"ഫാസിസം ജനങ്ങളെ സംസാരിക്കുന്നതില്‍ നിന്ന്
വിലക്കുന്നില്ല മറിച്ച് സംസാരിക്കാന്‍ കടപ്പാടുള്ളവരാക്കുകയാണ്.
നൂറ്റാണ്ടുകളായി എഴുത്തുകാര്‍ക്ക് ഈ രണ്ടറ്റങ്ങളോടും മല്ലടിക്കേണ്ടി
വന്നിട്ടുണ്ട്, സംസാരിക്കാനുള്ള വിലക്കിനോടും സംസാരിച്ചുകൊണ്ടിരിക്കാനുള്ള
ബാധ്യതയോടും" (അലിയ മംദൂഹ് - ഇറാഖി നോവലിസ്റ്റ്)
ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയില്‍ ജനാധിപത്യത്തെ ഫലപ്രദമാക്കുന്നതില്‍
സംസ്കാരത്തിന്റെ ജനാധിപത്യവല്‍കരണത്തിന് നിര്‍ണ്ണായക പങ്കുണ്ട് .
ഭരണത്തിന്റെ അര നൂറ്റാണ്ട് പിന്നിട്ടിട്ടും കേരളീയ സാമൂഹികാനുഭവത്തില്‍
ജനാധിപത്യം അവികസിതവും അപൂര്‍ണ്ണവുമായി തുടരുന്നതിന് നിരവധി
കാരണങ്ങളുണ്ട്. അതില്‍ പ്രധാനം ജനാധിപത്യസംസ്കാരത്തെ പ്രതിഫലിപ്പിക്കാത്ത
നമ്മുടെ ഭാഷയാണ്. എന്തും 'രാജകീയമായി' എന്നു പറയുന്ന മലയാളി മനസ്സുകൊണ്ട്
മറ്റൊരുവ്യവസ്ഥയിലാകും അത് പറയുന്ന നേരത്തെങ്കിലും. ജനപ്രതിനിധിക്ക്
കിരീടവും വാളും കൊടുത്ത് സ്വീകരിക്കുന്ന നേരത്ത് നാം പൊരുതി തോല്‍പിച്ച
വ്യവസ്ഥയുടെ അടയാളങ്ങളെ എഴുന്നള്ളിക്കുന്ന ഉച്ചക്കിറുക്കരാകും.
പൊതുവ്യവഹാരങ്ങളില്‍ വന്നു നിറയുന്ന ജനാധിപത്യവിരുദ്ധമായ
പദാവലികളെക്കുറിച്ച് ആനന്ദ് എഴുതിയ ഒരു ലേഖനം 'ഇടതുകോട്ടയും
വലതുകോട്ടയും' ചെന്നുമുട്ടുന്ന രാജവാഴ്ചക്കാലത്തിലേക്ക് വിരല്‍ചൂണ്ടി
നിന്നു. കാലം കൃത്യമായ ഭാഷ കണ്ടെത്തുന്നതിലൂടെ മാത്രമേ വികസിത
ജനാധിപത്യത്തിലേക്ക് കേരളീയ സമൂഹത്തിന് മുന്നേറാനാവൂ.
അധികാരം , അറിവ് , സമ്പത്ത് തുടങ്ങിയവയുടെ പിന്‍ബലമുള്ള മനുഷ്യര്‍
നിത്യവ്യവഹാരങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കുന്ന ഏകാധിപത്യത്തിന്റെ ഭാഷ
ഗൗരവമുള്ളൊരു പ്രശ്നമാണ്. മാന്യമായി സംസാരിക്കാന്‍ അറിയാത്തതിന്റെ,
പ്രതിപക്ഷ ബഹുമാനം ഇല്ലാത്തതിന്റെ അഹന്തയും അല്‍പത്തവും
കൂടിക്കുഴയുന്നതിന്റെ , നല്ലവാക്കോതുവാന്‍ ത്രാണിയില്ലാത്തതിന്റെ , ഇങ്ങനെ
തീര്‍ത്തും ഒരാളുടെ വ്യക്തിപരമായ വൈകല്യങ്ങളുടെ കുഴപ്പങ്ങള്‍ എന്നതിനപ്പുറം
ഇത് കൃത്യമായും ആഴത്തിലുള്ള ഒരു രാഷ്ട്രീയ പ്രശ്നമാണെന്ന് ഇന്ന് കേരളീയ
സമൂഹം തിരിച്ചറിയുന്നുണ്ട്. കേരളത്തിന്റെ സഹകരണദേവസ്വം വകുപ്പ് മന്ത്രി
സുധാകരന്‍ കെ.ആര്‍ ഗൗരിയമ്മയുടെയും സാറാ ജോസഫിന്റേയും ചില അഭിപ്രായങ്ങളോട്
അരാഷ്ട്രീയഭാഷയില്‍ പ്രതികരിക്കുമ്പോള്‍ തെളിയുന്നത് ജനാധിപത്യവിരുദ്ധമായ
ഈ വഴിയാണ്.
വ്യത്യസ്തവും വിരുദ്ധവുമായ അഭിപ്രായങ്ങള്‍ ജനാധിപത്യവ്യവസ്ഥയുടെ
അടിസ്ഥാനസ്വഭാവമാണ്. എതിരഭിപ്രായങ്ങളോടുള്ള സഹിഷ്ണുത എന്നതിലെ 'സഹിഷ്ണുത'
എന്ന വാക്ക് പോലും ജനാധിപത്യത്തെ ഉള്‍ക്കൊള്ളാത്തതില്‍ നിന്ന്
ജന്മമെടുക്കുന്ന ഒന്നാണ്. എതിരഭിപ്രായങ്ങളാണ് ജനാധിപത്യത്തിന്റെ ജീവന്‍.
വിശുദ്ധവാക്യങ്ങളും , ആമേന്‍ , ആമേന്‍ (അപ്രകാരമാവട്ടെ) എന്ന ഏറ്റു
പറച്ചിലും മതാത്മകമാണ്. മതാത്മക കാലത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ
രാഷ്ട്രീയവ്യവസ്ഥയിലേക്ക് ലോകം സഞ്ചരിച്ച ദൂരം ആലപ്പുഴയിലേ പ്രസ്
ക്ലബ്ബിലിരുന്ന് മലയാളിയുടെ ഒരു ജനപ്രതിനിധിക്ക് റദ്ദു ചെയ്യാവുന്ന
ഒന്നല്ല.
പ്രസംഗവും പ്രസ്താവനയുമാണ് രാഷ്ട്രീയമെന്ന് കേരളത്തിലെ മാധ്യമലോകം
തെറ്റിദ്ധരിപ്പിക്കുന്നതുകൊണ്ടാണ് നമ്മുടെ മന്ത്രിമാര്‍ പ്രസ്
ക്ലബ്ബുകളില്‍ അന്തിയുറങ്ങുന്നത്. പ്രസ്താവനയും മറുപ്രസ്താവനയുമാണ്
രാഷ്ട്രീയമെന്ന് വിശ്വസിച്ചവരുടെ വായ്‌നാറ്റം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ
ശ്വാസം മുട്ടിച്ചപ്പോഴാണ് ഭരണമാറ്റമുണ്ടായത് , 2001-ല്‍ തോറ്റ സുധാകരന്‍
2006-ല്‍ ജനപ്രതിനിധിയായതും.
അതികാലത്ത് പത്രം വായിച്ച് രാഷ്ട്രീയം ചര്‍ച്ച ചെയ്ത സാധാരണ മനുഷ്യരുടെ
ഒരു തലമുറ , അവര്‍ ഇരുന്ന മരബെഞ്ചുകള്‍, ആ ചായക്കടകള്‍, രാഷ്ട്രീയം
പറയരുതെന്ന് കരിക്കട്ട കൊണ്ടെഴുതിയ ആ
വിലക്കുള്‍പ്പെടെ ഇന്നില്ലാതായി. ആ തലമുറ മണ്മറഞ്ഞു, ആ കേരളീയഗ്രാമങ്ങളും.
സംസാരിക്കാനുള്ള പ്രാപ്തി താരതമ്യേന കുറവായിരുന്ന ഒരു കാലത്ത്
'സംസാരിക്കുക' എന്നതിന് ഒരു പുരോഗമന സ്വഭാവമുണ്ടായിരുന്നു.
പ്രവര്‍ത്തിക്കാനുള്ള കാര്യശേഷി കുറഞ്ഞ ഈ കാലത്തിന് രാഷ്ട്രീയം എന്നാല്‍
പ്രവര്‍ത്തനമാണ്. ഇന്ന് കേരളം പ്രവൃത്തിയുടെ രാഷ്ട്രീയത്തിലേക്ക്
നോക്കുന്നു. ആ നോട്ടത്തില്‍ സുധാകരന്‍ ആനകളുടെ സുഖചികില്‍സ ഉത്ഘാടനം
ചെയ്യുന്ന ഒരു മന്ത്രി- ഒരു മൃഗഡോക്ടറോ ഒരു മൂത്ത പാപ്പാനോ ചെയ്യേണ്ട ഒരു
കാര്യം. പരസ്യജീവിതത്തിനായി ഏതു ഷോയും നടത്തുന്ന എന്തും പറയുന്ന ഒരു
ജനപ്രതിനിധിയെ ആധുനിക കേരളത്തിന് ആവശ്യമില്ല. മന്ത്രി സുധാകരന്‍
കേരളത്തിന്റെ അധികാരിയല്ല.
ജനം നിയോഗിച്ച താല്‍ക്കാലിക
ചുമതലക്കാരന്‍ മാത്രമാണ്.
ഇതുവരെ കണ്ട കളിയില്‍
ജനാധിപത്യകേരളം
അദ്ദേഹത്തിന്റെ പേരില്‍
മഞ്ഞക്കാര്‍ഡുയര്‍ത്തുന്നു.
പുതിയ സര്‍ക്കാരിന്റെ
പുതിയ ബാദ്ധ്യത എന്ന പദവി
അദ്ദേഹം വിട്ടൊഴിയും എന്ന്
പ്രത്യാശിക്കാം.
comments