സംഭാഷണം

ഞാന്‍ ബനാറസ്‌ വിട്ടുപോകുന്നില്ല

ബിസ്മില്ലാഖാന്‍ / ശേഖര്‍ ഗുപ്‌ത
 

 



(ബിസ്‌മില്ലാഖാനുമായി ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ എഡിറ്റര്‍ ശേഖര്‍ ഗുപ്‌ത നടത്തിയ സംഭാഷണത്തില്‍ നിന്ന്)
 



ശേഖര്‍: സംസാരിക്കാന്‍ തയ്യാറായതില്‍ സന്തോഷം.

ബിസ്മില്ല: സംഗീതമല്ലാതെ എനിക്കൊന്നും അറിഞ്ഞുകൂടാ. സംഗീതത്തെക്കുറിച്ച്‌ ഒരുപാട്‌ പറയാനുണ്ട്‌.മറ്റു വിഷയങ്ങള്‍ എനിക്കൊന്നും പറയാനില്ല. ഈ ക്ഷേത്രങ്ങളില്‍ എത്രനേരമെന്നില്ലാതെ ഷഹനായി വായിച്ചിരിക്കാറുണ്ട്‌. ബനറസിലെ ഞങ്ങളുടെ ക്ഷേത്രങ്ങള്‍, ബാലാജിയും മംഗളഗൗരിയും, ബാലാജി താഴെയാണ്‌, പടവുകളിറങ്ങണം, മംഗളഗൗരി ഉയരത്തിലാണ്‌. ഇപ്പോള്‍ ഞാനവിടെ പോകാറില്ല. ശിലകള്‍ എല്ലായിടവും ഒരേപോലെയാണ്‌. ക്ഷേത്രത്തിനുള്ളില്‍ നിങ്ങള്‍ ഗംഗാജലം നിവേദിക്കുന്നു. എന്നാല്‍ പുറത്തെ ശിലകളും അതുപോലെയാണ്‌. അവയ്ക്കുമേല്‍ നമ്മുടെ കരസ്‌പര്‍ശം ഉണ്ടാവുമ്പോള്‍ ഹൃദയവും സംഗീതവും ഒന്നാകും. സവിശേഷമായ ആ ആനന്ദം ഒരു ദൃശ്യാനുഭവമല്ല.

എന്റെ പിതാമഹന്മാര്‍ ബാലാജി ക്ഷേത്രത്തില്‍ ഷഹനയി വായിക്കുന്നവരായിരുന്നു. അവര്‍ക്ക്‌ കിട്ടിയിരുന്ന പ്രതിഫലം അറിയാമോ? പ്രതിമാസം 35- 40 രൂപ. എന്റെ മുത്തശ്ശിയുടെ ഷഹനായി കച്ചേരിക്ക്‌ 14 അണയായിരുന്നു കിട്ടിയത്‌.

ശേഖര്‍: ഖാന്‍ സാഹിബ്‌, താങ്കള്‍ ഒരിക്കലും മതങ്ങളെ വേര്‍തിരിച്ച്‌ കണ്ടിട്ടില്ല. എല്ലാം ഒന്നാണെന്ന് വിശ്വസിക്കുന്നു.

 


ബിസ്മില്ല: എല്ലാം ഒന്നു തന്നെ. ആത്യന്തികമായി ഒന്നു മാത്രമേയുള്ളൂ. വിഭജനം അസാദ്ധ്യമാണ്‌. നിങ്ങള്‍ കേള്‍ക്കുന്ന ഈ ശബ്‌ദത്തെ തന്നെയാണ്‌ സ്വരം എന്നു വിളിക്കുന്നത്‌.

ശേഖര്‍: സംഗീതം സാത്താന്റെ വഴിയാണെന്ന് വിശ്വസിച്ചിരുന്ന ഇറാഖിലെ ഒരു മതപണ്ഡിതനുമായി താങ്കള്‍ നടത്തിയ സംഭാഷണങ്ങളെകുറിച്ച്‌ കേട്ടിട്ടുണ്ട്‌. അതെങ്ങനെയായിരുന്നു?

ബിസ്മില്ല: സംഗീതം സാത്താന്റെ കെണിയാണ്‌ അതില്‍ വീഴരുതെന്ന് അദ്ദേഹം എന്നോട്‌ പറഞ്ഞു. അങ്ങനെയല്ലെന്ന്, ദൈവത്തിലേക്കുള്ള വഴിയാണെന്ന് ഞാന്‍ അയാള്‍ക്ക്‌ ബോദ്ധ്യപ്പെടുത്തികൊടുത്തു. മുന്‍ വിധികള്‍ ഉപേക്ഷിച്ച്‌ തുറന്ന മനസ്സോടെ ഇരിക്കാന്‍ പറഞ്ഞിട്ട്‌ ഞാന്‍ അയാള്‍ക്കു മുന്നില്‍ പാടിത്തുടങ്ങി.പാടി തീര്‍ന്നപ്പ്പോള്‍, ഇതു ദുഷ്‌കൃത്യമാണോ എന്നു ഞാന്‍ ചോദിച്ചു. അയാള്‍ക്കൊന്നും ഉരിയാടാനായില്ല. എന്റെ ആലാപനം ഭൈരവ്‌ രാഗത്തിലായിരുന്നു. രാഗത്തില്‍ അല്ലാഹുവിന്റെ പേരു വരുന്നത്‌ തെറ്റാണോ എന്നു ഞാന്‍ ചോദിച്ചു.അത്തരം കെണികളില്‍ വീഴരുതെന്ന് ഉപദേശിച്ചു.

ശേഖര്‍: സംഗീതജ്ഞരുടെ കൂട്ടത്തില്‍ ഖാന്‍ സാഹിബ്‌ വേറിട്ടു നില്‍ക്കുന്നു. താങ്കള്‍ക്ക്‌ ഭാരതരത്‌നം പ്രഖ്യാപിച്ചപ്പോള്‍ അതു പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

ബിസ്മില്ല: ഷഹനായി ആണെന്റെ ആയുധം. ഇതെനിക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്‌. ഞാനിത്‌ കയ്യിലെടുക്കുമ്പോള്‍ എന്റെ ഹൃദയം ഉണരുന്നു. ശിലകള്‍ അകത്തും പുറത്തും ഒന്നാണെന്ന് ഞാന്‍ നേരത്തേ പറഞ്ഞു. ഉള്ളില്‍ ആളുകള്‍ ഗംഗാജലം തളിക്കുന്നു. പുറത്ത്‌ ഒരാരാധനയും ഇല്ല. എന്നാല്‍ ഞാന്‍ പുറത്തെ ശിലകളില്‍ കൈത്തലം അമര്‍ത്തുന്നു.



ശേഖര്‍: താങ്കളെ അഭിനന്ദിക്കാനായി വിളിച്ചപ്പോള്‍ ലതാമങ്കേഷ്‌കര്‍ എന്താണ്‌ പറഞ്ഞത്‌?

ബിസ്മില്ല: ലത വലിയ ആഹ്ലാദത്തിലായിരുന്നു. അവരെന്നെ വിളിച്ച്‌ ഭാരതരത്നം പ്രഖ്യാപിച്ച വിവരം പറഞ്ഞു. അപ്പോഴേക്കും മറ്റുള്ളവര്‍ പറഞ്ഞ്‌ ഞാന്‍ അറിഞ്ഞിരുന്നു. ലതയ്ക്കും ആ ബഹുമതി ലഭിച്ചു. അവര്‍ ഞാന്‍ ഏറെ ഇഷ്‌ടപ്പെടുന്ന ഗായികയാണ്‌. ആ ശബ്‌ദത്തിലൊരു ഇന്ദ്രജാലമുണ്ട്‌. ബീഗം അക്തര്‍ ആണ്‌ എനിക്ക്‌ പ്രിയമുള്ള മറ്റൊരു പാട്ടുകാരി. പുലര്‍ച്ചെ രണ്ടു മണിക്ക്‌ അവരുടെ പാട്ടുകേട്ടുണര്‍ന്നു ഞാനതാസ്വദിച്ചിട്ടുണ്ട്‌. പാട്ടിന്റെ വശ്യതയില്‍ ഞാനെന്റെ ഭാര്യയെ വിളിച്ചുണര്‍ത്തി. ഈ പാതിരക്കിതെന്താണെന്ന് അവര്‍ ശുണ്ഠിയെടുത്തു. ആ നേരത്ത്‌ ആരോ ബീഗം അക്തറിന്റെ റെക്കോര്‍ഡ്‌ വച്ചിരിക്കുന്നു എന്നാണ്‌ ഞാന്‍ കരുതിയത്‌. പിറ്റേന്നാണറിഞ്ഞത്‌ അത്‌ റെക്കോര്‍ഡ്‌ ആയിരുന്നില്ല, അവര്‍ നേരിട്ട്‌ പടുകയായിരുന്നു.

ശേഖര്‍: പണ്ഡിറ്റ്‌ രവിശങ്കര്‍, ഭീംസെന്‍ ജോഷി, ബാലമുരളീകൃഷ്‌ണ തുടങ്ങിയവരെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം? താങ്കളുടെ സമകലികരില്‍ പലരും ധാരാളം സമ്പാദിക്കുകയും ബംഗ്ലാവുകളും കാറുകളും സ്വന്തമാക്കുകയും വിദേശങ്ങളില്‍ ജീവിക്കുകയും ചെയ്യുന്നു. എന്നാല്‍ താങ്കളിപ്പോഴും ഗ്രാമത്തിലെ പഴയ വീട്ടില്‍ ലളിതജീവിതം നയിക്കുന്നു. ഇതില്‍ ഖേദം തോന്നിയിട്ടുണ്ടോ?

ബിസ്മില്ല: ഈ പറഞ്ഞവരെല്ലാം പ്രതിഭാശാലികളാണ്‌. ഭീംസെന്‍ ജോഷി എന്റെ അടുത്ത സുഹൃത്തായിരുന്നു. ഒന്നിലും എനിക്ക്‌ ഖേദം തോന്നിയിട്ടില്ല. ഞാന്‍ എങ്ങോട്ടും പോകാറില്ല. എന്നെ കാണേണ്ടവര്‍ക്ക്‌ ഇങ്ങോട്ട്‌ വരാം. രാജാവായാലും മഹാരാജാവായാലും. ഷഹനായി ആണ്‌ എന്റെ ജീവിതം. ദൈവാനുഗ്രഹത്താല്‍ ഇതെന്റെ പക്കലുള്ളപ്പോള്‍ ലോകത്തിലെ ഒരു ധനവും എനിക്ക്‌ അപ്രാപ്യമല്ല.

ശേഖര്‍: കാര്യങ്ങള്‍ വേണ്ടവിധം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ വലിയ കുടുംബത്തിന്‌ താങ്കളുടെ കച്ചേരികളില്‍ നിന്നും റെക്കോര്‍ഡുകളില്‍ നിന്നും സാമ്പത്തിക ഭദ്രത ലഭിക്കുമായിരുന്നു .

ബിസ്മില്ല: എനിക്കൊരു കുടുംബമുണ്ട്‌. എന്നാല്‍ ഈ വക അസ്സംബന്ധങ്ങളൊന്ന്നും എന്റെ രീതിയല്ല. സംഗീതത്തില്‍ ആനന്ദമില്ലെങ്കില്‍ ഇതെല്ലാം ഒരുതരം കോമാളിക്കളിയാവും. എന്റെ ശബ്‌ദത്തില്‍ മാധുര്യമുണ്ട്‌. ഞാന്‍ ആലാപനം അവസാനിപ്പിക്കുമ്പോള്‍ അതു കേട്ടിരുന്നവരുടെ കണ്ണു നിറയും. എന്നാല്‍ ധനം മോഹിച്ച്‌ ചെയ്യുമ്പോള്‍ ഇതു സംഭവിക്കണമെന്നില്ല.

ശേഖര്‍: മറ്റുള്ളവര്‍ അത്യാഗ്രഹികളാണെന്നാണോ?

ബിസ്മില്ല: അതെ. അങ്ങനെയാവരുത്‌. ഞാന്‍ ഒരിക്കല്‍ പാക്കിസ്ഥാനില്‍ പോയി. അവിടെ ഇന്ത്യയെയും പാക്കിസ്ഥാനെയും വേര്‍തിരിക്കുന്ന വേലിക്കെട്ടുകളുണ്ടായിരുന്നു. എനിക്കത്‌ ഇഷ്‌ടപ്പെട്ടില്ല. ഞാന്‍ പാക്കിസ്ഥാനികളോട്‌ നമസ്‌കാരം പറഞ്ഞു. ഇന്ത്യാക്കാരോട്‌ സലാം ചൊല്ലി,എനിക്കസ്വസ്ഥത തോന്നിയെങ്കിലും, കുറച്ചുനേരമേ അവിടെ തങ്ങിയുള്ളൂ എങ്കിലും ആ യാത്ര തമാശയ്ക്കു വക നല്‍കി. ഞാന്‍ പാക്കിസ്ഥാനില്‍ പോയിട്ടുണ്ട്‌ എന്നു പറയാന്‍ വേണ്ടി മാത്രം അതിര്‍ത്തി കടന്നു.



ശേഖര്‍: വിഭജനത്തിനു ശേഷം എപ്പോഴെങ്കിലും പാക്കിസ്ഥാനിലേക്ക്‌ പോകണമെന്ന് തോന്നിയിട്ടുണ്ടോ?

ബിസ്മില്ല: ദൈവത്തിന്റെ വിലക്കുണ്ട്‌. ഞാന്‍ ബനാറസ്‌ വിട്ടു പോകാനോ? ഒരിക്കലുമില്ല.

ശേഖര്‍: ഖാന്‍ സാഹിബ്‌, താങ്കള്‍ രണ്ടു ലോകമഹായുദ്ധങ്ങള്‍ക്ക്‌ സാക്ഷിയായിരുന്നു. ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനത്തിലും അമ്പതാം സ്വാതന്ത്ര്യദിനാഘോഷങ്ങളിലും ചെങ്കോട്ടയില്‍ കച്ചേരി നടത്തി. രാജ്യത്തോടും ലോകത്തോടുമുള്ള സന്ദേശമെന്താണ്‌?

ബിസ്മില്ല: ആദ്യ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ കച്ചേരി നടത്തിയത്‌ ആവേശകരമായ അനുഭവമാണ്‌. അതെനിക്ക്‌ വിവരിക്കാനാവില്ല. അമ്പതാം സ്വതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഞാനും എന്റെ മൂത്ത സഹോദരനും പുതിയ ഖാദിയൊക്കെ ധരിച്ചാണ്‌ പോയത്‌. അതിന്റെ ഒരു റെക്കാര്‍ഡ്‌ കാണണം. അതാരുടെ അടുത്താണെന്ന് എനിക്കറിയില്ല.

ഇന്ത്യയില്‍ നൂറുകോടിയിലേറെ ജനങ്ങളുണ്ടല്ലോ. ഓരോരുത്തര്‍ക്കും അവരവരുടെ മനസ്സുണ്ട്‌. ഓരോരുത്തരും വ്യത്യസ്തമായി ചിന്തിക്കുന്നു. എല്ലാവര്‍ക്കും നല്ലവരാവാന്‍ കഴിയില്ല. ദുഷ്‌ചെയ്തികളില്‍ മുഴുകുന്നവരുമുണ്ടാകും. എനിക്കൊന്നേ പറയാനുള്ളൂ. എല്ലാം നഷ്‌ടപ്പെട്ടിട്ടില്ല. സ്വയം സമര്‍പ്പണത്തോടെ പഠിക്കുകയും അത്‌ ആത്മാര്‍ത്ഥമായി പ്രയോഗിക്കുകയും ചെയ്താല്‍ ഭാവിയെ കുറിച്ചുള്ള വേവലാതികള്‍ ഉണ്ടാവില്ല.

 

comments