കവിത

സമഗ്രാധിപതി

അയ്യപ്പപ്പണിക്കര്‍
 

 





ഇന്ന്
ആഴി ചൂഴുന്ന ഈ ദ്വീപ്‌ മുഴുവന്‍
എന്റെ അധീനതയില്‍.
രോഗാതുരമായ ബാല്യവും
നഗ്നമായ കൗമാരവും
വിഹ്വലതകള്‍ നിറഞ്ഞ യൗവ്വനവും
ഞാന്‍ മറന്നിട്ടില്ല.
അവയൊന്നും എന്നെയും മറന്നിട്ടില്ല
ഇന്നത്തെ യാഥാര്‍ത്ഥ്യം
അന്ന് വെറും സ്വപ്‌നമായിരുന്നു.
അന്നത്തെ യാഥാര്‍ത്ഥ്യം
ഇപ്പോള്‍ ഒരു സ്വപ്‌നം പോലെ
ഒരു പേടിസ്വപ്‌നം പോലെ
വായ്‌പിളര്‍ന്ന് ചുറ്റും കൂടുന്ന ചെന്നായ്‌ക്കള്‍
ചാടിമറയുന്ന കടുവകള്‍
ചീറിയമറുന്ന കഴുതപ്പുലികള്‍...

അന്ന്
ഏതു ഗുമസ്തനും
എന്റെ മുഖത്ത്‌ പുച്ഛം തുപ്പിയിരുന്നു
ഒരപേക്ഷ കേള്‍ക്കാന്‍
ഒരു വാതിലും ആരും തുറന്നിരുന്നില്ല
ആഫീസുകളുടെ കാവല്‍ക്കാരന്‍
എന്നെ കണ്ടാല്‍ കുരച്ചു ചാടുമായിരുന്നു.

ഇന്ന്
ഞാന്‍ ഈ ദ്വീപിന്റെ പരമാധികാരി
ദിശാമുഖങ്ങള്‍
എന്റെ എന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നവര്‍,
വിശ്വസ്‌ത സേവകര്‍.

പത്തു ദിവസം മുമ്പ്‌-
ആരു വിശ്വസിക്കും- സൂര്യന്‍
പടിഞ്ഞാറസ്‌തമിച്ചപ്പോള്‍,
എന്റെ സൂര്യന്‍ കിഴക്കുദിക്കുമായിരുന്നു.
ഒരു രാത്രി വേണ്ടി വന്നില്ല
രാജ്യം മുഴുവന്‍ എന്റെ കാല്‍ക്കീഴില്‍

പക്ഷേ
ഒരു ഭരണാധികാരിക്കു 'പക്ഷേ' പാടില്ല-
എങ്കിലും പക്ഷേ,
അധികാരം കൂടുന്തോറും
എനിക്ക്‌ ഭയവും കൂടുന്നു.
വാസ്‌തവത്തില്‍
ചുറ്റുപാടും എല്ലാവരും വണങ്ങുന്ന എനിക്ക്‌
ഇത്രയധികം അധികാരമുണ്ടോ?
ഞാന്‍ ആ പഴയ കുട്ടി തന്നെയല്ലേ?
ചൊറിയും ചിരങ്ങും പിടിച്ച്‌
'പച്ചരേ തേച്ചല്ലേ, പെമ്പിളേ തേച്ചല്ലേ',
എന്ന് നൊന്തുകരഞ്ഞു വിളിച്ച
ബാലാരിഷ്‌ടക്കാരന്‍ തന്നെയല്ലേ?
എവിടെയാണ്‌ അധികാരം ആരംഭിക്കുന്നതും?
അവസാനിക്കുന്നതും?
അവസാനിക്കുന്ന കാര്യം ഓര്‍മ്മിപ്പിക്കാതെ...

പ്രണയം വന്ന്
നെറ്റിയില്‍ തൊട്ട്‌
ചുണ്ടില്‍ തടവി
നെഞ്ചില്‍ തഴുകി
താഴെ തട്ടി വിളിച്ചപ്പോള്‍
'പോകാം, ദൂരെയങ്ങു പോകാം...'
എന്നു പറഞ്ഞപ്പോള്‍
ഞാന്‍ പോയില്ല.
ആ നദി വറ്റിപ്പോയിരിക്കും
മണല്‍ത്തിട്ടില്‍ നേര്‍ത്ത ഒരു വര കാണും.

പിന്നെപ്പിന്നെ
പുസ്‌തകത്താളുകള്‍ക്കിടയില്‍
ഒളിപ്പിച്ച മയില്‍പ്പീലിത്തുണ്ട്‌
നിറം മങ്ങി ചുരുണ്ടുപോയിരിക്കും
അവ്യക്‌തമായ ഒരു നിശ്വാസവായുവില്‍
അതിന്റെ വേപഥു വെറുങ്ങലിച്ചിരിക്കും.



എങ്കിലും
ഇന്ന്
ഈ അധികാരസ്ഥാനത്തിരുന്ന്
പുരികം ചുളുക്കി
കണ്ണിമ വിടര്‍ത്തി
കൃഷ്‌ണമണി വെട്ടിച്ച്‌
ചുണ്ടുകള്‍ കോട്ടി
വിരല്‍ വീശി വിലക്കി
ആജ്ഞാവാഹകരെ നിയന്ത്രിക്കുമ്പോള്‍
ദൗര്‍ബ്ബല്യങ്ങളൊന്നും മനസ്സില്‍ ഉയരരുത്‌.
ഓച്ഛാനിച്ചു നില്‍ക്കുന്നവനെ,
ഇല്ലാത്ത വാലാട്ടുന്നവനെ,
കൂടെക്കൂടെ
സ്ഥലം മാറ്റി
തരം താഴ്‌ത്തി
ഭയപ്പെടുത്തി നിര്‍ത്തണം
അതെന്റെ ഭയം കൊണ്ടാണെന്ന്
അവന്‍ അറിയരുത്‌.

എന്നെങ്കിലും പഴയ സ്ഥിതിയിലേക്ക്‌
പോകേണ്ടി വന്നാല്‍
ഇന്നത്തെ നിലയെപ്പറ്റി
അഭിമാനമോ അഹങ്കാരമോ
അവജ്ഞയോ ലജ്ജയോ
എന്താണ്‌ തോന്നുക?
ഇപ്പോള്‍ എന്റെ കാല്‍ക്കല്‍ കുമ്പിടുന്നവന്‍
അപ്പോള്‍ പുറംകാലാല്‍ ചവിട്ടുമോ?

എല്ലാ അധികാരസ്ഥാനങ്ങളും
ഏറെക്കാലത്തേക്ക്‌ ഉണ്ടാവില്ല
എങ്കിലും എന്റെ ഈ സമഗ്രാധിപത്യം
എന്നെന്നേക്കുമായിരുന്നെങ്കില്‍!

 



comments