ദേശം-ജീവിതം

കുടിയേറ്റക്കാരന്റെ വീട്‌

വി. മുസഫര്‍ അഹമ്മദ്‌
 

 


കഴിഞ്ഞ ലക്കം തുടര്‍ച്ച.....

ബെല്ലാരിയും ആന്‍ഡമാന്‍സും

മലയാളി ലോകമെങ്ങും ചിതറിയത്‌ കുടിയേറ്റക്കാരനായാണെന്ന് നേരത്തെ പറയുകയുണ്ടായി. എന്നാല്‍ ഒരിടത്ത്‌, മലയാളി രാഷ്ട്രീയ പ്രവാസിയായി തടവുമുറികളിലും അപരിചിതമായ പ്രകൃതിയിലും ജീവിച്ച്‌ തുടങ്ങി, കുടിയേറ്റ സംസ്കാരകാരനായി മാറിയ ചരിത്രവുമുണ്ട്‌.

1921ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത്‌ ആന്‍ഡമാന്‍സിലെ പോര്‍ട്ട്‌ ബ്ലെയറിലെ സെല്ലുലാര്‍ ജയിലിലും കര്‍ണ്ണാടകയിലെ ബെല്ലാരി ജയിലിലും നിരവധി മാപ്പിളമാര്‍ അടക്കപ്പെട്ടു. ആന്‍ഡമാന്‍സിലേക്ക്‌ നിരവധിപേരെ നാടു കടത്തുകയും ചെയ്തു. ബെല്ലാരി ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടവര്‍ സ്വന്തം നാടുകളിലേക്ക്‌ തിരിച്ചെത്തി. ആന്‍ഡമാന്‍സിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടവരും ആന്‍ഡമാന്‍സിലേക്ക്‌ നാടുകടത്തപ്പെട്ടവരുമായ മലയാളികളുടെ ഒരു സമൂഹം അവിടെ ജീവിതം കണ്ടെത്തുന്നതാണ്‌ പിന്നീട്‌ നാം കാണുന്നത്‌. പക്ഷേ അവരില്‍ നിന്ന് രാഷ്ട്രീയാദര്‍ശങ്ങളോ എഴുത്തുകാരോ വിമോചനനായകന്മാരോ ഒന്നും ഉണ്ടായില്ല. സാധാരണ ജീവിതം ലഭിച്ചപ്പോള്‍ അവര്‍ ലോകത്ത്‌ പലയിടത്തായി ചിതറിക്കിടന്ന മലയാളി കുടിയേറ്റക്കാരന്റെ അതേ മനോനില ഉള്‍ക്കൊണ്ട്‌ ജീവിച്ചു തുടങ്ങി. അവരുടെ പിന്മുറക്കാര്‍ ഇന്നും അതേ നിലയില്‍ അവിടെ ജീവിതം തുടരുന്നു.



ആന്‍ഡമാന്‍സിലെത്തിയ മാപ്പിളമാര്‍ അവിടെയുള്ള പല സ്ഥലങ്ങള്‍ക്കും തങ്ങളുടെ നാടിന്റെ സ്ഥലപ്പേര്‌ നല്‍കാന്‍ തുടങ്ങി. അതു പിന്നീട്‌ ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ചെയ്തു. അവിടെയുള്ള മനോഹരമായ ഒരു ബീച്ചിന്റെ പേര്‌ വണ്ടൂര്‍ എന്നാണ്‌. (സുനാമിക്കു ശേഷം ഈ സ്ഥലങ്ങളുടെ അവസ്ഥ എന്താണെന്ന് അറിഞ്ഞുകൂടാ.) സ്വന്തം നാടിന്റെ പേരുകള്‍ വഹിക്കുന്ന മറ്റൊരു ദേശത്തെ മലയാളി നിര്‍മിച്ചെടുത്തത്‌ ആന്‍ഡമാന്‍സില്‍ മാത്രമായിരിക്കും. ഇത്‌ തീര്‍ത്തും വിചിത്രവും താരതമ്യമില്ലാത്തതുമായ പ്രതിഭാസമാണ്‌. മറ്റൊരു നാടിനെ തന്റെ നാടിന്റെ പേരു കൊടുത്ത്‌ പുനര്‍നിര്‍മ്മിക്കുക. മയന്റെ നിര്‍മാണവേലയെ ഓര്‍മിപ്പിക്കുന്ന ഏര്‍പ്പാട്‌. ജലവും സ്ഫടികവും ഒന്നാണെന്ന് തോന്നിക്കുന്ന, പ്രവാസം കുടിയേറ്റമായി മാറുന്ന അപൂര്‍വ ഇതിഹാസ കഥയാണ്‌ ആന്‍ഡമാന്‍സിലുണ്ടായത്‌.

പാക്കിസ്ഥാനിലേക്ക്‌ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുസ്ലിം പ്രവാസം ഉണ്ടായിട്ടുണ്ട്‌. തുടക്കത്തില്‍ അത്‌ പ്രവാസമായിരുന്നു. രാഷ്ട്രീയ കാരണങ്ങളായിരുന്നു അതിനു പിന്നില്‍. പിന്നീടതു ജോലി തേടിയുള്ള യാത്രയായി. കണ്ണൂരില്‍ നിന്നും പാക്കിസ്ഥാനിലേക്കുള്ള തീവണ്ടിയില്‍ പ്രതീക്ഷകളോടെ യാത്ര ചെയ്തവര്‍ പല നിലക്കും നിരാശരായി. വിട്ടുപോന്ന നാടിന്റെ വില പാക്കിസ്ഥാനില്‍ ചെന്നിറങ്ങുമ്പോള്‍ തന്നെ അവര്‍ക്കു മനസിലാക്കി. പലരും മടങ്ങാന്‍ വെമ്പി. കാലങ്ങള്‍ കഴിഞ്ഞ്‌ പാക്‌ പൗരന്മാരായി മലബാറിലേക്ക്‌ മടങ്ങിയ പലരും ഇന്നും നിയമത്തിന്റെ ഊരാക്കുടുക്കുകളില്‍ നിസ്സാഹായരായി നില്‍ക്കുന്നു. പാക്കിസ്ഥാന്‍ ഫുട്ബാള്‍ ടീമില്‍ മലയാളി അംഗമായിരുന്നുവെന്നും രാഷ്ട്രീയപാര്‍ട്ടിയില്‍ നേതാവായി മലയാളി ഇന്നുമുണ്ടെന്നും ചരിത്രം.



4

20 വര്‍ഷം മുമ്പ്‌ ലക്ഷദ്വീപ്‌ കാണവേയാണ്‌ വന്‍ കരയില്‍ നിന്ന് വന്നവര്‍ എന്ന വിശേഷണം കേള്‍ക്കുന്നത്‌. ബേപ്പൂരില്‍ നിന്ന് കപ്പല്‍ കയറി മലയാളം സംസാരിക്കുന്നവര്‍ മാത്രമുള്ള (ദ്വീപ്‌ ഭാഷയായ മഹല്‍ സംസാരിക്കുന്ന ആരേയും സന്ദര്‍ശിച്ച 'കടമത്തി'ല്‍ കാണുകയുണ്ടായില്ല) ദ്വീപില്‍ വന്നിറങ്ങിയ ഞങ്ങളുടെ സംഘത്തെ വന്‍ കരയില്‍ നിന്നുള്ള സഞ്ചാരികളായാണ്‌ കടമത്ത്‌ ദ്വീപില്‍ നിന്നുള്ളവര്‍ വിശേഷിപ്പിച്ചത്‌. സഞ്ചാരത്തിലും പ്രവാസത്തിലും കുടിയേറ്റത്തിലും മനുഷ്യന്‍ കഴിയുന്ന, കഴിഞ്ഞിരുന്ന പ്രകൃതിയാണ്‌ ആദ്യം പരാമര്‍ശിക്കപ്പെടുന്നത്‌ എന്ന് അന്ന് മനസിലാക്കിയിരുന്നു. ദ്വീപില്‍ കഴിയുന്നവര്‍ക്ക്‌ മലബാറില്‍ നിന്നു വരുന്നവര്‍ വന്‍ കരക്കാരാകുന്നത്‌ അതു കൊണ്ടാണ്‌. വയനാട്ടുകാര്‍ താഴെ നിന്ന് വന്നവര്‍(ചുരത്തിന്‌ താഴെ നിന്ന് വന്നവര്‍ എന്ന അര്‍ഥത്തില്‍) എന്ന് പറയാറുണ്ടെന്ന് കല്‍പ്പറ്റ നാരായണന്‍ എഴുതിക്കണ്ടപ്പോള്‍ പ്രകൃതിപരാമര്‍ശത്തെക്കുറിച്ച്‌ വീണ്ടും ഓര്‍ത്തു. മൂന്നര പതിറ്റാണ്ടിന്റെ കുടിയേറ്റ ചരിത്രത്തിനു ശേഷവും മലയാളിയുടെ സാഹിത്യത്തില്‍ ഗള്‍ഫ്‌ പ്രകൃതിയുടെ ലാന്റ്‌ സ്കേപ്പിംഗ്‌ ഇല്ല എന്നത്‌ ഇക്കാരണങ്ങളാലെല്ലാം ഒരു കുറവു തന്നെയല്ലേ?

ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന് പ്ലസ്‌ ടു വരെ പഠിച്ച കുട്ടികള്‍ വരക്കുന്ന ചിത്രങ്ങളില്‍ ഗള്‍ഫ്‌ ലാന്റ്‌ സ്കേപ്പുകള്‍ കടന്നു വരുന്നുണ്ട്‌. വീടുകള്‍ക്ക്‌ മുറ്റത്തോ വേലിപ്പുറത്തോ മതിലിനകത്തോ വളരുന്ന വൃക്ഷങ്ങള്‍ കുട്ടികള്‍ വരക്കുമ്പോള്‍ ഈന്തപ്പനയും തെങ്ങും ലയിച്ചപോലെ തോന്നും. ചിത്രരചനാ മല്‍സരങ്ങളില്‍ കുട്ടികള്‍ വരക്കുന്ന പല ചിത്രങ്ങള്‍ക്കും ഈ ഛായയാണ്‌. തെങ്ങെന്നോ ഈന്തപ്പനയെന്നോ തിരിച്ചറിയാന്‍ കഴിയാത്ത വിഷമഛായ.

email: muzaferv@hotmail.com
 

comments