വീക്ഷണം

മീറ്റ്‌ ഗ്രൈന്‍ഡറിലേക്ക്‌

റോബര്‍ട്ട്‌ ഫിസ്ക്‌

 


തെക്കന്‍ ലെബനോണിന്റെ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ പോകുന്ന നാറ്റോ സേനയ്ക്ക്‌ അവിടെ നിലനില്‍ക്കാനാവുമെന്ന് ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും അനിവാര്യമായ തിരിച്ചടികള്‍ക്ക്‌ ശേഷവും ബുഷും ബ്ലെയറും എങ്ങനെയാണ്‌ വിശ്വസിക്കുന്നത്‌? ലെബനീസ്‌ അതിര്‍ത്തിയില്‍ നാറ്റോ സേനയെ വിന്യസിക്കുന്നതില്‍ ഇസ്രായേലികള്‍ തീര്‍ച്ചയായും ആഹ്ലാദിക്കും-എന്നാല്‍ പാശ്ചാത്യര്‍ക്കിത്‌ അത്യാഹിതങ്ങളെ നേരിടാനുള്ള സമയവും. പക്ഷേ മറ്റൊരു ഇസ്രായേല്‍ സേന എന്ന രീതിയിലേ ഹിസ്ബുള്ള നാറ്റോ പട്ടാളത്തെ നോക്കിക്കാണൂ. ആത്യന്തികമായി അത്‌ ഇസ്രായേലിന്റെ ഒരു സുരക്ഷാസേനയായിരിക്കും. ലെബനോണികള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞ പോലെ അത്‌ ലെബനോണിനെ സംരക്ഷിക്കാനുള്ളതായിരിക്കില്ല. ഇതിനു മുമ്പ്‌ ലെബനോണിലെത്തിയ നാറ്റോ സേനയുടെ ദൗത്യം അന്നത്തെ ചാവേറ്‌ ബോംബുകള്‍ക്കൊപ്പം ചിതറിത്തെറിച്ചു.

എത്ര അലസമായിട്ടാണ്‌ അമേരിക്കയും ബ്രിട്ടനും പാലസ്തീന്‍ ഗറില്ലകളെ തുരത്താനായി 1982 ആഗസ്റ്റില്‍ ബെയ്‌റൂട്ടില്‍ എത്തിയ പഴയ ബഹുരാഷ്ട്ര സേനയുടെ കഥ മായ്ച്ചു കളയുന്നത്‌. ഇസ്രായേലിനെ പിന്തുണക്കുന്ന ലെബനീസ്‌ പട്ടാളം സാബ്രയിലേയും ചറ്റ്‌ലയിലെയും ക്യാമ്പുകളില്‍ 1700 പലസ്തീന്‍ ഗറില്ലകളെ കൂട്ടക്കൊല ചെയ്തതിനു ശേഷം, അവിടെ മടങ്ങി എത്തി അതിജീവിച്ചവരെ സംരക്ഷിക്കുകയും ലെബനീസ്‌ സര്‍ക്കാരിന്റെ പരമാധികാരത്തെ വ്യാപിപ്പിക്കുകയും ചെയ്ത കഥ.

അതേ ആവര്‍ത്തനം? അവരും വന്നത്‌ ലെബനീസ്‌ സേനയെ പരിശീലിപ്പിക്കാനായിരുന്നു- ബുഷ്‌ ബ്ലെയര്‍ സൈന്യത്തിന്‌ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ദൗത്യം- അവര്‍ പരാജയപ്പ്പ്പെട്ടു. ബെയ്‌റൂട്ട്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നടന്ന പലസ്തീന്‍ ഗറില്ലകളുടെ ചാവേര്‍ ആക്രമണത്തില്‍ 241 അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. അതിനെത്തുടര്‍ന്ന് കരയിലേക്ക്‌ പിന്‍ വാങ്ങിയ നാവികപ്പട, ബെയ്‌റൂട്ട്‌ വിമാനത്താവളത്തില്‍ ബങ്കറുകളുണ്ടാക്കി.

പുതുതായി പരിശീലിപ്പിക്കപ്പെട്ട ലെബനീസ്‌ പട്ടാളം 1984 ഫെബ്രുവരിയില്‍ രണ്ടായിപ്പിരിയുന്നതു വരെ അവിടെ അവര്‍ തുടര്‍ന്നു. ആ ഘട്ടത്തില്‍ റൊണാള്‍ഡ്‌ റെയ്ഗന്‍ പട്ടാളത്തെ കടലില്‍ പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചു. ചരിത്രത്തിലെ പ്രസിദ്ധമായ മറ്റ്‌ സേനാപുനര്‍വിന്യാസങ്ങള്‍ പോലെ .ഉദാഹരണമായി മോസ്കോയില്‍ നിന്നുള്ള നെപ്പോളിയന്റെ പുനര്‍വിന്യാസം, കസ്റ്റേഴ്‌സിന്റെ അവസാനത്തെ സേനാവിന്യാസം- അതൊരു ദേശീയ ദുരന്തമായിരുന്നു.അമേരിക്കന്‍ അഹന്തക്കു ഏറ്റ തിരിച്ചടി, അത്തരം ലെബനീസ്‌ സാഹസങ്ങള്‍ കണ്ണീരിലേ അവസാനിക്കൂ എന്ന താക്കീതും. അധികം വൈകാതെ ഫ്രഞ്ചു പട്ടാളക്കാര്‍ വിട്ടു പോയി, പിന്നാലെ ഇറ്റലിക്കാരും. ആദ്യം ഓടിപ്പോയത്‌ ബ്രിട്ടീഷ്‌ പട്ടാളമായിരുന്നു.ലെബനീസ്‌ മീറ്റ്‌ ഗ്രൈന്‍ഡറിലേക്ക്‌ എത്തിച്ചേരുന്ന അടുത്ത വിദേശസേന വിജയം വരിക്കുമെന്ന് ആര്‍ക്കാണ്‌ വിശ്വസിക്കാനാവുക. അന്നത്തെ ബഹുരാഷ്ട്രസേനക്ക്‌ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രമേയങ്ങളുടെ പിന്തുണ ഉണ്ടായിരുന്നില്ല.

പക്ഷേ എവിടെ എപ്പോള്‍ മുതലാണ്‌ ഹിസ്ബുള്ള യു.എന്നുമായി വിയോജിക്കുന്നത്‌? ലോകത്തിലെ ഏറ്റവും ശക്തമായ ഗറില്ല സേനയായ ഹിസ്ബുള്ള നറ്റോ ജനറല്‍മാര്‍ക്ക്‌ അവരുടെ തോക്ക്‌ കൈമാറാന്‍ പോകുന്നില്ല, എന്നാല്‍ പട്ടാളക്കാരില്‍ ഏറിയ പങ്കും മുസ്ലിംങ്ങളായിരിക്കുമെന്ന് പറയപ്പെടുന്നു. അത്‌ സത്യമായിരിക്കാം. തുര്‍ക്കികള്‍ അവരുടെ അവിവേകത്തോടെ അതില്‍ പങ്കെടുക്കാന്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്‌. വെറുക്കപ്പെട്ട ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചക്കാരെ ലെബനോണികള്‍ സ്വീകരിക്കുമോ ? തെക്കന്‍ ലെബനോണിലെ ഷിയകള്‍ സുന്നി സൈനികരെ അംഗീകരിക്കുമോ?

അവരുടെ മണ്ണില്‍ കുടിയിരുത്താന്‍ പോകുന്ന സൈന്യത്തെക്കുറിച്ച്‌ തെക്കന്‍ ലെബനോണിലെ ജനങ്ങളുമായി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. കാരണം തീര്‍ച്ചയായും പട്ടാളം വരുന്നത്‌ അവര്‍ക്കു വേണ്ടിയല്ല. ഇസ്രായേലിനും അമേരിക്കക്കും സ്വന്തം രീതിയില്‍ മധ്യപൂര്‍വേഷ്യയെ രൂപപ്പെടുത്താന്‍ ഇങ്ങനെ ഒരു സേന വേണം. ഇത്‌ വാഷിംഗ്‌ടണില്‍ മനസിലാവില്ല. ഇസ്രായേലില്‍ എന്ന പോലെ അവിടെയും സ്വത്വത്തിന്റെ മിഥ്യാബോധം രാഷ്ട്രതന്ത്രത്തെ നിയന്ത്രിക്കുകയാണ്‌. എന്നാല്‍ അമേരിക്കയുടെ സ്വപ്നങ്ങള്‍ മധ്യപൂര്‍വേഷ്യക്ക്‌ പേക്കിനാവുകളാണ്‌.

ഇത്തവണ നാറ്റോ സേനയുടെ തകര്‍ച്ചക്ക്‌ അധികനാള്‍ വേണ്ടിവരില്ല. ഒരു മാധ്യമപ്രവര്‍ത്തകനും സാക്ഷിയാകാന്‍ കഴിയാത്ത വിധമുള്ള കൂട്ടക്കശാപ്പുകള്‍ അരങ്ങേറുന്ന ഇടങ്ങളായി ഇറാഖും തെക്ക്‌ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനും അപകടകരമാം വിധം മാറിയിരിക്കുന്നു. എന്നാല്‍ ലെബനോണില്‍ ഈ ദുരന്തം ലൈവ്‌ കവറേജ്‌ ആയിരിക്കും.



ഡമാസ്കസുമായി ചര്‍ച്ച ചെയ്യുക എന്ന രാഷ്ട്രതന്ത്രത്തിന്‌ മാത്രമേ ഈ ദുരന്തം ഒഴിവാക്കാനാവൂ. അത്തരമൊരു നീക്കത്തിന്‌ ബുഷും ബ്ലെയറും തയ്യാറാവുന്നില്ല. അതുകൊണ്ട്‌ ഈ ഏറ്റവും പുതിയ വിദേശസേന എത്തിക്കഴിഞ്ഞാല്‍ അവര്‍ ആക്രമിക്കപ്പെടുന്നതിനായി ദിവസങ്ങള്‍, അല്ലെങ്കില്‍ മണിക്കൂറുകള്‍ എണ്ണാം.

പിന്നെ നമ്മള്‍ വീണ്ടും കേള്‍ക്കാന്‍ തുടങ്ങും. ഞങ്ങള്‍ തിന്മക്കെതിരെ പോരാടുന്നു. അവര്‍, ഹിസ്ബുള്ള, അല്ലെങ്കില്‍ പലസ്തീന്‍ ഗറില്ലകള്‍ അല്ലെങ്കില്‍ മറ്റാരെങ്കിലും ഞങ്ങളുടെ സൈന്യത്തെ നശിപ്പിക്കാന്‍ പദ്ധതിയിടുന്നു, ഞങ്ങളുടെ മൂല്യങ്ങളെ വെറുക്കുന്നു. പിന്നെ തീര്‍ച്ചയായും അവര്‍ പറയും ഇത്‌ ഭീകരതക്ക്‌ എതിരായ യുദ്ധമാണ്‌, ഇസ്രായേല്‍ പറഞ്ഞു പരത്തുന്ന ഒരസംബന്ധം.


പിന്നെ നമ്മള്‍ ഓര്‍ക്കും, 1982ല്‍ ഹിസ്ബുള്ളയുടെ ചാവേറുകള്‍ നാവികപ്പടയെ ബോംബിട്ടപ്പോള്‍ ജോര്‍ജ്ജ്‌ ബുഷ്‌ സീനിയര്‍ പറഞ്ഞത്‌- ഒളിഞ്ഞിരുന്ന് ആക്രമിക്കുന്ന ഭീകരാദികളായ ഭീരുകള്‍ക്ക്‌ അമേരിക്കന്‍ നയങ്ങളെ നിയന്ത്രിക്കാന്‍ സാധ്യമല്ലെന്ന് - അതിനുശേഷം എന്തു സംഭവിച്ചു എന്ന് നമുക്ക്‌ എല്ലാവര്‍ക്കും അറിയാം, അതോ മറന്നോ?
 



comments