എഡിറ്റോറിയല്‍

പി. കൃഷ്‌ണപിള്ളയുടെ ജീവിതവും
ശുചീന്ദ്രം രേഖകളും

 

 


പ്രസ്ഥാനങ്ങള്‍ അവയെ നയിച്ചവരുടെ പ്രതിമകള്‍ നിര്‍മ്മിച്ച്‌ ജനനമരണ ദിവസങ്ങള്‍ ഓര്‍ത്ത്‌, സ്‌മൃതിമണ്ഡപങ്ങളില്‍ പൂക്കളെറിഞ്ഞ്‌ ആ ഓര്‍മ്മകളില്‍ മുഷ്ടി ചുരുട്ടി നിന്ന് മുന്നോട്ട്‌ പോകും. എന്നാല്‍ ചരിത്രത്തിനും രാഷ്ട്രീയത്തിനും പ്രതിമപോലെ കല്ലിക്കാനാവില്ല. വിമോചനപ്രസ്ഥാനങ്ങള്‍ക്ക്‌ മനുഷ്യമുഖം നഷ്‌ടപ്പെടുന്ന, ദു:സ്സഹമാം വിധം യാന്ത്രികമാവുന്ന ഒരു കാലത്തില്‍ പി.കൃഷ്‌ണപിള്ളയെപ്പോലെ ദേശത്തഴമ്പുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്റെ, അധികാരം വിരിച്ച പരവതാനികളില്‍ ചവിട്ടാതെ കടന്നുപോയ ജീവിതം പ്രധാനമാണ്‌.

ഇന്ന് 2006 ആഗസ്റ്റ്‌ 19ന്‌ പി.കൃഷ്‌ണപിള്ള പിറന്നിട്ട്‌ നൂറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റേയും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റേയും പല അദ്ധ്യായങ്ങളിലായി പടര്‍ന്നുകിടക്കുന്നതാണ്‌ അദ്ദേഹത്തിന്റെ ജീവിതം. 1948ല്‍ നാല്‍പ്പത്തി രണ്ടാമത്തെ വയസ്സില്‍ ആലപ്പുഴയിലെ കണ്ണാര്‍ക്കാട്ടെ ഒളിത്താവളത്തില്‍ വച്ച്‌ പാമ്പുകടിയേറ്റ്‌ മരിക്കുമ്പോള്‍ ആ മരണം ഒരു തടവുപുള്ളിയെ പ്രണയിച്ച തങ്കമ്മ എന്ന സ്ത്രീയ്ക്ക്‌ അനാഥത്വവും വൈധവ്യവും ഒരുമിച്ച്‌ നല്‍കി. കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മയുടെ ജീവിതത്തെ മുന്‍ നിര്‍ത്തി എഴുതിയ ചെറുപുസ്‌തകമാണ്‌ ശുചീന്ദ്രം രേഖകള്‍.

വ്യക്തിപരം/സാമൂഹികം എന്നുള്ള വേര്‍തിരിവിനായി ഉയര്‍ത്തപ്പെട്ട, വന്‍ മതിലുകള്‍ തകര്‍ന്ന്,ദ്വന്ദ്വങ്ങളെ ആശ്രയിച്ചുള്ള വിശകലന രീതി അസ്വീകാര്യമായിക്കഴിഞ്ഞ്‌, വ്യക്തിപരമായതെന്തും സാമൂഹികമാണെന്നും സാമൂഹികമായവയ്ക്കെല്ലാം ഒരു വ്യക്തിതലം ഉണ്ടെന്നും പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞ ഒരു കാലത്തില്‍ ശുചീന്ദ്രം രേഖകള്‍ക്ക്‌ പുതിയ രാഷ്ട്രീയവിവക്ഷ വന്നു ചേരുന്നു. പുസ്തകമെഴുതിയ ടി.എന്‍.ഗോപകുമാര്‍ സ്വയം അടിച്ചേല്‍പിച്ച സെന്‍സര്‍ഷിപ്പിനും കഠിനമായ നിശബ്ദതകള്‍ക്കുമപ്പുറം ശുചീന്ദ്രം രേഖകള്‍ക്ക്‌ പുനര്‍വായന ഉണ്ടാകുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ അവയുടെ പരിവര്‍ത്തനശേഷിയെ വലിയ അളവില്‍ കെടുത്തി പുരുഷാധിപത്യമൂല്യങ്ങളുടെ മ്യൂസിയങ്ങളായി തുടരുന്നതു കൊണ്ടാണ്‌.

വി.എസ്‌.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള 19 അംഗ ഇടതു മന്ത്രിസഭയും 1957ല്‍ ഇ.എം.എസ്‌. നയിച്ച 11 അംഗ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയും തമ്മില്‍ നമ്മെ അസ്വസ്ഥമാക്കുന്ന ഒരു സമാനതയുണ്ട്‌. രണ്ടിലും സ്ത്രീകളുടെ പ്രാതിനിധ്യം നാമമാത്രമായിരുന്നു. പേരിന്‌ ഒരാള്‍. 'മുന്നോട്ട്‌' എന്നു നാം എത്ര മനസ്സുകൊണ്ടാഞ്ഞാലും ജനതയുടെ നേര്‍പകുതിയെ മരവിപ്പിച്ചു നിര്‍ത്തുന്നതിന്റെ പോളിയോബാധയില്‍ മുടന്താനേ നമുക്കാവൂ. യുദ്ധം പോലെ വിപ്ലവവും പുരുഷന്മാര്‍ മാത്രം നടത്തുന്ന ഒന്നാകുന്നു. ഭരണപങ്കാളിത്തത്തിനായി ഇന്ത്യന്‍ സ്ത്രീ പ്രസ്ഥാനങ്ങള്‍ ദില്ലിയില്‍ സംയുക്തമായി അഖണ്ഡസത്യാഗ്രഹം നടത്തുന്ന ഒരു കാലത്ത്‌ പ്രത്യേകിച്ചും.

ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്ന കര്‍ഷകന്റെ ചുമലില്‍ ഒരു കൈത്തലം അമര്‍ത്താന്‍ കേരളത്തിലെ പുരോഗമന സര്‍ക്കാരിന്‌ കഴിയാതെ വരുന്നതാണ്‌ കൃഷ്‌ണപിള്ളയെ ഓര്‍ക്കുമ്പോഴുള്ള സങ്കടം. പരസ്യമായി കാര്‍ഷികകടങ്ങള്‍ക്ക്‌ മൊറൊട്ടോറിയം പ്രഖ്യാപിക്കുകയും രഹസ്യമായി ജപ്തി നടപടികള്‍ക്ക്‌ മൗനാനുവാദം നല്‍കുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ ഇരട്ടമുഖം നാം കണ്ടുകൊണ്ടിരിക്കുന്നു. അരിവാളും നെല്‍ക്കതിരും,  മണ്‍ വെട്ടിയും മണ്‍കോരിയും, ഒന്നിനും ഒരര്‍ത്ഥമില്ലെന്ന് കര്‍ഷകരോട്‌ പറയുന്ന കാലം.
 


കേരളത്തിന്റെ മനസ്സില്‍ ഒറ്റമുഖമുള്ള രാഷ്ട്രീയക്കാരനായിരുന്നു പി. കൃഷ്‌ണപിള്ള. അരിവാള്‍ക്കലയുള്ള മുടിച്ചുരുള്‍ വീണ ഒരു മുഖം.

 

comments