കവിത

രണ്ടു കവിതകള്‍

ഹൃഷികേശന്‍ പി.ബി.
 

 




ഒന്ന്:

പരമ സാത്വികനായ
ഒരു പിതൃശൂന്യ കമ്പ്യൂട്ടര്‍
പറഞ്ഞു:
'ചെടികളോ
പുഴകളോ
സാനിയ മിര്‍സയോ
മറ്റേതെങ്കിലും
സ്ക്രീന്‍ സേവറുകളോ
ഒന്നും
എന്റെ
മനസ്സില്‍
കടന്നു വരാറേയില്ല.

അതിഭൗതികമായ
മനുഷ്യവിരലുകളെക്കുറിച്ചല്ലാതെ
ഒന്നിലും എനിക്ക്‌
ഒരു താല്‍പര്യവുമില്ല.'


 



രണ്ട്‌

ബേബി സിറ്റിംഗ്‌

കൊടുങ്കാറ്റിരമ്പുന്ന
ഒരു അറ്റ്‌ലാന്റിക്‌ സമുദ്രം
വാതില്‍ക്കല്‍
ഒന്നു പരുങ്ങി നിന്നു.
ചെരിപ്പ്‌
പുറത്തു തന്നെ വച്ച്‌,
എല്ലാം ഉള്ളിലൊതുക്കി,
ഒരു തുള്ളിയും തുളുമ്പാതെ,
വെറും നിലത്ത്‌.

കടലിരമ്പം
തൊട്ടുമുകളിലെ
ഫാനൊച്ചയേക്കാള്‍
നേര്‍ത്തതായി.

കടല്‍ജന്തുക്കളും
കപ്പല്‍ച്ചേതങ്ങളും
കര്‍ച്ചീഫ്‌ കൊണ്ട്‌
തുടയ്ക്കുമ്പോള്‍ മാഞ്ഞു.

അവള്‍
കുട്ടിയെ
കളിക്കാന്‍ വിളിച്ചു

ഒരു വയസ്സായ മകള്‍
കടല്‍ വക്കത്തേക്ക്‌
പതുക്കെ പതുക്കെ
നടന്നു നടന്നു പോയി....
 



comments