എഡിറ്റോറിയല്‍

ഷെയിം അന്നന്‍!
 

 


ന്നത്തെ ഏത്‌ രാഷ്ട്രത്തലവനെക്കാളും ലോകജനതയ്ക്ക്‌ പരിചിതമായ ഒരു മുഖമാണ്‌ കോഫി അന്നന്റേത്‌. 1997 ജനുവരിയില്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി ചുമതലയേറ്റ അദ്ദേഹം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്റെ രണ്ടാമൂഴം പൂര്‍ത്തിയാക്കും. ഐക്യരാഷ്ട്രസഭയ്ക്ക്‌ ഒപ്പം സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ അര്‍ഹത നേടിയ കോഫി അന്നന്‍ ഇന്ന് യു.എന്നിന്റെ അറുപതു വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഘട്ടത്തിന്റെ മാപ്പുസാക്ഷിയായി മാറിയിരിക്കുന്നു.



ഒന്നാം ലോക യുദ്ധാനന്തരം 1919ല്‍ ലീഗ്‌ ഒഫ്‌ നേഷന്‍സ്‌ രൂപമെടുത്തത്‌ രാജ്യാന്തരസഹകരണവും ലോകസമാധാനവും സുരക്ഷയും ലക്ഷ്യമാക്കി ആയിരുന്നു. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടാനായില്ലെന്നു മാത്രമല്ല രണ്ടാം ലോകയുദ്ധം തടയുന്നതിലും ലീഗ്‌ ഒഫ്‌ നേഷന്‍സ്‌ പരാജയപ്പെട്ടു. മറ്റൊരു ലോകയുദ്ധത്തിന്റെ അനുഭവപശ്ചാത്തലത്തിലാണ്‌ ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റിന്റെയും വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെയും മുന്‍ കൈയ്യില്‍ 51 രാജ്യങ്ങള്‍ അംഗങ്ങളായ ഐക്യരാഷ്ട്രസഭ1945 ഒക്ടോബര്‍ 24ന്‌ ഔദ്യോഗികമായി നിലവില്‍ വന്നത്‌. യുദ്ധവും ദാരിദ്ര്യവും നേരിടുന്നതിലും, യൂറോപ്പിലും ഏഷ്യയിലും ഉണ്ടായ വന്‍ അഭയാര്‍ത്ഥിപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും തൊഴിലാളികളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങള്‍ക്ക്‌ പോംവഴികള്‍ ആരായുന്നതിലും യു.എന്‍.പ്രവര്‍ത്തനങ്ങള്‍ പ്രധാനമായിരുന്നു. ഒപ്പം ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, വികസനം തുടങ്ങിയ മേഖലകളിലും അത്‌ ഗണനീയമായ സംഭാവനകള്‍ നല്‍കി.

എന്നാല്‍ അറുപതു വര്‍ഷത്തിനുള്ളില്‍ ലോകത്തിലുണ്ടായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാവാത്ത ഐക്യരാഷ്ട്രസഭയുടെ ഘടനയാണ്‌ അതിന്റെ പരിമിതിയും പ്രതിസന്ധിയും. സ്ഥിരാംഗങ്ങളായ അഞ്ചു രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം ഒരു പ്രമേയം പാസാക്കാനുള്ള പ്രാപ്തി പോലും ഐക്യരാഷ്ട്രസഭക്കില്ല. ഏതൊരു അന്താരാഷ്ട്രനീക്കത്തെയും ഏകപക്ഷീയമായി വീറ്റോ ചെയ്യാനുള്ള ഈ രാജ്യങ്ങളുടെ അവകാശം ഐക്യരാഷ്ട്രസഭയുടെ നിലനില്‍പിനെത്തന്നെ ബാധിച്ചിരിക്കുന്നു. ഇസ്രായേല്‍ നടത്തിയിട്ടുള്ള അധിനിവേശങ്ങളുടെയും ആക്രമണങ്ങളുടെയും അപരാധത്തില്‍ നിന്ന് ആ രാജ്യത്തെ രക്ഷിക്കാന്‍ മാത്രം കഴിഞ്ഞ ജൂലായ്‌ 13ന്‌ അടക്കം അമേരിക്ക നാല്‍പതോളം തവണ വീറ്റോ ചെയ്തിട്ടുണ്ട്‌. ഇസ്രായേല്‍ കടലാസു വില പോലും കൊടുക്കാതെ അവഗണിച്ച യു.എന്‍. പ്രമേയങ്ങളുടെ എണ്ണവും ചെറുതല്ല.

യു.എന്‍. അക്ഷരാര്‍ഥത്തില്‍ നോക്കുകുത്തിയാവുന്നത്‌ ഇറാഖിലേക്ക്‌ സൈന്യത്തെ അയയ്ക്കാന്‍ അമേരിക്കയും ബ്രിട്ടനും ഏകപക്ഷീയമായി തീരുമാനിച്ചതോടെയാണ്‌. ഇസ്രായേല്‍ ലെബനോണിലേക്ക്‌ കടന്നു കയറിയപ്പോഴാകട്ടെ കോഫി അന്നന്റെ പ്രവര്‍ത്തനം അമേരിക്കയുടെയും ഇസ്രായേലിന്റെയും രണ്ടാം അംബാസിഡറെപ്പോലെ ആയി. യുദ്ധാരംഭത്തില്‍ ലെബനോണിലേക്ക്‌ കീഴുദ്യോഗസ്ഥനെ അയച്ച അന്നന്‍ വെടി നിര്‍ത്തല്‍ ആവശ്യപ്പെടാന്‍ തന്നെ അകാരണമായി വൈകി. റോമിലെ നാടകം കഴിഞ്ഞതോടെ ലെബനോണില്‍ യു.എന്‍. ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഖാനയിലെ പൈശാചികമായ കൂട്ടക്കൊലയെ തുടര്‍ന്ന് ലോകത്താകമാനം പ്രതിഷേധമിരമ്പിയിട്ടും വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്താന്‍ ഐക്യരാഷ്ട്രസഭയ്ക്കും കോഫി അന്നനും കഴിയുന്നില്ല.

ലോകത്ത്‌ സമാധാനവും സുരക്ഷയും ഉറപ്പാക്കും എന്ന ലക്ഷ്യത്തില്‍ നിന്നകന്നപ്പോഴാണ്‌ ലീഗ്‌ ഒഫ്‌ നേഷന്‍സ്‌ ഇല്ലാതായത്‌. അറ്റ്‌ലാന്റ ചാര്‍ട്ടിലൂടെ കടലില്‍ വച്ച്‌ രൂപംകൊണ്ട ഐക്യരാഷ്ട്രസഭ ഇന്ന് കടലില്‍ മുങ്ങിക്കൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭയെ അതിന്റെ തകര്‍ച്ചയുടെ കാലത്തില്‍ നയിച്ച ഒരമേരിക്കന്‍ പാവ എന്നായിരിക്കും ഒരു പക്ഷേ ചരിത്രം കോഫി അന്നനെ ഓര്‍മിക്കുക.

ലെബനോണില്‍ അടിയന്തിരമായി വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ തനിക്കു ലഭിച്ച സമാധാനത്തിനുള്ള നോബല്‍ സമ്മാനം മടക്കി നല്‍കി- ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി പദം വിട്ടൊഴിയുകയാണ്‌ അന്നന്റെ മുന്നിലുള്ള മാര്‍ഗ്ഗം. അതിനുള്ള ആര്‍ജ്ജവമെങ്കിലും ഉണ്ടാവുന്നില്ലെങ്കില്‍ കോഫി അന്നനെ ചൊല്ലി ലോകം ലജ്ജിക്കും. അഞ്ചു രാഷ്ട്രങ്ങളുടെ സര്‍വാധിപത്യസഭയായ യു.എന്നിനെ അമേരിക്കന്‍സഭ എന്നു തിരുത്തും. അത്‌ മധ്യപൂര്‍വേഷ്യയെമാത്രമല്ല എല്ലാ ഭൂഖണ്ഡങ്ങളേയും പ്രക്ഷുബ്ധമാക്കും



comments