സഖാവ് പി. കൃഷ്‌ണപിള്ളയുടെ ഭാര്യ,
ടി.എന്‍.ഗോപകുമാറിന്റെ അമ്മ തങ്കമ്മ, കൃഷ്‌ണപിള്ളയുടെ മരണശേഷം ജന്മനാടായ
ശുചീന്ദ്രത്തേക്ക് മടങ്ങി. അവിടെ വട്ടപ്പള്ളിമഠം
നീലകണ്‌ഠശര്‍മ്മയുമായുണ്ടായ വിവഹത്തില്‍ തങ്കമ്മയ്ക്ക് ജനിച്ച മൂന്നു
മക്കളിലൊരാളായ ടി.എന്‍.ഗോപകുമാര്‍, മരിച്ചുപോയ അമ്മയെ ഓര്‍ത്തെഴുതിയ
കുറിപ്പുകളാണ് ഈ ചെറുപുസ്തകത്തില്‍.
ഇന്നത്തെ മലയാള ഗദ്യത്തില്‍ അമ്മയെക്കുറിച്ചെഴുതുക വളരെ ദുഷ്‌കരമാണ്.
മലയാളഗദ്യം പദ്യനിര്‍ഭരവും പൊള്ളയുമായി ചെന്നടിയുന്ന നിരവധി
വിഷയങ്ങളിലൊന്നാണ് അമ്മ. വേറെയുമുണ്ട് ഇത്തരം വിഷയങ്ങള്‍: ഗുരുനാഥന്‍,
വിപ്ലവം, പരിസ്ഥിതി, കാമുകി, മഹാത്മാഗാന്ധി തുടങ്ങിയവ. ഒരുപക്ഷേ
ഇക്കൂട്ടത്തില്‍ ഏറ്റവും നിര്‍ഭാഗ്യം അമ്മയ്ക്കാണ്. കാരണം, നമ്മുടെ
ഏറ്റവും ജീര്‍ണ്ണിച്ച കാല്‍പനിക പദാവലികളിലൊന്നാണ് ഇത്തിള്‍ക്കണ്ണിപോലെ
അമ്മ എന്ന സര്‍വ്വസാധാരണ, നിത്യജീവിതമനുഷ്യജീവിയില്‍ പിടിച്ചു
തൂങ്ങുന്നത്. ഇത്തിള്‍ക്കണ്ണി പൂര്‍ണ്ണമായി ആക്രമിച്ച ചില മരങ്ങളുണ്ട്.
ഇത്തിള്‍ വെട്ടിക്കളഞ്ഞാല്‍ പിന്നെ മരം തന്നെയുണ്ടാവില്ല. മലയാളത്തില്‍
അമ്മയ്ക്കു ചുറ്റും കാലാകാലങ്ങളായി പടര്‍ത്തിയിരിക്കുന്ന പൊള്ളവാക്കുകള്‍
നീക്കിക്കളഞ്ഞാല്‍ അമ്മയെന്ന സ്ത്രീയെ നമ്മുടെ ഗദ്യത്തില്‍ തിരിച്ചറിയാന്‍
തന്നെ കഴിയാതെ പോയേക്കാം.
ചായം തേച്ച വാക്കുകളും മോടിപിടിപ്പിച്ച വികാരങ്ങളും മലയാള ഗദ്യത്തില്‍
ഇന്ന് സര്‍വ്വത്ര ആദരണീയവും സ്വീകാര്യവുമാണ്. വാക്കുകളുടെയും
മാനസികഭാവങ്ങളുടെയും അതിഭാവുകത്വം രൂഢമൂലമാണ്. ഈ അവസ്ഥയ്ക്ക്
സഹിത്യത്തിലെ ഉന്നതര്‍ സാധാരണ കുറ്റം പറയുക മുട്ടത്തുവര്‍ക്കിയെയാണ്.
വര്‍ക്കിയെ ശകാരിച്ചാല്‍ കഴിഞ്ഞു, മറ്റാരും കുറ്റക്കാരല്ല എന്ന
സൗകര്യപ്രദമായ നിലപാടാണ് ഇതിന്റെ പിന്നില്‍. കണ്ണടച്ച്
ഇരുട്ടാക്കുന്നതുപോലെയാണ് പൈങ്കിളിഭാവം ഒരു വിഭാഗം സാഹിത്യത്തിനുമേല്‍
മാത്രം ചുമത്തി മറ്റുള്ളവര്‍ കുറ്റവിമുക്തരാകുന്നത്. പൈങ്കിളി എന്ന
ഉപയോഗപ്രദമായ വാക്കിന് എഴുത്തച്ഛനും മുട്ടത്തു വര്‍ക്കിയ്ക്കും
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ശേഷം ഔദ്യോഗിക പുനരുജ്ജീവനം നല്‍കിയ
കലാകൗമുദിയുടെ താളുകള്‍ പരിശോധിച്ചാല്‍ തന്നെ പൈങ്കിളിയുടെ കളകൂജനവും
വര്‍ണ്ണശബളിമയും, പുതിയ പുതിയ ബൗദ്ധിക മേഖലകളിലാണെങ്കിലും, ധാരാളമായി
കണ്ടെത്താന്‍ കഴിയും.
ആധുനിക മലയാള ഗദ്യത്തിന്റെ എല്ലാ വിഭാഗങ്ങളിലും അതിഭാവുകത
കുടിയേറിയിട്ടുണ്ട്. ഗദ്യത്തിന്റെ സ്വഭാവഗുണങ്ങളെപ്പറ്റിയുള്ള അശ്രദ്ധയും
അതിന്റെ ഉപയോഗ- പ്രയോഗങ്ങളെ സംബന്ധിച്ചുള്ള അലസതയും മലയാള
അച്ചുനിരത്തുന്നിടത്തൊക്കെത്തന്നെ കാണാം. നമ്മെ ബാധിച്ചിരിക്കുന്ന
ഇംഗ്ലീഷ്‌മീഡിയം ചായ്‌വിനേക്കാള്‍ ഒരു കണക്കിന് എത്രയോ അപകടകരമാണ്
ജീവിക്കുന്ന ഗദ്യത്തിന്റെ ഈ തകര്‍ച്ച. നോവലും കഥയും ഗദ്യമായി
കണക്കാക്കപ്പെടുന്നതു തന്നെയില്ല. അവയുടെ സ്ഥായീഭാവം ഗദ്യകവിതയാണെന്ന
മൗനസമ്മതം ശക്തമാണ്.

ചിന്തയും വൃത്തിയും വെടിപ്പും, വഞ്ചനയില്ലാത്ത അര്‍ത്‌ഥത്തിന്റെ
സ്‌പഷ്‌ടതയും തെളിഞ്ഞു നില്‍ക്കേണ്ട വാര്‍ത്തയെഴുത്ത്, സാഹിത്യനിരൂപണം
സാമൂഹിക പഠനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പോലും കൊഞ്ചിക്കുഴയലുകളും
മാടിവിളിക്കലുകളും ജാടകളും നിറഞ്ഞു നില്‍ക്കുന്നു. കള്ളവാക്കുകളും
പൊള്ളഭാവങ്ങളും ആഫ്രിക്കന്‍ പായല്‍ പോലെ അടിഞ്ഞുകൂടി നില്‍ക്കുന്നു.
മലയാളഗദ്യത്തിന്റെ ഈ അവസ്ഥ ഒരു നിത്യഹരിതവനത്തില്‍ വഴിതെറ്റി
അലയുന്നതുപോലെയാണ്. അവിടെ സിംഹവാലന്‍ കുരങ്ങുകളും പറുദീസകളും
പ്രവാചകന്മാരും ഉണ്ട്. പക്ഷേ അതുകൊണ്ടു മാത്രമായോ?
ആധുനിക മലയാളത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ സാഹിത്യപ്രസ്ഥാനങ്ങളും-
പുരോഗമനം തൊട്ട് ആധുനികോത്തരം വരെ - ഈ വാഗ്‌ലമ്പടത്വത്തില്‍
പങ്കെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും മിതത്വം പാലിച്ചിട്ടുള്ളത്
ക്ലാസ്സിക്കല്‍ സാഹിത്യമാണെന്നു തോന്നുന്നു. നമ്മുടെ ക്ലാസ്സിക്കുകളില്‍
അമ്മയും ഗുരുവും മറ്റും ത്രസിക്കുന്ന മോഹനവാക്കുകളുടെ ചുട്ടികുത്ത്
ഇല്ലാതെയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എഴുത്തച്ഛനും ചന്തുമേനോനും,
സി.വി.യും ഇക്കാര്യത്തില്‍, ആധുനികരെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ക്ക്
ഇന്ന് സാധിക്കാത്ത സംയമനവും മിതത്വവും പാലിച്ചിരുന്നു.
ഇന്ന് നാമറിയുന്ന ആധുനിക പൈങ്കിളി വാഗ്‌ധാരയ്ക്ക് അടിസ്ഥാനമിട്ടത്
പുരോഗമനസാഹിത്യപ്രസ്ഥാനം തന്നെയായിരുന്നു. കമ്മ്യൂണിസ്റ്റ്
സിദ്ധാന്തത്തെപ്പോലെ തന്നെ ഇതിന്റെ പ്രേരണകളും പാശ്ചാത്യമായിരുന്നു. പക്ഷേ
മലയാളി മധ്യവര്‍ഗ്ഗങ്ങള്‍ -അന്ന് , ഒട്ടുമുക്കാലും സവര്‍ണ്ണര്‍ മാത്രം-
പുതുതായി നേടിയ വിപ്ലവത്തിന്റെ പിന്നില്‍ യാഥാസ്‌ഥിതികത്വം
ഒളിച്ചുനിന്നിരുന്നു. അതാണ് ഒരുപക്ഷേ വിപ്ലവത്തിനെപ്പോലും മധുരമൂറുന്ന
അലങ്കാരവാക്കുകളില്‍ പൊതിഞ്ഞ് ഒരു തരം മോഹിനിയാട്ടമായി അവതരിപ്പിക്കാന്‍
പുരോഗമനപ്രസ്ഥാനത്തെ പ്രേരിപ്പിച്ചത്. 'വാഴക്കുല' വാസ്തവത്തില്‍
'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' യുടെ വെള്ളാട്ട് ആയിരുന്നു.
......
ഈ നീണ്ട പശ്ചാത്തല വിവരണമെഴുതാന്‍ കാരണമുണ്ട്. ടി.എന്‍.ഗോപകുമാര്‍ താന്‍
സ്നേഹിക്കുന്ന അമ്മയുടെ ഓര്‍മ്മയ്ക്കായി ഈ കുറിപ്പുകളെഴുതാന്‍
ഒരുമ്പെട്ടപ്പോള്‍ അദ്ദേഹത്തിനു ചുറ്റും ഒരപകടപ്രേരണയെന്നപോലെ,
ഉരുണ്ടുകൂടിയിരിക്കാവുന്ന സ്ഥിതിവിശേഷമായി ഞാന്‍ കാണുന്നത് മേല്‍പറഞ്ഞ
സാര്‍വ്വത്രികമായ അതിഭാവുക ഭാഷാവിലാസത്തിന്റേതാണ്. 'ശുചീന്ദ്രം
കുറിപ്പുകളില്‍' ഞാന്‍ ദര്‍ശിക്കുന്ന വഴിമാറ്റം ഈ മുഖ്യധാരാപ്രവണതയില്‍
നിന്നുള്ള വിഷമകരമായ ഒരു നിര്‍ഗമനമാണ്. ഈ കുറിപ്പുകളുടെ രചനയെ ഗോപകുമാര്‍
എന്ന ഗദ്യകാരന്റെ രണ്ടു തലങ്ങളിലുള്ള സവിശേഷസംഘട്ടനരംഗമായി ഞാന്‍ കാണുന്നു.
സമകാലീന മലയാളഗദ്യത്തിന്റെ റൊമാന്റിക് നടപ്പുദീനങ്ങളില്‍ നിന്ന് സ്വയം
രക്ഷിക്കുക മാത്രമല്ല അമ്മയെപ്പോലെ ആപത്തു നിറഞ്ഞ ഒരു വിഷയത്തെപ്പറ്റി
എഴുതാനൊരുങ്ങുന്ന ഗോപകുമാറിന് ചെയ്യേണ്ടിവരുന്നത്. വൈകാരികതാസ്പര്‍ശമേറ്റ
ബന്ധങ്ങളെ സാഹിത്യരൂപേണ വിവരിക്കാനൊരുങ്ങുമ്പോള്‍ ചുറ്റിക്കൂടുന്ന സ്വകാര്യ
സെന്റിമെന്റലിസത്തില്‍ നിന്ന് രക്ഷപ്പെടുകയും, അത്തരമൊരു വിവരണത്തെ മറ്റൊരു
മധുരിക്കുന്ന ദാര്‍ശനികതയാക്കിത്തീര്‍ക്കാനുള്ള പ്രവണതയില്‍ നിന്ന് അകലം
സ്ഥാപിക്കുകയും കൂടി ചെയ്യേണ്ടതുണ്ട്.
അതുകൊണ്ട് ഗോപകുമാര്‍ ചെയ്യുന്നത് തന്റെ ഗദ്യത്തെ ഭാഷാപക്വതയാര്‍ജ്ജിച്ച
പത്രപ്രവര്‍ത്തകന്റെ മിതത്വത്തോടും ഒതുക്കത്തോടും കാര്യമാത്രപ്രസക്തിയോടും
കൂടി ഉപയോഗിച്ചുകൊണ്ട് അമ്മയുടെ ഓര്‍മ്മയെ സഗൗരവം സമീപിക്കുകയാണ്. ഈ
സമീപനത്തിന് ഗോപകുമാര്‍ വ്യക്തവും ബോധപൂര്‍വ്വവുമായ അതിര്‍വരമ്പുകള്‍
നിര്‍മ്മിച്ചിരിക്കുന്നു. അമ്മയുടെ മടിത്തട്ടില്‍ വീണ്ടും കയറിയിരുന്ന്
മുലപ്പാലിന്റെ വര്‍ണ്ണനകളും മുഖശ്രീയുടെ ക്ലോസപ്പുകളും നിറഞ്ഞ ഒരു
വൈകാരികമേള ഗോപകുമാര്‍ നമുക്കു വേണ്ടി ആവിഷ്‌കരിക്കുന്നില്ല. അദ്ദേഹം
അമ്മയെ 'ചിത്രീകരിക്കാന്‍' വിസമ്മതിക്കുന്നു. 'എന്റെ എന്റേതു മാത്രം'
എന്നൊക്കെ പറയപ്പെടുന്ന ഒരു പ്രദര്‍ശന വസ്‌തുവാക്കി അമ്മയെ നമുക്ക്
കാണിച്ചു തരാന്‍ ഗോപകുമാര്‍ തയ്യാറാവുന്നില്ല. പകരം അദ്ദേഹം
നിവര്‍ത്തിക്കാണിക്കുന്നത് അമ്മയുടെ സ്ഥലവും കാലവുമാണ്.

ശുചീന്ദ്രം രേഖകളിലൂടെ ഗോപകുമാര്‍ ദര്‍ശിക്കുന്ന അമ്മ സ്വന്തം കാലത്തിലൂടെ
സ്വതന്ത്രമായി നീങ്ങിപ്പോവുന്ന ഒരു വ്യക്തിയാണ്. അമ്മയെ ഇത്തരമൊരു
സാഹിത്യസംരംഭത്തിലുളവാകാവുന്ന സധാരണ കൗശലങ്ങളുടെയും
തടവുപുള്ളിയാക്കിത്തീര്‍ക്കുന്നില്ല. ഈ അകലം സ്ഥാപിക്കലിലൂടെയും
എത്തിപ്പിടിക്കാനുള്ള ശ്രമം നടത്താതിരിക്കുന്നതിലൂടെയുമാണ് ഗോപകുമാര്‍
അമ്മയോടുള്ള തന്റെ അടുപ്പത്തെ സംയമനത്തോടെയും സത്യോന്മുഖതയോടെയും
വാഗ്‌ധോരണികളില്ലാതെയും നമുക്ക് അനുഭവസാദ്ധ്യമാക്കുന്നത്.
കണ്ണീര്‍നനവുണ്ടെങ്കിലും കോലാഹലമുയര്‍ത്താത്ത വാക്കുകള്‍ അമ്മയുമായുള്ള
തന്റെ അന്തിമ സമാഗമം വിവരിക്കുന്നു. 'കച്ചി കൂട്ടിയിട്ട മുറ്റത്ത്
മുളക്കീറുകളുടെ ശയ്യ തയ്യറാക്കിയിരുന്നു. അപ്പൂപ്പനേയും മറ്റുള്ളവരേയും ഒരേ
നോട്ടത്തില്‍ കണ്ട് അകത്തേക്കോടി അമ്മയുടെ അടുക്കലെത്തി. കരയാതെ കണ്ണടച്ചു
കിടക്കുന്ന അമ്മയോട് ആരോ പറഞ്ഞു,'ഗോപന്‍ വന്ത്‌രുക്കാന്‍, പാരു തങ്കം.'
എനിക്കായി അമ്മയുടെ ശരീരം ആ നിലയ്ക്കു സൂക്ഷിച്ച ഐസ് കഷ്‌ണങ്ങള്‍ കുറേ
ഭൗതികനിയമങ്ങളെ വെല്ലുവിളിച്ചു.അമ്മയുടെ മുഖാമുഖമിരിക്കാന്‍ എനിക്കായി
ഏവരും പിറകോട്ടു മാറി. പുറത്ത് അമ്മയ്കായി കച്ചിമെത്ത
തയ്യാറാക്കുന്നതിന്നിടയില്‍ എന്റെ കരച്ചില്‍ വീടാകെ വ്യാപിച്ചു...'
തങ്കമ്മയുടെ ജീവിതസാഹചര്യങ്ങളും ഗോപകുമാറിന്റെ സൈദ്ധാന്തികപാരമ്പര്യവും
കണക്കിലെടുത്താല്‍ ഗോപകുമാറിനെ അഭിമുഖീകരിച്ചിരുന്നേക്കാവുന്ന മറ്റൊരു
കെണിയാണ് കേരളത്തിന്റെ തനതായ മാര്‍ക്സിസ്റ്റ് റൊമാന്റിസിസം. കാരണം
തങ്കമ്മ, സമരപുളകങ്ങളുടെ കാലഘട്ടത്തിലെ, പൊന്നരിവാളില്‍ കണ്ണെറിയുന്ന
ലോകത്തിലെ, തനിക്ക് താന്‍പോന്ന ഒരു പഥികയായിരുന്നു. പക്ഷേ, ഗോപകുമാറിലെ
പത്രപ്രവര്‍ത്തകന്‍ ചെയ്യുന്നത്, വികാരവിക്ഷോഭങ്ങളില്ലാതെ, സ്‌പെഷല്‍
ഇഫക്ടുകള്‍ തേടാതെ, ഋജുവും, ദൃഢവും, ഒതുക്കമുള്ളതുമായ,സങ്കീര്‍ണ്ണതയ്ക്ക്
ലളിതമായി വഴങ്ങുന്ന, ഒരു ഭാഷയിലൂടെ അമ്മയെ റിപ്പോര്‍ട്ട് ചെയ്യുകയാണ്.
ഗോപകുമാറിന്റെ അമ്മ, ജയലളിത കട്ടൗട്ട് പോലെ അകാശം മുട്ടെ , ഉയര്‍ന്നു
നില്‍ക്കുന്ന വര്‍ണ്ണശബളമായ തെയ്യമല്ല, നമ്മെയൊക്കെപ്പോലെ , താന്‍ ജീവിച്ച
കാലത്തിലൂടെയും താന്‍ സ്നേഹിച്ച ആള്‍ക്കാര്‍ക്കിടയിലും തെളിഞ്ഞും മാഞ്ഞും
കടന്നു പോകുന്ന വെറും മനുഷ്യത്തിയാണ്.
തന്റെ ദേശത്തിന്റെ ചരിത്രത്തിലൂടെയും കഥകളിലൂടെയും ഗോപകുമാര്‍
തിരിച്ചുവിളിക്കുന്നത് പൊയ്‌പോയ ഒരമ്മയെയാണ്. പക്ഷേ അതിന്റെ വേദന അദ്ദേഹം
ആഘോഷമാക്കുന്നില്ല. പുത്രന്റെ സ്വകാര്യ വേദനകളുടെ വെമ്പലുകളില്‍ നിന്ന്
അമ്മയെ വിമുക്തയാക്കുന്നു. വൈക്കത്ത് പാച്ചുമൂത്തതിന്റെ ഈ പിന്‍
വഴിക്കാരന്‍ തന്റെ അത്യാഗ്രഹങ്ങളില്ലാത്ത, അടക്കമുള്ള ഗദ്യത്തിന്റെ
പാതകളിലൂടെ സ്വന്തം കാലത്തിന്റെ പുത്രിയും സഹചാരിണിയുമായി സ്വൈരവിഹാരം
ചെയ്യാന്‍ അമ്മയെ ആനയിക്കുന്നു.
ശുചീന്ദ്രം കുറിപ്പുകള്‍ ശുചീന്ദ്രം തങ്കമ്മയുടെ ലോകത്തിന്റെ സ്നേഹം നിറഞ്ഞ
പുനര്‍ നിര്‍മ്മാണമാണ്. അമ്മയ്ക്കൊപ്പം സഞ്ചരിച്ച ഒരു പുത്രന്റെയും
പൊയ്‌പോയ ലോകമാണിത്.
comments