ചുമല്‍ മുതല്‍ നെഞ്ചുവരെ
നെഞ്ചു മുതല്‍ അരവരെ
അരക്കെട്ടു തൊട്ട് കാല്‍മുട്ടുവരെ
നീ അളക്കുന്നു
മുറിക്കുന്നതിനു മുമ്പ്
തീര്‍ച്ചപ്പെടുത്തേണ്ടതുള്ളതുകൊണ്ട്
വീണ്ടും അളക്കുന്നു.
ഒരു മകളുണ്ടെങ്കില്‍
പരിശീലിക്കാന്‍ എളുപ്പമാണ്
നിന്റെ സാരി മുറിച്ച്
പാവാട തയ്‌ക്കാം, അല്ലെങ്കില്‍
അവള്‍ക്കൊരുടുപ്പുണ്ടാക്കാം
ചെറിയ തോള്‍വള്ളികളുള്ളതു മതി
തുടക്കത്തില്‍.

ഇരുപതം വയസ്സില്‍
തുന്നല്‍ ആരംഭിക്കുക
മകന്‍ ബിരുദമെടുക്കുന്നതുവരെ
തുടരുക,
പിന്നീടവന് കുടുംബത്തെ
സഹായിക്കാന്‍ കഴിയും
പക്ഷേ, അപ്പോഴേക്കും
നീ പേരെടുത്തിരിക്കും
സൈനികമേധാവികളുടെയും
ധനികരുടെയും ഭാര്യമാര്‍
പതിവുകാരായിട്ടുണ്ടാകും
അറുപതു കഴിഞ്ഞാല്‍
നിന്റെ വിരലുകള്‍
സൂചിത്തുളകളോരോന്നായ്
ഓര്‍ത്തെടുക്കും
കത്രികത്തഴമ്പുകള്‍
മായുകയില്ല
പെരുവിരലില്‍ അളവുനാട ഉരഞ്ഞ
അടയാളങ്ങളും.
comments