ചെറിയ പുസ്തകങ്ങള്‍ വാങ്ങിക്കുക
എളുപ്പം വായിക്കാവുന്നവ
വാതിലില്‍ വെടിയൊച്ച കേട്ടുതുടങ്ങുമ്പോഴും
കഥ മുറിയാത്തവ
ചുമരില്‍ ആണികള്‍ തറയ്ക്കരുത്
ചിത്രങ്ങളും പെന്‍സില്‍ കട്ടറും
കണ്ണാടിയുമരുത്
നിങ്ങളാരുമല്ലാത്തതിനാല്‍
നിങ്ങളുടെ മുഖമൊരു പ്രശ്നമല്ല
കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുക
അല്ലെങ്കില്‍ അവരെ അലസരായ്
തെരുവിലലയാന്‍ വിടുക
ഒരു ശവഘോഷയാത്ര കണ്ടെത്താന്‍;
അവര്‍ക്കലിയാന്‍ ഒരാള്‍ക്കൂട്ടം
പുലര്‍ച്ചക്കു മുമ്പ് എരിഞ്ഞടങ്ങുന്ന
വഴിപാട് മെഴുകുതിരികള്‍ മാത്രം ഉപയോഗിക്കുക
സിഗററ്റു ചാരം നിങ്ങളുടെ കീശയില്‍ തന്നെ ഇടുക
അലമാരകളില്‍ ഒന്നും വച്ചേക്കരുത്
ഒരു കളിപ്പാട്ടമൊഴികെ
നിങ്ങളുടെ അരുമകളായി
മറ്റു ജീവികള്‍ പാടില്ല
ടെലഫോണ്‍ കണക്ഷന്‍ എടുക്കരുത്
സ്വന്തം വിലാസമുള്ള കാര്‍ഡുകള്‍ അച്ചടിക്കരുത്
എല്ലാ ദിവസവും
നിങ്ങളുടെ ബാറ്ററികള്‍ പരിശോധിക്കണം
വസ്ത്രങ്ങള്‍ നേര്‍ത്തതും സമാന നിറങ്ങളുള്ളതും
ഒരിക്കലും ഇസ്തിരി ഇടേണ്ടാത്തതുമായിരിക്കണം
ശീലം, ഓര്‍മ, പേര്, പാട്ട്,
ഇവ മാത്രമാണ് നിങ്ങളുടെ കുടുംബ പാരമ്പര്യം
മകളെ ചുമലില്‍ ഇരുത്തുന്നത്
അവള്‍ക്ക് വീടിന്റെ സുരക്ഷിത ബോധം
കൊടുക്കുമെന്ന് വിശ്വസിക്കുക
പിറന്ന നാള്‍ തൊട്ടേ അറിയുന്നവരല്ലെങ്കില്‍
അയല്‍ക്കാരുമായുള്ള കൂടിക്കാഴ്ചകള്‍ ഒഴിവാക്കുക
വരാന്തയില്‍ കൊഞ്ചുന്ന പക്ഷിയെ കരുതിയിരിക്കുക
രണ്ടിലൊരാള്‍ക്ക് ദേശാടന പ്രവണതയുള്ളതിനാല്‍
നിങ്ങളിലൊരാള്‍ കൂടുവിട്ടു പോകും
ആയിരത്താണ്ടുകളായി
നിങ്ങളിവിടെയുണ്ട്
നിങ്ങളുടെ ആളുകള്‍
ഏതെങ്കിലും വിധത്തില്‍
നാടോടികളാണോ?
നഗരാതിര്‍ത്തികള്‍ക്കപ്പുറമുള്ളൊരു
കൃഷിയിടത്തില്‍
നിങ്ങള്‍ക്കു തമ്പുറപ്പിക്കാനാവുമോ?
ബന്ധുക്കള്‍ക്കൊപ്പം താമസിക്കുമോ?
നിങ്ങള്‍ മറ്റൊരു രാജ്യത്തിലേക്ക് കടക്കുന്നു
അതിര്‍ത്തി പട്ടണങ്ങളിലെ
ചേരികളില്‍ കുടുങ്ങി
മടങ്ങിവരാന്‍ കാത്തിരിക്കുന്നു
ഞാന്‍ നിങ്ങളെ പറ്റമായി കണ്ടിട്ടുണ്ട്
നിങ്ങളെപ്പോഴും ഒരുമിച്ചായിരിക്കാന്‍ ആഗ്രഹിക്കുന്നു

ഈ വീട്ടിലെ ചുമരുകളില്‍
നിങ്ങളുടെ കുഞ്ഞുങ്ങളുടെ
കൈപ്പാടുകളുള്ളതിനാല്‍
അടുപ്പില്‍ നിന്ന് തീന്‍ മേശയിലേക്കും
തീന്‍ മേശയില്‍ നിന്ന് അടുപ്പിലേക്കുമുള്ള
നിങ്ങളുടെ യാത്രകളില്‍
അടുക്കള ഒരു തുരങ്കമായിരുന്നതിനാല്‍
എഴുത്തു മേശയുടെ ഭാരത്താല്‍
നിലം പൊള്ളി അടര്‍ന്നതിനാല്‍
നിങ്ങള്‍ക്കിവിടം വിട്ടുപോകാനാവില്ലെന്ന്
പറയുന്നില്ല
ഈ ഭിത്തികള്‍ നിങ്ങളുടെ വക്കുകളെ
പ്രതിധ്വനിപ്പിച്ചു
നിങ്ങളുടെ നെടുവീര്‍പ്പുകള്‍
മച്ചിലേക്കുയര്‍ന്നു
അഭയാര്‍ത്ഥിയുടെ ആകാശത്തിലെ മേഘങ്ങളായ്
നിങ്ങളുടെ മകന്‍ ധൃതിക്കു
വാതില്‍ തുറന്ന സമയം
പുഴുങ്ങി ഉണക്കിയ ഗോതമ്പ്
മേശമേലും മുറിയിലും തൂവിത്തെറിച്ചത്
ഓര്‍മിക്കുക
മൂലകളില്‍ ഇപ്പോഴും
ആ ഗോതമ്പു മണികള്‍.
നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടില്ല
തുറക്കാനാവാത്ത ഒരു ജനാല
ഫ്രിഡ്ജിലെ വിളക്കിന്റെ നേര്‍ത്ത ശബ്ദം
മകളുടെ മുറിയിലെ ചോരുന്ന പൈപ്പ്
രാവിലെ വേലി കടന്നു പോകുന്ന പൂച്ച
അയാള്‍ കുടുംബാംഗമല്ലെങ്കിലും
നിങ്ങള്‍ തിരിച്ചറിയുന്നു
ഇതു നിങ്ങളുടെ പട്ടണമല്ല
വിവാഹനാളില്‍ ഈ തെരുവുകളിലൂടെ
നടന്നതാണെങ്കിലും
ഇവിടുത്തെ വെള്ളം
നിങ്ങളുടെ ചോരയുമായി കലരുന്നു
ഇതു നിങ്ങളുടെ രാജ്യമല്ല
ഇവിടുത്തെ മണ്ണ്‍
നിങ്ങളുടെ ഷൂ മൂടുന്നുണ്ടെങ്കിലും
നിങ്ങള്‍ ഓര്‍ത്തെടുക്കുന്ന പാട്ടുകളും
സ്വന്തമെന്ന് അവകാശപ്പെടുന്ന കവികളും
നിങ്ങളുടേതല്ല

തല കുനിക്കരുത്
ഉയരങ്ങളിലേക്ക് നോക്കുക
അമ്പു പോലെ അരയന്നങ്ങള്‍ പറന്നു പോകുമ്പോള്‍
നിങ്ങളുടെ നിധികള്‍
ചിറകിന്‍ കീഴില്‍ ഒതുക്കി വച്ച്
അവയ്ക്കൊപ്പം ചേരുക
അഭയാര്‍ത്ഥിയുടെ ആകാശത്തു നിന്ന്
നിങ്ങള്‍ക്ക് താഴെയുള്ള ശരീരങ്ങള്‍ എണ്ണാം
മറ്റുള്ളവര്‍ അവശിഷ് ടങ്ങളിലൂടെ മുന്നേറുമ്പോള്‍
നിങ്ങളുടെ വീടിന്റെ കപ്പല്‍ഛേദം നിരീക്ഷിക്കാം
