യസ്തമായ ഒരു മുഖം അന്വേഷിക്കുകയാണെന്നും. ഈ മുഖം മൂടി അവള്‍ക്ക്‌ ഉപയോഗപ്രദമാകുമെന്നും മകള്‍ പറഞ്ഞു.



- ഈ മുഖം മൂടിയിലൂടെ നീയെങ്ങനെ ഇനിയുള്ള കാലം മുഴുവന്‍ കൂട്ടുകാരിയുടെ ഓര്‍മയില്‍ നിലനില്‍ക്കും?
ഞാന്‍ ചോദിച്ചു

- അതൊക്കെ നിന്നോളും .
മകള്‍ തിരക്കു കൂട്ടി.
- അച്ഛാ, അമ്മ ഇനിയും വിളിക്കുന്നതിനു മുമ്പ്‌ വീട്ടിലെത്തണം.

തിരിച്ചു വീട്ടിലേക്കുള്ള യാത്രക്കിടയില്‍ കുട്ടിക്കാലത്തെ ഒരനുഭവം എനിക്കോര്‍മ വന്നു. ഏഴോ എട്ടോ വയസായിരുന്നു എനിക്കന്ന്. അമ്മയും അച്ഛനും മുത്തശ്ശനും അമ്മൂമ്മയും ചെറിയമ്മയും അനിയനും അനിയത്തിയും ഒക്കെയുള്ള സന്തോഷമുള്ള കുടുംബം.

മുത്തശ്ശന്‍ ക്ഷേത്രത്തിലെ മൂത്താരായിരുന്നു. ഒരു സന്ധ്യക്കു ക്ഷേത്രത്തില്‍ നിന്നു വന്നപ്പോള്‍ മുത്തശ്ശന്‍ മരത്തില്‍ കൊത്തിയെടുത്ത ഒരു പുരുഷന്റെ മുഖം - ഒരു മുഖം മൂടി വീട്ടില്‍ കൊണ്ടു വന്നു.ക്ഷേത്രത്തിലേക്ക്‌ ആരോ വഴിപാടായി സമര്‍പ്പിച്ച മുഖം മൂടി മുത്തശ്ശന്‍ ലേലത്തില്‍ പിടിച്ചതായിരുന്നു. ഉള്ളില്‍ വിങ്ങി നില്‍ക്കുന്ന എന്തൊക്കെയോ വേദനകളുടെ പുറത്തു വരാന്‍ വെമ്പി നില്‍ക്കുന്ന വാക്കുകള്‍ അന്നാ മുഖം മൂടിയുടെ ചുണ്ടുകളില്‍ ഞാന്‍ കണ്ടു. സ്വീകരണ മുറിയിലെ ചില്ലരമാലയില്‍ മുത്തശ്ശന്‍ ആ മുഖം മൂടി വച്ചു.


അടുത്ത ദിവസം സ്കൂളില്‍ വച്ച്‌ മാവില്‍ നിന്നു വീണ്‌ എന്റെ കൈ ഒടിഞ്ഞു കരയുന്ന ചെറിയമ്മയും പച്ചപ്പാവാടയും വെള്ള ജാക്കറ്റുമിട്ട വിദ്യാര്‍ത്ഥിനികളുടെ ഒരു വലിയ സൈന്യമാണ്‌ എന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്‌. പ്ലാസ്റ്ററിട്ട കൈ കഴുത്തില്‍ കെട്ടിയിട്ട്‌ പനിച്ച്‌ ഞാന്‍ കിടപ്പിലായി. ഛര്‍ദിയും വയറിളക്കവും വന്ന് ചെറിയമ്മയും കിടപ്പിലായി. മുത്തശ്ശന്റെ രണ്ടു കണ്ണുകളിലും വലിയ കുരുക്കള്‍ വന്നു പഴുത്തു. കണ്ണുകള്‍ തുറക്കാന്‍ വയ്യാത്ത അവസ്ഥയില്‍ മുത്തശ്ശന്‍ മുറിയിലെ ഇരുട്ടില്‍ നിന്നും പുറത്തിറങ്ങാതെയായി. അമ്മയും അമ്മൂമ്മയും പനി പിടിച്ചു കിടപ്പിലായി.അച്ഛനു ജോലി കോയമ്പത്തൂരായിരുന്നു.അച്ഛന്‍ അവിടെ വാടക വീട്ടില്‍ പനിച്ചു കിടക്കുകയാണെന്ന് ഒരു ദിവസം ഇന്‍ലന്റ്‌ വന്നു.വീട്ടില്‍ എല്ലാവരും കിടപ്പിലായതു കൊണ്ട്‌ അന്വേഷിച്ചു പോകാനും ആരുമില്ല.

കടുത്ത പനിയുടെ നടുക്കങ്ങളുമായി അമ്മ അടുക്കളയില്‍ കയറി.മുത്തശ്ശനും അമ്മൂമ്മയും അടുത്തടുത്തിട്ട രണ്ടു കയറ്റുകട്ടിലുകളില്‍ മരിച്ചതു പോലെ കിടന്നു. മുറിയില്‍ പനിയുടെ ആവി വിങ്ങി നിന്നു. അനിയനും അനിയത്തിക്കും വന്ന പനി ഉടലാകെ പൊട്ടി വിരിഞ്ഞ്‌ 'ചിക്കന്‍ പോക്സാ'യി മാറി. അവരെ അമ്മ മാളിക മുറിയിലേക്ക്‌ മാറ്റി.

പ്ലാസ്റ്ററിട്ട കൈയുമായി തനിച്ചു സ്കൂളിലേക്കു പോകുന്ന എന്നെ ഛര്‍ദിച്ചു തളര്‍ന്നു കിടക്കുന്ന ചെറിയമ്മ നിസ്സഹായയായി നോക്കി. അച്ഛന്റെ വിലാസമെഴുതി ഒട്ടിച്ച്‌ അമ്മ തന്ന ഇന്‍ലന്റ്‌ ഞാന്‍ ഒടിയാത്ത കൈ കൊണ്ട്‌ തപാല്‍ പെട്ടിയിലിട്ടു.

ദുരിതത്തിന്റെ ദിവസങ്ങള്‍,ആഴ്ചകള്‍ കടന്നു പോയി. ആരുടെ രോഗവും മാറിയില്ല. കളിയും ചിരിയും നിറഞ്ഞു നിന്ന വീട്ടില്‍ രോഗത്തിന്റെ ഞരക്കങ്ങളും ശാപസ്വരങ്ങളും മാത്രം ഞാന്‍ കേട്ടു.

ഒരു ദിവസം സന്ധ്യക്ക്‌ പനിയുടെ മയക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റ്‌ ഉന്മാദിനിയെപോലെ സ്വീകരണമുറിയിലേക്ക്‌ ചെന്ന അമ്മ ചില്ലരമാരയില്‍ നിന്ന് മുഖം മൂടി കയ്യിലെടുത്തു.

തുടരും...