കഴിഞ്ഞലക്കം
തുടര്‍ച്ച..
മുഖം മൂടി ഇപ്പോള്‍ അവരുടെ വീട്ടില്‍
ഇല്ലെന്ന് താര പറഞ്ഞു. ജോസഫിന് അപകടം പറ്റിയതിനുശേഷം ചര്‍ച്ചില്‍ നിന്ന്
വീട് സന്ദര്‍ശിക്കാന്‍ വന്ന പുരോഹിതനും സംഘവും വീടു മുഴുവനും പരിശോധിച്ച്
ആ മുഖം മൂടി കണ്ടുപിടിച്ചിരുന്നു. അവര്‍ തിരിച്ചു പോയപ്പോള്‍ ആ മുഖം
മൂടിയും ഒപ്പം കൊണ്ടുപോയി.
ലൈഫ് സപ്പോര്‍ട്ടിംഗ് മെഷീനുകളുടെ സഹായത്തിലായിരുന്നു ജോസഫ്
ജീവിച്ചിരുന്നത്. ആ നില ഒരാഴ്‌ച കൂടി തുടര്‍ന്നു. ഒരു സന്ധ്യക്ക് ജോസഫ്
മരിച്ചു.
ജോസഫ് മരിച്ച് കുറച്ച് ദിവസത്തേക്ക് എന്റെ ബോധത്തില്‍ മരിച്ചത് ഞാനും
അനാഥയായത് എന്റെ മകളുമായി മാറി. താരയും അമ്മയും ഇനി മുന്നോട്ടെങ്ങനെ
ജീവിക്കും എന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ മരണവീട്ടില്‍ ഞാന്‍ കണ്ടത് ഒരൊറ്റ
ദിവസം കൊണ്ട് പ്രായപൂര്‍ത്തിയായ താരയെയാണ്. ജീവിതത്തിന്റെ പാതിവഴിയില്‍
തനിച്ചായിപ്പോയതില്‍ പകച്ച് തളര്‍ന്ന് കിടക്കുന്ന അമ്മയെ അവള്‍ ഓരോന്നു
പറഞ്ഞ് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
താര പിന്നീട് ക്ലാസ്സില്‍ വന്നിട്ടില്ലെന്ന് മകള്‍ പരഞ്ഞു. അവരുടെ
സഹായത്തിന് നാട്ടില്‍ നിന്ന് ജോസഫിന്റെ സഹോദരി വന്നിട്ടുണ്ടെന്നറിഞ്ഞു.
ആശുപത്രിയില്‍ നിന്നും പെട്ടിയിലടച്ച ജോസഫിന്റെ മൃതശരീരം വിട്ടുകിട്ടിയ
ദിവസം അവര്‍ നാട്ടിലേക്ക് പുറപ്പെട്ടു.
അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞ് അവളും അമ്മയും തിരിച്ചുവരുമെന്ന്
വിമാനത്താവളത്തില്‍ വെച്ച് താര പറഞ്ഞു. ഭാവിജീവിതം തിരിച്ചുവന്നിട്ട്
തീരുമാനിക്കും.
ദിവസങ്ങള്‍ കടന്നു പോയി. താരയും അമ്മയും പിന്നീടൊരിക്കലും
മസ്ക്കറ്റിലേക്ക് തിരിച്ചു വന്നില്ല.
ചര്‍ച്ചിലെ ആളുകള്‍ സ്കൂളില്‍ നിന്നും അവളുടെ T.C. വാങ്ങിച്ചു എന്നും
വീട്ടുസാധനങ്ങള്‍ പായ്ക്കു ചെയ്ത് നാട്ടിലേക്ക് അയച്ചു എന്നും അറിഞ്ഞു.
ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി ദിവസങ്ങള്‍ വീണ്ടും പലതും കടന്നു പോയി.
-താരയും അമ്മയും എവിടെയാണ്?
- പത്താം ക്ലാസ്സിന്റെ ഈ അവസാനഘട്ടത്തില്‍ താരക്ക് ഏതു സ്കൂളില്‍
അഡ്മിഷന്‍ കിട്ടി?
- അവര്‍ എങ്ങനെ ജീവിക്കുന്നു?
-അവര്‍ മസ്ക്കറ്റിലേക്ക് തിരിച്ചുവരാതിരുന്നതെന്തുകൊണ്ട്?

പ്രിയപ്പെട്ട കൂട്ടുകാരി ഒരു യാത്രപോലും പറയാതെ പോയതില്‍, ഒരു കത്തു പോലും
അയക്കാതിരുന്നതില്‍ മകള്‍ വേദനിച്ചു.
- അവള്‍ക്ക് എന്റെ ഇ മെയില്‍ ഐ.ഡി. അറിയാം. മെയിലയക്കാതിരിക്കില്ല.
താരക്ക് ദിവസവും മെയിലയച്ച് അവള്‍ കത്തിരുന്നു.
മാസങ്ങള്‍ കഴിഞ്ഞിട്ടും താരയുടെ മറുപടിയൊന്നും വന്നില്ല. താര
കൂട്ടുകാരിയോട് പിണങ്ങിയിട്ടുണ്ടാവുമെന്ന് എനിക്കു തോന്നി.
ഒരുമിച്ച് കരഞ്ഞ്, ഒരേ ക്ലാസ്സില്‍ പഠിച്ച്, ഒരുമിച്ച്
പ്രോജക്റ്റ്‌വര്‍ക്കുകള്‍ ചെയ്ത് ഒരുമിച്ച് വളര്‍ന്ന് വലുതായ രണ്ടു
പെണ്‍കുട്ടികള്‍ എന്റെ മനസിലുണ്ട്. കൗമാരത്തിന്റെ രഹസ്യങ്ങളുമായി
മേശപ്പുറത്ത് കൈമുട്ടുകളൂന്നി, കണ്ണുകളില്‍ നോക്കി, ഒന്നും
സംസാരിക്കാതെ,എന്നാല്‍ ഹൃദയം വറ്റുവോളം പരസ്പരം സ്വപ്നം കണ്ട്
ഇരുന്നിരുന്ന അവര്‍ക്കിടയിലൂടെ കാലം പതഞ്ഞു കുത്തിയൊഴുകുന്നത് നോക്കി
ഞാന്‍ ആനന്ദിച്ചിരുന്നു.
പത്തിലെ പരീക്ഷക്കാലത്തും താരയുടെ ഓര്‍മ്മ മകളെ അലട്ടി.
പരീക്ഷ കഴിഞ്ഞ് അവധിക്ക് നാട്ടില്‍ പോയപ്പോള്‍ വീട്ടിലുണ്ടായിരുന്ന പഴയ
ഒരു നമ്പറില്‍ മകള്‍ കൂട്ടുകാരിക്ക് ടെലഫോണ്‍ ചെയ്തു. താരയുടെ
അമ്മായിയാണ് ടെലഫോണ്‍ എടുത്തത്. അവര്‍ പരുഷമായാണ് സംസാരിച്ചത്. താരയും
അമ്മയും ചെന്നൈയിലാണ് താമസമെന്നു മാത്രം പറഞ്ഞു. കൂടുതലൊന്നും അറിയില്ല.
അവിടുത്തെ വിലാസമോ ടെലഫോണ്‍ നമ്പറോ ഒന്നും അറിയില്ല.
പത്തിലെ റിസള്‍ട്ട് വന്നപ്പോഴും ഞങ്ങള്‍ താരയെ ഓര്‍ത്തു. പഠിക്കാന്‍
മിടുക്കിയായിരുന്ന അവള്‍ക്ക് ഓരോ വിഷയത്തിനും എത്ര മാര്‍ക്ക്
കിട്ടിയിട്ടുണ്ടാവും?
അഥവാ അവള്‍ക്ക് പരീക്ഷ എഴുതാന്‍ തന്നെ കഴിഞ്ഞിട്ടുണ്ടാവുമോ?
ഞങ്ങള്‍ പല പരിചയക്കാരോടും അന്വേഷിച്ചെങ്കിലും ആര്‍ക്കും അവരുടെ വിവരങ്ങള്‍
അറിയില്ലായിരുന്നു. താരയും അമ്മയും ഭൂമിയിലെ മനുഷ്യമഹാസമുദ്രത്തില്‍
എവിടെയോ ആണ്ടു പോയി എന്ന് ഞങ്ങള്‍ കരുതി.
മകള്‍ പ്രതീക്ഷ കൈവിടാതെ അപ്പോഴും കൂട്ടുകാരിയുടെ മെയിലിനായി കാത്തിരുന്നു.
- അവളെ എനിക്കറിയില്ലേ.. മടിച്ചിയാണ്.. ഒടുക്കം ഒരു നൂറ്
എക്സ്‌ക്യൂസുകളാവും അവള്‍ക്ക് പറയാനുണ്ടാവുക.
മകള്‍ കാത്തിരുന്നു.
സ്കൂള്‍ വെക്കേഷന്‍
അവസാനിച്ചിരുന്നില്ല.

ഒരു സന്ധ്യക്ക് കമ്പ്യൂട്ടറിന്റെ
മുന്നിലിരിക്കുന്ന മകളുടെ കണ്ണില്‍ ഉരുകിയ വെള്ളി പോലെ കണ്ണീര്‍
നിറയുന്നത് ഞാന്‍ കണ്ടു. കണ്ണീരിന്റെ വെള്ളി രേഖകള്‍ അവളുടെ
ഇരുകവിളുകളിലൂടെയും ഒലിച്ചിറങ്ങുന്നു.
-അച്ഛാ..
സന്തോഷം അടക്കാനാവാതെ അവള്‍ വിളിച്ചു.
-താരയുടെ മെയില്‍ വന്നിരിക്കുന്നു.
ഞാനും മകളും കൂടി താരയുടെ ദീര്‍ഘമായ ഇ മെയില്‍ വായിച്ചു:
-അച്ഛന്റെ മൃതദേഹവുമായി നാട്ടിലെത്തിയതിനുശേഷം അവര്‍ക്ക്
കഷ്ടപ്പാടുകളായിരുന്നു. അമ്മയുടെ ശ്രദ്ധക്കുറവുകൊണ്ടാണ് അച്ഛന്‍
മരിച്ചതെന്ന് അച്ഛന്റെ വീട്ടുകാര്‍ ആരോപിച്ചു. അവര്‍ അമ്മക്കെതിരെ കേസ്
കൊടുക്കുമെന്നു വരെ പറഞ്ഞു. അവര്‍ പിന്നെ നാട്ടില്‍ നിന്നില്ല. ചെന്നൈയില്‍
അമ്മയുടെ അനിയത്തിയുടെ അടുത്തേക്ക് പോയി. വളരെ ബുദ്ധിമുട്ടിയതിനു ശേഷമാണ്
അവള്‍ക്ക് സ്കൂള്‍ അഡ്മിഷന്‍ കിട്ടിയത്. പുതിയ സ്കൂളൂം പഠനരീതികളും
സിലബസും.. പരീക്ഷ എഴുതാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല.
റിസള്‍ട്ട് വന്നപ്പോള്‍ വലിയ മാര്‍ക്കൊന്നുമില്ല. എങ്കിലും പന്ത്രണ്ടു വരെ
ഈ സ്കൂളില്‍ തന്നെ പഠിക്കാം. അവള്‍ എന്റ്രന്‍സ് കോച്ചിംഗിനു ചേര്‍ന്നു
കഴിഞ്ഞു.
അമ്മക്ക് ഒരു ചെറിയ ജോലി കിട്ടിയിട്ടുണ്ട്. ചെന്നൈയില്‍ ജീവിതച്ചിലവ്
വളരെ കൂടുതലാണ്. നാട്ടില്‍ അച്ഛന്‍ പണിയിച്ച വീട്ടില്‍ ഇപ്പോള്‍
അമ്മായിയും കുടുംബവുമാണ് താമസിക്കുന്നത്. അവര്‍ മാറിത്തരുന്നില്ല. കേസിനു
പോകാനൊന്നും അമ്മ തയ്യാറാവുന്നില്ല.
അങ്കിളിനേയും ആന്റിയേയും സ്കൂളിലെ അദ്ധ്യാപകരേയും അവരുടെ എല്ലാ
കൂട്ടുകാരേയും അവള്‍ അന്വേഷിച്ചിരിക്കുന്നു.
ശിരസ്സില്‍ കണ്ണീരിന്റെ വെള്ളി ഉരുകിക്കൊണ്ടിരിക്കേ ഞാന്‍ അവസാനത്തെ
വരികള്‍ വായിച്ചു:
- നീ തന്ന മുഖം മൂടി ഇപ്പോഴും എന്റെ കൈയ്യിലുണ്ട്. ഭാഗ്യം അത്
നഷ്ടപ്പെട്ടില്ല. ചര്‍ച്ചിലെ ആളുകള്‍ ഞങ്ങളുടെ സാധനങ്ങള്‍ പായ്ക്ക്
ചെയ്തയച്ച കൂട്ടത്തില്‍ ആ മുഖം മൂടിയുമുണ്ടായിരുന്നു.
comments