കവിത

ഈ യുദ്ധവുമായി ഞാന്‍ എന്തു ചെയ്യും?

ഫാദില്‍ അല്‍ സുല്‍ത്താനി (ഇറാഖ്‌)
 

 


യുദ്ധവുമായി
ഈ രാത്രി ഞാനെന്തു ചെയ്യും?
ഞാനവളെയെങ്ങനെ നശിപ്പിക്കും?

അടുത്ത പ്രഭാതം കാണാതിരിക്കാന്‍
തെരുവുകളില്‍ പന്തയം തുടരാതിരിക്കാന്‍
ഞാനവളെയെങ്ങനെ കൊലചെയ്യും?
 


ശ്വാസം മുട്ടിച്ച്‌, വിഷം കൊടുത്ത്‌,അല്ലെങ്കില്‍
കൂട്ടിലടച്ച്‌ കടലില്‍ എറിഞ്ഞ്‌

എല്ലാ ദിവസവും എന്റെ കിടക്കയില്‍
കാലു കവച്ചുറങ്ങുന്ന
ഈ യുദ്ധവുമായി ഞാനെന്തു ചെയ്യും?

പാഴ്ബീജം മുളപ്പിക്കുന്ന
ഈ മൂധേവിയുടെ
പേറെങ്ങനെ നിര്‍ത്തും
എങ്ങനെ വീട്ടില്‍ നിന്നു തുരത്തും
അതിന്റെ മുറികളില്‍ നിന്ന്
ചുമരുകളില്‍ നിന്ന്
നിറങ്ങളില്‍ നിന്ന്

ഇനി വരാനുള്ള
സകല പ്രഭാതങ്ങളിലെയും
എന്റെ മുഖങ്ങള്‍ കരുതി വച്ചിരിക്കുന്ന
കണ്ണാടിയില്‍ നിന്ന്
ഈ യുദ്ധമെങ്ങനെ തുടച്ചു മാറ്റും?

ഞാനെന്തെങ്കിലും ചെയ്യുന്നതിനു മുമ്പ്‌
അവളെ പ്രാപിച്ച്‌ വിരസത മാറ്റുന്ന
ഈ മര്‍ദ്ദകനെ ഞാനെന്തു ചെയ്യും?



അവനവള്‍ക്ക്‌ തിരുമ്മിക്കൊടുക്കുന്നു
മുടി കഴുകുന്നു
സുഗന്ധം പൂശി പാതകളില്‍ നാട്ടുന്നു
കടന്നുപോകുന്നവരെ ആനന്ദിപ്പിക്കാന്‍

ഈ യുദ്ധവുമായി ഞാനെന്തു ചെയ്യും?
ഈ മര്‍ദ്ദകനുമായി ഞാനെന്തു ചെയ്യും?
അവരിവിടെ എന്റെ കണ്മുന്നിലുണ്ട്‌

അവള്‍ അവനെ വാരിച്ചുറ്റുന്നു
അവന്‍ അവളെയും
അവര്‍ പരസ്പരം പ്രവേശിക്കുന്നു
ഭീകരനായ പിശാചിങ്ങനെ
പുനര്‍ജ്ജനിക്കുന്നു.
 



comments