
നാം എന്തിനു വാക്കുകളെ പേടിക്കണം
അവയ്ക്ക് വലിയ റോസപ്പൂക്കളെക്കാള്‍
മൃദുലമായ കൈവെള്ളകളുള്ളപ്പോള്‍
അവയുടെ സുഗന്ധം
കവിള്‍തടങ്ങളെ തഴുകിക്കടക്കുമ്പോള്‍
വേനലില്‍ വരണ്ട ചുണ്ടുകള്‍ അവയുടെ
വീഞ്ഞു നിറഞ്ഞ ചില്ലുപാത്രങ്ങള്‍ മൊത്തുമ്പോള്‍
നാം എന്തിനു വാക്കുകളെ പേടിക്കണം
അദൃശ്യമണികളായവ മുഴങ്ങുമ്പോള്‍
അവയുടെ നാദം നമ്മുടെ ദുരിതജീവിതങ്ങളിലേയ്ക്ക്
അഴകും ആനന്ദവും നിറഞ്ഞ
പ്രഭാതങ്ങളുടെ വരവറിയിക്കുമ്പോള്‍
നാം എന്തിനു വാക്കുകളെ പേടിക്കണം
നാം നിശബ്ദതയില്‍ സന്തോഷിക്കുന്നു
രഹസ്യങ്ങള്‍ ചുണ്ടുകളെ പിളര്‍ത്തുമെന്ന്
ഭയന്ന് നിശ്ചലരായി
വാക്കുകളില്‍ അദൃശ്യമായ ഭൂതങ്ങളുണ്ടെന്നു
കരുതി
കാലത്തിന്റെ ചെവിയില്‍ എത്താതെ
അക്ഷരങ്ങളെ ഒളിപ്പിക്കുന്നു
നാം ലോഹക്കുരുക്കുകള്‍കൊണ്ടവയെ ബന്ധിച്ചു
രാത്രിയെ പുതപ്പായി മാറ്റുന്ന വാക്കുകളെ വിലക്കി
അവ ഉരുകിയ സംഗീതം, സ്വപ്നങ്ങള്‍
പാനപാത്രങ്ങളുടെ ഇളംചൂട്.

നാം എന്തിനു വാക്കുകളെ പേടിക്കണം
മധുരിക്കുന്ന വാക്കുകള്‍ അധരങ്ങളില്‍
പ്രതീക്ഷകളെഴുതുമ്പോള്‍
ആഹ്ലാദാതിരേകത്താല്‍ മറ്റുള്ളവ
ലഹരിയില്‍ ചുവന്ന കണ്ണുകളുമായി
ജലത്തിന്‍ മീതെ നടക്കുമ്പോള്‍
ലോലമായി വാക്ക്, കവിത
കവിള്‍തടങ്ങളെ ചുവപ്പിക്കുമ്പോള്‍
പ്രതിധ്വനിയില്‍ ഉറങ്ങുന്ന ശബ്ദത്തിനു
ഒരു നിറത്തിന്റെ നിറവ്, മര്‍മ്മരം
രഹസ്യമായ തൃഷ്ണ, അടക്കിയ അഭിലാഷം.
നാം എന്തിനു വാക്കുകളെ പേടിക്കണം
അവയുടെ മുള്ളുകള്‍ ഒരിക്കല്‍ നമ്മെ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍
പിന്നെ അവ കഴുത്തില്‍ കൈകള്‍ ചുറ്റിപ്പിടിച്ച്
നമ്മുടെ ആഗ്രഹങ്ങള്‍ക്കുമേല്‍
അവയുടെ സുഗന്ധം പടര്‍ത്തിയിട്ടുണ്ടാകും
അക്ഷരങ്ങള്‍ നമ്മെ തുളച്ചിട്ടുണ്ടെങ്കില്‍
മുഖം തിരിഞ്ഞ് നടന്നിട്ടുണ്ടെങ്കിലെന്ത്?
ഒരിക്കലവ നമ്മുടെ കരങ്ങളില്‍
ഒരു ഊദ് വച്ചു തന്നിട്ടുണ്ടാകും
നാളെ അവ നമുക്കുമേല്‍ ജീവിതം ചൊരിയും
അതുകൊണ്ട് വാക്കുകളുടെ രണ്ട് നിറചഷകങ്ങള്‍
നമ്മളില്‍ കമിഴ്ത്തുക
നാളെ നമ്മള്‍ തന്നെത്താനെ
വാക്കുകളുടെ സ്വപ്നക്കൂടുകള്‍ ഉയരെ നിര്‍മ്മിക്കും
അക്ഷരങ്ങളില്‍നിന്ന് വള്ളിപ്പടര്‍പ്പുകള്‍ ഉണ്ടാകും
മൊട്ടുകളെ നാം കവിതകൊണ്ട് ഉണര്‍ത്തും
പെട്ടെന്ന് ഭയക്കുന്ന റോസാപ്പൂക്കളുടെ
ബാല്‍ക്കണിത്തൂണുകളെ വാക്കുകള്‍ താങ്ങും
വലിയ തണല്‍പ്പന്തലുകള്‍ക്കവ കാവല്‍ നില്‍ക്കും
ഒരു പ്രാര്‍ത്ഥനയായി സമര്‍പ്പിച്ച നമ്മുടെ ജീവിതം
ആരോടു തേടും... വാക്കുകളോടല്ലാതെ
comments