കഴിഞ്ഞ ലക്കം തുടര്‍ച്ച
എത്രയോ പേടിസ്വപ്നങ്ങളില്‍ ഈ വാക്യം ആരുടെയൊക്കെയോ സ്വരങ്ങളില്‍
കേട്ടതിനാലാകണം അയാളില്‍ പ്രകടമായ ഭാവഭേദമൊന്നുമുണ്ടായില്ല. എത്രയോ
പ്രഭാതങ്ങളില്‍ അവസാനവെളിച്ചവും അണഞ്ഞ അറ്റം കാണാത്ത ഒരു തുരങ്കത്തിലൂടെ
ഭാര്യയുടെയും കുഞ്ഞിന്റെയും കൈപിടിച്ച് പോകുന്നതിനിടയിലാണ് അയാള്‍ കണ്ണ്‍
തുറക്കാറുള്ളത്.
അശുഭകരമായതെന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് മനസ്സ് പിറുപിറുത്തത് അറം
പറ്റിയതിലുള്ള അമ്പരപ്പും, കാവല്‍ക്കാരനെ തെളിവില്ലാതെ സംശയിച്ചതിലുള്ള
കുറ്റബോധവും അയാളുടെ മനസ്സില്‍ കുമിഞ്ഞു.
മാനേജരുടെ മുഖത്ത് അല്‍ഭുതത്തിന്റെ തിരയിളക്കം. അയാള്‍ കരയുമെന്നും
കണ്ണീരിനാല്‍ കാലു കഴുകുമെന്നും മാനേജര്‍ കരുതിയിരുന്നു. അയാളുടെ
കഷ്‌ടപ്പാടിന്റെ ഹൃദയമുരുക്കുന്ന എത്രയോ കഥകള്‍ മാനേജര്‍ക്കറിയാമായിരുന്നു.
അന്യമതക്കാരിയായ പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് സ്വീകരിച്ചതു മൂലം
നേരിടേണ്ടി വന്ന സംഘര്‍ഷങ്ങളും, കുടിവെള്ളക്ഷാമം മൂലം ഗ്രാമം വിട്ട്
ഓടേണ്ടി വന്നതും, നഗരത്തില്‍ ഒരു ജോലിക്കു വേണ്ടി കുഴല്‍ വെള്ളം കുടിച്ച്
ദിനരാത്രങ്ങള്‍ തള്ളിനീക്കിയതുമൊക്കെ. അതെല്ലാം ഓര്‍ത്തുകൊണ്ട് അദ്ദേഹം
ചോദിച്ചു:
- നിങ്ങളൊന്നും പറഞ്ഞില്ല.
-ഇല്ല സാര്‍, എനിക്കൊന്നും പറയാനില്ല.
അയാല്‍ ഇരിപ്പിടത്തില്‍ നിന്നും നിശബ്ദമായി എഴുന്നേറ്റു. മാനേജര്‍
മനുഷ്യസ്നേഹിയാണെന്ന് അയാള്‍ക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല.
രണ്ടുമാസമായിട്ടാണെങ്കിലും ഈ ജോലി അദ്ദേഹം അനുവദിച്ചല്ലോ. ആയിരങ്ങളില്‍
നിന്ന് ഒരുവനായി തന്നെ തിരഞ്ഞെടുത്തല്ലോ.

ഒരു താവളവും അന്തിമമല്ലെന്ന് മുന്‍പേ അറിയാത്തതാണ് തന്റെ കുറ്റമെന്ന്
ഓര്‍ത്ത് പുറത്തേക്കിറങ്ങാന്‍ തുടങ്ങവേ, മാനേജര്‍ പ്രത്യേകമായൊരു
താല്‍പര്യത്തോടെ കസേരയില്‍ ഒന്നിളകിയിരുന്ന് ചോദിച്ചു:
- അല്ല, എന്തുകൊണ്ട് നിങ്ങളുടെ ഭാര്യക്ക് ഈ ജോലി ചെയ്തുകൂടാ.
നിങ്ങളിരുവരും ഈ ജോലിക്ക് തയ്യാറായില്ലെങ്കില്‍ മാത്രമേ പുറത്തു
നിന്നുള്ളവരെ ഈ ജോലിക്ക് ഞാന്‍ പരിഗണിക്കൂ. നിങ്ങളുടെ സ്ഥിതികള്‍
അറിയാവുന്ന ഒരാളെന്ന നിലയ്ക്കാണ് ഞാനിതു പറയുന്നത്. ഇത്രയെങ്കിലും....
മാനേജര്‍ ഹൃദയവിശാലതയ്ക്ക് ഉചിതമായ വാക്കുകള്‍ തേടുകയാണ്.
തന്റെ പെണ്ണിനെ ഒരു പ്രദര്‍ശനവസ്തുവാക്കാന്‍ ആവശ്യപ്പെടുന്ന ഈ മാനേജര്‍ക്കു
നേരെ അലറാനും കാര്‍ക്കിച്ചു തുപ്പാനും തനിക്കു കഴിയാത്തതെന്തുകൊണ്ടെന്ന്
അയാള്‍ സങ്കടപ്പെട്ടു. ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ടിട്ടും
വല്ലാത്തൊരു ഭയവും വിധേയത്വവും തൊണ്ടയെപ്പോലും കീഴടക്കുന്നല്ലോ.
- ഭാര്യക്കും ഭര്‍ത്താവിനും ഒരേ സ്ഥാപനത്തില്‍ ജോലി. സന്തുഷ്ട
കുടുംബത്തിന്റെ ലക്ഷണമായിരിക്കും അത്.തീര്‍ച്ചയായും
ഹൃദ്യമായൊരനുഭവം.അല്ലെങ്കില്‍ തന്നെ ഇതൊരു ജോലിയാണോ? ഏതു ജോലിയും ചില്ലറ
അദ്ധ്വാനം ആവശ്യപ്പെടുന്നുണ്ടല്ലോ. യാതൊരദ്ധ്വാനവും ആവശ്യമില്ലാത്ത ഏക ജോലി
ഇതു മാത്രമല്ലേ? ദിനം പ്രതി പുതുപുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച്
പ്രത്യക്ഷപ്പെടാന്‍ ഏതു സ്ത്രീയുടെ ഉള്ളമാണ് കൊതിക്കാത്തത്?
മാനേജരുടെ വര്‍ണ്ണന വിഷവായുവായി മുറിയില്‍ നിറഞ്ഞു. അത് അയാളെ വല്ലാതെ
വീര്‍പ്പുമുട്ടിച്ചു. ജാലകത്തിലൂടെ മഴയില്‍ കുതിരുന്ന നഗരത്തിന്റെ
പരിശ്ചേദം കാണാമായിരുന്നു.
ഇത്രയേറെ ഗുണങ്ങളുള്ള ഈ ജോലിക്ക് തന്റെ പെണ്ണിനെയോ, ഉടപിറന്നോളെയോ കൊണ്ടു
വന്നൂടെയെന്നൊരു ചോദ്യം തികട്ടി വന്ന അശ്ലീലപദത്തോടൊപ്പം
മുറിവിട്ടിറങ്ങുമ്പോള്‍ അയാള്‍ പുറത്തേക്ക് തുപ്പി.
ആഹുവെന്നൊരു രതിജന്യശബ്ദത്തോടെ വിധേയത്വം കൊണ്ടു ബലം കുറഞ്ഞു വന്ന അയാളുടെ
കഴുത്തില്‍ തൂങ്ങിയാടി കൊണ്ടാണ് ഗായത്രി ടെക്സ്റ്റയില്‍സിന്റെ ഓഫറിനെ
ഭാര്യ വരവേറ്റത്. അയാളതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. കുറഞ്ഞപക്ഷം
തലവെട്ടിച്ചുകൊണ്ടുള്ള ഒരു നടത്തം, എന്റെ പട്ടി പോകുമെന്നൊരു ചീറ്റലും
നീരസവും. കരുതിയതൊന്നുമുണ്ടായില്ല.
താന്‍ ആകെയുള്ളതിനെ വല്ലാതെ സുന്ദരമായി പെരുക്കി അവതരിപ്പിച്ചുവോയെന്ന്
അയാള്‍ അപ്പോള്‍ ഭയന്നു. മാനേജര്‍ ഉള്ളില്‍ തള്ളിയിട്ട മോഹനസുന്ദര
വാക്കുകള്‍ തന്റെ വാക്കുകളേയും അവതരണത്തെയും പതം വരുത്തിയിട്ടുണ്ടാകണം.
താന്‍ അനുഭവിക്കുന്ന ജോലിസംബന്ധമായ ക്ലേശങ്ങളെക്കുറിച്ച് ഒരിക്കല്‍ പോലും
ഭാര്യയുമായി പങ്കുവെക്കാതിരുന്നത് അപരാധമായി അയാള്‍ക്കനുഭവപ്പെട്ടു.
ഭര്‍ത്താവ് മോഡലാണെന്ന് അവള്‍ അഭിമാനത്തോടെ പറഞ്ഞു കേള്‍ക്കുമ്പോള്‍
തിരുത്തേണ്ടതായിരുന്നു. കണ്ണാടിക്കൂട്ടില്‍ തളംകെട്ടിയ
ജീവിതത്തെക്കുറിച്ച് ഒരിക്കലെങ്കിലും സൂചിപ്പിക്കേണ്ടതായിരുന്നു.
താന്‍ ജോലിയില്‍ തുടരുന്നതിന് ഭാര്യയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ജോലി
നഷ്‌ടപ്പെടാന്‍ ഇടയുണ്ടെന്ന് ഫലിതം പറയുകയായിരുന്നുവെന്നുമുള്ള അയാളുടെ
ഇടയ്ക്കുള്ള ന്യായം അവള്‍ മുഖവിലക്കെടുക്കാതിരിക്കുകയും , ഒരു ജോലി
നല്‍കുന്ന സുരക്ഷിതത്വത്തെക്കുറിച്ച് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുകയും
ചെയ്തപ്പോള്‍ എല്ലാം പൂര്‍ത്തിയാകുന്നതായി അയാളുടെ മനസ്സു പ്രവചിച്ചു.
നേര്‍ രേഖയില്‍ പണിപെട്ട് കാലുചേര്‍ത്തു പോകുന്ന ഒരു പാവാടക്കാരിയെ അയാള്‍
അര്‍ദ്ധമയക്കത്തില്‍ കണ്ടു. ക്യാമറകള്‍ ചൊരിയുന്ന വെള്ളി വെളിച്ചത്തെയും,
ഇരുട്ടില്‍ നിന്നു നീളുന്ന കഴുകന്‍ കണ്ണുകളെയും അഭിമുഖീകരിക്കാനാവതെ അവള്‍
വേദിവിട്ടിറങ്ങിയോടുന്നു. കരിഞ്ഞു പോയ പാടങ്ങള്‍ക്ക് നടുവിലൂടെ,
വറ്റിവരണ്ട തോടിന്‍ കരയിലൂടെ...
വൈകിട്ട് സ്കൂള്‍ വിട്ട് വരുമ്പോള്‍ അയല്‍പക്കത്തെ
വീട്ടിലിരിക്കണമെന്നും, അമ്മ ഒരു ഇന്റര്‍വ്യൂവിന് പോകുകയാണെന്നും ഭാര്യ
മകനോട് പറയുന്നതു കേട്ടാണ് അയാള്‍ രാവിലെ കണ്ണു തുറന്നത്.വല്ലാത്തൊരു
ഊര്‍ജ്ജസ്വലതയോടെ രണ്ടുമുറി വീടിന്റെ പൊതുവായ വരാന്തയിലൂടെ അവള്‍ അക്ഷമയോടെ
നടക്കുന്നത് പാതി ചാരിയ വാതിലിലൂടെ അയാല്‍ കണ്ടു.
രാവിലെ അയാളോടൊപ്പം ഓഫീസിലെത്തപ്പെട്ട ഭാര്യക്ക് ഏറെ കാത്തിരിക്കാതെ
മാനേജരെ കാണാന്‍ അനുമതി ലഭിച്ചത് അയാളെ അല്‍ഭുതപ്പെടുത്തി. അവളെ
അനുഗമിക്കാന്‍ ശ്രമിച്ച അയാളെ മുകളിലത്തെ നിലയിലേക്കുള്ള കവാടത്തില്‍ നിന്ന
കാവല്‍ക്കരന്‍ തടയുകയും കാന്‍ഡിഡേറ്റിനു മാത്രമേ അകത്തു പ്രവേശിക്കാന്‍
അനുമതിയുള്ളൂ എന്ന് അറിയിക്കുകയും ചെയ്തു.
അകാശങ്ങളുടെ ഉയരങ്ങളിലേക്ക് ഗോവണി കയറി അവള്‍ പോയതായി അയാള്‍ക്കു തോന്നി.
അന്തരീക്ഷത്തിലെ ചതിക്കുഴികളില്‍ അവള്‍ പെട്ടു പോയേക്കാമെന്നും.
വിവേചനബുദ്ധി കൂടാതെ ജോലി സംബന്ധിച്ച വ്യവസ്ഥകളില്‍ അവള്‍
ഒപ്പുവെച്ചേക്കാനുമുള്ള സാദ്ധ്യത ഏറെയാണെന്ന ഭയം അയാളെ തളര്‍ത്തി.
എന്ത് ചെയ്യണമെന്നറിയാതെ, പുറത്തേക്കിറങ്ങവേ, കാവല്‍ക്കാരന്റെ അവജ്ഞ
കലര്‍ന്ന നോട്ടം തന്നിലേക്ക് നീളുന്നത് അയാള്‍ അറിഞ്ഞു. അതില്‍നിന്ന്
രക്ഷനേടാനായി അയാള്‍ താന്‍ നില്‍ക്കാറുള്ള കണ്ണാടിക്കൂട്ടിന്റെ മറവില്‍
അഭയം തേടി. ഇന്നലെ വരെ ജോലിചെയ്ത സ്ഥാപനത്തില്‍ താന്‍ അന്യനാകുന്നത്
അയാള്‍ അനുഭവിക്കുകയായിരുന്നു.
നിമിഷങ്ങള്‍ക്കകം ഭാര്യ ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടെന്നും, അതുകൊണ്ട്
താന്‍ ഉടനെ ജോലിയില്‍ പ്രവേശിക്കണമെന്ന അറിയിപ്പ് അയാള്‍ക്ക് കിട്ടി.
അയാള്‍ മേക്കപ്പ് റൂമില്‍ കടന്നു. അന്നത്തേക്ക് നിശ്ചയിക്കപ്പെട്ടിരുന്ന
വസ്ത്രം അണിഞ്ഞ് കണ്ണാടിക്കൂട്ടിലേക്ക് പ്രവേശിച്ച് വിദൂരതയിലേക്ക്
നോക്കി നില്‍പായി.

വിവാഹവസ്ത്രമെടുക്കാനെത്തിയ കസ്‌റ്റമേഴ്‌സില്‍ ചിലര്‍ ഒരല്‍ഭുത വസ്തുവിനെ
കാണുന്നതു പോലെ അയാളെ നോക്കി നിന്നു. മുമ്പ് പലപ്പോഴും ഉണ്ടായിട്ടുള്ളതു
പോലെ, കണ്ണാടിക്കൂടിനകത്ത് മനുഷ്യനാണെന്നും അതല്ല മെഴുക്
പ്രതിമയാണെന്നുമുള്ള അവരുടെ മങ്ങിയ തര്‍ക്ക ശബ്ദം കണ്ണാടിക്കൂടിനകത്തു
നിന്ന് അയാള്‍ കൗതുകത്തോടെ കേട്ടു. ഏതാനും വാര അകലെയുള്ള പൊതു നിരത്തിലൂടെ
ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ജാഥ കടന്നു പോയി. വിദൂരമായ ഏതോ ഗ്രാമത്തില്‍
നിന്നെത്തിയ സ്കൂള്‍കുട്ടികള്‍ വരിവരിയായി അയാളുടെ മുന്നിലൂടെ കടന്നു
പോയപ്പോള്‍ അയാള്‍ക്ക് മകനെക്കുറിച്ച് ഓര്‍മ വന്നു. മകന്റെ സ്കൂളിലെ
കുട്ടികളും മെഴുകുമനുഷ്യനെ കാണാന്‍ വരുന്ന ഒരു ദിവസം ഏറെ നാളായി അയാളുടെ
സ്വപ്നത്തില്‍ കലമ്പല്‍ കൂട്ടി തുടങ്ങിയിട്ട്.
പുറത്തു വെയിലിന്റെ ശാന്തസമുദ്രമായിരുന്നു. നഗരം നപുംസകതയുടെ ആവരണം അണിഞ്ഞു
കിടന്നു. പിന്നീടെപ്പോഴോ വെയില്‍ വറ്റി. ഇരുട്ട് നിയോണ്‍ ബള്‍ബിന്റെ
പ്രഭയാല്‍ പുതയാന്‍ തുടങ്ങി. സാധാരണ അന്തിശബ്‌ദത്തെ കവിഞ്ഞൊരാരവം അടുത്തു
വന്നു.
വസ്ത്രശാലയുടെ മുന്നില്‍ ഉത്സവപ്പറമ്പിലേതു പോലെ തിരക്ക്. ചെറുപ്പക്കാരും
വൃദ്ധന്മാരും പ്രാകൃതമായൊരഭിനിവേശത്തോടെ എന്തിനോ വേണ്ടി ധൃതി കൂട്ടുന്നത്
അയാള്‍ കണ്‍കോണുകള്‍ കൊണ്ട് അളന്നു.
ഏതാനും നിമിഷങ്ങള്‍ക്കകം തന്റെ ഡ്യൂട്ടി അവസാനിക്കുമെങ്കിലും, ജിജ്ഞാസയുടെ
വേലിയേറ്റത്തില്‍ പ്രവേശനകവാടത്തിന്റെ അങ്ങേതലയ്ക്കല്‍
സംഭവിക്കുന്നതെന്തെന്നറിയാന്‍ നിസ്സഹായതയോടെ അയാള്‍ തല ചരിച്ചു നോക്കി.
പ്രവേശന കവാടത്തിന്റെ അങ്ങേത്തലയ്ക്കല്‍ വര്‍ണ്ണാഭമായി അണിയിച്ചൊരുക്കിയ
കണ്ണാടിക്കൂട്ടില്‍ പുതുഫാഷന്‍ അടിവസ്ത്രങ്ങളണിഞ്ഞ് തന്റെ ഭാര്യ
തിളങ്ങിനില്‍ക്കുന്ന കാഴ്ചയില്‍ അയാളുടെ സിരകള്‍ ഒന്നൊന്നായി തണുത്തുറയാന്‍
തുടങ്ങി.
comments