സംസ്കാരമെന്നാല്‍ കലയും സാഹിത്യവുമൊന്നുമല്ല- ഭക്ഷണസംസ്കാരമാണ്.
അത് ഓരോ മനുഷ്യനേയും തൊട്ട് ദേശങ്ങളെ അടയാളപ്പെടുത്തും. സദ്യയുടെ നാക്കില
ഇന്ന് ഒരോണചിഹ്നമാണ്. നാല്‍പതു ഫില്‍സിന് ഗള്‍ഫില്‍ വാങ്ങാന്‍ കിട്ടും.
അതില്‍ കച്ചവടക്കാര്‍ മലയാളിയുടെ രുചിപ്പെരുമ വിളംബരം ചെയ്യും. അടയും,
അവിലും, പൊരിയും, കായ വറുത്തതും, ശര്‍ക്കര ഉപ്പേരിയും,കൊണ്ടാട്ടവും,
ഇഞ്ചിപ്പുളിയും, പാലടയും,അച്ചാറും, പപ്പടവും, പാലക്കാടന്‍ മട്ടയും,
പച്ചക്കറിയും,പൂവും, പഴവും മുഴുപ്പേജില്‍ പലനിറത്തില്‍ പരസ്യപ്പെടുത്തും.
അറേബ്യയിലെ നള ജീവിതങ്ങള്‍ക്ക് സദ്യ ഒരുക്കലാണ് ഓണം.
മരിച്ചവരുടെ ഓര്‍മ്മ എങ്ങനെയെന്ന് മരിച്ചവര്‍ക്കേ അറിയൂ.മഹാബലിക്ക് അത്
കൃത്യമാണെങ്കിലും തിരുവോണനാളില്‍ കേരളത്തില്‍ തന്നെ മടങ്ങി എത്തണമെന്നില്ല.
അന്ന് ആണ്ടിലൊരിക്കല്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള വരം കിട്ടുമ്പോള്‍ കേരളം
തന്നെ ഉണ്ടായിരുന്നില്ല. തൃക്കാക്കരയെന്നോ തൃപ്പൂണിത്തുറയെന്നോ ഇടുങ്ങാനും
ഇടയില്ല. അതുകൊണ്ട് മലയാളികളുള്ള ഏത് ദിക്കിലും പ്രത്യക്ഷപ്പെടാം.
അദ്ദേഹത്തിന്റെ സമത്വസുന്ദരകാലം ഓര്‍ത്ത് മല്‍സരാധിഷ്‌ഠിതമല്ലാത്ത
വ്യവസ്ഥയ്ക്കു വേണ്ടി പൂക്കളങ്ങള്‍ തീര്‍ത്ത് ഞങ്ങളും
മല്‍സരിക്കാറുണ്ട്.ഗള്‍ഫില്‍ പൊന്നു പോലെ പൂ സുലഭമല്ലാത്തതിനാല്‍ ആളും
അര്‍ത്ഥവും വേണ്ട കാര്യമാണിത്. കുറച്ചു പൂക്കള്‍ എങ്ങനെയും
സംഘടിപ്പിക്കും. പിന്നെ തേങ്ങാപ്പീരയില്‍ നിറങ്ങള്‍ ചേര്‍ത്ത്
ഉപയോഗിക്കും.പൂക്കളമിട്ട് ഒന്നുരണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ പീരയില്‍
നിന്ന് കനച്ച ഗന്ധമുയരാന്‍ തുടങ്ങും. കുറേക്കൂടി കഴിയുമ്പോള്‍ ഗൃഹാതുരതയുടെ
ആ അളിഞ്ഞ വാടയില്‍ ഞങ്ങള്‍ക്ക് തന്നെ തല പെരുക്കും.
വേണ്ടത്ര വ്യായാമമില്ലാതെ വയറു ചാടിയ ഒരാളെ രാത്രി മഹാബലിയായ് വേഷം
കെട്ടിച്ച് എഴുന്നള്ളിക്കും. തിരുവിതാംകൂറിലെ അവസാനത്തെ രാജാവ് അസ്ഥികൂടം
പോലൊരു മനുഷ്യനായിരുന്നെങ്കിലും കുടവയറില്ലാത്ത രാജാക്കന്മാരെ ഞങ്ങള്‍ക്കു
സങ്കല്‍പിക്കാനാവില്ല. അതൊരു മാനസികപ്രശ്നമാണ്. ഓണരാത്രികളില്‍
പൂതത്തിന്റെ ചിലമ്പ് കിലുങ്ങും പോലെ കുഞ്ഞുങ്ങളുടെ ചിലങ്കകള്‍ കിലുങ്ങും.
മോഹിനിയാട്ടത്തിന്റെ ഉടുത്തുകെട്ടുമായ് കുട്ടികള്‍ ഊഴം കാത്തു നില്‍ക്കും.
സ്ത്രീകള്‍ അവരുടെ ചീര്‍ത്ത ശരീരങ്ങള്‍ ഒരു തിരുവാതിരപ്പാട്ടില്‍
മെല്ലെയിളക്കും.
'നഷ്‌ടവസന്തസ്ഥലികളില്‍ നിന്നു സ-
മൃദ്ധവസന്തതടങ്ങളിലേ,ക്കിള-
വറ്റു പറക്കും പക്ഷികള്‍ പോ, ലിരു-
സന്ധ്യതൊടുക്കും താരകള്‍ പോലെ,
പോയതില്‍നി,ന്നിനിയെന്നോ വിരിയു-
ന്നായതിലേക്കു കുതിക്കുകയാണി-
ന്നായതവിശ്വാസത്തൊടു ഞങ്ങടെ
ഭാസുരചിന്താസങ്കല്‍പങ്ങള്‍.'
(ഓണപ്പാട്ടുകാര്‍- വൈലോപ്പിള്ളി)
comments