(1928ല്‍ ഫ്രാന്‍സില്‍ ജനിച്ച റെയ്‌മെന്‍ഡ്
ഫെഡര്‍മാന്‍ 1947ല്‍ അമേരിക്കയിലേക്ക് കുടിയേറി. വിവിധ സര്‍വകലാശാലകളില്‍
ഫ്രഞ്ച് ഭാഷാദ്ധ്യാപകനും മേധാവിയുമായി പ്രവര്‍ത്തിച്ചു. ഫ്രഞ്ചിലും
ഇംഗ്ലീഷിലുമായി അഞ്ച് കവിതാസമാഹരങ്ങളും പത്ത് നോവലുകളും മൂന്ന്
വിമര്‍ശനഗ്രന്ഥങ്ങളും ഇറങ്ങിയിട്ടുണ്ട്. കവിതകള്‍ ലോകത്തിലെ പ്രധാന
ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.)
1
ഒടുക്കം
ചിലര്‍ ധീരമായി
യുദ്ധഭൂമിയില്‍ ഒടുങ്ങുന്നു
ചിലര്‍ ധിക്കാരത്തോടെ
പാറക്കെട്ടുകളില്‍ നിന്ന് ചാടിയും
ഒന്നുമറിയാതെ ഉറക്കത്തില്‍
അപ്രതീക്ഷിത മരണം
സംഭവിക്കുന്നവരുണ്ട്
ഭയവും ഭീരുത്തവുംകൊണ്ട്
ആശുപത്രിവാര്‍ഡുകളില്‍
ചേക്കേറുന്ന അനേകരും
നന്നേകുറച്ചുപേര്‍മാത്രം
കൂസലില്ലാതെ
പ്രതിരോധം തീര്‍ക്കാതെ
പിരിയുന്നു
അവരെപോലെ ഒടുങ്ങണമെനിക്ക്
ഒട്ടും ആവേശം കാട്ടാതെ

2
പരിപൂര്‍ണത
അത്ര എളുപ്പമല്ല
മരണത്തിലേക്ക് ചാടിവീഴുക
ലക്ഷ്യം പിഴക്കാതിരിക്കുക
നമ്മളിലേറെയും
മരണം നീട്ടിവയ്ക്കുന്നവരാണ്
അയാളുടെ മരണം വളരെ
നല്ല മരണമായിരുന്നു
കൊടിമരച്ചുവട്
വിളറിവെളുത്തുവെന്ന് മാത്രമല്ല
കൊടിപാതി താഴ്ത്തി
കെട്ടുകയും ചെയ്തു
3
ഇരുള്‍ നൃത്തം
ഈ കവിതയുടെ പ്രശ്നമെന്തെന്നാല്‍
ഇത് വായിച്ചെടുക്കാന്‍
വെട്ടം വേണമെന്നാണ്
പകല്‍ വെട്ടം
മെഴുകുതിരിവെട്ടം
വൈദ്യുതിവെട്ടം
സൂര്യ വെട്ടം
ഇരുട്ടത്തൊരാള്‍ക്ക്
ആടാം പാടാം പ്രണയിക്കാം
എന്നാല്‍ ഈ കവിത
വായിക്കാനാവില്ല
ഒരു പക്ഷേ അതായിരിക്കാം
ഇതിന്റെ ഏറ്റവും വലിയ പോരായ്മയും.
comments