കവിത

വേരുകള്‍

ഷെരീഫ്‌ എസ്‌.എല്‍. മൂസ(പലസ്തീന്‍)

 


രീഫ്‌ സെയ്ദ്‌ ഹുസൈന്‍ എല്‍ മൂസ
മാതാപിതാക്കളിട്ട പേര്‌
അങ്ങനെയായിരുന്നു

അപഥസഞ്ചാരത്തില്‍ നിന്ന്
മടക്കിവിളിക്കാന്‍
നേര്‍വഴികളുടെ കടിഞ്ഞാണുകളായ്‌
പിന്നെപ്പിന്നെ
ഒരു കാരവന്‍ നിറയെ പേരുകള്‍

പക്ഷേ ഒരു രാത്രി
ഉയര്‍ന്ന ബാല്‍ക്കണിയില്‍
നഗര പൗര്‍ണ്ണമിയില്‍
മലമടക്കുകളില്‍ നിന്നു വന്ന
പര്‍വതം പോലൊരു സ്ത്രീ
ഭൂമിയിലെ ആദ്യ പുരുഷനെ എന്ന പോലെ
അവരുടെ കണ്ണുകളുടെ
തെളിഞ്ഞ ജലാശയത്തില്‍ എന്നെ മുക്കി
അങ്ങനെ പ്രണയം അറിഞ്ഞു.



ടീ ഷര്‍ട്ടുകള്‍ കണ്ടുപിടിച്ച അങ്കിള്‍ സാം
വംശീയമായ അടയാളങ്ങള്‍
എളുപ്പത്തില്‍ ഊരിക്കളഞ്ഞ്‌
അഹന്ത മുഴച്ചു നിന്ന
ആ പേരു കണ്ടെത്തി
ബറാക്‌

യാങ്കിക്ക്‌ അടിപ്പെട്ട മുത്തശ്ശന്‍
ചെറുതാക്കപ്പെട്ട പിതാവ്‌
പൗരാണികതയ്ക്കു മുമ്പുള്ള
'S' എന്ന ഇനീഷ്യലിലേക്ക്‌
പിന്നെ പത്രാധിപന്മാര്‍
പണിപൂര്‍ത്തിയാക്കി
മുറിച്ചു മാറ്റപ്പെട്ട
മുന്‍ ഗാമികള്‍ക്കെല്ലാമായി
ഒരക്ഷരം'S'

പറുദീസയില്‍ നിന്ന്
കുടിയിറക്കപ്പെട്ടതിനാല്‍
അതെന്നെ സ്വപ്നങ്ങളിലേക്ക്‌ തള്ളി
അടിവസ്ത്രം ഒഴികെ
എല്ലാം അപഹരിക്കപ്പെട്ട്‌
നഗ്നപാദനായി
തെരുവുകളിലൂടെ അലഞ്ഞു
കിട്ടിയ ഒസ്യത്തുകളുടെ
ഒടുങ്ങാത്ത ദുരിതം
എന്റെ പോക്കുവരവുകള്‍
ഡമാസ്കസില്‍ നിന്ന് റാബത്തിലേക്ക്‌
കെ യ്‌ റോയില്‍ നിന്ന് അമ്മാനിലേക്ക്‌
ഞാന്‍ മറ്റേ കവിള്‍ത്തടം
കാണിച്ചുകൊടുക്കുകയല്ല



പരുക്കന്‍ പേരും കൊമ്പന്‍ മീശയുമുള്ള
സുരക്ഷാസൈനികര്‍
ചെക്പോസ്റ്റുകളില്‍
എന്റെ അറബി പാസ്പോര്‍ട്ട്‌
സൂക്ഷ്മപരിശോധന നടത്തുന്നു
വാഷിംഗ്ടണിലേക്ക്‌ മടങ്ങുന്ന എന്നെ
പരിഹസിക്കുന്നു
തന്തപ്പേരു ചോദിക്കുമ്പോള്‍
ഞാനത്‌ ആഹ്ലാത്തോടെ ഉച്ചരിക്കുന്നു
സെയ്ദ്‌ ഹുസൈന്‍

ഇസ്രായേലിന്റെ കാവല്‍ക്കാരെ
ഇങ്ങനെ തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു
കിട്ടുന്ന ഓരൊ വിവരവും
അവര്‍ ആസ്വദിക്കുന്നു
മറ്റു പലതിനുമൊപ്പം
എന്റെ ജന്മഗൃഹം
കണ്ടെത്തുംവരെ അവര്‍
പോകാന്‍ അനുവദിക്കുന്നില്ല

അവരുടെ പിതാക്കള്‍ കയ്യേറി
മാറ്റിപ്പണിത അതേ വാസസ്ഥലങ്ങള്‍ തന്നെ
അതേ പേരുകള്‍ തന്നെ

അവര്‍ കുഴിച്ചെടുക്കട്ടെ
എന്റെ വംശീയ വേരുകള്‍
അതുവരെ എന്നെ
ഷരീഫ്‌ എന്നു വിളിക്കുക



comments