കവിത

ഒരു കഥ

അയ്യപ്പപ്പണിക്കര്‍
 

 






ഒരു കഥ പറയാം

പണ്ട്‌ ആകാശത്ത്‌
നക്ഷത്രങ്ങളില്ലായിരുന്നു
സമുദ്രത്തില്‍
മത്സ്യങ്ങളില്ലായിരുന്നു
മരങ്ങളില്‍
പക്ഷികളില്ലായിരുന്നു
കാടുകളില്‍
മൃഗങ്ങളില്ലായിരുന്നു

അങ്ങനെയല്ല
ഇങ്ങനെയായാലോ?

ഭൂമിയില്‍
കാടുകളില്ലായിരുന്നു
കാടുകളില്‍
മരങ്ങളില്ലായിരുന്നു
മരങ്ങളില്‍
ചില്ലകളില്ലായിരുന്നു
ചില്ലകളില്‍
കൂടുകളില്ലായിരുന്നു
കൂടുകളില്‍
പറവകളില്ലായിരുന്നു
പറവകള്‍ക്ക്‌
ചിറകുകളില്ലായിരുന്നു
ചിറകുകളില്‍
തൂവലുകളില്ലായിരുന്നു
തൂവലില്‍
മഴവില്ലില്ലായിരുന്നു



പിന്നെ ഇതെല്ലാം
എങ്ങനെ ഉണ്ടായി, സുഹൃത്തേ?

പിന്നെ, നമ്മള്‍ തമ്മില്‍ കണ്ടു ചേര്‍ന്ന്
ഒന്നായപ്പോള്‍
മഴ വന്നു
മഴവില്ലു വന്നു
തൂവല്‍ വന്നു, ചിറകു വന്നു
കൂടു വന്നു, പറവ വന്നു
ചില്ല വന്നു, മരം വന്നു
കാടു വന്നു, ഭൂമി വന്നു
ആകാശവും നക്ഷത്രങ്ങളും വന്നു
സമുദ്രത്തില്‍ മത്സ്യങ്ങളും
മനസ്സിലായോ?


 



comments