

2004 ജനുവരി 21 മുതല്‍ 23 വരെ പ്ലാച്ചിമടയില്‍ നടന്ന ലോകജലസമ്മേളനം ഇങ്ങനെ
പ്രഖ്യാപിച്ചു.
'ജലം സ്വകാര്യ സ്വത്തല്ല, അത് ജീവന്റെ അടിസ്ഥാനമാണ്.ഭൂമിയിലെ സകല
ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടത്.വെള്ളം മനുഷ്യന്റെ മൗലികാവകാശമാണ്.
അതിന്റെ ഉപയോഗം നിയന്ത്രിക്കുകയും വരും കാല തലമുറകള്‍ക്കായി കരുതുകയും
ദുരുപയോഗവും മലിനീകരണവും തടയുകയും വേണം.'
വെള്ളം ഒരു വില്‍പനച്ചരക്കല്ല. അതിനെ കമ്പോളവല്‍ക്കരിക്കാനും
സ്വകാര്യവല്‌ക്കരിക്കാനും കുത്തകവല്‌ക്കരിക്കാനുമുള്ള കുറ്റകരമായ ശ്രമങ്ങളെ
തടയേണ്ടതുണ്ട്. വെള്ളം ഉപയോഗിക്കാനും സംരക്ഷിക്കാനുമുള്ള അവകാശം പ്രാദേശിക
സമൂഹങ്ങള്‍ക്കാണ്. ഇത് ജലജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്.
കുത്തകകള്‍ നടത്തുന്ന വിഷാംശമുള്ള കൊക്കക്കോളയുടേയും പെപ്‌സിയുടേയും
ഉല്‍പാദനവും വിതരണവും പ്രദേശത്തെ മലിനീകരിക്കുകയും തദ്ദേശീയ ജീവിതം
അപകടത്തിലാക്കുകയും ചെയ്തിരിക്കുന്നു.
കോളയും പെപ്‌സിയും ഇന്ത്യ വിട്ട് പോവുക-
മനുഷ്യരുടെ സ്വാതന്ത്ര്യ സമരങ്ങള്‍ അവസാനിക്കുന്നില്ല.അത് പലരീതിയില്‍
തുടരുന്നു. കോളനി രാജ്യങ്ങള്‍ ഒന്നൊന്നായി സ്വാതന്ത്ര്യം നേടിയതോടെ
സാമ്രാജ്യത്വത്തിന് ചൂഷണത്തിനായി മറ്റു വഴികള്‍ ആലോചിക്കേണ്ടി വന്നു.
ആയുധങ്ങള്‍ വിറ്റും അന്നം വിറ്റും കടന്നുകയറാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്
അങ്ങനെയാണ്. ആയുധക്കച്ചവടം ലോകത്തിലെ ഏറ്റവും വലിയ വ്യാപാരമാണെങ്കിലും
അതിന് ലോകത്തെ വലിയൊരളവില്‍ സംഘര്‍ഷത്തില്‍ നിര്‍ത്തേണ്ടതുണ്ട്. എന്നാല്‍
അപ്പക്കച്ചവടം ഒരെളുപ്പവഴിയാണ്. ലോകത്തിന്റെ അഭിരുചികളെ
മാറ്റുന്നതിനേക്കാള്‍ വേഗത്തില്‍ അതിന്റെ രുചികളെ മാറ്റാം. ദേശങ്ങള്‍
കോളനികളായിരുന്ന അവസ്ഥയ്ക്ക് പകരം, ഓരോ മനുഷ്യശരീരവും ഓരോ കോളനിയാവുന്നത്
ഒരു വമ്പന്‍ സാദ്ധ്യതയാണ്.തങ്ങള്‍ വച്ചുനീട്ടുന്ന തീറ്റപ്പണ്ടങ്ങള്‍
നിക്ഷേപിക്കപ്പെടുന്ന ഒരിടം.

മാദ്ധ്യമവിസ്ഫോടനം ജന്മം നല്‍കിയ നവമാദ്ധ്യമങ്ങള്‍ മുഴുവന്‍
ബഹുരാഷ്ട്രകുത്തകകളുടെ പരസ്യപ്പണത്തിന് ഓച്ഛാനിച്ച് നിന്നതോടെ
അധിനിവേശത്തിന് അന്തസുള്ള കച്ചവടത്തിന്റെ മുഖം കിട്ടി. മൂന്നാം
ലോകത്തിന്റെ കളിക്കാരും കലാകാരന്മാരും കങ്കാണിമാരായി. മലയാളിയുടെ രോമാഞ്ചം
മമ്മൂട്ടി വരെ ബ്രാന്റ് അംബാസിഡറായി അച്ചാരം വാങ്ങി. പ്രതിഷേധം
ഉയര്‍ന്നപ്പോള്‍ പിന്‍ വാങ്ങി. ആദിവാസി ഊരിലെ കടത്തിണ്ണയില്‍ പോലും
കോളക്കുപ്പികള്‍ നിരന്നു. പിന്നെ അവിടെ പ്ലാന്റുകള്‍ വന്നു. കുടിവെള്ളം
മുട്ടിയപ്പോള്‍ മയിലമ്മയെപ്പോലുള്ള ആദിവാസി സ്ത്രീകള്‍ കാരണം തിരക്കി
ഇറങ്ങി.

കടന്നുകയറ്റത്തിന്റെ അനന്തവിചിത്രമായ വഴികള്‍ അത്രതന്നെ വ്യത്യസ്‌തമായ
മാര്‍ഗ്ഗങ്ങളിലൂടെ പ്രതിരോധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. യു.എ.ഇ.
എഴുത്തുകാരന്‍ മുഹമ്മദ് അല്‍ മൂറിന്റെ 'പെപ്‌സി' എന്ന ചെറുകഥയേയും
ഭാഗ്യനാഥന്റെ പെയിന്റിംഗിനേയും മുന്‍ നിര്‍ത്തി വ്യത്യസ്ത ദേശങ്ങള്‍ ഒരേ
അനുഭവത്തെ എങ്ങനെ നേരിട്ടു എന്നു ശ്രദ്ധിക്കുകയാണ് ഈ കുറിപ്പ്. ഒപ്പം
കങ്കാണിമാരല്ലാത്ത ചില കലാകാരന്മാരെ ഓര്‍ക്കുകയും.
മുഹമ്മദ് അല്‍ മൂറിന്റെ കഥയ്ക്ക് നാലു ചെറുഭാഗങ്ങളുണ്ട്. കഥ
തുടങ്ങുന്നത് അബ്ദുള്ള എന്ന അറബി തന്റെ അമ്മാവന്‍ സമ്മാനിച്ച
ഒട്ടകകുട്ടിയുമായി വീട്ടിലേക്ക് വരുമ്പോഴാണ്.അബ്ദുള്ളയുടെ ഭാര്യക്ക്
ഒട്ടകത്തെ വെറുപ്പാണ്.തന്റെ മകന്‍ റഷീദിനായി ഭര്‍ത്താവിന്റെ അമ്മാവന്‍
കൊടുത്തയച്ച ഒട്ടകക്കുട്ടിയെ സ്വീകരിക്കാന്‍ അവള്‍ കൂട്ടാക്കുന്നില്ല.
ഒട്ടകങ്ങളെല്ലാം ഉപദ്രവിക്കും, കുഴപ്പക്കാരുമാണ്, നിങ്ങളുടെ മാമായുടെ
കൈകടിച്ചെടുത്ത ഒട്ടകത്തെ ഓര്‍മയില്ലേ എന്ന് കയര്‍ത്ത അവള്‍ ഭര്‍ത്താവിന്റെ
വാക്ക് വകവെക്കാതെ ഒട്ടകക്കുട്ടിയെ പട്ടിണിക്കിട്ടു. അതിന്റെ ശരീരത്തില്‍
ചൊറിയും ചിരങ്ങും പടരുകയും, ഒട്ടകമെന്റെ കൈ കടിച്ചു കാല്‍ കടിച്ചു എന്ന്
മകന്‍ ഉറക്കത്തില്‍ നിലവിളിക്കാന്‍ തുടങ്ങുകയും ചെയ്‌തതോടെ അബ്ദുള്ളയുടെ
സമാധാനം കെട്ടു. അയാള്‍ അതിനെ കയറൂരി വിട്ടു. ഒട്ടകം കുപ്പത്തൊട്ടിയില്‍
നിന്നു തിന്നുകയും തെരുവിലുറങ്ങുകയും ചെയ്തു. പിന്നെ ഒരു പീടികയെ
ചുറ്റിപ്പറ്റി നിന്നു, അവിടെ വരുന്നവര്‍ അതിന് ബിസ്ക്കറ്റും ഈന്തപ്പഴവും
വാങ്ങി നല്‍കി. പെപ്‌സിയാണ് നല്‍കുന്നതെങ്കില്‍ ഒട്ടകമത് കടിച്ചുയര്‍ത്തി
വായിലേക്ക് കമിഴ്‌ത്തിയശേഷം കുപ്പി എറിഞ്ഞു കളയും. അങ്ങനെയാണ്
ഒട്ടകത്തിന് പെപ്‌സി എന്ന വിളിപ്പേര് വീണത്.

കഥയില്‍ ഒട്ടകത്തിന്റെ തെരുവ് ജീവിതത്തിന് സമാന്തരമായി
തെരുവിലേക്കെറിയപ്പെട്ട ഫര്‍ഗാന്‍ സെയ്ദ എന്ന മറ്റൊരു അറബിയുടെ
ജീവിതമുണ്ട്. എണ്ണക്കിണറില്‍ പൈപ്പ് ചുമക്കലായിരുന്നു അയാള്‍ക്ക് ജോലി.
ജോലിസ്ഥലത്ത് ഒരപകടത്തില്‍ പെട്ട് ആറുമാസം ആശുപത്രിയിലായി.
ഇന്‍ഷ്വറന്‍സ് കമ്പനി നിസ്സാരമായ ഒരു തുക നല്‍കി അയാളെ പറ്റിച്ചു. മറ്റു
പല ജോലികളിലും അയാള്‍ ഏര്‍പ്പെട്ടെങ്കിലും പരാജയപ്പെട്ടു. നിരാശയിലും
ദു:ഖത്തിലും വിലകുറഞ്ഞ മദ്യത്തിന്റെ ലഹരിയിലും അയാള്‍ ജീവിതം ഒരു
കൊടിച്ചിപ്പട്ടിയാണെന്ന് പറഞ്ഞു. തെരുവില്‍ പെപ്‌സിയുമായി അടുപ്പത്തിലായി.
ആരോ പരിഹസിക്കാന്‍ പറഞ്ഞത് കാര്യമാക്കി ഒട്ടകപ്പന്തയത്തില്‍
പങ്കെടുപ്പിക്കാനായി പെപ്‌സിയെ പരിശീലിപ്പിക്കാന്‍ തുടങ്ങി. 'സുഡാനില്‍
നിന്നു വരുന്ന ചില ഒട്ടകങ്ങള്‍ക്ക് കുതിരകളേക്കാള്‍ വേഗമുണ്ട്.നിന്റെ
പെപ്‌സിക്ക് കടത്തിണ്ണയില്‍ നിന്ന് കുപ്പത്തൊട്ടിവരെയേ പോകാനാവൂ' എന്ന്
ആളുകള്‍ പറഞ്ഞത് ഫര്‍ഗാന്റെ പന്തയക്കിനാവുകളെ ഉലച്ചില്ല. അയാള്‍ ഒട്ടകത്തെ
കഠിനമായി പരിശീലിപ്പിച്ചുകൊണ്ടിരുന്നു. ആ ദിവസങ്ങലിലൊന്നില്‍ ഒരു വിദേശ
കാര്‍ പെപ്‌സിയെ ഇടിച്ചുവീഴ്‌ത്തി നിര്‍ത്താതെ പോയി. പെപ്‌സിയും ഫര്‍ഗാനും
മുടന്തി മുടന്തി വീണ്ടും പീടികമൂലയിലെത്തുമ്പോള്‍ മൂര്‍, കഥ
അവസാനിപ്പിക്കുന്നു.
ഒട്ടകം അറബ്‌ജീവിതത്തിന്റെ, പരമ്പര്യത്തിന്റെ ഭാഗമാണ്. ഉത്തരേന്ത്യക്കാര്‍
പശുവിനോട് എന്നതിനേക്കാള്‍ അവര്‍ ഒട്ടകത്തോട് അടുത്തു നില്‍ക്കുന്നു.
ജലത്തോട് ഏറ്റവും കരുതലുള്ള ഈ ജന്തു ദുരിതകാലങ്ങളില്‍, വന്‍ വേനലുകളില്‍
അറബികളെ ചുമന്നു . മുഹമ്മദ് അല്‍ മൂര്‍ തന്റെ കഥ തുടങ്ങുന്നതു
തന്നെ ആധുനികമാകാന്‍ ശ്രമിക്കുന്ന അറബ്‌ജീവിതം പാരമ്പര്യത്തെ അകാരണമായി
ഭയക്കുന്നതിന്റെ സൂചനകളിലൂടെയാണ്.
"നടുമുറ്റത്തിന്റെ പടി കടന്നുള്ള അബ്‌ദുള്ളയുടെ വരവു കണ്ട് കെട്ടിയവളുടെ
കയ്യിലിരുന്ന റേഡിയോ താഴെ വീണു. ഭര്‍ത്താവിന്റെ കൈയ്യിലിരുന്ന കയറിന്റെ
അറ്റത്തുള്ള ജന്തുവിനെ നോക്കി അവള്‍ അന്തം വിട്ടു നിന്നു..'
തെരുവിലേക്ക് വലിച്ചെറിയുന്ന പാരമ്പര്യത്തിന് പിന്നാലെ യഥാര്‍ത്ഥ ജീവിതം
തന്നെ തെരുവിലെത്തുന്നു. സമകാലിക അറബ്‌ജീവിതം ആധുനിക അങ്ങാടികളിലെ
ജീവിതമാണ്. അവിടെ പെപ്‌സി കുടിക്കുന്ന ഒട്ടകം സവിശേഷമായ കരുത്തുള്ള
പരിഹാസത്തിന്റെ ഒരു ബിംബവും. തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോഴും അത്
പന്തയക്കിനാവുകളാല്‍ പ്രലോഭിക്കപ്പെടും. പെപ്‌സിയുടെ, കോളയുടെ ഓരോ
തകരപ്പാത്രവും ഒരു സമ്മാനം വച്ചുനീട്ടുന്ന പോലെ, മൂടി തുറക്കുമ്പോള്‍ 'Try
again' എന്ന് നിര്‍ദ്ദേശിക്കുന്നതു പോലെ.
അറബ് നാഗരങ്ങള്‍ വിദേശകാറുകളുടെ സഞ്ചരിക്കുന്ന പ്രദര്‍ശനശാലയാണ്, അറബിയും
ഒട്ടകവും അവരുടെ ജീവിതതാളം, പഴയവേഗങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍
- ഈ ഇറക്കുമതിച്ചരക്കുകളുടെ പുതിയവേഗം അതിനെ ഇടിച്ചുതെറിപ്പിക്കുന്നു,
മുറിവുകളുണങ്ങുമ്പോള്‍ അറബിയും ഒട്ടകവും ഒന്നിച്ചു മുടന്തിവരുന്നു...

പെപ്‌സി എന്ന പരിഹാസപ്പേര്, പറ്റിക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനി, ഇടിച്ച്
തെറിപ്പിച്ച് നിര്‍ത്താതെ പോകുന്ന അമേരിക്കന്‍ നിര്‍മ്മിത കാര്‍ ഇങ്ങനെ
ചില സൂചനകള്‍ ഇല്ലായിരുന്നെങ്കില്‍ ആയിരത്തൊന്നു രാവുകളില്‍ പറഞ്ഞ ഒരു
കഥയായേ ഇതു തോന്നൂ. അത്രയ്ക്ക് നാടന്‍ മട്ടില്‍ ഒഴുക്കുള്ള ഒരാഖ്യാനമാണ്
മുഹമ്മദ് അല്‍ മൂറിന്റേത്. ജലത്തെ വില്‍പനച്ചരക്ക് ആക്കുന്നതിനെതിരേ
പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്നതിനു മുമ്പ്, തീറ്റപ്പണ്ടങ്ങളെ
മുന്നിര്‍ത്തിയുള്ള കടന്നുകയറ്റം ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങുന്നതിനും
വളരെ മുമ്പ് എഴുതപ്പെട്ട ഒരു കഥ എന്ന നിലയിലാണ് 'പെപ്‌സി' ഏറെ
ശ്രദ്ധേയമാകുന്നത്. വേനലും ദാഹവും കടുത്തതാകയാല്‍ മരുഭൂമി
വെള്ളക്കച്ചവടത്തെ പെട്ടെന്ന് തിരിച്ചറിയുന്നതാകാം.
കറുപ്പ് പടരുന്ന ചുവപ്പില്‍, മേശമേല്‍, യുദ്ധം കൈകാലുകള്‍ ഛേദിച്ച
കുട്ടിയുടെ ചിത്രമുള്ള പത്രത്തിനു മുകളില്‍ ഇരിക്കുന്ന പെപ്‌സി കുപ്പി-
ഭാഗ്യനാഥന്റെ ഈ പെയിന്റിംഗ് ലോകത്തിലെ ഏത് മ്യൂസിയത്തിലും ഏത്
ഗാലറിയിലും കാണികള്‍ നോക്കി നില്‍ക്കും. കാരണം അത് ലോകത്തോട്
രാഷ്ട്രീയമായി സംസാരിക്കുന്നു, നിറങ്ങള്‍ കൊണ്ട്.
നാം കോളയെ, പെപ്‌സിയെ എതിര്‍ക്കുന്നു.എന്നാല്‍ അതിനുകൂട്ടുനില്‍ക്കുന്ന
മാദ്ധ്യമങ്ങളെ കുറ്റവിമുക്തരാക്കുന്നു. ബഹുരാഷ്ട്രകുത്തകകളിലൂടെ നടക്കുന്ന
കടന്നുകയറ്റത്തെ നവമാധ്യമവ്യവസായം പിന്തുണയ്ക്കുന്നതിനെ,
താങ്ങിനിര്‍ത്തുന്നതിനെ, ഭാഗ്യനാഥന്റെ പെയിന്റിംഗ് അടയാളപ്പെടുത്തുന്നു.
മാധ്യമത്തിന്റെ ഉള്ളടക്കം അധിനിവേശത്തിന്റെ യുദ്ധഭീകരതയാണ്. എന്നാല്‍ ആ
ഉള്ളടക്കത്തിലും അത് പെപ്‌സി പോലെ വില്‍ക്കാന്‍ വച്ച മറ്റൊന്നാണെന്ന്
വെളിപ്പെടുന്നു. കച്ചവടത്തിനപ്പുറം മറ്റു ധാര്‍മ്മികതകള്‍ കയ്യൊഴിഞ്ഞ്
രഹസ്യമായൊരു അജണ്ട പിന്തുടരുന്നു.

ആഗസ്റ്റ് 11ലെ മനോരമയിലെ 'കോളകളില്ലാത്ത കേരളം' എന്ന എഡിറ്റോറിയലിലെ ഈ
വരികള്‍ക്ക് ആ അജണ്ടയുണ്ട്.
'വിളകളുടെ സംരക്ഷണത്തിനായി വന്‍ തോതില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നതുമൂലം
ഭൂഗര്‍ഭജലം അപകടകാരിയായി എന്നതില്‍ സംശയമില്ല. കരിമ്പുകൃഷിയിലും വന്‍
തോതില്‍ രാസവള കീടനാശിനി പ്രയോഗമുള്ളതിനാല്‍ പഞ്ചസാരയും സുരക്ഷിതമാണോയെന്ന
ചോദ്യം ഉയരുന്നുണ്ട്. വെള്ളവും പഞ്ചസാരയുമാണ് കോളയിലെ പ്രധാന ഘടകങ്ങള്‍.
ഈ പാനീയത്തിന് ലോകമെങ്ങും അരാധകരെ നേടിക്കൊടുത്തത് കമ്പനികളുടെ
വിപണനവൈദഗ്ദ്ധ്യം ഒന്നു തന്നെ..'
കോളയായാലും പത്രമായാലും ഈ വിപണനവൈദഗ്ദ്ധ്യം കടത്തിണ്ണയില്‍ നിന്ന്
കുപ്പത്തൊട്ടിയിലേക്ക് അതിന്റെ വഴികാണുമെന്ന് പ്രത്യാശിക്കാം.
comments