ഓണം

ഒരു ദേശത്തിന്റെ വിളവെടുപ്പ്‌

കെ.വി. മണികണ്‌ഠന്‍
 

 





മുന്നൂറ്ററുപതു സര്‍വ്വേനമ്പറി-
ലാറ്‌ (എ) പട്ടികയില്‍ കാണും
നാലതിരുകളും
മേലാകാശവു-
മുള്ളൊരുഭൂമി
വിലയ്ക്കു തരുന്നു
താങ്കള്‍ക്കീ ഞാന്‍
കൊല്ലം, മാസം, തീയതി,
സാക്ഷിക,ളൊപ്പ്‌.
താങ്കള്‍ക്കു വിലയ്ക്കു തരുന്നു
പഴയൊരു വീട്‌,
നട്ടു നനച്ചു വളര്‍ത്തിയ
ഫലവൃക്ഷങ്ങള്‍-
മാവും പ്ലാവും പുളിയും തെങ്ങും-
പിന്നെ താനേ പൊട്ടിമുളച്ചുണ്ടാവും
പടുവൃക്ഷങ്ങള്‍,
വീട്‌, പടിപ്പുര,പത്തായപ്പുര
കുളവും കിണറും കാവും

എന്നാല്‍ താങ്കള്‍ക്ക്‌
തരുന്നീലാ ഞാന്‍
ഈ വീട്ടിന്നുള്ളം.

( ആറ്റൂര്‍ രവിവര്‍മ്മ -കച്ചവടം)

നെല്ലുകൊടുത്തിട്ട്‌ കാശ്‌ കിട്ടിയില്ലെന്ന് കര്‍ഷകര്‍ പരാതി പറയുന്ന ഒരു വിളവെടുപ്പ്‌ കാലം. നഗരത്തിലെ വലിയ മൈതാനങ്ങളില്‍ ആനകളും മുത്തുക്കുടകളും കാവടിയാട്ടക്കാരും കഥകളിവേഷക്കാരും തെയ്യവും തിറയുമെല്ലാമുണ്ട്‌. പറമ്പ്‌ വിറ്റ്‌ പൂരം നടത്തുന്ന ഫ്യൂഡല്‍ കഥാപാത്രത്തെപ്പോലെ നമ്മുടെ സര്‍ക്കാര്‍, നല്ല ഭരണം ഒരു മാവേലിക്കിനാവായി തുടരുമെന്ന് ഉറപ്പുതരുന്നു. ഓര്‍മ്മയും കിനാവും ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഇരട്ടവാതിലുകളാണ്‌.അതെടുത്തുപയോഗിക്കാന്‍ ഓണം പോലെ മറ്റവസരങ്ങള്‍ ഉണ്ടാകില്ല.


നെല്ലും എള്ളും പയറും മുതിരയും തുവരയും നിലക്കടലയും തെങ്ങും കവുങ്ങും കശുമാവും കരിമ്പും കുരുമുളകും ജാതിയും ഇഞ്ചിയും ഗ്രാമ്പുവും ഏലവും കാപ്പിയും തേയിലയും മാവും വാഴയും ചക്കയും കൈതച്ചക്കയും മത്തനും കുമ്പളവും പാവലും പടവലവും കത്തിരിയും വഴുതനങ്ങയും മുളകും ചീരയും മരച്ചീനിയും കാച്ചിലും ചേനയും മധുരക്കിഴങ്ങുമായി കേരളത്തിലെ വിളകള്‍ക്ക്‌ അമ്പരപ്പിക്കുന്ന ഒരു വൈവിധ്യമുണ്ട്‌. മണ്ണും വെള്ളവും മനുഷ്യശേഷിയും ഉപയോഗപ്പെടുത്തിക്കൊണ്ട്‌ പരിസരങ്ങളെ വിഷലിപ്തമാക്കാതെ കേരളം മുന്നേറാന്‍ ഇടയുള്ള പ്രധാന വഴികളിലൊന്ന് കൃഷിയാണെന്ന് ഇന്ന് നാം തിരിച്ചറിയുന്നുണ്ട്‌. എന്നാല്‍ അവസാനിക്കാത്ത കര്‍ഷക ആത്മഹത്യകള്‍ ഈ പ്രത്യാശയെ കെടുത്തി ഗുരുതരമായൊരു പ്രതിസന്ധിയെ അനാവരണം ചെയ്യുന്നു.



കാര്‍ഷിക ജീവിതം ആഗ്രഹിക്കുന്ന, ഭാവന ചെയ്യുന്ന, ഓരോ മലയാളിയും സ്വയം അടയാളപ്പെടുത്തുന്നത്‌ കൃഷിപ്പണിക്കാരനായല്ല, വരമ്പത്ത്‌ കുടചൂടി നില്‍ക്കുന്ന കൃഷിനടത്തിപ്പുകാരനായിട്ടാണ്‌. ഇടത്തരം കര്‍ഷകജന്മിക്കും കര്‍ഷകത്തൊഴിലാളിക്കും മദ്ധ്യേയുള്ള ഒരു കേരള കര്‍ഷകനെ സൃഷ്ടിക്കുന്നതിലായിരുന്നു ഭൂപരിഷ്കരണത്തിന്റെ കൃത്യമായ രാഷ്ട്രീയം.


കേരളത്തിന്റെ ഭാവി മറ്റൊന്നാകുമായിരുന്ന ഈ പരിവര്‍ത്തനഘട്ടത്തെ ജാഗ്രതയോടെ സാമൂഹികവും സാംസ്‌കാരികവുമായി പിന്തുണയ്ക്കാന്‍ നമുക്ക്‌ കഴിയാതെ പോയി. കാലം മാറിയതോടെ കര്‍ഷകത്തൊഴിലാളിക്ക്‌ കൃഷി മതിയായ വേതനം കിട്ടാത്ത മാന്യതയില്ലാത്ത തൊഴിലായി. കൃഷിയുടെ നടത്തിപ്പുകാര്‍ നഷ്ടക്കണക്കുകള്‍ നിരത്തിക്കൊണ്ടിരുന്നു. എന്നാല്‍ കര്‍ഷകര്‍ എന്ന നിലയില്‍ ഇക്കാലമത്രയും നാം അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചത്‌, ചെയ്തുകൊണ്ടിരുന്നത്‌ ഇടത്തരം ജന്മിമാരെയാണ്‌. ഇരുപത്‌ ഏക്കര്‍ ഭൂമിയുടെ ജന്മിയെ 'കര്‍ഷകശ്രീ'ആയി ആദരിക്കുന്ന കലാപരിപാടി കഴിഞ്ഞ ചിങ്ങം ഒന്നിനും തുടര്‍ന്നു. കേരള സര്‍ക്കാരിന്റെ കൃഷിഭവനുകള്‍ പ്രവര്‍ത്തിക്കുന്നത്‌ ഒരു പഞ്ചായത്തിലെ എട്ടോ പത്തോ കൃഷിക്കാര്‍ക്ക്‌ സഹായസഹകരണങ്ങളും ഉപദേശങ്ങളും കൊടുത്ത്‌,അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ രീതിയിലാണ്‌. ധനികരായ ഭൂ ഉടമകളെ സമൃദ്ധിയിലേക്ക്‌ കൈ പിടിക്കുകയും ദരിദ്രകര്‍ഷകരെ ആത്മഹത്യയിലേക്ക്‌ തള്ളിവിടുകയും ചെയ്യുന്ന ഭരണകൂട നയങ്ങള്‍ അടിയന്തിരമായി മാറേണ്ടതുണ്ട്‌. കൃഷി ആധുനികവല്‍കരിക്കപ്പെടാത്തതുകൊണ്ടാണ്‌ പ്രമാണത്തിലെ വസ്തുവിന്റെ വിസ്തീര്‍ണ്ണം നോക്കി കര്‍ഷകരെ നിര്‍വ്വചിക്കേണ്ടി വരുന്നത്‌.
 



കൃഷിക്കാവശ്യമായ ആധുനികോപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള കോര്‍പ്പറേഷനായ കാംകോ മറ്റു സംസ്ഥാനങ്ങള്‍ക്കു വേണ്ട ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ്‌ ഇപ്പോഴും ശ്രദ്ധിക്കുന്നത്‌. കാര്‍ഷിക സര്‍വ്വകലാശാലയും ഗവേഷണസ്ഥാപനങ്ങളും ഉണ്ടെങ്കിലും കാര്‍ഷികസാങ്കേതികവിദ്യയും കാര്‍ഷികവിജ്ഞാനങ്ങളും ജനങ്ങള്‍ക്കു കൈമാറുന്നതില്‍ കേരളത്തെപ്പോലെ അലംഭാവം പുലര്‍ത്തുകയും പിന്നോക്കം നില്‍ക്കുകയും ചെയ്യുന്ന ഭൂപ്രദേശങ്ങള്‍ അപൂര്‍വ്വമായിരിക്കും.

മുറ്റത്ത്‌ ഒരു പൂച്ചെടി നട്ടവന്‍ എവിടെപ്പോയി നമ്മുടെ പൂക്കള്‍ എന്നു വിലപിക്കുകയില്ല. വിളവെടുപ്പ്‌ ഉത്സവങ്ങള്‍ പ്രവര്‍ത്തിയുടെ ആനന്ദമാണ്‌, മനുഷ്യാദ്ധ്വാനത്തിന്റെ ആഘോഷമാണ്‌.എന്നാല്‍ ഓണവാണിഭങ്ങള്‍ ദേശത്തെ ഒരു വലിയ ചന്തയാക്കുന്നു. നമ്മെ വാങ്ങുന്നവര്‍ മത്രമാക്കുന്നു. കാര്‍ഷികസംസ്കാരത്തിന്‌ അത്‌ വില പറയുന്നു. എന്തു വന്നാലും ശരീരം അനക്കരുതെന്ന്, വരമ്പിലെ ജന്മിയെ മനസ്സില്‍ നിന്ന് കുടിയിറക്കരുതെന്ന് നമ്മോട്‌ ആവശ്യപ്പെടുന്നു.

മലയാളിയുടെ ശരീരവും മനസ്സും രോഗാതുരമാകാതിരിക്കാനുള്ള പോംവഴികളിലൊന്ന് കൃഷിയാണ്‌. അതിനെ പുരാവൃത്തങ്ങള്‍ക്ക്‌ വിട്ടുകൊടുക്കാതിരിക്കാം. പണിക്ക്‌ ആളെത്തിരക്കി നടക്കേണ്ടതില്ല, നാം തന്നെയാണ്‌ പണിക്കാര്‍.
 

comments