അലിയ മംദൂഹ്‌ - മോന ഷാലറ്റ്‌

ബാഗ്‌ദാദ്‌ മുതല്‍ പാരീസ്‌ വരെ

ആര്‍.പി.ശിവകുമാര്‍
 

 


കഴിഞ്ഞ ലക്കം തുടര്‍ച്ച

? 'കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളില്‍ ഒരു രഹസ്യഭാഷ അറബിഭാഷയ്ക്കുള്ളില്‍ രൂപംകൊണ്ടിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു'  എന്ന് താങ്കള്‍ എഴുതിയിട്ടുണ്ട്‌, ഇതൊന്നു വിശദീകരിക്കാമോ.

= ലബനനിലും ഈജിപ്റ്റിലും സിറിയയിലും ഇറാഖിലും സൗദി അറേബ്യയിലും ഒക്കെയുള്ള അറബ്‌ എഴുത്തുകാരുടെ ക്രിയാത്മക പരീക്ഷണങ്ങളെയാണ്‌ ഞാന്‍ രഹസ്യഭാഷ എന്നുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌. അവരുടെ കണ്ടെത്തലുകള്‍ , ഭാഷയിലും ആഖ്യാനത്തിലുമുള്ള അവരുടെ പരിശ്രമങ്ങള്‍, യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് സാങ്കേതികമായി വാര്‍ന്നുവരുന്ന മാതൃകകളുടെ രൂപപ്പെടുത്തല്‍, യൂറോ കേന്ദ്രീകൃത സിദ്ധാന്തങ്ങളുടെ മേല്‍കോയ്‌മയില്ലാതെ തനതായ കാഴ്‌ചപ്പാട്‌ ഒരുക്കൂട്ടാനുള്ള അവരുടെ പ്രതിജ്ഞാബദ്ധത...
 


സാംസ്കാരികാഭിനിവേശം എന്ന് വിളിക്കപ്പെടുന്ന സംഗതി (ഐക്യനാടുകളുമായി ഫ്രാന്‍സിനുമുണ്ട്‌ ഈ പ്രശ്നം) ഞങ്ങള്‍ക്കും മറ്റു പൗരസ്ത്യദേശങ്ങള്‍ക്കും എന്തിനേയും ചോദ്യം ചെയ്യാനും, വിവേകപൂര്‍വ്വമായ സമീപനം എന്ന നിലയ്ക്ക്‌ ആധുനികത കൊണ്ടു വന്ന മോഹവിമുക്തികളെ കുറിച്ചും ലോകസംസ്കാരത്തെക്കുറിച്ചും മൗലികമായി ബോധമുള്ളവരായിരിക്കാനുമുള്ള വഴി തുറന്നിട്ടു. വിപ്ലവങ്ങളായ ചിന്തകള്‍ കൊണ്ട്‌ മുന്‍ നിരയിലെത്തിയ മനുഷ്യവിഗ്രഹങ്ങളുടെയും വിപ്ലവങ്ങളുടെയും പരാജയങ്ങളെ പിന്തുടര്‍ന്നാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ആത്മവിശകലനപരമായ ഒരു പിന്മടക്കം ഇല്ലാതെ തന്നെ നിലവിലുള്ളതില്‍ നിന്ന് ഒട്ടും പിന്നോക്കം പോകാതെ ഒരു കൂട്ടം പ്രസിദ്ധ അറബ്‌ രചനകളില്‍ ഇവയെല്ലാം അടങ്ങിയിട്ടുണ്ട്‌.

ഈ രചനകളെ വായിച്ചറിയാനും അവയുടെ ലക്ഷ്യം, രീതി, എഴുതിയ വ്യക്തികള്‍ എന്നിവയെല്ലാം മനസ്സിലാക്കാനും കഴിയുന്ന സത്യസന്ധനായ ഒരു നിരൂപകന്‌ വ്യത്യസ്തമായ ഭാഷയും യുക്തിയും പാഠത്തിനുള്ളില്‍ തന്നെയുള്ള അപഗ്രഥനങ്ങളും കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല. ആ എഴുത്തുകാരുടെ സര്‍ഗശേഷിയും രചനയും പരിസരവുമെല്ലാം സ്ഥായിയായ വെല്ലുവിളിയായി ഉറച്ചുനില്‍ക്കുകയാണ്‌ ഞങ്ങളുടെ മുന്നില്‍.



? പത്രപ്രവര്‍ത്തക എന്ന നിലയില്‍ പേരെടുത്തിരുന്നല്ലോ, ഒരു എഴുത്തുകാരിയായി അറിയപ്പെടുന്നതിനു മുമ്പ്‌ പത്രപ്രവര്‍ത്തനത്തിലേക്ക്‌ തിരിയാനുള്ള കാരണം എന്താണ്‌?

= അറബ്‌ രാജ്യങ്ങളിലെ പോലെ അടുത്ത കാലത്ത്‌ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളിലെ പ്രധാന പത്രങ്ങളെല്ലാം തന്നെ രാഷ്ട്രീയകക്ഷികളുടെ അവയവങ്ങളാണ്‌. അധികാരത്തിലുള്ളതോ പ്രതിപക്ഷമോ എന്നൊന്നും വ്യത്യാസമില്ല. ഒരോ പാര്‍ട്ടിക്കും പത്രങ്ങളും ആനുകാലികങ്ങളും റിവ്യൂകളും പ്രചരണായുധങ്ങളായുണ്ട്‌. പൊതുസമൂഹവുമായി സമരപ്പെടുന്ന ഒരു പരിണതിയില്‍ ഇനിയും ജയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട്‌ ഞാനും കൂടി ഉള്‍പ്പെട്ട സ്വതന്ത്ര എഴുത്തുകാരുടെ സമൂഹം പ്രത്യയശാസ്ത്രബന്ധങ്ങളില്‍ നിന്നും വിടുതല്‍ നേടാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു വരുന്നുണ്ട്‌.

സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു പത്രസ്ഥാപനത്തിലാണ്‌ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്‌. അനേകവര്‍ഷം അതിന്റെ പത്രധിപയായിരിക്കുകയും ചെയ്തു. പാര്‍ട്ടിലൈന്‍ ചിന്തകളുടെ ആധിപത്യമുണ്ടായിരുന്നിട്ടു കൂടി അധികാരികളെ കബളിപ്പിച്ച്‌ പ്രത്യയശാസ്ത്ര ചട്ടക്കൂടുകളില്‍ നിന്നും കുറഞ്ഞ അളവിലെങ്കിലും രക്ഷപ്പെട്ട ആശയങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള വഴികള്‍ ഞാന്‍ കണ്ടെത്തിയിരുന്നു.ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന സാംസ്കാരികമേഖല എനിക്കു ചുറ്റും ഇറാഖില്‍ എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്ന് കണ്ടെത്താനുള്ള അവസരങ്ങളാണ്‌ നിക്കു നല്‍കിയത്‌. പത്രപ്രവര്‍ത്തനങ്ങളിലൂടെ ഞാന്‍ പ്രസിദ്ധയായി. അതേ സമയം ചെറുകഥകളും ലേഖനങ്ങളും എഴുതുന്ന തിരക്കിലുമായിരുന്നു. ഒടുവില്‍ ഒരു നോവലും. 1982 ല്‍ ഞാന്‍ ഇറാഖ്‌ വിട്ടു.

? എങ്ങനെയാണ്‌ പത്രപ്രവര്‍ത്തനത്തെയും സാഹിത്യരചനകളെയും താങ്കള്‍ പരസ്പരം കൂട്ടിയോജിപ്പിക്കുന്നത്‌?

= പത്രത്തിനുവേണ്ടി എഴുതുക പെട്ടെന്ന് തീര്‍ക്കേണ്ട ജോലിയാണ്‌. അത്‌ താല്‍കാലികവും അതുകൊണ്ടു തന്നെ മണിക്കൂറുകള്‍ക്കകം പ്രസക്തി ഇല്ലാതായി പോകുന്നതുമാണ്‌. എന്നാല്‍പോലും പത്രം മറ്റാളുകളുമായും നമുക്ക്‌ ചുറ്റുമുള്ള ആണുങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നു. ഒരു പ്രസിദ്ധീകരണം നേരിട്ടുള്ള ചുമതലകളുമായും അധികാര കേന്ദ്രങ്ങളുമായും പഴയതും പുതിയതുമായ പല രീതികളിലുള്ള അഴിമതികളുമായും മാലാഖമാരുമായും രാക്ഷസന്മാരുമായും ബന്ധപ്പെടാനുള്ള വഴിയാണ്‌ ഒരുക്കിവെക്കുന്നത്‌. ഒരു എഴുത്തുകാരിക്ക്‌ രചനകള്‍ക്കുള്ള നിരവധി വിഭവങ്ങള്‍ അനുഭവങ്ങളിലൂടെ പത്രപ്രവര്‍ത്തനം നല്‍കുന്നുണ്ട്‌. നിങ്ങള്‍ക്ക്‌ രുചിച്ചു നോക്കാന്‍ നിരവധി രുചികരമായ വിഭവങ്ങളിലൂടെ മാതൃക നല്‍കുന്നതിനാല്‍ ഞാന്‍ ഒരിക്കല്‍ പത്രത്തെ പാചകക്കാരന്‍ എന്നാണ്‌ വിളിച്ചത്‌. പക്ഷേ അവസാനം നിങ്ങള്‍ ചിറി തുടച്ചിട്ടു പോയി സ്വന്തം ഭക്ഷണം പാകം ചെയ്യും. നിങ്ങളുടെ സ്വന്തം സൃഷ്ടി, നിങ്ങളുടെ സ്വന്തം എഴുത്ത്‌.

ബാഗ്ദാദില്‍ ഞാന്‍ വര്‍ഷങ്ങളായി പണിയെടുത്ത ഒരു പത്രസ്ഥാപനത്തിലെ പ്രവര്‍ത്തകരുമായുള്ള ബന്ധവും ഞാന്‍ പരിചയപ്പെട്ട ഇറാഖിലെ സാംസ്കാരികരംഗത്തെ ബുദ്ധിജീവികളെക്കുറിച്ചുള്ള ഓര്‍മ്മയും കൂട്ടിയിണക്കിയാണ്‌ ആണിനെപ്പോലെ ജീവിച്ച പെണ്‍കുട്ടി എന്ന നോവല്‍ എഴുതിയത്‌. ഈ നോവലില്‍ ഞാന്‍ കണ്ടെത്തിയതു പോലെ ഒരു ബുദ്ധിജീവിയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്‌ സ്വരുക്കൂട്ടി അവതരിപ്പിക്കാന്‍ പന്ത്രണ്ടു വര്‍ഷത്തിലധികം ഞാന്‍ കാത്തിരുന്നു.

പൂന്തോട്ടങ്ങളിലും പാടങ്ങളിലുമുള്ള നോക്കുകുത്തികളെപ്പോലെയാണ്‌ അറബ്‌ ബുദ്ധിജീവികള്‍. അവര്‍ വിരട്ടാന്‍ ശ്രമിക്കും. വെല്ലുവിളിക്കും സുഭഗരാണ്‌, ആകര്‍ഷണീയരാണ്‌ , സിദ്ധാന്തങ്ങളും ഭ്രമങ്ങളും ഉള്ളില്‍ നിറഞ്ഞവരാണ്‌; പഴകിയ യൂറോപ്യന്‍ അഹംബോധവും മുന്‍ കാലങ്ങളിലെ അറബ്‌ സുഖലോലുപതയും ദുര്‍ബലപ്പെടുത്തിയ അറബ്‌ ആശയ സംഹിതകളുടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളുമാണ്‌. ഒരു ബുദ്ധിജീവി ഏറ്റവും കര്‍ക്കശനും എന്നാല്‍ പേടിയുള്ളവനും ആകുന്നത്‌ സ്ത്രീകളോടുള്ള അവന്റെ സമീപനത്തിലാണ്‌. കമ്യൂണിസ്റ്റ്‌ ബുദ്ധിജീവി ആയിരുന്നാലും ഫാസിസ്റ്റ്‌ ബുദ്ധിജീവി ആയിരുന്നാലും അവന്റെ സ്ത്രീ അവനോടു തന്നെ ലൈംഗികതാല്‍പര്യം കൂടുതല്‍ കാണിച്ചുപോയാല്‍ അവനു ദേഷ്യം വരും. ഒരു വേശ്യയെപ്പോലെ അവളെ കൈകാര്യം ചെയ്യുകയും ചെയ്യും.



? 1982 ല്‍ ഇറാഖ്‌ വിട്ട്‌ പോകാനുണ്ടായ സാഹചര്യം എന്തായിരുന്നു?

= ആരും നിര്‍ബന്ധിച്ചിട്ടില്ല അങ്ങനെ ചെയ്യാന്‍. ചുരുക്കിപ്പറയാം. എന്റെ മകനെ മധ്യവേനല്‍ പട്ടാള പരിശീലനത്തിന്റെ ഭാഗമായി യുദ്ധരംഗത്തേക്ക്‌ അയക്കുന്നത്‌ എനിക്ക്‌ തടയേണ്ടതുണ്ടായിരുന്നു. ഹൈസ്കൂളിനു ശേഷം ഒരാണ്‍കുട്ടിയെ പട്ടാളക്കാരനാക്കുന്നതില്‍ നിന്നും യുദ്ധം ചെയ്യാന്‍ അയക്കുന്നതില്‍ നിന്നും വിലക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല. ഞാന്‍ ഇറാന്‍-ഇറാഖ്‌ യുദ്ധത്തെക്കുറിച്ചാണ്‌ സംസാരിക്കുന്നത്‌. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക്‌ മകനുമായി യാത്ര ചെയ്യുമ്പോള്‍ ഞാന്‍ അഭയാര്‍ത്ഥികളുടെ കടുത്ത കഷ്ടപ്പാടുകള്‍ ശരിക്കും അനുഭവിച്ചു. യൂറോപ്പിലേയും അറബ്‌ വന്‍ നഗരങ്ങളിലേയും ജീവിതം വ്യത്യസ്തമാണെങ്കിലും ഒരു എഴുത്തുകാരിക്ക്‌ അതെല്ലാം വിലപ്പെട്ട സമയങ്ങളാണ്‌. സ്വന്തം നാട്‌ നഷ്ടപ്പെട്ടപ്പോള്‍ വേറെ രീതിയില്‍ ചിന്തിക്കാനും മറ്റൊരു രീതിയില്‍ ജീവിക്കാനുമുള്ള മാനസികശക്തി കിട്ടി. രചനയ്ക്കുള്ള ഉപാധി എന്ന നിലയില്‍ മാത്രം നഷ്ടപ്പെട്ടവയെക്കുറിച്ച്‌ വേദനിക്കാന്‍ ധാര്‍മ്മികമായ ആരോഗ്യവും എനിക്കു ലഭിച്ചു. അതെന്റെ ജീവിതം കൂടുതല്‍ ആര്‍ജ്ജവമുള്ളതും എന്റെ വേദനകളെ കൂടുതല്‍ മനുഷ്യത്വപരവുമാക്കി.

? ഇറാഖില്‍ നിന്നു പോരുന്നതിനു മുമ്പ്‌ താങ്കളുടെ പ്രവര്‍ത്തനത്തിനുണ്ടായ തടസ്സങ്ങള്‍ എന്തൊക്കെയാണ്‌?

= ഇറാഖില്‍ എന്റെ പുസ്തകം പ്രസിദ്ധീകരിക്കുകയും സാംസ്കാരികരംഗത്ത്‌ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്‌.എഴുത്തിന്‌ എനിക്കവിടെ വിലക്ക്‌ ഉണ്ടായിരുന്നില്ല. പക്ഷേ ലൈലയും ചെന്നായും എന്ന എന്റെ ആദ്യ നോവലിലെ മുഴുവന്‍ പേജുകളും സെന്‍സര്‍ ചെയ്തു. അതുപോലെ എന്റെ ലേഖനത്തിലെ നിരീക്ഷണങ്ങളും. സര്‍ക്കാരിന്റെ പേരില്‍ പ്രവര്‍ത്തിച്ച ഒരു പരിശോധകന്‍ കൃതികളില്‍ വഴി പിഴപ്പിക്കുന്നതും രാജ്യദ്രോഹപരവും ആയ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുന്നു. പിന്നീട്‌ വരികള്‍ വെട്ടിക്കളയാന്‍ തുടങ്ങുന്നു. ചിലപ്പോള്‍ മുഴുവന്‍ ടെക്സ്റ്റും. മിക്ക സമയങ്ങളിലും എഴുത്തുകാര്‍, കവി, കലാകാരന്മാര്‍, ഒക്കെ ജയിലിലാവും. സമഗ്രാധിപത്യ പ്രദേശങ്ങള്‍ ഒരിക്കലും ഒരു വ്യക്തിയെ അയാളായിരിക്കാന്‍ അനുവദിക്കില്ല. ആരെങ്കിലും അതിനു തുനിഞ്ഞാല്‍ അതിനുള്ള വില നല്‍കേണ്ടി വരും.

? സമാനമായ പ്രശ്നങ്ങള്‍ പിന്നീട്‌ ജോലി ചെയ്ത മറ്റേതെങ്കിലും രാജ്യങ്ങളില്‍ അനുഭവിച്ചിട്ടുണ്ടോ? ഇപ്പോള്‍ താങ്കളുടെ രചനകള്‍ സ്വതന്ത്രമായി അറബ്‌ രാജ്യങ്ങളില്‍ പ്രചരിക്കുന്നുണ്ടോ?

= ഒരിക്കലുമില്ല. ഞാന്‍ ആദ്യം ബെയ്‌റൂട്ടില്‍ ജോലിചെയ്ത്‌ എഴുതി, പ്രസിദ്ധീകരിച്ചു. എഴുപതുകളുടെ തുടക്കത്തില്‍ അറബ്‌ തലസ്ഥാനങ്ങളില്‍ വച്ച്‌ ബെയ്‌റൂട്ട്‌ മാത്രമാണ്‌ അറബ്‌ എഴുത്തുകാര്‍ക്ക്‌ നിശ്ചിതമായ സ്വാതന്ത്ര്യം നല്‍കുന്നത്‌. എല്ലാവരും വലിയ അളവില്‍ അതിന്റെ പ്രയോജനങ്ങള്‍ അനുഭവിക്കുന്നുണ്ട്‌. കുറച്ചു പേജുകളില്‍ എഴുതി ഒതുക്കാനാവാത്ത വിധം അവിടുത്തെ സാംസ്കാരിക ജീവിതം വളരെ സമ്പന്നമാണ്‌. (ഞാനിപ്പോള്‍ നഗരങ്ങളെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമുള്ള പുസ്തകത്തിന്റെ രചനയിലാണ്‌)എന്റെ ഭൂരിഭാഗം ബുക്കുകളും പ്രസിദ്ധീകരിച്ചത്‌ ബെയ്‌റൂട്ടില്‍ നിന്നാണ്‌.

ലെബനീസ്‌ പത്രത്തില്‍ ഞാന്‍ ജോലി ചെയ്തു. പ്രധാന അനുകാലികങ്ങളിലൊക്കെ എഴുതുകയും ചെയ്തു. വിരോധാഭാസം എന്നു തന്നെ തോന്നാം, ഞാന്‍ വിരുദ്ധധാരകളിലൂടെയാണ്‌ സഞ്ചരിച്ചത്‌. പ്രസിദ്ധമായ വലതുപക്ഷ പത്രം അല്‍ നഹാറിലും അറിയപ്പെടുന്ന കവി അഡോണിസ്‌ നടത്തുന്ന സ്വതന്ത്ര ആനുകാലികമായ മവക്വിഫിലും ഞാന്‍ എഴുതി. അതേസമയം കമ്യൂണിസ്റ്റ്‌ പാര്‍ട്ടി റിവ്യൂ ആയ ഖല്‍ താരിഖിലും എഴുതി. എന്റെ ശിരസ്സിനുള്ളില്‍ വരുന്നതും ഞാന്‍ അനുഭവിക്കുന്നതുമാണ്‌ ഞാന്‍ കുറിക്കുന്നത്‌. എന്റെ ആദ്യ പുസ്തകം, ഒരു കഥാസമാഹാരം, ബെയ്‌റൂട്ടിലണ്‌ പ്രസിദ്ധീകരിച്ചത്‌. അതു പോലെ കഴിഞ്ഞ നോവലും. റാബത്തിനെ പോലെ ഞാനും താമസിച്ച ബെയ്‌റൂട്ട്‌ ധീരവും, സുന്ദരവും പൂര്‍ണ്ണമായ പ്രകാശനങ്ങളെ സാദ്ധ്യമാക്കിത്തരുന്നതുമായിരുന്നു.

തുടരും...

 

comments