ശുചീന്ദ്രം രേഖകള്‍ 

അമ്മൂമ്മ

ടി.എന്‍.ഗോപകുമാര്‍
 

 


ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ മറുപടികള്‍ക്കായി ഒരു ചോദ്യാവലി തയ്യാറാക്കാനായിരുന്നു ദില്ലിയിലെ പത്രപ്രവര്‍ത്തകയായ സരോജ്‌ നാഗി 1991 മാര്‍ച്ച്‌ 21 ന്‌ എന്നെ സമീപിച്ചത്‌. കുറേക്കാലമായി ദില്ലിയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫീസുകളില്‍ ആവര്‍ത്തിച്ചു കണ്ടുമുട്ടിയ തൊഴില്‍പരിചയം കൊണ്ടും എന്റെ ഓഫീസ്‌ അടുത്തായിരുന്നതുകൊണ്ടുമായിരുന്നു സരോജിന്റെ ആ ചെറിയ സഹായാപേക്ഷ.

ചോദ്യാവലി തയ്യാറാക്കുന്നതിനിടയില്‍ സരോജ്‌ ചോദിച്ചു:

- 'ഗോപാ'യുടെ അമ്മൂമ്മയ്ക്കും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും എന്തോ ബന്ധമുണ്ടായിരുന്നില്ലേ?

- അമ്മൂമ്മയ്ക്കല്ല, അമ്മയ്ക്കായിരുന്നു, ഞാന്‍ പറഞ്ഞു.


ആ ചര്‍ച്ച തുടരാനുദ്ദേശമില്ലെന്ന് ഒരു പക്ഷേ എന്റെ മുഖം വ്യക്തമാക്കിയതു കൊണ്ടാവാം സരോജ്‌ കൂടുതലൊന്നും ചോദിക്കാതെ ചോദ്യാവലിയിലേക്ക്‌ മടങ്ങി. മരിച്ചുപോയ അമ്മൂമ്മയുടേയും അമ്മയുടേയും ഓര്‍മ്മകളിലേക്ക്‌ ആ വൈകുന്നേരം വീണ്ടും ഞാന്‍ വഴുതി വീണു.

പാരമ്പര്യ ചിന്തകളുടേയും ആ ചിന്തകളുടെ അഹന്തകളുടേയും അകമ്പടിയുണ്ടായിട്ടും അമ്മൂമ്മയുടെ കാര്യം മറന്നുപോയി എന്ന് ഞെട്ടലോടെ ഞാന്‍ അറിഞ്ഞു. ആ രാത്രിയില്‍ എനിക്കുണ്ടായ വികാരത്തളര്‍ച്ചയില്‍ നോവു തോന്നിയ ഒരു നിമിഷത്തില്‍ ഈ നീണ്ട കുറിപ്പെഴുതിത്തുടങ്ങിയതാണ്‌. ചില വലിയ മനുഷ്യരുടെയും ഒരു വലിയ മനുഷ്യസമൂഹത്തിന്റേയും കഥകളുടെ ഒരു ഖണ്ഡികയായി ഈ കുറിപ്പ്‌ മാറാമെന്നതാണ്‌ ഇതിനുള്ള ഒരു ന്യായീകരണം.

ജനാര്‍ദ്ദനന്‍ പോറ്റിയുടെ രണ്ടാം വിവാഹത്തില്‍ അഞ്ചു പെണ്‍കുട്ടികളെ പെറ്റ മാന്തോട്ടിലെ ലക്ഷ്മിക്കുട്ടിയമ്മ എന്ന എന്റെ അമ്മൂമ്മ, മൂത്ത മകള്‍ തങ്കമ്മ മിടുക്കിയായി വളരുകയും ഹിന്ദി പരീക്ഷകള്‍ പാസ്സാവുകയും ചെയ്തു എന്ന അഭിമാനത്തില്‍ ശുചീന്ദ്രത്ത്‌ കൈവീശി നടന്ന് തമിഴ്‌ പിള്ളാരെ വെല്ലുവിളിച്ച അമ്മൂമ്മ, ഹിന്ദി പഠനത്തിനിടയില്‍ മകള്‍ തങ്കമ്മ ഒരു തടവുകാരന്‍ കമ്മ്യൂണിസ്റ്റുമായി പ്രേമത്തിലായി എന്ന വാര്‍ത്ത ശുചീന്ദ്രത്തെ അന്നത്തെ സാഹചര്യങ്ങളില്‍ ന്യായീകരിക്കാന്‍ തയ്യാറായ അമ്മൂമ്മ, ആ പ്രശ്‌നത്തിന്മേല്‍ ഭര്‍ത്താവ്‌ പോറ്റിയുമായി തര്‍ക്കിച്ച്‌ ചെറിയ തോതില്‍ വിജയം വരിച്ച അമ്മൂമ്മ, തങ്കമ്മ, ജയില്‍ വിട്ടിറങ്ങി വന്ന കൃഷ്‌ണപിള്ള എന്ന കമ്മ്യൂണിസ്റ്റുകാരനുമായി ഒളിച്ചോടിപ്പോയതിന്റെ ആഘാതത്തിന്റെ വിഷമങ്ങള്‍ ഇളയ നാലു പെണ്‍കുട്ടികളെ വലുതായി അലട്ടാതെ സൂക്ഷിച്ച അമ്മൂമ്മ, എല്ലം സഹിച്ച്‌ പിടിച്ചു നിന്ന അമ്മൂമ്മയ്ക്ക്‌ സഹിക്കാനാവാത്തത്‌ തനിക്ക്‌ ഒന്നുമറിയാത്ത വിഷയമാണെങ്കിലും തങ്കമ്മ അനുവാദമില്ലാതെ ഇറങ്ങിപ്പോകാന്‍ കാരണമായ ഒരു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വിജയം കാണുന്നതിനു മുമ്പ്‌ കൃഷ്‌ണപിള്ളയെ അണ്ടര്‍ഗ്രൗണ്ട്‌ ജീവിതത്തിന്നിടയില്‍ പാമ്പു കടിച്ചതു വഴി ആ മകള്‍ വിധവയായി ഏഴാം വര്‍ഷത്തില്‍ ശുചീന്ദ്രത്തേക്ക്‌ മടങ്ങുന്ന കാഴ്‌ചയാണ്‌.പിറകേ കോഴിക്കോട്ടു നിന്നും ചില കസേരകളും മറ്റും വന്നു. പ്രസ്ഥാനം വിജയത്തിലേക്ക്‌ കുതിക്കുമ്പോള്‍ പങ്കാളി നഷ്‌ടപ്പെട്ട്‌ വിധവയായി മുന്നില്‍ വന്നു നില്‍ക്കുന്ന മൂത്ത മകളെ കണ്ടപ്പോള്‍ അമ്മൂമ്മയ്ക്ക്‌ സമനില തെറ്റി. ഒരു പരിധിക്കപ്പുറം ഒരു ലക്ഷ്‌മിക്കുട്ടിയമ്മക്കും പിടിച്ചു നില്‍ക്കാനാവില്ല.
 


അമ്മൂമ്മയെ ഭ്രാന്തിയായി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഭ്രാന്തിയുടെ സ്നേഹമെന്തെന്ന് അങ്ങനെ ഞാനറിഞ്ഞു, ഭ്രാന്തില്ലാത്ത സ്നേഹമെന്തെന്നും.

അമ്മൂമ്മയുടെ ഭ്രാന്തിന്‌ ചികില്‍സയ്ക്കായിട്ടാണ്‌ എന്റെ അമ്മ വട്ടപ്പുള്ളി മഠം നീലകണ്‌ഠശര്‍മ്മ എന്ന, ശുചീന്ദ്രത്തെ, ആ മേഖലയിലെ തന്നെ ഏറ്റവും വലിയ വൈദ്യരെ കാണാന്‍ ചെന്നത്‌. അമ്മൂമ്മയുടെ രോഗത്തിന്‌ ചെറിയ ശമനമുണ്ടായി.എപ്പോഴും ആള്‍ക്കാരെ ശകാരിക്കാതെ ആയി. ബന്ധമില്ലാത്ത വര്‍ത്തമാനം തനിയെ പറഞ്ഞിരിക്കുക എന്നതൊഴിച്ചാല്‍ വലിയ ശല്യമില്ലാതായി. ഇതിനിടെ ഉണ്ടായ മറ്റൊരു ബന്ധത്തില്‍ മൂന്നു വര്‍ഷമിടവിട്ട്‌ നീലകണ്‌ഠശര്‍മ്മക്കും തങ്കമ്മയ്ക്കും ഞങ്ങള്‍ മൂന്നു കുട്ടികളുണ്ടായി. ടി.എന്‍. വിജയത്തിനും, ടി.എന്‍.ശ്രീകുമാരനും ശേഷം ഞാന്‍, തങ്കമ്മ നീലകണ്‌ഠന്‍ ഗോപകുമാര്‍. മാന്തോട്ടത്തിന്റെയോ വട്ടപ്പള്ളി മഠത്തിന്റെയോ പേര്‌ ഞങ്ങളുടെ പേരുകളുടെ മുമ്പില്‍ ചേര്‍ക്കാന്‍ സാമൂഹിക നിയമം തടസ്സമായി നിന്നതു തന്നെ അത്തരം കുടുംബപ്രൗഢികളോട്‌ പണ്ടേ വിധേയത്വമില്ലായിരുന്ന അമ്മയ്ക്ക്‌ അനുഗ്രഹമായി.

അമ്മൂമ്മയ്ക്ക്‌ ഭ്രാന്തായി തുടരവേ തന്നെ പുതിയ സാഹചര്യങ്ങള്‍ മറ്റു പെണ്മക്കളുടെ ഭാവിയെ ബാധിക്കില്ലെന്ന് അവര്‍ക്കുറപ്പായി. ജനാര്‍ദ്ദനന്‍ പോറ്റിയെന്ന എന്റെ മരിച്ചുപോയ അപ്പൂപ്പന്‍ ആ കാലത്ത്‌ വൈകിക്കാണിച്ച പിതൃസ്നേഹം മക്കള്‍ക്ക്‌ സ്വീകാര്യമല്ലെന്ന് കണ്ടപ്പോള്‍ അതിന്റെ 'ശരി' അംഗീകരിക്കാനും അമ്മൂമ്മയുടെ ഭ്രാന്ത്‌ തയ്യാറായി.

തങ്കമ്മയുടെ മക്കള്‍ വളരുന്നതു കണ്ട്‌ സന്തുഷ്‌ടയായി ലക്ഷ്‌മിക്കുട്ടിയമ്മ പല വര്‍ഷങ്ങള്‍ ജീവിച്ചു. അച്ഛന്റെ കാര്യം അമ്മ പറഞ്ഞാല്‍ 'ഓ നീയും നിന്റെ വൈദ്യരും' എന്നു പറയുക, അച്ഛനോട്‌ ' വൈദ്യരേ തങ്കം എന്നെ ചീത്ത പറയുന്നു'എന്ന് പുറമേ പരാതി പറയുക, ഇടയ്ക്ക്‌ പ്രതിഷേധിച്ച്‌ ചിറ്റമ്മയുടെ വീടു വരെ നടക്കുക, ഇതില്‍ക്കവിഞ്ഞ്‌ ഭ്രാന്തിയുടെ കുഴപ്പങ്ങള്‍ കുറവായിരുന്നു. പക്ഷേ മരിക്കുന്നതിനു തൊട്ടു മുമ്പുവരെ സമനില പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ അമ്മൂമ്മയ്ക്ക്‌ കഴിഞ്ഞിരുന്നില്ല.

കൃഷ്‌ണപിള്ള-തങ്കമ്മ ബന്ധം മുന്‍ തലമുറയ്ക്കുണ്ടാക്കിയ ഞെട്ടലിന്റെ പ്രതീകമായി അമ്മൂമ്മയുടെ ജീവിതത്തിന്റെ വലിയ ഒരു ഭാഗം അങ്ങനെ കഴിഞ്ഞു. പാമ്പു കടിയേറ്റു മരിച്ച കൃഷ്‌ണപിള്ളയൊഴിച്ചാല്‍ പ്രസ്ഥാനത്തിലെ മറ്റ്‌ എല്ലാ സഖാക്കളും എന്റെ അമ്മൂമ്മയെ ഭ്രാന്തിയായി മാത്രമേ കണ്ടിട്ടുള്ളൂ. എന്റെ അമ്മ അനുഭവിച്ച വൈധവ്യവും, മാന്തോട്ടു കുടുംബത്തിനുണ്ടായ സാമൂഹികമായ ഒറ്റപ്പെടലും, എന്റെ ചിറ്റമ്മയുടെ ജീവിതത്തിനുണ്ടായ മങ്ങലുമൊക്കെ കഴിഞ്ഞൊരു തലമില്ലേ, ജീവിതത്തിന്റെ പകുതി ഭ്രാന്തായി ചെലവഴിക്കേണ്ടി വന്ന അമ്മൂമ്മയുടെ കമ്മ്യൂണിസ്റ്റ്‌ ബന്ധത്തിന്‌? ഇത്തരം നഷ്‌ടങ്ങളനുഭവിച്ച ഒട്ടേറെ മനുഷ്യരുടെയും കുടുംബങ്ങളുടെയും ഉദാഹരണകഥയായിക്കൂടി ഈ രേഖകളെ കാണണം. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനമല്ല ഈ രേഖകളുടെ പ്രധാന പശ്ചാത്തലം എന്നു കൂടി പറയട്ടെ.

സരോജ്‌ നാഗിയോട്‌ 'അമ്മൂമ്മയ്ക്കല്ല, അമ്മയ്ക്കാണ്‌' കമ്മ്യൂണിസ്റ്റ്‌ ബന്ധമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്തു വലിയ അബദ്ധമാണ്‌ എഴുന്നള്ളിച്ചത്‌, എന്റെ തകര്‍ച്ചയുടെ പാരമ്യമെന്ത്‌! എന്റെ മരവിപ്പിന്‌ സ്വയം ശിക്ഷ നല്‍കിക്കൊണ്ടിവിടെ ഈ ചെറിയ കുറിപ്പ്‌ തുടങ്ങുന്നു.
 

comments