
ഉണ്ണിക്കുട്ടന്‍ ആദ്യമായി ട്രെയിനിംഗ് വീലുകളില്ലാതെ സൈക്കിള്‍
ചവിട്ടുകയാണു്.
ഊരിയിടപ്പെട്ട രണ്ടു ചക്രങ്ങള്‍ അവന്റെ സംരംഭം നോക്കിക്കൊണ്ടു്
പുല്‍ത്തകടിയില്‍ ഉല്‍ക്കണ്ഠയോടെ കിടന്നു.
"നോക്കൂ അവന്റെ പോക്കു കണ്ടോ? ഇപ്പോള്‍ മറിഞ്ഞുവീഴും." ഇടതുചക്രം പറഞ്ഞു.
"നേരെ ഓടിക്കുന്നതിനു പകരം അവന്‍ ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ചു
വെട്ടിച്ചല്ലെ ഓടിക്കുന്നത്." വലതുചക്രം പറഞ്ഞു."
"പതുക്കെ ചവിട്ടിയാല്‍ പോരെ? എന്തു വേഗത്തിലാണവന്‍ ചവിട്ടുന്നതു്!
എവിടെയെങ്കിലും മറിഞ്ഞുവീഴുമെന്നു തീര്‍ച്ചയാണ്."
"എന്നിട്ടു മുട്ട് പൊട്ടി ചോരയുമൊലിച്ചു കരഞ്ഞുകൊണ്ടു തിരിച്ചു വരും.
നോക്കിക്കോളൂ."
"എന്തു ശാഠ്യമായിരുന്നു ചക്രങ്ങള്‍ മാറ്റണമെന്നു്! തീര്‍ച്ചയായും അവനു
കുറച്ചു നാളുകള്‍കൂടി ചക്രങ്ങളുടെ ആവശ്യമുണ്ടു്."
ഒരു വളവുതിരിഞ്ഞ് അവന്‍ അപ്രത്യക്ഷനായി. എന്താണു നടക്കുന്നതെന്നറിയാതെ
ചക്രങ്ങള്‍ വ്യാകുലതയോടെ കാത്തിരുന്നു.
ഉണ്ണിക്കുട്ടന്‍ തിരിച്ചെത്തി. മുട്ട് പൊട്ടിയിട്ടുണ്ടു്. പക്ഷെ
മുഖത്താകെ സന്തോഷവും സംതൃപ്തിയും.
"എന്തു രസം ഇങ്ങനെ സൈക്കിള്‍ ചവിട്ടാന്‍." അവന്‍ ആഹ്ലാദത്തോടെ വിളിച്ചു
പറഞ്ഞു.
പുല്‍ത്തകടിയില്‍ കിടക്കുന്ന ചക്രങ്ങല്‍ അവന്റെ കണ്ണില്‍പെട്ടു.
"ഇനിയിതാര്‍ക്കു വേണം!"
ഉണ്ണിക്കുട്ടന്‍ ചക്രങ്ങളെടുത്ത് കുപ്പയിലേക്കെറിഞ്ഞു.
comments