കവിത

എന്റെ സ്വാതന്ത്ര്യം

ഫത്വ തൂക്കാന്‍(പലസ്തീന്‍)
 

 



 


സ്വാതന്ത്ര്യം
എന്റെ സ്വാതന്ത്ര്യം
രോഷം കനത്ത നാവില്‍
ഇത്‌ പ്രതിധ്വനിച്ചുകൊണ്ടിരുന്നു

വെടിയുണ്ടകളുടെ മഴയ്ക്കു കീഴില്‍
തീജ്വാലകള്‍ക്കിടയില്‍
രാത്രിയേയും
ചങ്ങലകളുടെ ഭാരത്തേയും
ഞാന്‍ അതിജീവിച്ചു
ക്ഷോഭത്തിന്റെ വേലിയേറ്റത്തിനു മീതെ

സ്വാതന്ത്ര്യം എന്റെ സ്വാതന്ത്ര്യം
ഞാനീ വാക്കുകള്‍
ഭൂമിയില്‍ കൊത്തി വെയ്ക്കും
കിഴക്കന്‍ മെഡിറ്ററേനിയന്‍ തീരത്തെ
ഓരോ വീടും ആ ഉളിയൊച്ച കേള്‍ക്കും

കന്യകയുടെ ക്ഷേത്രത്തില്‍
വിശുദ്ധ അള്‍ത്താരയില്‍
ഉഴവുചാലുകളില്‍
കുന്നിന്‍ മുകളില്‍
താഴ്‌വരയിലെ തെരുവ്‌മൂലകളില്‍
തടവറയ്‌ക്കുള്ളിലെ
പീഢനമുറികളിലും.



കൈവിലങ്ങ്‌ വകവെക്കാതെ
എന്റെ കഴുമരത്തിലും
ഞാനീ വാക്കുകള്‍ കൊത്തി വെയ്ക്കും
സ്വാതന്ത്ര്യം
എന്റെ സ്വാതന്ത്ര്യം

ഇത്‌
തീപ്പൊരിയായി
എന്റെ മാതൃഭൂമിയുടെ
ഓരോ ഇഞ്ചിലും പടരട്ടെ
കുഴിമാടങ്ങളില്‍ പോലും

മൂടല്‍മഞ്ഞിനെ തുടച്ചുനീക്കി
ഇരുട്ടില്‍ മിന്നലായി
ഓരോ വാതിലിലും മുട്ടുന്ന
ഒരു ചുവന്ന സ്വതന്ത്ര്യം
ഒരു പക്ഷേ
ഞാന്‍ കണ്ടേക്കാം.


 



comments