നിരീക്ഷണം

മരണവുമായി പ്രണയത്തിലായ ഒരു ലോകം

എഡ്വാര്‍ഡോ ഗലിയാനോ
 

 


രണ്ടു രാജ്യങ്ങളില്‍ ഒരേ സമയം ബോംബു വര്‍ഷിക്കുന്ന ഒരു രാജ്യം കുറ്റവിമുക്തമാക്കപ്പെടുന്നത്‌ ഒരു പതിവു സംഗതി അല്ലായിരുന്നെങ്കില്‍ ആരേയും അമ്പരപ്പിച്ചേനേ. ലോകസമൂഹത്തില്‍ നിന്നും ഉയര്‍ന്ന ദുര്‍ബ്ബലമായ പ്രതിരോധങ്ങളോട്‌ ഇസ്രായേല്‍ പ്രതികരിച്ചത്‌ 'പിഴവുകള്‍ പറ്റി' എന്നാണ്‌.

എത്രകാലം ഭീകരപ്രവര്‍ത്തനത്തെ പിഴവുകള്‍ എന്നു വിശേഷിപ്പികാന്‍ പറ്റും? ഒരു പട്ടാളക്കാരനെ തട്ടിക്കൊണ്ടു പോയതിനെത്തുടര്‍ന്നാണ്‌ ജനങ്ങളെ ഇങ്ങനെ കശാപ്പു ചെയ്യാന്‍ തുടങ്ങിയത്‌.




ഒരു ഇസ്രായേലി പട്ടാളക്കാരനെ തട്ടിക്കൊണ്ടുപോയി എന്ന കാരണം പറഞ്ഞ്‌ പലസ്തീന്‍ പരമാധികാരത്തെ കവര്‍ന്നെടുക്കുന്നത്‌ എത്ര നാള്‍ സാധൂകരിക്കാനാവും?

തട്ടിക്കൊണ്ടുപോയ രണ്ടു ഇസ്രായേലി പട്ടാളക്കാരെ മുന്‍ നിര്‍ത്തി ലെബനോണ്‍ എന്ന രാജ്യത്തെത്തന്നെ തട്ടിയെടുക്കുന്നത്‌ എത്ര നാള്‍ ന്യായീകരിക്കാനാവും?

നൂറ്റാണ്ടുകളോളം ജൂതരെ കശാപ്പു ചെയ്യുന്നത്‌ യൂറോപ്യന്‍ വിനോദമായിരുന്നു. മുഴുവന്‍ യൂറോപ്പിലൂടെയും ഒഴുകിയ ഭീകരവാദത്തിന്റെ ആ പുരാതന നദി ചെന്നൊടുങ്ങിയത്‌ ആഷ്വിറ്റ്‌ സിലായിരുന്നു.

പാലസ്തീനികളും മറ്റ്‌ അറബികളും അവര്‍ ചെയ്യാത്ത അപരാധത്തിന്‌ ഇനിയെത്ര നാള്‍ പിഴയൊടുക്കണം?

ഇസ്രായേലിന്റെ മുന്‍ ലെബനോണ്‍ അധിനിവേശങ്ങളുടെ കാലത്ത്‌ ഹിസ്ബുള്ള എന്ന സംഘടന തന്നെ ഉണ്ടായിരുന്നില്ല.

ഭീകരവാദത്തെ ചെറുക്കാന്‍ എന്ന പേരില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന ആക്രമിക്കപ്പെട്ട ഈ ആക്രമണകാരികളുടെ കഥ എത്രകാലം നാം വിശ്വസിക്കും?

ഇറാഖ്‌, അഫ്ഗാനിസ്ഥാന്‍, പാലസ്തീന്‍, ലെബനോണ്‍... എല്ലാ ശിക്ഷകളിലും നിന്നൊഴിവാക്കി മറ്റു രാജ്യങ്ങളെ തകര്‍ത്ത്‌ തരിപ്പണമാക്കാന്‍ എത്ര കാലം നാം അമേരിക്കയേയും ഇസ്രായേലിനേയും അനുവദിക്കും?

പൊടുന്നനെ ലോകത്തെ അസ്വസ്ഥമാക്കിയ അബുഗാരീബ്‌ ജയിലിലെ പീഢനങ്ങള്‍ ഞങ്ങള്‍ ലത്തീന്‍ അമേരിക്കയെ സംബന്ധിച്ച്‌ ഒന്നുമല്ല. ഞങ്ങളുടെ പട്ടാളക്കാര്‍ വിചാരണ രീതികള്‍ പരിശീലിച്ചത്‌ അമേരിക്കന്‍ പള്ളിക്കൂടങ്ങളില്‍ നിന്നാണ്‌. അവ ഇപ്പോള്‍ പേരു കൊണ്ട്‌ നിലനില്‍ക്കുന്നില്ലെങ്കിലും അനുഭവത്തില്‍ അങ്ങനെയല്ല.

നമ്മള്‍ എത്ര നാള്‍ ഈ പീഢനങ്ങളെ നീതീകരിക്കും?

ജനറല്‍ അസംബ്ലിയുടേതുള്‍പ്പെടെ 46 യു.എന്‍. പ്രമേയങ്ങളാണ്‌ ഇസ്രായേല്‍ അവഗണിച്ചിട്ടുള്ളത്‌. ഈ പൊട്ടന്‍ കളി എത്രനാള്‍ ഇസ്രായേലിന്‌ ഒരവകാശമായി വച്ചനുഭവിക്കാന്‍ കഴിയും?

ഐക്യരാഷ്ട്രസഭയുടേത്‌ എപ്പോഴും ശുപാര്‍ശകളാണ്‌,ഒരിക്കലും തീരുമാനങ്ങള്‍ അല്ല. എപ്പോഴെങ്കിലും തീരുമാനങ്ങള്‍ എടുക്കുമ്പോഴാകട്ടേ അമേരിക്ക അതു തടയുകയും ചെയ്യുന്നു. യു.എന്‍.രക്ഷാസമിതിയില്‍ ഇസ്രായേലിനെ അപലപിക്കുന്ന 40 പ്രമേയങ്ങളാണ്‌ അമേരിക്ക വീറ്റോ ചെയ്തിട്ടുള്ളത്‌.

അമേരിക്കയുടെ മറ്റൊരു പേരു മാത്രമായി എത്രനാള്‍ ഐക്യരാഷ്ട്രസഭക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയും?

പലസ്തീനികളുടെ ഭവനവും ഭൂമിയും കയ്യേറിയതിനു ശേഷം ഏറെ രക്തം ഒഴുകി. നിയമം നിഷേധിക്കുന്നതിനെ സൈനികശക്തികൊണ്ട്‌ ന്യായീകരിക്കാന്‍ ഇനിയുമെത്രനാള്‍ ഈ രക്തച്ചൊരിച്ചില്‍ തുടരും?

ഇപ്പോഴത്തെ കശാപ്പ്‌- ആദ്യത്തേതല്ല, അവസാനത്തേതുമാകില്ലെന്ന് ഞാന്‍ ഭയക്കുന്നു-അത്‌ നിശബ്ദമായി നടക്കുന്നു.

ലോകത്തിന്‌ ബധിരത ബാധിച്ചോ? നീതി നിഷേധിക്കപ്പെടുന്നവരുടെ പ്രതിധ്വനികളില്ലാത്ത ഈ നിലവിളികള്‍ ഇനിയെത്രകാലം?

ബോംബുകള്‍ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നു. ഇരകളാകുന്നതില്‍ മൂന്നില്‍ ഒന്നിലേറെ ഭാഗം അവരാണ്‌. ഈ കൂട്ടക്കൊലകളെ അപലപിക്കുന്നവരെ ജൂത വിരോധികള്‍ എന്നു വിളിക്കുന്നു. രാജ്യം നേരിട്ടു നടത്തുന്ന ഭീകരപ്രവര്‍ത്തനത്തെ വിമര്‍ശിക്കുന്നവരെ എത്രകാലം ജൂതവിരോധികളായി കരുതാനാവും?

കയ്യേറ്റത്തിന്റെ ഈ വിലക്ഷണരൂപം എത്രനാള്‍ നാം അംഗീകരിക്കും?

തങ്ങളുടെ പേരില്‍ നടക്കുന്ന ഭീകരത കണ്ടു നടുങ്ങുന്ന ജൂതര്‍ ജൂതവിരോധികളാണോ? പലസ്തീനികളുടെ മാതൃരാജ്യത്തിന്‌ വേണ്ടി വാദിക്കുകയും എന്നാല്‍ മതമൗലികവാദത്തെ അപലപിക്കുകയും ചെയ്യുന്ന അറബ്‌ ശബ്ദങ്ങള്‍ ഇല്ലേ?

ഭീകരവാദികളെല്ലാം ഒരേ പോലെയാണ്‌. ദേശീയ ഭീകരവാദികള്‍, ഭരണാധികാരികള്‍, സ്വന്തം നിലക്ക്‌ പ്രവര്‍ത്തിക്കുന്നവര്‍, കമ്യൂണിസ്റ്റ്‌ സമഗ്രാധിപത്യത്തിന്‌ എതിരേയുള്ള ശീതയുദ്ധം മുതല്‍ ഒറ്റക്കും കൂട്ടമായും പ്രവര്‍ത്തിച്ചവര്‍, എല്ലാവരും ദൈവത്തിന്റെ പേരു പറയുന്നു. അത്‌ ദൈവമായാലും അള്ളാഹുവായാലും യഹോവയായാലും..

ഭീകരവാദികള്‍ മനുഷ്യജീവിതത്തെ അവഹേളിക്കുകയും പരസ്പരം ഇരയാവുകയും ചെയ്യുന്നു എന്ന സത്യത്തെ നമുക്കെത്രനാള്‍ അവഗണിക്കാനാവും?

ഇസ്രായേല്‍-ഹിസ്ബുള്ള യുദ്ധത്തില്‍ മരിച്ചത്‌ ലെബനോണി ആയാലും പലസ്തീനിയായാലും ഇസ്രായേലിയായാലും സാധാരണ മനുഷ്യരാണെന്നത്‌ വ്യക്തമല്ലേ?

പ്രതിദിനം,പ്രതിവര്‍ഷം, ചരിത്രം ആവര്‍ത്തിക്കുന്നു. ഒരു ഇസ്രായേലി മരിക്കുമ്പോള്‍ പത്ത്‌ അറബികള്‍ കൊല്ലപ്പെടുന്നു. ഒരു ജൂതജന്മം പത്ത്‌ അറബ്‌ ജന്മത്തിന്‌ തുല്യമാണെന്ന് എത്ര കാലം കണക്കാക്കാന്‍ പറ്റും?




ഏറിയ പങ്കും കുട്ടികളും സ്ത്രീകളുമായി ഇറാഖില്‍ കൊല്ലപ്പെട്ട അമ്പതിനായിരം പേര്‍ ജനസംഖ്യാനുപാതികമായി നോക്കിയാല്‍ എട്ടു ലക്ഷം അമേരിക്കക്കാര്‍ക്ക്‌ തുല്യമാണ്‌.

എല്ലാ നീതികളും വിസ്മരിക്കപ്പെട്ട ഒരന്ധയുദ്ധത്തില്‍ ഇറാഖികളുടെ കൊല എത്രനാള്‍ നമുക്ക്‌ ഉള്‍ക്കൊള്ളാനാകും?

ഇറാന്‍ അണുശക്തി വികസിപ്പിക്കുന്നതിനെതിരെ ശബ്ദിക്കുന്ന 'രാജ്യാന്തരസമൂഹം' സദാ പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുന്ന ഇസ്രായേലിന്റെ പക്കല്‍ 250 ആറ്റംബോംബുകളുണ്ടെന്ന വസ്തുത അല്‍പം പോലും കണക്കിലെടുക്കുന്നില്ല.

ലോകത്തിലെ അപായമാപിനിയുടെ കൃത്യത നോക്കുന്നത്‌ അരാണ്‌? നാഗസാക്കിയിലും ഹിരോഷിമയിലും ആറ്റംബോംബിട്ട രാജ്യം ഇറാനാണോ?

ആഗോളവല്‍കരണത്തിന്റെ കാലത്ത്‌ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം സമ്മര്‍ദ്ദം പ്രയോഗിക്കാനുള്ള അവകാശത്തേക്കാള്‍ ദുര്‍ബ്ബലമാണ്‌. പലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള അനധികൃതകടന്നുകയറ്റത്തെ ന്യായീകരിക്കാന്‍ യുദ്ധത്തെ സമാധാനം എന്നു വിശേഷിപ്പിക്കുന്നു. ഇസ്രായേലികള്‍ 'ദേശസ്നേഹികള്‍'. പലസ്തീനികള്‍ 'ഭീകരവാദികളും'.അവര്‍ ലോകത്ത്‌ അപായം വിതയ്ക്കുന്നു.

എത്ര നാള്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കു പകരം 'ഭയം' സം പ്രേക്ഷണം ചെയ്യും?

അഫ്ഗാനിസ്ഥാനിലേയും ഇറാഖിലേയും യുദ്ധങ്ങളും ഗാസയിലേയും ലെബനോണിലേയും അധിനിവേശങ്ങളും, ഒന്നിനു പിറകെ ഒന്നായി മൗലികവാദികളെ അടവച്ചു വിരിയിപ്പിക്കുന്ന വെറുപ്പിന്റെ ഇങ്കുബേറ്ററുകളാണെന്നതു വ്യക്തമല്ലേ?

പരസ്പരം കൊന്നൊടുക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ ഒരേ ഒരു വിഭാഗം മനുഷ്യരാണ്‌. 2.5 ബില്ല്യണ്‍ ഡോളര്‍ പട്ടാളച്ചെലവുകള്‍ക്കു നാം പ്രതിദിനം നീക്കി വെയ്ക്കുന്നു. യുദ്ധവും ദുരിതങ്ങളും ഒരേ പിതാവിന്റെ സന്തതികളാണ്‌.

സാധ്യമായ ഒരേ ഒരു ലോകം മരണവുമായി ഗാഢമായി പ്രണയത്തിലായ ഒന്നാണെന്ന് എത്ര നാള്‍ നാം അംഗീകരിക്കും?





comments