എഡിറ്റോറിയല്‍
'അമ്മ തന്നകിടുപോലാമുഗ്ദ്ധസങ്കല്‍പങ്ങള്‍
പിന്നിയലോകം നമ്മെയാകര്‍ഷിച്ചെടുക്കുമ്പോള്‍
സ്നേഹിക്കാന്‍ പഠിപ്പിച്ച ദാഹത്താല്‍ മരിക്കാമി-
ജീവിതസംഗീതത്തിന്‍ തായ്‌വേരു പിടയുമ്പോള്‍'
(കുരുക്ഷേത്രം)
മരണം നമ്മെ ബാധിക്കുന്നത് പല രീതികളിലാണ്.അതിടുന്ന വിരാമ ചിഹ്‌നം എത്ര
വലുതെന്ന് ഏറ്റവുമടുത്ത ഒരാള്‍ മരിക്കുമ്പോഴാവും അറിയുക. വിയോഗദു:ഖത്തില്‍
നിന്നു കൊണ്ടു തന്നെ നാം മരിച്ചവരുടെ ജീവിതങ്ങളിലേക്ക്
അതിനുമുമ്പുണ്ടായിട്ടില്ലാത്ത വിധം നോക്കും. ഒരു ജന്മത്തിലേക്ക് നീളുന്ന
നോട്ടം. നമ്മെ ആ ജീവിതങ്ങള്‍ ആഹ്ലാദിപ്പിച്ച, ദു:ഖിപ്പിച്ച, ആശ്വസിപ്പിച്ച,
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നിമിഷങ്ങളെ പല കാലങ്ങളില്‍
നിന്ന്, പല ദേശങ്ങളില്‍ നിന്ന് സമാഹരിക്കും.
എന്നാല്‍ ബിസ്മില്ലാഖാന്റെയും അയ്യപ്പപ്പണിക്കരുടെയും മരണങ്ങളെ
തൊട്ടുനിന്നുകൊണ്ട് ആ ജീവിതങ്ങളിലേക്ക് നിശിതമായി നോക്കാന്‍
നമുക്കാവില്ല. ഒരായുസ്സ് കവിഞ്ഞു വരുന്ന സംഗീതവും കവിതയും സ്നേഹപൂര്‍വം
തടയും.ദേശത്തിന്റെ ഉള്‍വഴിയില്‍ നാട്ടുതനിമയില്‍ ലാളിത്യത്തോടെ ഇരുവരും
നിന്നു. അവരുടെ കലയും അതിന്റെ ആത്മഗൗരവവും അങ്ങാടിയെ വകവച്ചില്ല. കവിതയും
സംഗീതവും നഷ്‌ടമാകുന്ന കാലത്തിന്റെ ചില നിമിഷങ്ങളെ അത്
അഴകുള്ളതാക്കി.വിശിഷ്‌ടമായ ഇന്ത്യന്‍ മതേതര പാരമ്പര്യത്തെ
വ്യക്തിജീവിതത്തിലിണക്കുന്നിടത്ത് ബിസ്‌മില്ലാഖാനും അയ്യപ്പപ്പണിക്കരും
മുഖാമുഖം നിന്നു.കുറുപ്പ്‌സാറില്‍ നിന്ന് പണിക്കരുസാറിലേക്കുള്ള കാവ്യദൂരം
അത്ര കുറിയതല്ലെന്ന് മുല്ല നസിറുദ്ദീനായി ചിരിച്ചു.പിന്നെ
ആള്‍ത്തിരക്കില്ലാത്ത വഴികളിലൂടെ നടന്നു...
ഷഹ്‌നായി എന്ന മംഗളവാദ്യം കൊണ്ട് ബിസ്‌മില്ലാഖാന്‍ ലോകത്തിന്റെ അഗാധ
ഖേദങ്ങളെ വിസ്‌തരിച്ചെങ്കില്‍ അയ്യപ്പപ്പണിക്കര്‍ക്ക് ജീവിതവും മരണവും
സന്ധ്യപോലെ പെട്ടെന്ന് പടര്‍ന്നുമായുന്ന അഴകായി.
comments