ലേഖനം

ചലച്ചിത്രകാരന്‍

കരുണാകരന്‍

 


കഴിഞ്ഞ ലക്കത്തില്‍ നിന്ന് തുടര്‍ച്ച

എന്നാല്‍, ആഹ്ലാദത്തിന്റെയും ആദരവിന്റെയും മുഹൂര്‍ത്തത്തിന്റെ ആ വിദൂരസം പ്രേക്ഷണം എന്നെ ഒരു സമയം വിഷമിപ്പിക്കുകയും ചെയ്തു.എത്ര പെട്ടെന്നാണ്‌ ഒരാള്‍, അയാളുടെ ചലച്ചിത്രങ്ങള്‍,ചലച്ചിത്രത്തെ സംബന്ധിച്ച്‌ അയാളുടെ സ്നേഹവും രോഷവും നിറഞ്ഞ സംഭാഷണങ്ങള്‍ നമ്മുടെ ഭൂതകാലമാകുന്നത്‌ എന്ന് ഞാന്‍ പേടിയോടെ ഓര്‍ത്തു. അ രാത്രി, ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഞങ്ങളുടെ മകളോടാണ്‌ ഇപ്പോള്‍ കൂടുതലും സംസാരിക്കേണ്ടത്‌ എന്നതിനാല്‍ ഞാന്‍ അവള്‍ക്ക്‌ 'എലിപ്പത്തായ'ത്തിലെ നായകനെ മൂന്നു പ്രാവശ്യം പകര്‍ത്തി. ഒന്ന്: അയാള്‍ ഒരു വിവാഹത്തിനു പങ്കെടുക്കാന്‍ പോകുമ്പോള്‍ വഴിയിലെ ചളിവെള്ളം തളംകെട്ടി കിടക്കുന്നതിനു മുമ്പില്‍ എന്തു ചെയ്യേണ്ടൂ എന്നോര്‍ത്തു നിന്നു. ഒരു കുട്ടി അതേ ചെളിവെള്ളം തട്ടിത്തെറിപ്പിച്ച്‌ കടന്നു പോയി. യാത്ര മുടങ്ങി അയാള്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍,അയാളുടെ പെങ്ങള്‍ എന്തേ പോയില്ല എന്നു ചോദിച്ചപ്പോള്‍ കാലിലെല്ലാം ചെളിയായി കഴുകാന്‍ വെള്ളം എടുക്കൂ എന്നു അയാള്‍ മറുപടി പറഞ്ഞു. വീട്ടിനകത്തേക്ക്‌ കയറി വന്ന്, വാഴത്തലപ്പുകളെല്ലാം കടിച്ചു തുടങ്ങിയ പശുവിനെ തന്റെ ചാരുകസേരയില്‍ ഇരുന്നു മാത്രം, എഴുനേല്‍ക്കാന്‍ തയ്യാറില്ലാത്ത, അകത്തു നിന്നും തന്റെ സഹോദരി വരുന്നുണ്ടോ എന്നു നോക്കി വായിക്കുന്ന പത്രം കൊണ്ട്‌ 'ശ്‌ ശ്‌' എന്നു പറഞ്ഞ അയാളെ രണ്ടാമതായി പറഞ്ഞു. തീര്‍ച്ചയായും, ആ 'കുലീനമായ മടി' അവളെയും അരിശം കൊള്ളിച്ചു. മൂന്നാമത്തെ സന്ദര്‍ഭം, അതേ നയകനെ കരയുകയും ഓടി നടക്കുകയും ചെയ്യുന്ന എലിയുമായുള്ള എലിപ്പത്തായയാത്രയുടെ വഴിയിലൂടെ, ആ സമയങ്ങളിലെ, ഇപ്പോഴും പിന്തുടരുന്ന സംഗീതത്തെ ഓര്‍ത്ത്‌, ഒരു സംഘം ആളുകള്‍ കൊണ്ടു പോയി താങ്ങി എടുത്ത്‌ കുളത്തില്‍ കൊണ്ടുപോയി മുക്കുന്നതായിരുന്നു. അതിനുശേഷമാണ്‌,ആ കഥാന്ത്യത്തിനു തൊട്ടു മുമ്പത്തെ സന്ദര്‍ഭം വടിയും ആയുധങ്ങളുമായി ആളുകള്‍ ആ വാതില്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ ഒരു കലാപത്തിന്റെ സാമൂഹികമായ ഓര്‍മ്മയോടെയും ആവശ്യത്തോടെയും ഞാന്‍ മകളോട്‌ പറഞ്ഞത്‌....



അടൂരിന്റെ ചലച്ചിത്രങ്ങള്‍ കേരളീയ ജെവിതത്തിലെ സാമൂഹികമായ ആവശ്യങ്ങളിലും ആ ആവശ്യങ്ങളുടെ പൊതുവായ ഇതിവൃത്തങ്ങളിലും ചെന്നു പെടുന്ന സന്ദര്‍ഭങ്ങളിലൊക്കെ ചില സൂക്ഷ്മനിരീക്ഷണങ്ങള്‍ നല്‍കിക്കൊണ്ടാണ്‌ പിന്‍ വാങ്ങിയത്‌. വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ സാമൂഹികമായ അര്‍ഥത്തിലേക്കെത്തുമ്പോള്‍ അത്തരം അവസരങ്ങളില്‍ വന്നുപെടുന്ന വ്യക്തിയായാണ്‌ അദ്ദേഹം പലപ്പോഴും നിരീക്ഷിച്ചത്‌. കലയുടെ 'സാമൂഹികമായ ഉപയോഗം' എന്ന സങ്കല്‍പത്തിന്‌ പ്രാമുഖ്യം കിട്ടുകയും പിന്നീട്‌ അതേ സാമൂഹികമായ ആവശ്യങ്ങളില്‍ നിന്ന് 'നായകന്മാരും' 'കഥകളും' തിരിഞ്ഞു നടക്കുന്നതിന്റെയും കാലത്താണ്‌ അടൂരും തന്റെ കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്‌. 'എലിപ്പത്തായ'ത്തിന്റെ ഇതിവൃത്തത്തില്‍ അതിലെ നായകന്‍ ചെന്നുപെടുന്നതുപോലൊരു കഥ അസാധാരണമായ ഒരു അനുഭവമാകുന്നത്‌ അങ്ങനെയാണ്‌. ഏതൊരു മാറ്റത്തോടും വൈമുഖ്യം കാണിക്കുന്ന ഒരു ഭൂതകാലത്തെ പ്രതിരോധം പോലെ ശരീരമാക്കുന്ന വിശ്വാസം പതുക്കെ തന്നില്‍ നിന്നു അടര്‍ന്നു വീഴുന്നതു കാണുന്ന ഒരു കാഴ്ചയിലേക്ക്‌ ആ നായകന്‍ നീങ്ങി നിന്നത്‌ അത്രയും പരിഹസിക്കപ്പെട്ടും നിര്‍ദ്ദയവുമായിരുന്നു. ഇന്നു നാം അത്‌ ക്ഷമയോടും കൗതുകത്തോടും കാണും. എന്നാല്‍, അത്തരമൊരു സാമൂഹിക സന്ദര്‍ഭത്തില്‍, ഒരു എലിപ്പത്തായത്തിലെന്നപോലെ കുടുങ്ങിക്കിടക്കുന്ന ഒരാളെ എന്തുകൊണ്ടൂം അയാളുടെ തന്നെ ഭാവി ആവശ്യപ്പെടുന്നില്ല എന്ന നിരീക്ഷണം ഇപ്പോഴും ഉലയ്ക്കുക തന്നെ ചെയ്യും. ആ ഇതിവൃത്തത്തോളം അങ്ങനെയൊരു സാമൂഹിക സന്ദര്‍ഭം അടയാളപ്പെടുത്തിയ ഒരു കൃതി മറ്റൊരു കലാരൂപത്തിലും ഞാന്‍ പരിചയപ്പെട്ടിട്ടില്ല. എന്തുകൊണ്ടാണ്‌ ഒരാള്‍ അയാള്‍ ജീവിക്കുന്ന കാലത്തിലും സമൂഹത്തിലും തന്നെത്തന്നെ വേണ്ടത്ര ബോധ്യമാവാതെ ജീവിച്ചുപോവുന്നത്‌ എന്ന അന്വേഷണം കലയുടെ ഒരു വഴിയാണ്‌. ആ അന്വേഷണത്തില്‍ ചെന്നുപെടുന്ന ആള്‍, ആ അന്വേഷണത്തില്‍ തന്നെ സഹായിക്കുന്ന കഥയിലും സന്ദര്‍ഭങ്ങളിലും കഥാപാത്രങ്ങളിലും തന്നെത്തന്നെ ഇറ്റിച്ച്‌ ഇറ്റിച്ച്‌ പോകുന്നതും നാം കാണുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ നാം ഏറെയും ആ വിധത്തില്‍ പെരുമാറുന്നു. സാമൂഹികമായ പ്രതിബദ്ധതയുടെ അര്‍ഥത്തില്‍; ആത്മാവിഷ്കാരത്തിന്റേതെന്ന അര്‍ഥത്തില്‍ ഗാര്‍ഹികമായ ഒരു തീര്‍പ്പിലും. ഒരു പക്ഷെ നമ്മുടെ കലാസങ്കല്‍പങ്ങളില്‍ ഇങ്ങനെ ലളിതമായി ജീവിക്കുന്ന ഇത്തരം കാഴ്ചപാടുകളുടെ സാമ്പ്രദായികമായ നിര്‍ദ്ധാരണമാണ്‌ എക്കാലത്തെയും കലാവിമര്‍ശനങ്ങളുടെയും ഒരു പ്രധാന പ്രകടനം.



അടൂരിന്റെ ഇതിവൃത്തങ്ങളും ഇങ്ങനെ സാമ്പ്രദായികമായ യുക്തിയില്‍ വന്നുപെട്ടതിന്റെ ഉദാഹരണങ്ങളുണ്ട്‌. അപ്പോഴൊക്കെയും ആ ചലച്ചിത്രങ്ങള്‍ കേരളത്തിന്റെ ബൗദ്ധിക ഉണര്‍ച്ചയുമായി പലപ്പോഴും ഉരസി തീയും പുകയുമുണ്ടാക്കി. പൊതുസമൂഹത്തില്‍ അവയുടെ പ്രദര്‍ശനസമയം കുറഞ്ഞു പോകുമ്പോഴും ഉദ്ബുദ്ധമായ ഒരു സദസ്സിലേക്ക്‌ ആ ചലച്ചിത്രങ്ങള്‍ വീണ്ടും വീണ്ടും എത്തുകയും ചെയ്തു. ഈ സദസ്സ്‌ അന്നും ഇന്നും വളരെ പ്രശസ്തമാണ്‌. അതു മുഖ്യമായും നമ്മുടേതു പോലുള്ളൊരു സമൂഹത്തിലെ 'ഇടതുപക്ഷജീവിത'ത്തിന്റെ പല പ്രേരണകളിലൊന്നായിരുന്നു. തന്റെ ചലച്ചിത്രജീവിതത്തിന്റെ ആദ്യഘട്ടങ്ങളിലും പിന്നീട്‌ പലപ്പോഴും അടൂര്‍ ഇങ്ങനെയൊരു പ്രേക്ഷകസമൂഹത്തെയാണ്‌ സങ്കല്‍പിച്ചതും യഥാര്‍ത്ഥത്തില്‍ നേരിട്ടതും. അഥവാ, ആ ചലച്ചിത്രങ്ങളോടൊപ്പം ആ ചലച്ചിത്രങ്ങളുടെ പ്രേക്ഷകരും സഞ്ചരിക്കുകയായിരുന്നു. അത്‌ ഏറെയും ചലച്ചിത്രം ഒരു ശീലമാക്കിയ പ്രേക്ഷക സമൂഹം കൂടിയായിരുന്നു. ഒരു ആദര്‍ശസമൂഹം. എന്നാല്‍, തീര്‍ച്ചയായും നല്ല ചലച്ചിത്രങ്ങള്‍ക്കും ജീവിക്കേണ്ടി വരിക ഇതിനു വിരുദ്ധമായ ഒരു അസുരലോകത്തിലാണെന്ന് സങ്കല്‍പിക്കാന്‍ കഴിയാത്ത വിധം തോല്‍പിക്കപ്പെട്ടതുമായിരുന്നു ആ സമൂഹം.



അടൂര്‍ ഗോപാലകൃഷ്ണന്‍ തന്റെ ചലച്ചിത്രങ്ങളുടെ ഈ സാമൂഹ്യവിധിയെ ആദ്യം താന്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റേതുകൂടിയാക്കി അവതരിപ്പിച്ചു. ഒരു പക്ഷേ, അങ്ങനെ, തന്റെ ഈ ആദര്‍ശപ്രേക്ഷകരോടുള്ള 'കര്‍ത്തവ്യം' അടൂര്‍ നിറവേറ്റിയതുമാകാം.

എല്ലാ നല്ല 'നവോത്ഥാന നായകരേയും പോലെ അദ്ദേഹം തന്റെ ചലച്ചിത്ര 'സന്ദേശ'മാക്കാന്‍ തന്നെ തീരുമാനിച്ച സന്ദര്‍ഭങ്ങളായിരുന്നു അത്‌. രണ്ടാമതായി ആ 'വിധി'യില്‍ പങ്കാളിയാവാന്‍ വിസമ്മതിച്ച്‌ ആ 'വിധി'യെ നേരിടാന്‍ ഇറങ്ങി നില്‍ക്കുകയും ചെയ്തു. ഒരു സമൂഹത്തിന്റെ ജൈവപരങ്ങളായ ആലോചനകലാണ്‌ അ ചലച്ചിത്രങ്ങളുടെ ഈ 'സാമൂഹ്യവിധി'യെ നിര്‍ണ്ണയിച്ചത്‌ എന്നതുകൊണ്ടുതന്നെ ചലച്ചിത്രത്തിലും പുറത്തും അടൂര്‍ ഇങ്ങനെ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെയും അത്‌ ചര്‍ച്ചയുമായി. 'എലിപ്പത്തായം','മുഖാമുഖം', എന്നീ ചലച്ചിത്രങ്ങളെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ തന്നെ ഓര്‍മ വരും. അദ്ദേഹത്തിന്റെ മറ്റു ചലച്ചിത്രങ്ങള്‍ ,'കൊടിയേറ്റം', 'മതിലുകള്‍', 'കഥാപുരുഷന്‍', 'നിഴല്‍ക്കുത്ത്‌', ഇങ്ങനെയൊരു കാഴ്ചപ്പാടില്‍ നിന്നും ആവാത്തതുകൊണ്ടുതന്നെ വ്യത്യസ്തമായൊരു ഭാവനയെ തേടുന്നറ്റും ഇതിനു സമാന്തരമായി നാം കാണുന്നുണ്ടായിരുന്നു. പക്ഷേ അവ മുമ്പു സൂചിപ്പിച്ച പ്രേക്ഷക സമൂഹത്തിന്റെ ആശിസ്സുകള്‍ അത്ര തന്നെ നേടാത്തവയും ആയി. ഈ സമൂഹത്തിന്റെ കലാശിക്ഷണം മുഖ്യമായും രാഷ്ട്രീയപ്രേരിതമായൊരു പുരോഗമന കാഴ്ചപ്പാടില്‍ നിന്ന് കൊണ്ടു മാത്രമായിരുന്നില്ല, ഈ വൈമുഖ്യം. ആ സമൂഹത്തില്‍ ഓരോ അംഗത്തിന്റെയും സാമൂഹികമായ അസ്ഥിത്വത്തിലേക്ക്‌ അത്രമേല്‍ ആ ശിക്ഷണം ഒരു ഛായ പടര്‍ത്തിയിരുന്നു. അഭിരുചികളിലേയും സമീപനങ്ങളിലേയും ഈ 'കൊളോണിയന്‍ കാലം' ഒരു പക്ഷേ ഓരോ സമൂഹവും നേരിടുന്നതുമാകും. എന്നാല്‍ അടൂരിന്റെ ചലച്ചിത്രങ്ങളില്‍, അല്ലെങ്കില്‍ നമ്മുടെ തന്നെ ചലച്ചിത്രകഥയില്‍, ഇതു പ്രധാനമായും രണ്ടു വിധത്തിലാണ്‌ ഇടപെട്ടത്‌:'അനന്തരം' പോലുള്ള കഥാചിത്രത്തിന്‌ നമ്മുടെ ചലച്ചിത്രത്തിലും ഭാവനയിലും ഉണ്ടാവേണ്ടിയിരുന്ന വിസ്ഫോടകമായ സാദ്ധ്യതകള്‍ നിറവേറ്റാതെ വന്നതാണ്‌ ഒന്ന്. അതിന്റെ നൂതനവും ഘടനാപരവുമായ സാദ്ധ്യതകള്‍ സങ്കീര്‍ണ്ണമായ ഒരു മനുഷ്യാവസ്ഥയുടെ -സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതിന്റെ- നിര്‍ദ്ധാരണം അത്രമേല്‍ നമുടെ ചലച്ചിത്രഭാവനയെ മുമ്പോട്ട്‌ എടുത്തിരുന്നു. (അതിലെ പ്രധാന അഭിനേതാക്കള്‍ അങ്ങനെയൊരു ഘട്ടത്തിലേക്ക്‌ എത്താതിരിക്കുന്നതില്‍ നിരാശപൂണ്ടാണ്‌ ഞാന്‍ ആ ചലച്ചിത്രം എപ്പോഴും കണ്ടത്‌),ആ ചലച്ചിത്രത്തെ സ്വാഭവികവും പൂര്‍ണ്ണവുമായ ഒരു അര്‍ഥത്തിലേക്ക്‌ നീക്കി നിര്‍ത്തുകയായിരുന്ന നമ്മുടെ പില്‍ക്കാല ചലച്ചിത്രം തന്നെ. എന്നാല്‍ ഇങ്ങനെയൊരു ഘട്ടം നമ്മുടെ മറ്റു കലാരൂപങ്ങള്‍ വിശേഷിച്ചും നോവലിലും ചെറുകഥയിലും അങ്ങനെയായില്ല. 'ഖസാക്കിന്റെ ഇതിഹാസ'ത്തിനു ശേഷമുള്ള നോവലും 'ഹിഗ്വിറ്റ'ക്കു ശേഷമുള്ള ചെറുകഥയും തന്നെ ഉദാഹരണങ്ങള്‍.



രണ്ടമത്തെ കാര്യം അടൂര്‍ ഗോപാലകൃഷ്ണന്റെ ചലച്ചിത്രങ്ങള്‍ ഒരു തരം പൗരോഹിത്യ വിധിയിലേക്ക്‌ പ്രവേശിക്കാന്‍ അനുഗ്രഹം കിട്ടുന്ന ഭാവനകള്‍ക്കൊക്കെയും സംഭവിക്കാറുള്ളതുപോലുള്ള വിധി സ്വീകരിച്ചതാണ്‌.ഇതു കാര്യങ്ങളെ കൂടുതല്‍ എളുപ്പമാക്കി. നാം 'അടൂര്‍ ഗോപാലകൃഷ്ണനി'ലേക്കു മാത്രം നടന്നു. ആ ചലച്ചിത്രങ്ങള്‍ നമ്മുടെ ദേശചിഹ്നങ്ങള്‍ പോലെയായി. എന്നാല്‍ അവയുടെ ജീവിതം, ആശങ്കകള്‍ നമ്മുടേതല്ലാതായി. അവരുടെ ഭാവനയില്‍ നിന്നും നാം തിരിച്ചു നടന്നു. ഒരു വലിയ ചലച്ചിത്രകാരന്‍, അയാളുടെ ചലച്ചിത്ര സങ്കല്‍പങ്ങള്‍ പറയാന്‍ തന്റെ ഏകാന്തതയുടെ സ്വകാര്യവിസ്ത്രിതി തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. അടൂര്‍ ഗോപാലകൃഷ്ണന്റെയും മലയാളചലച്ചിത്രങ്ങളുടെയും ആരാധകനാവാനുള്ള എന്റെ വിധിയും അങ്ങനെ പൂരിപ്പിക്കപ്പെട്ടു. എന്റെ യൗവ്വനത്തെ ഞാന്‍ എന്റെ ബാല്യം കൊണ്ട്‌ അണിയിക്കുന്നതു പോലെയായിരുന്നു അത്‌. ഒരു ചലച്ചിത്ര വിചാരത്തില്‍, പക്ഷേ ഇതെല്ലാം സ്വാഭാവിക പരിണതി തന്നെയായി എഴുതേണ്ടിവരും. കാരണം, ഇതിനൊക്കെയും മുമ്പ്‌, സൂസന്‍ സൊണ്ടാഗ്‌,അവരുടെ ഒരു പ്രബന്ധത്തില്‍ സൂചിപ്പിച്ചതു പോലെ ചലച്ചിത്രവും അതിന്റെ വിധി തിരഞ്ഞെടുത്തിരുന്നു. പ്രവചനസാധ്യമായ വിധത്തില്‍ ചലച്ചിത്രപ്രേമംക്ഷീണിച്ചു കഴിഞ്ഞിരുന്നു. ചലച്ചിത്രപ്രേമം എന്ന ആശയം തന്നെ കാലഹരണപ്പെട്ടതാണെന്നു വന്നു. മാന്ത്രികാനുഭവമായിരിക്കണമെന്ന ആശയമായിരുന്നുവത്രേ ചലച്ചിത്ര പ്രേമത്തില്‍. ആ ആശയം പഴഞ്ചനും പൊങ്ങച്ചം നിറഞ്ഞതുമായ ഒന്നാണെന്ന വിധത്തില്‍ ആക്രമിക്കപ്പെട്ടു കഴിഞ്ഞിരുന്നു. നമ്മളും നടന്നു നീങ്ങിയിരുന്നു. അസാധാരണവും മൗലികവുമായ ഒരു ചലച്ചിത്രഭാഷയുടെ തുടര്‍ച്ചയില്‍ നിന്നും മാറി രണ്ടോ മൂന്നോ പരിമിത വിഭവമായ ആണ്‍താരങ്ങളുടെ ലോകത്തിലേക്ക്‌ നമ്മുടെ ചലച്ചിത്രപ്രേമത്തെ തന്നെ വിറ്റു കഴിഞ്ഞിരുന്നു. യയാതിയുടെ കഥയിലേതുപോലുള്ള യുവത്വമുള്ള വാര്‍ദ്ധക്യം അതു നമ്മുടെ ചലച്ചിത്രത്തില്‍ കൊണ്ടു വന്നു. ചലച്ചിത്രത്തിലേക്ക്‌, ചലച്ചിത്രത്തില്‍ എല്ലാ ശത്രുക്കളും ബന്ധുക്കളായി വന്നെത്തി.. ബുദ്ധിശൂന്യമായ സിനിമകള്‍ക്കും അറപ്പിക്കുന്ന സോപ്പ്‌ ഒപ്പറകള്‍ക്കും ശേഷമിട്ട തീന്മേശക്കു ചുറ്റും വല്ലാത്തൊരു ചലച്ചിത്രസമൂഹം രൂപം കൊണ്ടു. കഥയും കാര്യവുമില്ലാത്ത കുറേ സുന്ദരന്മാരും സുന്ദരികളും...


(സൂചന: മൂലധനം കലയുടെ ഉടമയാകുമ്പോള്‍ - സൂസന്‍ സൊണ്ടാഗ്‌, വിവര്‍ത്തനം:എം.കെ.ശ്രീകുമാര്‍, മാധ്യമം ആഴ്ചപ്പതിപ്പ്‌, 2005 ജനുവരി 28.)
 

comments