നമ്മുടെ കാലഘട്ടത്തിലെ ചേരയല്ല
നീര്‍ക്കോലി പോലും ആകാഞ്ഞ, അവനവന്റെയോ മറ്റൊരുവന്റെയോ അത്താഴം പോലും
മുടക്കാനാവാത്ത ഒരു മണ്ണിരയുടെ ദുര്‍ബലമായ സാംസ്കാരിക പ്രതിരോധം എന്ന
നിലയിലും,വിരല്‍കുടി അവസാനിപ്പിക്കാനുള്ള വിജയം കാണാത്ത തന്ത്രമായും, എന്റെ
നാലു വയസായ മകളെ കൊണ്ട് ഞാനൊരു മന്ത്രം ഉരുവിടീക്കുന്നു. പെപ്സി
കുടിക്കാന്‍ പാടില്ല, കൊക്കക്കോള കുടിക്കാന്‍ പാടില്ല, വിരല് കുടിക്കന്‍
പാടില്ല, കള്ള് കുടിക്കാന്‍ പാടില്ല, സംഭാരം മാത്രമേ കുടിക്കാന്‍
പാടുള്ളൂ.(അയ്യോ,അതിനെ പഴയ നമ്പൂതിരി ആശ്രയത്വമെന്നും ഫ്യൂഡലിസ്റ്റിക്
നൊസ്റ്റാള്‍ജിയയെന്നും സവര്‍ണപാനീയമെന്നും പരിഹസിക്കരുതേ. ഇവിടെ ദുബായില്‍
ലബാന്‍ എന്ന പേരില്‍ അമ്പതു ചില്ലിക്കാശിന് വാങ്ങാന്‍ കിട്ടുന്ന സാധനമാണ്
സംഭാരം)

എങ്കിലും വിരല്‍ കുടിക്കാത്ത ഇടവേളകളിലെല്ലാം പെപ്സിയോ കൊക്കക്കോളയോ മാത്രം
കുടിച്ച് എന്റെ മകള്‍ എന്നെ നിരാശപ്പെടുത്തുന്നു. (അത് എനിക്ക് അരി
വാങ്ങിത്തരുന്ന പരസ്യവ്യവസായത്തിന്റെ മിടുക്ക് എന്നെങ്കിലും ആശ്വസിക്കാം)
സഖാവ് വി.എസ്.അച്യുതാനന്ദന്റെ ചോര കുടിക്കാന്‍, അല്ലെങ്കില്‍
അദ്ദേഹത്തെക്കൊണ്ട് വെള്ളമെങ്കിലും കുടിപ്പിക്കാന്‍
സ്വകാര്യമാനേജ്മെന്റുകള്‍, രമേശ് ചെന്നിത്തല, പിണറായി വിജയന്‍
തുടങ്ങിയവര്‍ ശ്രമിച്ചുകൊണ്ടിരിക്കേ സ്വയമൊരു ചോയ്സ് ഉണ്ടെങ്കില്‍ സഖാവ്
കുടിക്കേണ്ടത് എന്തായിരിക്കും - പരസ്യമായി തെങ്ങിന്‍ കള്ള് കുടിച്ചാലും
എനിക്ക് വിരോധമില്ല. കരിക്ക് കുടിച്ചുകൊണ്ടുള്ള സാംസ്കാരിക പ്രതിരോധം
കപ്പലില്‍ ആടിനെ കൊണ്ടു പോയ മൂന്നാം ക്ലാസ് കമ്പാര്‍ട്ടുമെന്റില്ലാത്ത
രാജ്യത്തേക്കു പോലും അതു കെട്ടിവലിച്ചു കൊണ്ടുപോയ ഗാന്ധിജിയുടെ ലളിത ജീവിതം
പോലെ ആഡംബരമായിപ്പോകും- അതിന്റെ ലോജിസ്റ്റിക് ബുദ്ധിമുട്ടുകള്‍
ആലോചിച്ചാല്‍.
എങ്കിലും കഴിഞ്ഞ കുറേ ദിവസങ്ങളായി സഖാവ് അടക്കമുള്ള മന്ത്രിമാരും,
ഉന്നതോദ്യോഗസ്ഥരും, അതിഥികളും മറ്റും പങ്കെടുക്കുന്ന സംസ്ഥാന ഗവണ്‍മന്റ്
വക ചടങ്ങുകളുടെ ദൃശ്യങ്ങള്‍ ടിവിയില്‍ കാണുമ്പോള്‍ എന്റെ തൊണ്ട
വരളുന്നു-മേശമേലെല്ലാം വിളങ്ങുന്നത് അക്വാഫിന എന്ന മിനറല്‍ വാട്ടര്‍
കുപ്പികള്‍. അവയുടെ നീല ലേബലില്‍ തന്നെ വ്യക്തമായി തിളങ്ങുന്ന പെപ്സിയുടെ
വിഖ്യാതമായ ലോഗോ. അതെ പെപ്സിയുടെ ഒരു ഉപബ്രാന്‍ഡ് മാത്രമാണ് അക്വാഫിന.
ഇതറിയാനുള്ള കാഴ്ചശേഷിയും അക്ഷരാഭ്യാസവും നമ്മുടെ നേതാക്കള്‍ക്കില്ലെന്ന്
ആരും പറയുകയില്ല. പിന്നെ? പ്ലാച്ചിമടയിലെ സമരം കൊക്കക്കോളക്കു മാത്രം
എതിരായിരുന്നോ? വീരേന്ദ്രകുമര്‍ പോലും അതു സമ്മതിച്ചു തരികയില്ല.
മീന്മുട്ടിയിലേയും അഗസ്ത്യകൂടത്തിലേയും നീരുറവകള്‍ ബോട്ടില്‍ ചെയ്യാന്‍
മില്‍മയ്ക്ക് എന്താ കൈവിറയ്ക്കുമോ? അതിനും വയ്യെങ്കില്‍ നമ്മുടെ സഖാക്കള്‍
തുപ്പല്‍ കുടിയ്ക്കട്ടെ.
അപൂര്‍വമായ എത്രായിരം അമൂല്യങ്ങളായ മുത്തുകള്‍ കോര്‍ത്തുണ്ടാക്കിയ
മാലയായാലും ഒറ്റ കെട്ടഴിച്ചാല്‍ ഇല്ലാതാകും സര്‍. നിങ്ങളുടെ അവസാനത്തെ
പാട്ട് ഹിറ്റല്ലെങ്കില്‍ നിങ്ങള്‍ പുറത്താകും സര്‍. ( പേടിയ്ക്കണ്ട,
കസേരയില്‍ നിന്നല്ല, ഞങ്ങളുടെ പെറ്റി ബൂര്‍ഷ്വാ മനസുകളില്‍ നിന്ന്)
