കഴിഞ്ഞലക്കം
തുടര്‍ച്ച..
-ഈ സാധനം കൊണ്ടുവന്നതില്‍ പിന്നെയാണ് കഷ്ടകാലം തുടങ്ങിയത്.
പനിയില്‍ നിന്ന് കണ്ണു തുറന്ന് അമ്മൂമ്മ ചുണ്ടനക്കി:
-ശരിയാണ്.
പഴുത്ത കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചുകൊണ്ട് മുത്തശ്ശന്‍ തലയാട്ടി:
-ശരിയാണ്.
ചെറിയമ്മയും പറഞ്ഞു:
-ശരിയാണ്. അതു കൊണ്ടു വന്നതിന്റെ പിറ്റേദിവസമാണ് ബാലപ്പന്‍ വീണു കൈ
ഒടിഞ്ഞത്.
മുഖം മൂടിയുടെ കണ്ണുകളില്‍ എല്ലാം അറിയുന്ന ചിരിയും ചുണ്ടില്‍ ശപിച്ചു
തീരാത്ത വാക്കുകളും ഞാന്‍ കണ്ടു.
-ഇപ്പോള്‍ തന്നെ ഇത് ഇവിടെനിന്നു കൊണ്ടു പോയി ക്ഷേത്രത്തില്‍ കൊടുക്കണം.
അമ്മ പറഞ്ഞു.
കണ്ണുകള്‍ പണിപ്പെട്ട് തുറന്ന് മുത്തശ്ശന്‍ എഴുന്നേറ്റു. വടി കുത്തി മുഖം
മൂടിയുമായി കണ്ണു കാണാത്ത മുത്തശ്ശന്‍ ക്ഷേത്രത്തിലേക്ക് പോകുന്നത്
നോക്കി ഞങ്ങള്‍ പടിക്കല്‍ നിന്നു. അടൂത്ത ദിവസം സ്കൂളില്‍ പോകാന്‍
വയറിളക്കവും ഛര്‍ദിയും മാറിയ ചെറിയമ്മ എനിക്ക് കൂട്ടിനുണ്ടായിരുന്നു.
അടുത്ത ദിവസം അമ്മയുടെയും അമ്മൂമ്മയുടെയും പനി മാറി. മുത്തശ്ശന്റെ
കണ്ണുകള്‍ സുഖപ്പെട്ടു. അനിയനും അനിയത്തിയും കുളിച്ചു.
ഭയപ്പെട്ടിരുന്നുവെങ്കിലും വെട്ടില്‍ മറ്റാര്‍ക്കും ചിക്കന്‍ പോക്സ്
പകര്‍ന്നില്ല. പനി മറിയ അച്ഛന്‍ രണ്ടാഴ്ചത്തെ അവധിക്ക് വീട്ടില്‍ വന്നു.
എന്റെ കൈയ്യിലെ പ്ലാസ്റ്റര്‍ വെട്ടി. ആദ്യത്തെ കുറേ ദിവസം ഇടതു കൈ
ഇല്ലാത്തതു പോലെ എനിക്കു തോന്നി. പിന്നെ കൈ താനേ നിവര്‍ന്ന് അതിന്റെ
ജോലികള്‍ പഴയതു പോലെ ചെയ്യാനാരംഭിച്ചു.
തെക്കേ മൈതാനത്ത് തമ്പടിച്ച 'മെറീനാസര്‍ക്കസ്' കാണാന്‍ അച്ഛന്‍ ഞങ്ങളെ
കൊണ്ടു പോയി. വീട്ടില്‍ പഴയ കളിയും ചിരിയും സന്തോഷവും തിരിച്ചു വന്നു. മുഖം
മൂടിയെ ഞങ്ങള്‍ മറന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴിതാ മറ്റൊരു മുഖം മൂടി പ്രിയപ്പെട്ട
കൂട്ടുകാരിക്ക് സമ്മാനിക്കാന്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ് മകള്‍
സ്കൂള്‍ ബാഗില്‍ വച്ചിരിക്കുന്നു.
ഒരനുഭവം കൊണ്ട് ജീവിതം മുഴുവന്‍ മനസിലായെന്ന് ധരിക്കുന്നത് ശരിയല്ലെന്ന്
എനിക്കറിയാമായിരുന്നു. പുതിയ തലമുറയുടെ മനസില്‍ സംശയത്തിന്റെ വിഷവിത്ത്
നിക്ഷേപിക്കരുതെന്നും എനിക്കു തോന്നി. പ്രിയപ്പെട്ട കൂട്ടുകാരിക്ക്
പിറന്നാള്‍ സമ്മാനവുമായി ആവേശത്തോടെ സ്കൂളിലേക്ക് പോകുന്ന മകളില്‍ നിന്നും
എന്റെ ബാല്യകാലാനുഭവം ഞാന്‍ മറച്ചുവെച്ചു.
താരയുടെ അമ്മയുണ്ടാക്കി കൊടുത്തയച്ച ബര്‍ത്ത്ഡേ കേക്ക് ഞങ്ങള്‍ സ്വാദോടെ
കഴിച്ചു. വീട്ടിലെ വിശേഷങ്ങളെല്ലാം താര കൂട്ടുകാരിയോട്
പറയാറുണ്ടായിരുന്നു.മകള്‍ പറഞ്ഞ് ആ വിശേഷങ്ങളെല്ലാം ഞങ്ങള്‍ക്കും
അറിയാമായിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള നിരന്തര സംഘട്ടനങ്ങളായിരുന്നു
താരയുടെ വീട്ടിലെ പ്രധാന വിശേഷം. ജോസഫിന്റെ അമിത മദ്യപാനമായിരുന്നു
സംഘട്ടനങ്ങള്‍ക്കു കാരണം.
മകളെ പത്തിലെ പരീക്ഷക്കു തയ്യാറെടുപ്പിക്കുന്ന അമ്മക്ക്
കൂട്ടുകാരുമൊത്തുള്ള ജോസഫിന്റെ മദ്യപാനം സഹിക്കുവാനും ക്ഷമിക്കുവാനും
കഴിഞ്ഞില്ല. വെള്ളിയാഴ്ചകളിലെ വീട്ടിലെ അച്ഛന്റെ മദ്യപാന സദസ്സുകളില്‍
നിന്ന് രക്ഷപ്പെട്ട് പഠിക്കാനായി താര ഞങ്ങളുടെ ഫ്ലാറ്റിലെത്തി.

മുഖം മൂടി സമ്മാനം കൊടുത്ത് അധികദിവസം കഴിയുന്നതിനു മുമ്പ് ഒരു ശനിയാഴ്ച
സ്കൂളില്‍ നിന്നു വന്നപ്പോള്‍ മകള്‍ പറഞ്ഞു, താരയുടെ അച്ഛനെ ഹോസ്പിറ്റലില്‍
അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. സംഗതി മദ്യപാനം തന്നെ.
ഒരു മികച്ച ചിത്രകാരനും ശില്‍പിയുമായിരുന്നു ജോസഫ്. വെള്ളിയാഴ്ച പകല്‍
മുഴുവനും മുഖം മൂടി മാതൃകയാക്കി മകളുടെ ശില്‍പത്തിന്റെ മുഖം
രൂപപ്പെടുത്തുന്ന തിരക്കിലായിരുന്നു ജോസഫ്. സന്ധ്യയായതോടെ കൂട്ടുകാരെത്തി.
മദ്യപാനവും തുടങ്ങി. മദ്യപാന സദസ്സ് രാത്രി വളരെ വൈകിയിട്ടും
അവസാനിച്ചില്ല. അമ്മ വഴക്കിട്ടപ്പോള്‍ സുഹൃത്തുക്കള്‍ പിരിഞ്ഞു. പിന്നീട്
അച്ഛനും അമ്മയും തമ്മില്‍ വലിയ സംഘട്ടനം നടന്നു. താരയും അമ്മയും അത്താഴം
കഴിക്കാതെയാണ് കിടന്നത്. ആ രാത്രി പിന്നീടെന്തു സംഭവിച്ചുവെന്ന്
ആര്‍ക്കും അറിയില്ല.
വെളുപ്പിന് അമ്മ ഉണര്‍ന്ന് വന്നു നോക്കുമ്പോള്‍ ഫ്രിഡ്ജിനടുത്ത് ജോസഫ്
ബോധമറ്റു കിടക്കുന്നു. ഗ്ലാസ് നിലത്ത് പൊട്ടിച്ചിതറി കിടക്കുന്നുണ്ട്.
ഫ്രിഡ്ജിന്റെ തുറന്ന വാതില്‍ അടച്ചിട്ടില്ല.
അടുത്ത ഫ്ലാറ്റിലുള്ളവരാണ് പൊക്കിയെടുത്ത് ആശുപത്രിയിലെത്തിച്ചത്.
'കോളാ' ഹോസ്പിറ്റലിലെ പരിചയമുള്ള ഡോക്ടര്‍ നായരെ വിളിച്ചന്വേഷിച്ചപ്പോഴാണ്
അപകടത്തിന്റെ ഗൗരവം അറിയുന്നത്.
-ആശക്കു വകയില്ല. കഴുത്തിനു കീഴെ ആകെ തളര്‍ന്നിരിക്കുകയാണ്. വീഴ്ചയില്‍
കഴുത്തിന് ഫ്രാക്ചറുണ്ട്.
അച്ഛന്‍ ആശുപത്രിയിലാണെങ്കിലും താര മുടങ്ങാതെ ക്ലാസില്‍ വന്നുകൊണ്ടിരുന്നു.
ഉച്ചക്കു മോളെ എടുക്കാന്‍ ചെല്ലുമ്പോള്‍ സ്കൂളിന്റെ മുന്നിലെ
പാര്‍ക്കിംഗില്‍ ബസു കാത്തു നില്‍ക്കുന്ന താരയെ ഞാന്‍ പതിവായി കണ്ടു. അവള്‍
പതിവുപോലെ കളിയും തമാശയും പറഞ്ഞു. അച്ഛന്റെ അവസ്ഥ ആരും അവളെ
അറിയിച്ചിട്ടില്ലെന്ന് എനിക്ക് തോന്നി.
ഞാന്‍ ദിവസവും ആശുപത്രിയില്‍ വിളിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു.
ഓപ്പറേഷന്‍ കൊണ്ട് ചിലപ്പോള്‍ രക്ഷപ്പെട്ടേക്കാം എന്ന് ഡോക്ടര്‍ നായര്‍
പറഞ്ഞു. പക്ഷെ അതിനു മുമ്പ് MRI സ്കാന്‍ ചെയ്യണം. പക്ഷേ കിടപ്പില്‍
നിന്നും അനക്കാവുന്ന അവസ്ഥയിലല്ല ഇപ്പോള്‍ രോഗി. അതു കൊണ്ടാണ്
ഓപ്പ്പ്പറേഷന്‍ നീണ്ടു പോകുന്നത്.
മുഖം മൂടി ആ വീട്ടില്‍ നിന്നും തിരിച്ചെടുക്കണമെന്ന് ഞാന്‍ തീരുമാനിച്ചു.
അതോടെ ജോസഫിന്റെ അവസ്ഥ മെച്ചപ്പെട്ടേക്കുമെന്ന് എന്റെ മനസു പറഞ്ഞു.
ഞാന്‍ എന്റെ ബാല്യകാലത്തെ അനുഭവം മായയോടും മകളോടും പറഞ്ഞു.
-ഇതു നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ ആ സമ്മാനം കൊടുക്കാന്‍ ഞാന്‍
സമ്മതിക്കില്ലായിരുന്നു. അച്ഛനും മകളും മാത്രമാണ് അവരുടെ കഷ്ടകാലത്തിന്റെ
ഉത്തരവദികള്‍.
മായ പറഞ്ഞു.
-നിങ്ങള്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?
മകള്‍ ചോദിച്ചു. ഞങ്ങളെ ശിലാമനുഷ്യരാക്കുന്ന ഒരു നോട്ടം അവളുടെ
കണ്ണുകളിലുണ്ടായിരുന്നു.
-നമ്മുടെ ഷോകേസില്‍ എത്രയെത്ര ത്രിമാനരൂപങ്ങളിരിക്കുന്നു...
എന്നിട്ടെന്തെങ്കിലും സംഭവിച്ചോ? കഴിഞ്ഞ ന്യൂ ഇയറിന് ബഷീറങ്കിള്‍ തന്ന ആ
ഗന്ധര്‍വ പ്രതിമ കണ്ടാല്‍ തന്നെ പേടിയാവില്ലേ?
ശരിയാണ് ഞങ്ങളുടെ ഷോകേസില്‍ നിറയെ പ്രതിമകളാണ്. ഓരോ വര്‍ഷവും കുട്ടികളുടെ
സാഹിത്യമല്‍സരത്തിന് വിധികര്‍ത്താവായി പോയിട്ടുള്ളതിന് എനിക്കു
കിട്ടിയിട്ടുള്ള മൊമെന്റോകള്‍.
-എന്തൊക്കെ ന്യായം പറഞ്ഞാലും മുഖം മൂടി ആ വീട്ടില്‍ നിന്നും
തിരിച്ചെടുക്കുക തന്നെ വേണം. ആ കുട്ടിയുടെ അനുഭവം നിനക്കാണ്
വന്നിരുന്നതെങ്കിലോ?
എന്നെ ഒരു നിമിഷം മരണക്കിടക്കയില്‍ കിടത്തിക്കൊണ്ട് മായ മകളോട് പറഞ്ഞു.
അടുത്ത ദിവസം ഞങ്ങള്‍ താരയുടെ വീട്ടില്‍ പോയി. എന്തെങ്കിലും കാരണം പറഞ്ഞ്
മുഖം മൂടി താരയോട് തിരിച്ചു വാങ്ങിക്കണമെന്ന് മായ മകള്‍ക്ക് അന്ത്യശാസനം
നല്‍കിയിരുന്നു.
അച്ഛന്റെ മദ്യപാന ബഹളങ്ങളില്ലാത്ത വീട്ടില്‍ താരയുടെ അമ്മ മകളെ
പഠിപ്പിക്കുകയായിരുന്നു. സന്ദര്‍ശകര്‍ക്കുള്ള സമയത്ത് മാത്രമേ രോഗിയെ
കാണാന്‍ ഭാര്യയെപ്പോലും അനുവദിക്കൂ എന്ന് അവര്‍ പറഞ്ഞു. താരയുടെ അമ്മക്കും
ജോസഫിന്റെ അവസ്ഥ മനസിലായിട്ടില്ലെന്ന് സംസാരിച്ചപ്പോള്‍ തോന്നി. വിദഗ്ദ്ധ
ചികില്‍സക്കായി നാട്ടില്‍ കൊണ്ടുപോകേണ്ടി വന്നാല്‍ താരയുടെ പഠിപ്പു
മുടങ്ങുമല്ലോ എന്നായിരുന്നു അവരുടെ ആശങ്ക. അങ്ങനെയൊരവസ്ഥയില്‍ താരക്ക്
ഞങ്ങളുടെ വീട്ടില്‍ താമസിച്ച് പഠിപ്പ് തുടരാമല്ലോ എന്ന് മായ പറഞ്ഞത് ആ
സ്ത്രീക്ക് വലിയ ആശ്വാസമായി.
ത്രിമാനരൂപങ്ങള്‍ക്കു പിറകില്‍ പതിയിരിക്കുന്ന ദൗര്‍ഭാഗ്യത്തെക്കുറിച്ച്
മകള്‍ കൂട്ടുകാരിയോട് സംസാരിച്ചു. ഒരു ത്രിമാനരൂപം പണ്ടൊരിക്കല്‍ അവളുടെ
അച്ഛന്റെ ബാല്യകാലജീവിതത്തില്‍ നാശം വിതച്ച കഥ അവള്‍ കൂട്ടുകാരിയെ
വിസ്തരിച്ച് പറഞ്ഞു കേള്‍പ്പിച്ചു. മുഖം മൂടി തിരിച്ചു തരണമെന്നും പകരം
അവള്‍ കൈയ്യില്‍ കരുതിയിരുന്ന അവര്‍ രണ്ടുപേരുടെയും ഫോട്ടോ പതിച്ച
വെള്ളിയുടെ ലോക്കറ്റ് സ്വീകരിക്കണമെന്നും മകള്‍ കൂട്ടുകാരിയോട്
അപേക്ഷിച്ചു.
തുടരും..
comments