വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ നേരിടാന്‍ പൊലീസ് ഇലക്ട്രിക്
ബാറ്റണ്‍ ഉപയോഗിച്ചാല്‍ അതു പിടിച്ചു വാങ്ങി മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടിയുടെ വേണ്ടപ്പെട്ട സ്ഥാനത്ത് പ്രയോഗിക്കുമെന്ന് പ്രസംഗിച്ച സഖാവ്
കൊടിയേരി ബാലകൃഷ്‌ണന്‍ അഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ദരിദ്രരായ
പതിനഞ്ചോളം മനുഷ്യര്‍ പൊലീസ് അതിക്രമങ്ങളില്‍ കൊല്ലപ്പെടുന്നത്.
ചീട്ടുകളി, കള്ളുകുടി തുടങ്ങിയ കൊടുംകുറ്റങ്ങള്‍ ആരോപിച്ച് പൊലീസ്
പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരില്‍ പലരും
കായലിലും പുഴയിലും കിണറ്റിലുമൊക്കെ വീണു മരിച്ചത്. സമൂഹത്തിന്റെ
പുറമ്പോക്കുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഇവര്‍ ദരിദ്രരും അസംഘടിതരും
ആയിരിക്കുന്നതുകൊണ്ടാണ് അധികാരമിങ്ങനെ കുതിരകയറുന്നത്. തെരുവുപട്ടിയുടെ
ദേഹത്ത് തിളച്ച വെള്ളം ഒഴിക്കുന്ന തട്ടുകടക്കാരന്റെ പീഡനസുഖം വിരണ്ടോടുന്ന
മനുഷ്യരെപ്രതി പൊലീസും അനുഭവിക്കുന്നുണ്ടാവും.

സ്വാതന്ത്ര്യദിനത്തില്‍ പൊലീസ് ഉള്‍പ്പെടെ മുഴുവന്‍ സേനാവിഭാഗങ്ങളും
അഭിവാദ്യം ചെയ്യുന്നത് ജനതയെയാണ്. അവരുടെ തിരഞ്ഞെടുക്കപ്പെട്ട ഒരു
പ്രതിനിധി സല്യൂട്ട് സ്വീകരിക്കുന്നു എന്നു മാത്രം. പരമാധികാരം ജനതയില്‍
അര്‍പ്പിതമായിരിക്കുന്ന ഒരു വ്യവസ്ഥയില്‍ പൊലീസിനെങ്ങനെയാണ് പൗരന്റെ
മൗലികാവകാശങ്ങള്‍ കയ്യേറാന്‍ കഴിയുന്നത്? ഒരാളെ അറസ്‌റ്റ് ചെയ്യുന്നതിനു
മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായ സുപ്രീം കോടതി
നിര്‍ദ്ദേശങ്ങള്‍ നിലവിലിരിക്കെ അവ മുഴുവന്‍ കാറ്റില്‍ പറത്തി
പെറ്റിക്കേസിന്റെ പേരില്‍ ആളുകളെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിക്കുന്ന
പൊലീസ് നഗ്നമായ പൗരാവകാശ ധ്വംസനങ്ങളാണ് നടത്തുന്നത്.
നിക്കറും കൂര്‍മ്പന്‍ തൊപ്പിയും ധരിച്ച ജനങ്ങളെ മുഴുവന്‍ കുറ്റക്കാരായി
കാണുന്ന പുലഭ്യം പറയുന്ന സ്വാതന്ത്ര്യപൂര്‍വ്വകാലത്തെ പൊലീസ്, വേഷത്തില്‍
ചില മാറ്റങ്ങളോടെ ഇന്നും തുടരുന്നു. ജീവിതത്തിലൊരിക്കലെങ്കിലും കേരള
പൊലീസില്‍ നിന്ന് തെറിവിളി കേട്ടിട്ടില്ലാത്ത മലയാളികള്‍
അപൂര്‍വ്വമയിരിക്കും. ഓഫീസര്‍മാര്‍ നല്ല ഭാഷ സംസാരിക്കുമ്പോള്‍ ലോക്കല്‍
സ്റ്റേഷനിലെ, ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന പൊലീസുകാര്‍ക്ക് അശ്ലീലം
നിറഞ്ഞ ഭാഷ കല്‍പിച്ചു കൊടുക്കുന്നത് ഏതു തരം പരിശീലനത്തിന്റെ ഭാഗമാണ്?.
സമൂഹത്തില്‍ അനാവശ്യമായ ഭയം സൃഷ്‌ടിക്കുകയാണ് പൊലീസിന്റെ ചുമതല എന്നു
വിസ്വസിക്കുന്നവരുണ്ടാകും. കേരളം പോലുള്ള ഒരു പ്രദേശത്തെ തുറന്ന
ദുര്‍ഗുണപരിഹാരപാഠശാലയായി കാണുന്നത് തികഞ്ഞ മനോരോഗമാണ്.

കാലഹരണപ്പെട്ട നമ്മുടെ പൊലീസ് സംവിധാനത്തെ കാലോചിതമായി പരിഷ്‌കരിക്കാനും
ആധുനികവല്‍ക്കരിക്കാനുമുള്ള നടപടികള്‍ ഇടതുപക്ഷ പുരോഗമന സര്‍ക്കാരുകളുടെ
ഭാഗത്തു നിന്നു പോലും ഉണ്ടാകാത്തത് എന്തുകൊണ്ടാണ്? ഏതു പക്ഷമായാലും
പൊലീസ് അധികാരത്തിന്റെ ഒരായുധമാണ്. മര്‍ദ്ദനോപകരണമാണ്. പ്രാദേശിക
രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങുന്നതാണ്
എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് എ.കെ.ആന്റണിക്ക് ഓതിക്കൊടുത്ത പൊലീസ്
മേധാവികളുണ്ടായിരുന്നു. ആന്റണി അത് തത്ത പറയുന്നതുപോലെ
പറഞ്ഞുകൊണ്ടിരുന്നു. പിന്നീടെന്തുണ്ടായി എന്ന് നമുക്കറിയാം. എല്ലാത്തരം
മാഫിയകളില്‍ നിന്നും റ്റോള് പിരിച്ചുകൊണ്ട് പൊലീസ് തനിസ്വരൂപം കാട്ടി.
ഒറ്റ രാത്രി കൊണ്ട് പക്ഷം മാറാന്‍ വിരുതുള്ള മേധാവികള്‍ കൊടിയേരിക്കും
ചൊല്ലിക്കൊടുക്കുന്നുണ്ടാവണം. അങ്ങനെയാണ് കേരളം മുഴുവന്‍
അനിശ്ചിതകാലത്തേക്ക് 144 പ്രഖ്യാപിച്ച പ്രതീതി ഉണ്ടാവുന്നത്. കേരളത്തില്‍
പ്രതിവര്‍ഷം അമ്പതിനായിരം കോടി രൂപയുടെ ഇടപാടുകള്‍ നടത്തുന്ന മാഫിയകളെ
ഒതുക്കാന്‍ ചീട്ടുകളിക്കാരെ ഓടിച്ചിട്ട് പിടിച്ചാല്‍ മതിയത്രേ!
കേരളത്തിലെ പൊലീസ് വകുപ്പ് മൂക്കറ്റം അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന
ഒന്നാണ്. പോക്കറ്റടിക്കാരന്റെ അടിവസ്ത്രം തപ്പുന്ന കോണ്‍സ്റ്റബിള്‍ മുതല്‍
മണിച്ചന് പൊലീസ് വയര്‍ലസ് സെറ്റ് സമ്മാനിച്ച ഐ.ജി. വരെ ഇതു നീളും.
ലൈംഗിക തൊഴിലാളികളായ സ്ത്രീകളില്‍ നിന്ന് ഇവര്‍ ഹഫ്‌ത പിരിക്കും.
കള്ളവാറ്റുകാരില്‍ നിന്ന് പ്രതിമാസ ശമ്പളം പറ്റും. തന്ത്രിക്കും
മന്ത്രിക്കുമൊപ്പം ഒളിസേവാകേന്ദ്രങ്ങളിലെ പതിവുകാരായ ഏമാന്മാരുടെ സെന്‍സസ്
വേറെ എടുക്കണം. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിലൂടെ പ്രതിദിനം
സമാഹരിക്കപ്പെടുന്ന കൈക്കൂലിപ്പണത്തിന്റെ ഏകദേശ കണക്കെടുത്താല്‍ ആഭ്യന്തര
വകുപ്പിലെ മാത്രം അഴിമതിയുടെ വ്യാപ്തി തെളിയും. ഇതിനെതിരെ ചൂണ്ടുവിരല്‍
അനക്കാത്ത വിപ്ലവമന്ത്രിയാണ് നമുക്കുള്ളത്.

പകല്‍ മുഴുവന്‍ തോക്കുമായി പാറാവുനില്‍ക്കുന്ന സ്റ്റേഷന്‍ പാറാവുകാര്‍
ഇന്നും കേരളത്തിലെ ഒരു വിശേഷ കാഴ്ചയാണ്. ഏറ്റവും മോശപ്പെട്ട മേലാള-കീഴാള
ഉദ്യോഗസ്ഥ ബന്ധം പൊലീസ് വകുപ്പിലാണ്. തിരുവനന്തപുരം എം.ജി.കോളേജില്‍
ടെലിവിഷന്‍ ക്യാമറകള്‍ക്കു മുന്നില്‍ വച്ച് ഒരു ഡി.ഐ.ജി. പൊലീസ്
കോണ്‍സ്റ്റബിളിന്റെ കഴുത്തിന് പിടിക്കുന്നത് കേരളം മുഴുവന്‍ കണ്ടതാണ്.
മേലാളന്റെ ക്രൗര്യവും കരച്ചില്‍ വന്നു നിറഞ്ഞ ചെറുപ്പക്കാരനായ
പൊലീസുകാരന്റെ മുഖവും കേരളം മറന്നിട്ടില്ല. ഈ അപരിഷ്‌കൃത നടപടിക്കെതിരേ
പൊലീസില്‍ നിന്നു തന്നെ പ്രതിഷേധമുയര്‍ന്നപ്പോള്‍ അന്നത്തെ സര്‍ക്കാര്‍
മേലുദ്യോഗസ്ഥനെ സംരക്ഷിക്കുകയായിരുന്നു. വലിയ ഏമാന്മാരും അവരുടെ ഭൃത്യരും
എന്ന നിലയില്‍ നിന്ന്, കൊളോണിയല്‍ മനസ്സില്‍ നിന്ന് നമ്മുടെ പൊലീസ് ഇന്നും
സ്വതന്ത്രമായിട്ടില്ല എന്നതിന്റെ ഉദാഹരണമാണിത്. ക്യാമറകളില്ലാത്തിടത്ത്
ഇതിലും ഇതിനപ്പുറവുമാണത്രേ നടക്കുന്നത്.
മറ്റൊന്ന് ഒരു DYSP ഒരാളെ കഷണങ്ങളായി നുറുക്കി കടലിലെറിഞ്ഞ സമീപകാലത്തെ ഒരു
കേസാണ്. കേരള പൊലീസിലെ ക്രിമിനല്‍ സ്വഭാവവും ക്രിമിനല്‍ ബന്ധങ്ങളും
ഉയര്‍ന്ന ഉദ്യോഗസ്ഥ തലങ്ങളില്‍ പോലും എത്ര ആപല്‍ക്കരമാം വിധം
വ്യാപിച്ചിരിക്കുന്നു എന്ന് ആവര്‍ത്തിച്ച് വെളിപ്പെടുത്തിയ ഒരു സംഭവം.
ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളല്ല. നാട്ടില്‍ നടക്കുന്ന ഒട്ടു മിക്ക സംഘടിത
കുറ്റകൃത്യങ്ങളിലും പ്രത്യക്ഷമോ പരോക്ഷമോ ആയ പൊലീസ് ബന്ധങ്ങളുണ്ട്.
ചിലയിടത്ത് മൗനാനുവാദവും മറ്റുചില സ്ഥലങ്ങളില്‍ മാസപ്പടി
വാങ്ങിക്കൊണ്ടുള്ള പിന്തുണയുമാണ്.

അടുത്തിടെ കൊല്ലത്ത് ലോക്കല്‍ പൊലീസിന്റെ അനുഗ്രഹാശ്ശിസ്സുകളോടെ നടന്ന
വ്യാജസ്‌പിരിറ്റ് വ്യാപാരം പിടിക്കപ്പെട്ടപ്പോള്‍ പൊലീസ് ഓഫീസര്‍മാരുടെ
തലയടിച്ച് പൊട്ടിക്കാനുള്ള ശക്തി വ്യാജ മദ്യലോബിക്കുണ്ടായിരുന്നു.
ചന്ദനക്കള്ളക്കടത്ത് പിടിക്കുന്ന പൊലീസുകാര്‍ ആക്രമിക്കപ്പെടുന്നതും
ഇങ്ങനെ തന്നെ. തിരുവനന്തപുരത്തെ ഗുണ്ടാ വാഴ്ചയെ നേരിടാന്‍ പൊലീസ്
ശ്രമിച്ചപ്പോള്‍ ഒരു കോണ്‍സ്റ്റബിളിനെ വാടകഗുണ്ടകള്‍ കൊലപ്പെടുത്തുക
പോലുമുണ്ടായി. യഥാര്‍ത്ഥ കുറ്റവാളികളെ നേരിടാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ്
തിരിച്ചാക്രമിക്കപ്പെടുന്നത് ഒരു പതിവു കാഴ്ചയായിരിക്കുന്നു. ഇവിടെ പകല്‍
പോലെ തെളിയുന്നത് പൊലീസില്‍ തന്നെയുള്ള ഒരു വിഭാഗത്തിന്റെ ക്രിമിനല്‍
ബന്ധങ്ങളാണ്. പൊലീസ് നോക്കിനില്‍ക്കെ കേരളത്തിലെ ജയിലുകള്‍ക്കുള്ളില്‍
പോലും ഇന്ന് കൊലപാതകങ്ങള്‍ നടക്കുന്നു.
തിടുക്കപ്പെട്ട് സംശയാസ്പദമായ രീതിയില്‍ ഗുണ്ടാ നിയമം പിന്‍ വലിച്ചത്
ഗുണ്ടകളുടെ മനുഷ്യാവകാശം സംരക്ഷികാന്‍ വേണ്ടിയാണ്!. ഗുണ്ടകളെ
സംരക്ഷിക്കുകയും ദരിദ്രരും നിസ്സഹായരുമായ മനുഷ്യരെ പെറ്റിക്കേസുകളുടെ
പേരില്‍ ഓടിച്ചിട്ട് കൊലപ്പെടുത്തുകയും ചെയ്യുന്ന ഒരവസ്ഥ ജനാധിപത്യ
കേരളത്തിന് അപമാനമാണ്. പൊലീസ് മേധാവികള്‍ പറയുന്നിടത്തൊക്കെ കയ്യൊപ്പ്
ചാര്‍ത്തുകയും അവിടെയും ഇവിടെയും നിന്ന് സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു
നാള്‍കഴിക്കുകയല്ല വേണ്ടത്. പൊലീസിന്റെ പ്രവര്‍ത്തനം
ആധുനികവല്‍ക്കരിക്കുന്നതിനെക്കുറിച്ച് കേരളീയ സമൂഹത്തില്‍ വിപുലമായ
ചര്‍ച്ച അടിയന്തിരമായി നടക്കേണ്ടതുണ്ട്. മൗലികമായ മാറ്റങ്ങള്‍ക്ക്
ശ്രമിക്കുന്നില്ലെങ്കില്‍ നിസ്വരായ ജനങ്ങള്‍ക്കുമേല്‍ അധികാരം അതിന്റെ
കുതിരകയറ്റം തുടരും .
comments