കവിത

ദുരിതഭാരങ്ങളില്ലാത്തൊരാള്‍

അബ്ബാസ്‌ ബെയ്ദൂന്‍ ( ലെബനോണ്‍)

 


ഒരു തെരുവിലേക്കെന്നപോലെ ഞാന്‍
മറ്റൊരാളുടെ ജീവിതത്തില്‍ പ്രവേശിക്കുന്നു
അതിന്റെ മുന്നെടുപ്പുകളും ഇടവഴികളും
അടയാളപ്പെടുത്തുന്നു

ഞാനവിടം ഉപേക്ഷിക്കുമ്പോള്‍
എന്റെ പിറവിക്ക്‌ തിടുക്കപ്പെടാതെ
അകലങ്ങളില്‍ നിന്ന് എന്നെ വീക്ഷിച്ച
പൂര്‍വ്വികരെപ്പോലെ അത്‌
വിദൂരവും ഇരുണ്ടതുമാകുന്നു

ഞാന്‍ മൂന്നു കൊടുമുടികള്‍ താണ്ടിയതു കൊണ്ടാകണം
തിരിച്ചറിയാനാവാത്ത ആളുകളെ
കണ്ടുമുട്ടുന്നത്‌
എതിര്‍ദിശയില്‍ നിന്ന് ഒരു പക്ഷിയുടെ
വരവ്‌ അറിയുമ്പോള്‍
കാറ്റിളകാത്ത ഈ ഭൂമിയില്‍
ഇതെത്ര അപൂര്‍വ്വമെന്ന് തോന്നുന്നു
 


അവര്‍ മരിച്ചവരാണ്‌, മിക്കവാറും
പക്ഷേ അവര്‍ക്കിപ്പോഴുമെന്നെ
പ്രചോദിപ്പിക്കാനാവുന്നു
ഞാന്‍, ജീവിക്കാമെന്നു മാത്രം
വാഗ്ദത്തം ചെയ്തവന്‍

ഭയങ്ങള്‍ക്കൊപ്പം ജീവിക്കുന്ന
ഈ മരവിച്ച ഭൂമിയിലേക്ക്‌
ഓര്‍മ്മകളും സ്വപ്‌നങ്ങളും
കടഞ്ഞെടുക്കുന്നു

തടയപ്പെട്ട നീരരുവികളിലും
സ്‌നാനജലത്തിലും അതു തുടരുന്നു
ജീവിതം ഇവിടെ അപ്രത്യക്ഷമായതു മുതല്‍
മുക്കുവരുടെ പാത പിന്തുടരുകയായിരുന്ന
ഞാനപരിചിതരെ കണ്ടുമുട്ടുന്നു ,
അവരുടെ ജീവിതത്തിന്റെ ഗതി നിയന്ത്രിക്കുന്ന
പുലര്‍വെട്ടത്തിന്റെ വഴിത്താരകളിലൂടെ പോകുന്നു
എനിക്കിതിന്‌ കുറുക്കുവഴികളില്ല

പക്ഷേ ഒരാളുടെ വിശ്വാസവഞ്ചന
പിന്തുടരുന്ന ഭയങ്ങളില്‍ നിന്ന്
ഓടിയൊളിക്കുന്നതിനെ അവസാനിപ്പിച്ചേക്കും

ജീവിക്കാത്ത ഒരാള്‍
അവരിലൊരാളായി പിറക്കാന്‍
ഭാണ്ഡങ്ങളില്ലാതെ എത്തിച്ചേര്‍ന്നിരിക്കുന്നതിനാല്‍
കടലിന്റെ ഉള്‍വാതിലുകള്‍
തുറക്കപ്പെട്ടേക്കും


വര

വെള്ളത്തില്‍
ബോട്ടുകളെ വരച്ചു

അവയെപ്പേടിച്ച്‌
ജലം അനങ്ങിയതേയില്ല


അവര്‍

എന്നെ
ഏകാകിയാക്കിയവരാണ്‌
എനിക്കു ചുറ്റുമിരിക്കുന്നത്‌




 



comments