കഴിഞ്ഞ ലക്കം തുടര്‍ച്ച
തൊണ്ണൂറുകളിലെ അല്‍ബേനിയയില്‍ നിന്ന് രണ്ടാം ലോക മഹായുദ്ധം
കഴിഞ്ഞയുടനെയുള്ള ബുക്കാറെസ്‌റ്റിലാണ് എ എത്തിപ്പെടുന്നത്. സിനിമയില്‍
മാത്രം സാദ്ധ്യമാകുന്ന ചരിത്രത്തിന്റെ സുന്ദര സന്നിവേശം. നഗരവീഥികള്‍ നിറയെ
ആളുകള്‍. തോരണങ്ങളും പതാകകളും പുതച്ച വാഹനങ്ങള്‍. സംഗീതവും
മുദ്രാവാക്യങ്ങളും മുഴക്കി നീങ്ങുന്ന യുവാക്കള്‍. തീവണ്ടികളില്‍ അധികവും
ആഹ്ലാദത്തോടെ വീട്ടിലേക്ക് തിരിച്ചു പോകുന്ന പടയാളികളാണ്. വടുക്കളില്‍
പൂക്കള്‍ വിരിയിക്കുകയാണവര്‍, പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍.
തിരക്കിനിടയില്‍ അയാള്‍ തന്റെ അമ്മയെ കണ്ടുമുട്ടുന്നു. പിന്നെ
അമ്മയോടൊത്ത് വീട്ടിലേക്ക്. സിനിമയില്‍ അമ്മയായും കാമുകിമാരും
ഭാര്യയുമായും ഒരാളെ തന്നെ വേഷമിടീക്കുന്നു സംവിധായകന്‍. കെടുതിയുടെ കാലത്തെ
മുഴുവന്‍ സ്ത്രീകളെയും ഇവര്‍ പ്രതിനിധീകരിക്കുന്നു.

പുതുവര്‍ഷപ്പുലരിയില്‍ ഒത്തുകൂടിയ കുടുംബസദസ്സിലേക്കാണ് അമ്മയും മകനും
കയറി ചെല്ലുന്നത്.പലരും കാലങ്ങളായ് കാണാത്തവര്‍. യുദ്ധത്തില്‍
ചിന്നിപ്പോയവര്‍. കോണ്‍സന്‌ട്രേഷന്‍ ക്യാമ്പുകളെന്ന നരകത്തില്‍
വെന്തുനീറിയവര്‍. നന്നായി ഉടുത്തൊരുങ്ങി അവരിപ്പോള്‍ വര്‍ഷങ്ങളെ
ചേറിക്കളയുകയാണ്. ഒറ്റ ഷോട്ടില്‍ അഞ്ചു പുതുവര്‍ഷാരംഭങ്ങളാണ് അവര്‍
ആഘോഷിക്കുന്നത്. 1945 മുതല്‍ 1950 വരെയുള്ള കാലഘട്ടം. പക്ഷെ അവരുടെ
കഷ്‌ടപ്പാടുകള്‍ അവിടെ തീരുന്നില്ല. യുദ്ധാനന്തര ആദ്യ പുതുവര്‍ഷത്തിന്
സ്വാഗതഗാനമോതിക്കൊണ്ടിരിക്കെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒരു മകനെ
അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നു. അടുത്ത വര്‍ഷം ഒരു മകന്‍
കോണ്‍സന്‌ട്രേഷന്‍ ക്യാമ്പില്‍ നിന്ന് തിരിച്ചെത്തുന്നുവെങ്കിലും പുതിയ
സര്‍ക്കാര്‍ തടവിലാക്കുന്നു. അതിന്നടുത്ത വര്‍ഷം തടവിലായിരുന്ന അച്ഛന്റെ
മരണം അറിയുന്നു. അടുത്തവര്‍ഷം രഹസ്യപൊലീസുകാരെത്തി ചുറ്റും സംഗീതം
വിതറിയിരുന്ന പിയാനോ തന്നെ എടുത്തുകൊണ്ടു പോകുന്നു.
ദുരന്ത സ്‌മൃതികളില്‍ നിന്നും എ ഞെട്ടിയുണരുന്നത് ബള്‍ഗേറിയയിലെ ഒരു
മൂന്നാംകിട ഹോട്ടല്‍ മുറിയിലാണ്. പിഴുതു മാറ്റപ്പെട്ട ഭീമാകാരമായ ഒരു
ലെനിന്‍ പ്രതിമയെ വഹിച്ച് അവിടെ നിന്ന് യാത്രയാകുന്ന ഒരു ബാര്‍ജില്‍ എയും
ഇടം തേടുന്നു. കനാലിന്റെ ഇരുവശത്തും ജനങ്ങള്‍ ഒറ്റയ്ക്കും കൂട്ടമായും
നില്‍ക്കുന്നു.പലരും മുട്ടുകുത്തി കുരിശുവരച്ചാണ് ലെനിന് യാത്രാമംഗളം
അര്‍പ്പിക്കുന്നത്. ഗ്രീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായ ആഞ്ചലോ
പൗലോസ് പൂര്‍വ്വ യൂറോപ്പില്‍ നിന്നുമുള്ള കമ്യൂണിസത്തിന്റെ
പടിയിറങ്ങിപ്പോക്ക് വേദനയോടെ തന്നെ ചിത്രീകരിച്ചിരിക്കുന്നു. വിഷാദഛവയുള്ള
സംഗീതത്തിന്റെ അകമ്പടിയോടെ വല്ലാത്ത മന്ദഗതിയില്‍ നീങ്ങുന്ന ദീര്‍ഘദൃശ്യം.
ചിത്രത്തിലെ ഏറ്റവും മനോഹരമായ ദൃശ്യവും ഇതുതന്നെയാണ്.

ബെല്‍ഗ്രേഡിലെത്തുന്ന എ തന്റെ പഴയ പത്രപ്രവര്‍ത്തക സുഹൃത്തിന്റെ സഹായത്തോടെ
അവിടത്തെ ഫിലിം ആര്‍ക്കേവില്‍ നഷ്‌ടപ്പെട്ട റീലുകള്‍ക്കായുള്ള അന്വേഷണം
തുടരുന്നു. റീലുകള്‍ സരോവായിലാണെന്ന് അറിയുമ്പോള്‍ അവിടം വിടുന്നു.
പത്രപ്രവര്‍ത്തക സുഹൃത്തും എയും തമ്മിലുള്ള ദീര്‍ഘമായ സംഭാഷണം പ്രദേശത്തെ
മുഴുവന്‍ യുദ്ധത്തെക്കുറിച്ചുമുള്ള ചരിത്രരേഖകളുടെ പാരായണവും അതിന്റെ
വ്യാഖ്യാനവുമായ് അനുഭവപ്പെടുന്നു.
യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സരോവയില്‍ ഒരു എയര്‍ റൈഡിന്റെ വേളയിലാണ്
ഫിലിം സൂക്ഷിപ്പുകാരന്‍ ഇവാലെവിയെ എ കണ്ടുമുട്ടുന്നത്. അയാള്‍
മനാക്കിമാരുടെ ഫിലിമുകള്‍ ഡെവലപ്പു ചെയ്തെടുക്കാന്‍ പല തവണ
ശ്രമിച്ചതായിരുന്നു. യുദ്ധം ഒരു വിലങ്ങു തടിയായ്
വര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ അതില്‍ വിജയിക്കുകയും ചെയ്യുമായിരുന്നു.
എയുടെ സന്ദര്‍ശനം അയാളെ വീണ്ടും അടച്ചിട്ട തന്റെ ലാബിന്റെ വാതില്‍
തുറപ്പിക്കുകയാണ്. നിരന്തര യാത്രാക്ഷീണം കൊണ്ട് മയങ്ങുന്ന എയെ
വിളിച്ചുണര്‍ത്തി ഡിവലപ്പ് ചെയ്ത മനാക്കിമാരുടെ ഫിലിം തന്റെ
പ്രൊജക്റ്ററിലൂടെ കാട്ടിക്കൊടുക്കുന്നതുവരെ വിശ്രമിക്കുന്നില്ല അയാള്‍. എയെ
പോലെ സിനിമയില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ഏറെ ശ്രദ്ധേയമാണ്
ഈ കഥാപാത്രം.
യുദ്ധത്തിന് താല്‍കാലിക അറുതിയായെന്നു വിചാരിച്ച് എയോടൊത്ത്
വെളിയിലിറങ്ങുന്നു ഇവാലെവിയും കുടുംബാംഗങ്ങളും. എത്രയോ നാളായ് മൂളാന്‍
പോലും പേടിച്ചിരുന്ന ഗാനങ്ങള്‍ പാടിക്കൊണ്ട് കുഞ്ഞുങ്ങള്‍ മഞ്ഞിലൂടെ
ചുറ്റും പായുന്നു. അവരെ പിന്‍ തുടര്‍ന്ന് അമ്മമാരും. പെട്ടെന്ന് മഞ്ഞിന്‍
മറയില്‍ നിന്ന് അട്ടഹാസങ്ങളും ആക്രോശങ്ങളും തുടര്‍ന്ന് വെടിയൊച്ചയും
കേള്‍ക്കുന്നു. കാര്യം തിരക്കിപ്പോയ ഇവാലെവിയും തിരിച്ചെത്തുന്നില്ല.
വംശീയവെറിയുടെ ചിതറിക്കിടക്കുന്ന ഇരകളെ നോക്കി എയുടെ ആകാശം മുട്ടെ ഉയരുന്ന
കരച്ചില്‍ ചരിത്രത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളാല്‍, തങ്ങളുടേതല്ലാത്ത
തെറ്റുകളാല്‍ മതജാതിവര്‍ഗ്ഗ സ്‌പര്‍ദ്ധകളാല്‍ ഇരകളായി തീരുന്ന മൊത്തം
മാനവരാശിക്ക് വേണ്ടിയുള്ളതായ് തീരുന്നു.
comments