മാനുഷിക യാഥാര്‍ത്ഥ്യങ്ങളെ അപകടപ്പെടുത്തുകയും അറബ് ലോകത്തെതന്നെ
ഇല്ലാതാക്കാന്‍ ഒരുപാട് സംഭാവനങ്ങള്‍ നല്‍കികൊണ്ടിരിക്കുകയും ചെയ്യുന്ന
വഴിതെറ്റിയ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും വിടുതല്‍ നേടിയ ആത്യന്തികമായ
സത്യത്തെക്കുറിച്ചുള്ള അന്വേഷണമാണ് ആലിയാ മംദൂഹിന്റെ രചനകളുടെ വഴി
നിര്‍ണ്ണയിക്കുന്നത്. അവ ബാഹ്യതലത്തില്‍ പരുക്കനും അക്രമണോല്‍സുകവും
ഭോഗാലസവുമാണ് എന്നാല്‍ മനുഷ്യരാശിയെ ഒരുപോലെ ബാധിക്കുന്ന
പ്രശ്നങ്ങളെക്കുറിച്ചാണ് അവര്‍ക്ക് ഉല്‍കണ്ഠ. ബാഗ്‌ദാദ് മുതല്‍ പാരീസ്
വരെ, നിരവധി അറബ് രാജ്യങ്ങളിലും പാശ്ചാത്യനഗരങ്ങളിലും ജീവിച്ചിട്ടുള്ള
അവര്‍ക്ക്, തന്റെ പ്രവര്‍ത്തനങ്ങളെ ഒരു സാംസ്കാരിക പ്രവര്‍ത്തക എന്ന
നിലക്ക് ഓര്‍മ്മിക്കപ്പെടാനാണ് ഇഷ്ടം. സ്വന്തം സര്‍ഗ്ഗാത്മകതയെ ചൂഷണം
ചെയ്യാന്‍ എല്ലായ്‌പോഴും കഠിനമായി യത്നിക്കേണ്ടി വന്നിട്ടുണ്ട് ആലിയക്ക്.
2001 മുതല്‍ പാരീസില്‍ താമസമാക്കിയിട്ടുള്ള ഇറാഖി എഴുത്തുകാരി ആലിയയുമായി
മോന ഷാലറ്റ് നടത്തിയ അഭിമുഖത്തിന്റെ പരിഭാഷയാണ് ചുവടെ. അറബ്
സാഹിത്യത്തിന്റെയും പൂര്‍വ്വ-പശ്ചിമ ബന്ധങ്ങളുടെയും അടുത്ത നിരീക്ഷിക
കൂടിയാണ് ആലിയ.

? ഇന്ദ്രിയപരതയുടെ എഴുത്തുകാരി എന്നു സ്വയം വിശേഷിപ്പിക്കാനാണല്ലോ ഇഷ്ടം.
താങ്കളുടെ കൃതികള്‍ വായിക്കുന്ന ആര്‍ക്കും ഈയൊരു പ്രത്യേകത ശരിയാണെന്ന്
ബോദ്ധ്യമാവുകയും ചെയ്യും. ബോധവും ഇന്ദ്രിയങ്ങളും തമ്മിലുള്ള കുഴമറിച്ചില്‍
താങ്കളുടെ കാര്യത്തില്‍, പലപ്പോഴും സംഭവിക്കുന്നുണ്ടോ?
= ഇന്ദ്രിയാനുഭൂതികള്‍ പിന്നീട് ശരിയാണെന്ന് തെളിയിക്കാന്‍ തരത്തിലുള്ള
സിദ്ധാന്തങ്ങലൊന്നുമില്ല. സംവേദിയായിരിക്കുക എന്നത് കാവ്യാത്മകമായ
അസ്തിത്വത്തിന്റെ ഒരു വഴിയാണ്.അതൊരു ഭാഷ കൂടിയാണ്, നാവാണ്,
പരസ്പരാഭിമുഖ്യമില്ലാതെ സംസ്കാരങ്ങളുടെ ഏകോപനത്തിലുള്ള സ്വാതന്ത്ര്യമാണ്.
സന്തതിയുല്‍പാദനത്തില്‍ പ്രധാന പങ്കുണ്ടെങ്കില്‍ കൂടി, ഞാന്‍ അതിസാധാരണമായ
ലൈംഗികതയെക്കുറിച്ചല്ല പറയുന്നത്. ഇന്ദ്രിയബോധത്തിനനുസരിച്ച്
എഴുതുകയെന്നാല്‍ രചന നിര്‍വ്വഹിക്കുന്ന പല രീതികളില്‍ ഒന്നെന്ന് മാത്രമേ
ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ഇസ്ലാമിക സംസ്കാരത്തിലൂടെ കടന്നുവന്ന അറബ്
സാഹിത്യം പദ്യത്തിലും ഗദ്യത്തിലും, അഖ്യാനങ്ങളിലും കഥകളിലും
വിശകലനരീതികളിലും പല ചിഹ്നങ്ങളും ശൈലികളും സംഭാവന ചെയ്തിട്ടുണ്ട്.
പ്രധാനമായി, കിഴക്കുണ്ടായ മിസ്റ്റിസത്തില്‍. വിശുദ്ധവും ഭൗതികപരവുമായ
മേഖലകളില്‍ ആശയങ്ങളെ നിറം പിടിപ്പിക്കാനും അത് സഹായിച്ചിട്ടുണ്ട്.
സൗന്‌ദര്യ ശാസ്ത്രത്തിന്റെയും കാവ്യശാസ്ത്രത്തിന്റെയും പാരമ്പര്യത്തെ
നിര്‍മ്മിച്ചതും ആത്മീയ മൂല്യങ്ങളില്‍ ഭൗതികാശയങ്ങള്‍ നിറച്ചതും
ഈശോന്മുഖമായ ദിവ്യസ്നേഹം എന്ന സങ്കല്‍പത്തെ പ്രധാനമായും
ആധുനികവല്‍കരിച്ചതും ഇതേ ആശയങ്ങളാണ്. ഇവ മനസ്സിന്റെ നിഗൂഢ സ്ഥാനങ്ങളില്‍
എത്തിച്ചേരാനായി കാമവികാരത്തിന് ആവാഹനങ്ങള്‍ നടത്തി... ഈ
കാര്യങ്ങളൊക്കെയാണ് അറബിക്, ജൂത, ചൈനീസ്, ജപ്പാനീസ്, തുടങ്ങിയ
കിഴക്കിന്റെ സാഹിത്യങ്ങളുടെ മൗലികവും പുതുമ അവകാശപ്പെടുന്നതുമായ വശം.
? ശലഭഗോളങ്ങളിലും മറ്റു പലേടത്തും പിതാവ് അധികാരിയാവുകയും മറ്റ്
അംഗങ്ങള്‍ക്ക് വ്യക്തിപരമായ ഇടം കിട്ടാതിരിക്കുകയും ചെയ്യുന്ന
കുടുംബവൃത്തങ്ങളെക്കുറിച്ച് താങ്കള്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊന്നാണോ
ദേശീയതലത്തില്‍ തന്നെ, അധികാരവുമായി കലഹിക്കാന്‍ താങ്കളെ പ്രേരിപ്പിച്ചത്?
=ഒരര്‍ത്ഥത്തില്‍ അത് ശരിയാണ്.ബി.സി.അഞ്ചാം നൂറ്റാണ്ടില്‍ സിറക്യൂസില്‍
ജീവിച്ചിരുന്ന ഹൈറോന്‍ വളരെ ക്രൂരനായിരുന്നു. അയാള്‍ ആരേയും സംസാരിക്കാന്‍
വരെ അനുവദിച്ചില്ല. എന്തായാലും ഫാസിസം ജനങ്ങളെ സംസാരിക്കുന്നതില്‍ നിന്നു
വിലക്കുന്നില്ല. മറിച്ച് സംസാരിക്കാന്‍ കടപ്പാടുള്ളവരാക്കുകയാണ്.
നൂറ്റാണ്ടുകളായി എഴുത്തുകാര്‍ക്ക് ഈ രണ്ടു അറ്റങ്ങളോടും മല്ലടിക്കേണ്ടി
വന്നിട്ടുണ്ട്. സംസാരിക്കാനുള്ള വിലക്കിനോടും
സംസാരിച്ചുകൊണ്ടിരിക്കാനുള്ള ബാദ്ധ്യതയോടും. എന്റെ രാജ്യത്തെ ഒരു
രാഷ്ട്രീയപാര്‍ട്ടിയേയും ഞാന്‍ എതിര്‍ത്തിട്ടില്ല. എഴുത്ത് എന്റെ ഏറ്റവും
വലിയ മനസികാദ്ധ്വാനമാണ്. സത്യം ആര്‍ക്കും സ്വന്തമല്ല. അത് നമുക്കിടയില്‍
ചിതറിപ്പോയിരിക്കുന്നു.അതുകൊണ്ടാണ് കല സത്യത്തേക്കാള്‍ മൂല്യമുള്ളതായി
പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്.
? അറബ് എഴുത്തുകാര്‍ക്ക്, അവര്‍ എന്തെഴുതണം എന്നത്
പറഞ്ഞുവയ്ക്കപ്പെട്ടതാണെന്ന സത്യം ഒരു വശത്ത് നിലനില്‍ക്കുന്നുണ്ട്.
മറുവശത്ത് മനസ്സിലാക്കാനുള്ള ശ്രമമുണ്ടെങ്കില്‍പ്പോലും പാശ്ചാത്യ
രാജ്യങ്ങള്‍ അറബ്‌സംസ്കാരത്തെക്കുറിച്ച് തീര്‍ത്തും ഉപരിപ്ലവമായ
കാഴ്ചപ്പാടോടെ മുന്‍ ധാരണകളോടെയുള്ള വീക്ഷണവുമായി സംവദിക്കുന്ന കാര്യങ്ങള്‍
മാത്രമേ കേള്‍ക്കുകയുള്ളൂ എന്ന സത്യവുമുണ്ട്. ഈ രണ്ട്
യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയില്‍ അറബ്‌സാഹിത്യം ഞെരുങ്ങുകയാണ് എന്നാണ്
താങ്കള്‍ പറയുന്നത് എന്നു തോന്നുന്നു. കുറച്ചുകൂടി മെച്ചപ്പെട്ട
അവസ്ഥയുണ്ടാക്കാന്‍ താങ്കള്‍ എന്തു നിലപാടാണ് എടുക്കുക?
= ഈ ചോദ്യം ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നുണ്ട്. ഫ്രഞ്ച്,
ബ്രിട്ടീഷ് കോളനികളായി ഞങ്ങളുടെ സമൂഹം കഴിഞ്ഞുകൂടിയ രക്തരൂക്ഷിതമായ ഒരു
കാലഘട്ടത്തിലേക്ക്.പാശ്ചാത്യര്‍ക്ക്, ഭൂതകാലത്തില്‍ ഞങ്ങല്‍ക്ക് നേരെ
നടത്തിയ (ഇപ്പോഴും തുടരുന്ന) അക്രമങ്ങള്‍ അത്യാഹിതങ്ങളുടെ ഒരു മഹാപ്രളയം
തന്നെയുണ്ടാക്കിയിട്ടും രണ്ട് മുന്‍ കൊളോണിയല്‍ ശക്തികളുടെ സമ്പത്ത്
മുഴുവന്‍ കൈക്കലാക്കിവെച്ച വാഷിംഗ്‌ടണ്‍ ഭീമാകാരമായ കമ്പനികളിലൂടെയും
ആയിരക്കണക്കിന് സ്ഥലങ്ങളില്‍ ലോകമെമ്പാടുമായി പടര്‍ന്നുകിടക്കുന്ന
മിലിട്ടറി ബെയ്‌സുകളിലൂടെയും അണുവായുധങ്ങളുടെ കൂറ്റന്‍ ശേഖരങ്ങളിലൂടെയും
ലോകമേല്‍ക്കോയ്‌മയുടെ ശരിമാതൃകയായി തീര്‍ന്നു.
പാശ്ചാത്യര്‍ ഇപ്പോഴും അറബികളെയും അവരുടെ അഭിലാഷങ്ങളെയും മനസ്സിലാക്കാന്‍
അശക്തരാണ്. ഭാഷയിലും, മതത്തിലും, യുക്തിയിലും, ചിന്തയിലും, സ്വാതന്ത്ര്യം,
സത്യം, അന്തസ്സ്,കുടുംബം,സൗഹൃദം, ഉദാരത തുടങ്ങിയവയെക്കുറിച്ചുള്ള
സങ്കല്‍പ്പങ്ങളിലും നിലനില്‍ക്കുന്ന വ്യത്യസ്‌തതകള്‍ എപ്പോഴും
പാശ്ചാത്യ-അറബ് ലോകങ്ങള്‍ തമ്മിലുള്ള പരസ്‌പരധാരണയില്ലായ്‌മയിലേക്കാണ്
നയിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ധാരാളം അറബികളായ
ബുദ്ധിജീവികളും കലാകാരന്മാരും പാശ്ചാത്യകലകളെയും സാഹിത്യത്തെയും പഠിക്കാന്‍
തുടങ്ങി. ബാഗ്ദാദില്‍, കവിതകള്‍ ടി.എസ്. ഏലിയറ്റിന്റെ തരിശുനിലത്തില്‍
അവരുടേതിനു സമാനമായ സ്വരം കണ്ടെത്തുകയുണ്ടായി. ഫ്രാന്‍സില്‍ അറബ്
പാരമ്പര്യത്തില്‍ നിന്നും പ്രചോദനം കൊണ്ട ഫ്രഞ്ച് എഴുത്തുകാരുടെയും
കലാകാരന്മാരുടെയും രചനകളുടെ ശേഖരത്തില്‍ അറബ്-മുസ്ലിം സംസ്കാരം
ആവേശിച്ചിട്ടുണ്ട്. ടി.ഇ. ലോറന്‍സിനെ പോലെയുള്ള അറബ് രാജ്യങ്ങളില്‍
വീരനായകന്മാരായ വ്യക്തികളെ സൃഷ്ടിക്കുന്നതില്‍ കാണിക്കുന്ന
ഒച്ചപ്പാടുകളിലൂടെ ബ്രിട്ടീഷുാരും മറ്റൊരു രീതിയില്‍ കുറെയൊക്കെ താല്‍പര്യം
അരബികളില്‍ കാണിച്ചിട്ടുണ്ട്. അമേരിക്കക്കാര്‍ക്ക് എണ്ണയിലും
രാജ്യാന്തരകമ്പനികളിലൂടെ അത് വിറ്റഴിച്ച് ലാഭം കൊയ്യുന്നതിലും മാത്രമാണ്
നോട്ടം.

ദീര്‍ഘകാലമായി അറബ്പ്രദേശങ്ങളില്‍ തമസിക്കുന്ന പാശ്ചാത്യര്‍ പോലും അറബ്
സമൂഹങ്ങളില്‍ നിന്നു അകന്നു മാറി നില്‍ക്കുകയാണ് പതിവ്. അവര്‍ക്ക്
എയര്‍കണ്ടീഷന്‍ ചെയ്ത അവരുടെ വീടുകളുടെ മറയുണ്ട്. മുന്‍ ധാരണകളില്ലാതെ
ദേശവാസികളുമായി ഇടപഴകാനും ബന്ധം സ്ഥാപിക്കാനും അവര്‍ ഒന്നും
ചെയ്യാറില്ല.പാശ്ചാത്യര്‍ക്ക് അറബികളെക്കുറിച്ചുള്ളതിനേക്കാള്‍ വളരെ
വ്യക്തമായ കാഴ്ചപ്പാട് അറബികള്‍ക്ക് പടിഞ്ഞാറിനെപ്പറ്റിയുണ്ടെന്നാണ്
ദു:ഖകരവും വിരോധാഭാസവുമായ കാര്യം. ഒരു അറബ് എഴുത്തുകാരന്‍ ഒരിക്കല്‍
പറഞ്ഞു, പാശ്ചാത്യസ്വാധീനം നമ്മുടെ സമൂഹത്തില്‍ എത്രത്തോളമുണ്ടോ അത്രത്തോളം
നാം അതില്‍ നിന്ന് ഒഴുകിയകന്നു കൊണ്ടിരിക്കും. അവരുടെ ചിന്താരീതികള്‍,
വിശകലനമാതൃക, സാമ്പത്തികശാസ്ത്രം, പരീക്ഷണശാസ്ത്രം, സാഹിത്യസിദ്ധാന്തങ്ങള്‍
തുടങ്ങിയവയെല്ലാം ഇവിടെ പാശ്ചാത്യര്‍ അടിച്ചേല്‍പിച്ചു. പക്ഷേ അതൊരിക്കലും
ഞങ്ങളെ മനസ്സിലാക്കാനും ഒത്തുപോകാനുമുള്ള പുതിയ വഴികള്‍ കണ്ടെത്തിയില്ല.
പാശ്ചാത്യരുടെ കണ്ണില്‍ ഞങ്ങള്‍ പലവഴിക്ക് ഉപയോഗിക്കാവുന്ന വസ്തുക്കള്‍
മാത്രമാണ്. അവികസനത്തിന്റെ ഇരകള്‍ മാത്രമായി ചിലപ്പോള്‍ ഞങ്ങള്‍
നിരീക്ഷിക്കപ്പെട്ടു. മറ്റു ചിലപ്പോള്‍ ഭീകരരും തീവ്രവാദികളുമായ
കടന്നുകയറ്റക്കാരും.
ഈ നിലയില്‍ നിന്നു നോക്കുമ്പോള്‍ ഒരു സാംസ്കാരിക പാരമ്പര്യം
വ്യത്യസ്തങ്ങളായ പല ഘടകങ്ങളുടെ മിശ്രിതത്തെയാണ്
മൂര്‍ത്തവല്‍കരിക്കുന്നത്- അറബ്, പൗരസ്ത്യം, യൂറോപ്യന്‍ എന്നിങ്ങനെ.
ഇതാണ് പലപ്പോഴും മനുഷ്യസംസ്കാരത്തിലും സംഭവിച്ചത്. ശുദ്ധസംസ്കാരം എന്നു
വിളിക്കാവുന്ന ഒന്നും നിലവിലില്ല. അതുകൊണ്ടാണ് പുരാതനവും നവീനവുമായ അറബ്
സംസ്‌കൃതിയെ അന്വേഷിക്കാനുള്ള ഫ്രാന്‍സിന്റെ യത്‌നം പ്രത്യേകം
ശ്രദ്ധേയമാകുന്നത്. മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രഭവങ്ങളിലേക്കും
അതിന്റെ വളര്‍ച്ച, ആദിനിയമങ്ങള്‍ എന്നിവയിലേക്കും ചൂണ്ടുന്ന മനുഷ്യത്വപരമായ
ദൗത്യമാണത്.
എഴുപതുകളില്‍ തുടങ്ങി രണ്ട് പ്രസാധകര്‍- അകറ്റസ്‌സൂദും സിന്ദ്ബാദും -
അറബ് എഴുത്തുകാരുടെ തലമുറയെ ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍
നിര്‍ണ്ണായകമായ പങ്ക് വഹിച്ചു വരുന്നുണ്ട്. ഇപ്പോള്‍ അവരുടെ പ്രസാധന
ശേഷിയേയും കടന്ന് നില്‍ക്കുന്ന വിധത്തില്‍ രചനകളുടെ എണ്ണം
വര്‍ദ്ധിച്ചിട്ടുണ്ട്.പരസ്യവും പ്രചരണവും ദുര്‍ബലമാണെന്നുള്ളത് ഒരു
പോരായ്‌മയാണ്. എങ്കിലും ഇതൊരു തുടക്കമാണ്. അറബ് സാഹിത്യം
അസാധാരണമാണെന്നൊന്നും ഞാന്‍ അഭിപ്രായപ്പെടുന്നില്ല. ഞാന്‍ വായിച്ച
പാശ്ചാത്യ സാഹിത്യങ്ങളുടെ പരിഭാഷകളെ വച്ചു താരതമ്യം ചെയ്യുമ്പോള്‍
പടിഞ്ഞാറ് പ്രസിദ്ധീകരിച്ച പല കൃതികളെയും ആഴത്തിലും സൗന്‌ദര്യത്തിലും
അറബ് രചനകള്‍ പിന്നിലാക്കും.
( പ്രശസ്ത അറബ് നോവലിസ്റ്റായ അലിയ മംദൂഹ് 1944ല്‍ ഇറാഖില്‍ ജനിച്ചു. അല്‍
റാഷിദ്, അല്‍ ഫിക്കര്‍, അല്‍ മു ആസിര്‍ തുടങ്ങിയ ആനുകാലികങ്ങളുടെ
പത്രാധിപയായിരുന്നു. ഇപ്പോള്‍ പാരീസില്‍ താമസിക്കുന്നു. Laila and Wolf,
The Girl Who Lived Like a Boy, Moth Balls തുടങ്ങിയവ പ്രധാന കൃതികള്‍.)
comments