എന്റെ മകന് മീനുകളുമായി വലിയ ചങ്ങാത്തമാണ്.
തോട്ടുവക്കിലിരുന്ന് അവന്‍ മീനുകളോട് വര്‍ത്തമാനം പറയും. ചിലപ്പോളവന്‍
ചെറുമീനുകള്‍ക്ക് കാലു നീട്ടിക്കൊടുക്കും. ചിരങ്ങു പിടിച്ച കാലിലെ
പൊറ്റകള്‍ കടിച്ചു വലിക്കുമ്പോള്‍ അവന്‍ പുളയുന്നതും മീനുകള്‍ക്കു നേരെ
ചെറിയ കല്ലുകള്‍ പെറുക്കി എറിയുന്നതും കാണാം. ചിലപ്പോള്‍ കോരിപ്പിടിക്കുന്ന
മീന്‍ കുഞ്ഞുങ്ങളെ വീട്ടിലെ ചില്ലുഭരണിയില്‍ വളര്‍ത്താനിടുകയും
ചെയ്യും.അവയ്ക്കു തിന്നാന്‍ ചോറും മണ്ണിരകളും ഇട്ടുകൊടുക്കും. വെള്ളത്തില്‍
മണ്ണിരകള്‍ കിടന്ന് ലക്ഷ്യമില്ലാതെ ചുരുണ്ട് നിവരുമ്പോള്‍ ചെറുമീനുകള്‍
കുറേശ്ശെയായി കൊത്തിയെടുക്കും. ഇരയങ്ങിനെ ചോരയൊലിപ്പിച്ച് പല കഷണങ്ങളായി
നുറുങ്ങിപ്പിടയും.
എങ്കിലും മീനുകളോടുള്ള അവന്റെ ഈ അടുപ്പം നല്ലതാണെന്നാണ് എനിക്കു
തോന്നിയത്.ഒരു സീസണ്‍ പണിക്കാരനായി തീര്‍ന്ന എന്റെ വര്‍ഷത്തിലെ രണ്ടൂ
മൂന്നു മാസങ്ങള്‍ കടന്നു പോകുന്നത്. മീനുകളെക്കൂടി ആശ്രയിച്ചായതിനാല്‍
മകന്റെ
രക്‌തത്തിലും ആ ഒരടുപ്പം കാണാതിരിക്കില്ലല്ലോ? അതുകൊണ്ട് ഒരിക്കലും ഞാനവനെ
വിലക്കിയില്ല. മാത്രമല്ല ചില പ്രോല്‍സാഹനങ്ങളും കൊടുക്കാന്‍ തുടങ്ങി.

അങ്ങനെയാണ് മാര്‍ക്കറ്റിലെ ജോബേട്ടനോട് പറഞ്ഞ് പഴയൊരു അക്വേറിയം
ഒപ്പിച്ചെടുക്കുന്നത്. ഓടിട്ട മേല്‍ക്കൂരയും കണ്ണീര്‍ ജലവും സ്ഫടികം
പോലത്തെ ചില്ലും തോട്ടു മണലും ചെടികളും ചക്രംചവിട്ടുകാരനുമൊക്കെയുള്ളത്.
പുഴയും കുടിലും കന്നുകാലികള്‍ മേയുന്ന തെങ്ങിന്‍തോപ്പുമൊക്കെയുള്ള ഒരു
ചിത്രം അക്വേറിയത്തിനു പിന്നില്‍ ഒട്ടിച്ചു തന്നു ജോബേട്ടന്‍. അതിലൂടെ
പരല്‍മീനുകളും പൂചൂടികളും പാഞ്ഞു നടന്ന് ചില്ലില്‍ മുഖമിടിച്ചു. അടുത്ത
ദിവസം അവയുടെ വാല്‍ഭാഗം താഴ് ന്നു തൂങ്ങാന്‍ തുടങ്ങി. മൂന്നാംനാള്‍
മരണവും. തോട്ടുമണ്ണിലങ്ങിങ്ങു കിടക്കുന്ന പച്ചവറ്റുകള്‍ക്കിടയില്‍
പരല്‍മീനുകളും ചീര്‍ത്തുകിടന്നു. അവയുടെ തിളങ്ങുന്ന ചിതമ്പലുകളില്‍ മകന്റെ
അനേകം വാടിയ മുഖങ്ങള്‍ പതിഞ്ഞുകിടപ്പുണ്ടായിരുന്നു.
സംഗതിയറിഞ്ഞ് പൊട്ടിച്ചിരിച്ചു ജോബേട്ടന്‍. 'പരല്‍മീനിനെ
ആരെങ്കിലുമുണ്ടെടാ അക്വേറിയത്തിലിടല്...?'
പോരുമ്പോള്‍ വെള്ളം നിറച്ച ഒരു പ്ലാസ്റ്റിക് സഞ്ചിയില്‍ അഞ്ചെട്ടു മീന്‍
കുഞ്ഞുങ്ങളെയും തന്നു. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും നിറത്തിലുള്ളവ.
ചുവപ്പും മഞ്ഞയും വരകളുള്ളവ. സാരിപോലത്തെ ചിറകുകളുള്ളവ.
അക്വേറിയത്തിലിടുമ്പോള്‍ അവ പാറി നടന്നു. മകന്റെ മുഖവും തെളിഞ്ഞു.
മാങ്ങാസീസണായതിനാല്‍ തോട്ടിയും ചാക്കുമെടുത്ത് ഞാന്‍
പടിയിറങ്ങുകയായിരുന്നു. അപ്പോഴാണ് നിറയെ പൂക്കളും പച്ചിലകളും വരച്ചുവച്ച
ഒരു വാന്‍ വന്ന് മുന്നില്‍ നിര്‍ത്തുന്നത്. പാന്റും ടൈയുമൊക്കെയിട്ട ഒരു
പയ്യന്‍ അതില്‍നിന്നിറങ്ങി വന്നു. എന്റെ കൈ പിടിച്ചു കുലുക്കി. വീട്ടില്‍
മനോഹരമായ ഒരു അക്വേറിയം സൂക്ഷിക്കുന്നതിന് എന്നെ അഭിനന്ദിച്ചു. ഏതോ
ഫാമില്‍ നിന്നു വരികയാണെന്നു പറഞ്ഞ് അയാളുടേ പേരടിച്ച കാര്‍ഡു തന്നു.
പുതിയ ഒരു തരം മീന്‍ കുഞ്ഞുങ്ങളെ പരിചയപ്പെടുത്താന്‍ വന്നതാണത്രേ! നാടന്‍
അലങ്കാര മല്‍സ്യങ്ങളെപ്പോലെ പെട്ടെന്നു ചത്തുപോകുന്നതോ നാണംകുണുങ്ങികളോ
അല്ലെന്നുള്ളതു മാത്രമല്ല, ഏതു കാലാവസ്ഥയിലും ഇവയ്ക്കു ജീവിക്കാന്‍
ബുദ്ധിമുട്ടില്ലത്രേ! തീറ്റയുടെ കാര്യത്തിലും നിര്‍ബന്ധങ്ങളില്ല. എന്തും
കഴിച്ചോളും. വളരെ ആകര്‍ഷണീയമായ ചേഷ്‌ടകളോടെ ചെറുപ്പക്കാരന്‍ മീനിന്റെ ഓരോ
ഗുണങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
ഇപ്പോള്‍ പ്രചരാണാര്‍ഥ്ഥം പാക്കറ്റൊന്നിന് കേവലം ഇരുപത്തിയുരൂപയേയുള്ളൂ
എന്നു പറഞ്ഞ് ഭംഗിയായി പ്രിന്റ് ചെയ് തൊരു പാക്കറ്റ് പുറത്തെടുത്തു.
അതു കണ്ടതും മോന്‍ വാശിപിടിച്ചു. ഒടുവില്‍ ഒരു പാക്കറ്റ് വാങ്ങേണ്ടിയും
വന്നു. പ്ലാസ്റ്റിക് പാക്കറ്റ് പൊട്ടിച്ച് മൂന്നു കുഞ്ഞുങ്ങളെയും
അക്വേറിയത്തിലേക്കിട്ടതും അവ തെങ്ങിന്‍പറമ്പിലേക്കു നോക്കി
നീന്തിക്കളിച്ചു.
ഒറ്റനോട്ടത്തില്‍ നമ്മുടെ നാടന്‍ കടുവിന്റെയും മുഷിയുടേയുമൊക്കെ
കുഞ്ഞുങ്ങളെപ്പോലെ തന്നെ. എന്നാല്‍ തല അല്‍പം കൂടി പരന്നതും കൊമ്പുകള്‍
നീളം കൂടിയതുമായിരുന്നു. വാലു പിടപ്പിച്ചും കൊമ്പുകള്‍ നീര്‍ത്തി വീശിയും
അവ മറ്റുള്ളവയോടൊപ്പം ചിറകു തുഴഞ്ഞു. തീറ്റയിട്ടുകൊടുക്കാന്‍
അക്വേറിയത്തിന്റെ അടപ്പുതുറന്നാല്‍ മതി അവ മൂന്നും വായും പിളര്‍ന്നു
മുന്നിലെത്തും.
മഴ നേരത്തേ തുടങ്ങിയതിനാല്‍ ഇത്തവണത്തെ സീസണ്‍ വേഗം കഴിഞ്ഞു. മഴക്കുത്തു
വീണാല്‍ മാങ്ങയുടെ ഭംഗി പോകും. മാര്‍ക്കറ്റിടിയും. പോരാത്തതിന് മുംബൈ
മാര്‍ക്കറ്റിലെ ഡിമാന്റ് കുറവും. കഷ്‌ടിച്ച് പിടിച്ചു നിന്നു എന്നു
പറയാം. കറപിടിച്ച മാങ്ങാക്കൊട്ടകളും തോട്ടികളും ചാക്കുകെട്ടും അടുത്ത്
കയറ്റിവച്ച് ഇറങ്ങുമ്പോഴാണ് അക്വേറിയം ശ്രദ്ധിക്കുന്നത്. പുതിയ മീന്‍
കുഞ്ഞുങ്ങള്‍ മൂന്നും അതില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒന്നു വളയാനോ
തിരിയാനോ കഴിയാത്ത വിധം അവ വളര്‍ന്നു കഴിഞ്ഞിരുന്നു. ഇനിയും വൈകിയാലവ
ചില്ലു പൊട്ടിച്ചേക്കുമെന്ന് എനിക്കു മനസിലായി. എന്നിട്ടും കുറേ
നിര്‍ബന്ധിക്കേണ്ടി വന്നു മകനെ മൂന്നിനേയും പിടിച്ച് താഴത്തെ പറമ്പിലെ
കുളത്തില്‍ കൊണ്ടിടാന്‍. പിടുത്തത്തിനിടയില്‍ ഒരെണ്ണം അവന്റെ കൈവിരലില്‍
കുത്തി. ചോരയൊലിക്കുന്ന മുറിവിലേക്ക് ഉടനെ മൂത്രമൊഴിപ്പിച്ചു. എന്നിട്ടും
നേരത്തോടുനേരമെടുത്തു കടച്ചില്‍ മാറാന്‍.

മഴക്കാലമായാല്‍ താഴെ പറമ്പിലെ കുളവും പുഞ്ചപ്പാടവും തിരിച്ചറിയാനാവാത്ത
വിധം തെളിയോടിക്കിടക്കുകയയിരിക്കും. മഴ നിലക്കുന്നതോടെ കുളപ്പടവുകള്‍
തെളിഞ്ഞു പൊന്തും. കുളത്തില്‍ അകപ്പെട്ടു പോയ വരാല്, മുയ്യ്, കടു,
കല്ലുത്തി, പൂട്ട, ആരല്, പരല്, തുടങ്ങി ഒരുപാട് കായല്‍മീനുകള്‍ അങ്ങിനെ
അവിടെ കിടന്നു പെറ്റുപെരുകും. ആറ്റവേനലായാല്‍ കുളം വറ്റിച്ച് മീന്‍
പിടിക്കും. കൂടിയവര്‍ക്കൊക്കെ കൊടുത്താലും, ഒരു പത്തു നാലായിരം രൂപയുടെ
മീനെങ്കിലും വില്‍ക്കാന്‍ പറ്റും എല്ലാ കൊല്ലവും.
കുളത്തിലെത്തിയതും മീന്‍ കുഞ്ഞുങ്ങള്‍ ഒന്നു കൂടി ഉഷാറായി മുകള്‍
പരപ്പിലൂടെ തേറ്റകള്‍ വിറപ്പിച്ച്, പുറം കാഴ്ചകള്‍ കണ്ട്, അവ വെയില്
കാഞ്ഞു. ഈ അപൂര്‍വ മീനുകളെ കാണാന്‍ ചുറ്റുപാടുമുള്ള കുട്ടികള്‍
കുളക്കരയിലെത്തി. അവരുടെ വീടുകളില്‍ ബാക്കിയാവുന്ന ചോറും പലഹാരങ്ങളും
കൊണ്ടുവന്ന് കുളത്തിലിടും. മീന്‍ കുഞ്ഞുങ്ങള്‍ മൂന്നും ആര്‍ത്തിയോടെ
അതെല്ലാം വെട്ടിപ്പിടിക്കുന്നതു കാണുമ്പോള്‍ കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.
ഇവറ്റകളുടെ ഈ ആക്ര്ലാന്തം കണ്ടു ഭയന്ന് പരല്‍മീനുകളും കല്ലുത്തികളുമൊക്കെ
ദൂരെ മാറി കുളത്തിന്റെ ഒതുക്കുകളില്‍ പമ്മി നടന്നു.
തുടരും...
comments