ഒന്നാമത്തെ കാവ്യം
ഇതു കവാടങ്ങള്‍ കാണാവുന്ന
ആത്മാവിന്റെ തലസ്ഥാനം
ഏഴാകുന്നു സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍
പ്രവേശിക്കുന്നവന്റെ
ഒരഭിലാഷം
ഓരോ വാതിലും തിരിച്ചറിയുന്നു
എത് വാതിലിലൂടെ കടന്നാലും
സമാധാനം നിങ്ങളോടൊപ്പം ഉണ്ടാകും
നഗരത്തോടൊപ്പവും
അതിന്റെ ജലം
ആഹ്ലാദിപ്പിക്കുന്നത്
ശൈത്യകാലം ഊഷ്‌മളമായ പ്രഭ നിറഞ്ഞത്
വേനല്‍ ഇളം ചൂടുള്ളത്
വെളിച്ചം പെയ്തിറങ്ങുമ്പോള്‍
അത് ഉണര്‍ന്നെഴുന്നേല്‍ക്കുന്നു
മങ്ങുന്ന സന്ധ്യയിലൂടെ മടങ്ങുന്നു
ഒരു സ്ത്രീയെപ്പോലെ
ഇത് ഒഴുകിവരുന്നത്
ഇതിഹാസത്തില്‍ നിന്നോ?
നിറങ്ങളുടെയും പൂക്കളുടെയും
സംഗീതത്തില്‍ നിന്നോ?
പൗരാണിക സ്വപ്‌നങ്ങളുടെ
നീര്‍ച്ചാട്ടങ്ങളില്‍ നിന്ന്
നാടോടിപ്പാട്ടുകള്‍ കൊണ്ടുവരുന്നതോ?
മെക്ക ഖുര്‍ ആനിന്റെ തലസ്ഥാനം
പാരീസ് കലയുടെ തലസ്ഥാനം
ലണ്ടന്‍ സമ്പത്തിന്റെ
വാഷിംഗ്‌ടണ്‍ അധികാരത്തിന്റെ
കെയ്‌റോ ചരിത്രത്തിന്റെ
ബാഗ്ദാദ് കവിതയുടെ തലസ്ഥാനം
ഡമാസ്‌കസ് പനിനീര്‍പ്പൂക്കളുടെ
സന, ആത്മാവിന്റെ തലസ്ഥാനം

ഇതിന്റെ ആഴങ്ങളില്‍
കിനാവുകള്‍ക്കായ് ഒളിച്ചുവച്ച നിധിയുണ്ട്
നഗരവിശാലതകളില്‍
വിവാഹങ്ങള്‍ ആഘോഷിക്കപ്പെടുന്നു
ഇതിന്റെ കല്ലുകളില്‍ നിന്ന്
എടുപ്പുകളും ദൈവസ്തുതികളും പിറക്കുന്നു
വെളുത്ത നിറമതിന്റെ ധൂര്‍ത്തകാവ്യം എഴുതുന്നു
ദു:ഖഭാരത്തിലും, കുന്തിരിക്കപ്പുകയിലും
രാത്രി ഇതിഹാസപുരുഷന്മാര്‍ക്ക് കാതോര്‍ക്കുന്നു
കവാടത്തിന്റെ ഉള്‍ഭിത്തിയില്‍
യെമനി കവി
ഇങ്ങനെ എഴുതി
'സന, പ്രകാശത്തിന്റെ സാംസ്കാരികനിലയം
സമാധാനത്തോടെ പ്രവേശിച്ച്
പത്തു തവണ നിലം ചുംബിക്കുക
ഇതിന്റെ ത്രസിപ്പിക്കുന്ന സൗന്‌ദര്യത്തിന്റെ മധു
നിങ്ങള്‍ക്ക് മറ്റൊരായുസ്സ് തരും.
പന്ത്രണ്ടാമത്തെ കാവ്യം
അയാള്‍ സനയുടെ സ്വന്തം ഭ്രാന്തന്‍
തന്റെ ഹൃദയത്തിലൂടെ നടക്കുന്നു
നിഗൂഢഭംഗികളുടെ പരവതാനികളിലൂടെ
അയാളുടെ ദേശസഞ്ചാരം
വീട്ടുമുറ്റത്തെ മള്‍ബറികളല്ലാതെ
സുഹൃത്തുക്കളില്ല
അയാളുടെ കുഞ്ഞുങ്ങളും
വയസ്സായ സ്ത്രീകളും
വിചിത്രമായ വാക്കുകളോടെ
ഇതിഹാസങ്ങളില്‍ മുഴുകിയിരിക്കുന്നു.

അയാള്‍ രണ്ടായിരം വര്‍ഷങ്ങള്‍
ജീവിച്ചു, ആലെങ്കില്‍ ജീവിക്കുന്നു
തീര്‍ത്ഥാടനങ്ങള്‍ അവകാശപ്പെടുന്ന പോലെ
കല്ലുകളെ രൂപാന്തരപ്പെടുത്തുന്നു
ഒന്നിലേറെ നാവു കൊണ്ടു സംസാരിക്കുന്നു
ഓരോ നൂറ്റാണ്ടിലും പാദങ്ങള്‍ മാറ്റി
സ്വന്തം ഊന്നുവടിയില്‍ വിശ്രമിക്കുന്നു
അയല്‍പക്കത്തെ വൃദ്ധ ചോദിച്ചു
എന്തിന് കാതുകളില്ലാത്ത
കല്ലുകളോട് സംസാരിക്കുന്നു
ചുമരില്‍ നോക്കിച്ചിരിച്ച്
അയാള്‍ ദു:ഖത്തോടെ പറഞ്ഞു
തണുത്തുറഞ്ഞ മേഘമാണ് കല്ല്
അത് നൂറ്റാണ്ടുകളുടെ വിലാപങ്ങള്‍ നിറഞ്ഞ ഗാനം
കല്ലുകള്‍ സംസാരിക്കുന്നതു കേള്‍ക്കാന്‍
നിശബ്ദതയുടെ ഗ്രന്ഥം വായിക്കാന്‍
മനുഷ്യന്‍ ഏഴായിരം കൊല്ലം ജീവിക്കണം
ഓരോ കല്ലിന്റെ ഹൃദയത്തിലും
ഒരു സൂര്യനുണ്ട്
ഒരു സ്വര്‍ഗ്ഗമുണ്ട്
അലഞ്ഞു തിരിയുന്ന കവിതകളുണ്ട്
എണ്ണയില്ലാതെ കത്തുന്ന വിളക്കുകളും
ഒരിക്കലും ആരും നോക്കിയിട്ടില്ലാത്ത
ജനാലകളും.
comments