കവിത

രക്തസാക്ഷി

സുഹൈര്‍ അബു ഷായെബ്‌ (പലസ്തീന്‍)
 

 



തിളങ്ങുന്ന പച്ചനിറത്തില്‍
നിലത്ത്‌
അവരവനെ കണ്ടെത്തി

അവന്റെ കൈകളുയര്‍ത്തിയപ്പോള്‍
അതിനടിയിലെ പുല്ലുകള്‍
ഹൃദയങ്ങളായി മിടിക്കുന്നുണ്ടായിരുന്നു

അവന്റെ ഉടുപ്പിന്റെ
കൈകള്‍ക്കടിയില്‍
ഗോതമ്പുചെടികള്‍ പൂവിട്ടതായി
പറയപ്പെടുന്നു
അവന്റെ ബന്ധുക്കള്‍ക്കു നല്‍കാന്‍
പക്ഷികളവന്റെ രക്തം
കൊത്തിപ്പറന്നതായും

അവന്‍ മടങ്ങിവരും
അഗ്നിപര്‍വ്വതങ്ങളോടൊപ്പം പുഷ്‌പിക്കും
ഉമ്മയില്‍ വീണ്ടും മുലപ്പാല്‍ നിറയ്ക്കും

അവരവനെ പ്രകാശിക്കുന്ന
പച്ചയായ്‌ കണ്ടപ്പോള്‍
പനിനീര്‍മൊട്ടുകള്‍ കൊണ്ടു പുതച്ചു
അവനെ കിടത്താന്‍
ആകാശത്തെ നിവര്‍ത്തി
സൂര്യനെ തലയണയാക്കി.


 



comments