തയ്യല്‍ക്കാരനോട് ശിഷ്യന്‍ ചോദിച്ചു:
ഗുരോ സ്വാതന്ത്ര്യം എന്ത്?
അതു മൈതാനത്ത് കൂത്തെറിയുന്ന പൈക്കുട്ടിയോ?
സൂര്യനില്‍ കൂടുകൂട്ടാന്‍ പറക്കുന്ന പക്ഷിയോ?
വടക്കോട്ട് കൂകിപ്പായും തീവണ്ടിയോ?
ഇരുട്ടുള്ളവന്‍ വിചാരപ്പെടുന്ന വിളക്കുമരമോ?
ആധി അറിയാത്ത ഉറക്കമോ?
തീരാത്ത തുണിയില്‍നിന്നും
നിലയ്ക്കാത്ത ചക്രത്തില്‍ നിന്നും
ശമിക്കാത്ത സൂചിയില്‍ നിന്നും
എനിക്കുള്ള രക്ഷയോ?
തയ്യല്‍ക്കാരന്‍ പറഞ്ഞു:
വിശക്കുന്നവനു ഭക്ഷണവും
ദാഹിക്കുന്നവനു വെള്ളവും
തണുക്കുന്നവനു പുതപ്പും
തളരുന്നവനു കിടപ്പും
സ്വാതന്ത്ര്യമല്ലോ.

കവിക്കു വാക്കും
കാട്ടാളന് അസ്ത്രവും
ഏകാകിക്ക് സംഘവും
ഭയഗ്രസ്‌തന് അഭയവും
പുരുഷന് പുത്രനും
ഷണ്ഡനു മൃത്യുവും
സ്വാതന്ത്ര്യം തന്നെ.
അജ്ഞാനിക്ക് ജ്ഞാനവും
ജ്ഞാനിക്ക് കര്‍മ്മവും
കര്‍മിക്ക് ത്യാഗവും
ത്യാഗിക്ക് ജന്മവും
സ്വാതന്ത്ര്യമാകുന്നു.
എന്നാല്‍,
തുന്നാത്തവന്റെ കിനാക്കാഴ്ച കെടും.
തുന്നല്‍സൂചിയുടെ കൂര്‍ത്ത വെളിവില്‍
സ്വാതന്ത്ര്യം ഉണ്ട്.
അതു വിതച്ചവനു മാത്രമുള്ള വിളവ്.
വിയര്‍ത്തവനു മാത്രമുള്ള അപ്പം.
തുന്നിയവനു മാത്രമുള്ള കുപ്പായം.
ഇപ്രകാരം ഗുരു തയ്യല്‍ തുടര്‍ന്നു.
ശിഷ്യന്‍ ശങ്കവിട്ട് സൂചിയില്‍ നൂല്‍ കോര്‍ക്കാന്‍ തുടങ്ങി.
comments