
കുളി പാശ്ചാത്യര്‍ക്ക് ആഢംബരവും പൗരസ്‌ത്യര്‍ക്ക് ആചാരവുമാണെന്ന്
തോന്നും. കുളിച്ച് ഉന്മേഷത്തോടെയും ശുദ്ധിയോടെയും തുടങ്ങുന്നു ഒരു
പൗരസ്‌ത്യ ദിനം. അതവസാനിക്കുന്നതും കുളിയുടെ അകമ്പടിയോടെ തന്നെ. എന്നാല്‍
പാശ്ചാത്യരിലേറെയും ഉന്മേഷത്തിനും വെടിപ്പിനും കുളിയേക്കാള്‍ ക്രീമുകളേയും
ലേപനങ്ങളേയും ടിഷ്യൂപേപ്പര്‍ കെട്ടുകളേയും ആശ്രയിക്കുന്നവരാണ്.
ആഴ്ചയിലൊരിക്കലോ മറ്റോ അവര്‍ കുളിച്ചെങ്കിലായി. ഏറെനാള്‍ കൂടുമ്പോഴുള്ള
അവരുടെ കുളി കുളിയെന്നതിനേക്കാള്‍ കുളിത്തൊട്ടിയില്‍ തയ്യാറാക്കിയ
ലായനിയിലെ ആണ്ടുകിടക്കലാണ്. ഒരു പരിധിവരെ ഇരു ദേശങ്ങളുടെയും
കാലാവസ്ഥയിലുള്ള മാറ്റമാകാം ഇതിനു കാരണം.
അല്ലെങ്കിലും നിമിഷം തോറും വേഗം കൂടിക്കൊണ്ടിരിക്കുന്ന
വര്‍ത്തമാനകാലജീവിതത്തില്‍ വിശദമായ ഒരു കുളിക്ക് നേരമുള്ളവര്‍ ഏറെയില്ല.
അപ്പോള്‍ തീരാതിരക്കിനിടയില്‍ ഞൊടിയിടകൊണ്ട് ഒന്നു കുളിക്കാന്‍, അഴുക്കും
ക്ഷീണവും കഴുകിക്കളയാനുള്ള ഒരാധുനിക സംവിധാനം, അതു പ്രദാനം ചെയ്യും ധനവും
ഒരാള്‍ കിനാക്കാണുക സ്വാഭാവികം.
നന്നായി ഉടുത്തൊരുങ്ങിയ ഒരു ചൈനീസ് യുവാവ് തിരക്കാര്‍ന്ന നഗരവീഥിയുടെ
ഓരത്ത് ടെലിഫോണ്‍ ബൂത്ത് പോലെ തോന്നിക്കുന്ന ഒന്നിന്റെ മുന്നില്‍ ചെന്നു
നില്‍ക്കുന്നു. കവാടത്തിനു മുന്നില്‍ ചെന്നു നില്‍ക്കുമ്പോള്‍ മുന്നിലെ
മോണിറ്ററില്‍ അയാളുടെ ഉയരവും തൂക്കവും തെളിയുന്നു. പിന്നാലെ എത്ര മിനിറ്റ്
ദൈര്‍ഘ്യം വേണമെന്നും മറ്റുമുള്ള ചോദ്യങ്ങളും. ഉള്ളിലേക്ക് പ്രവേശിച്ച
അയാള്‍ ക്രമത്തില്‍ വിവസ്ത്രനാവുന്നു. ഒരു പ്രത്യേക പോയിന്റില്‍ ചെന്നു
നില്‍ക്കുമ്പോള്‍ ചുറ്റും നിന്ന് വെള്ളം ചീറ്റുന്നു. ഒരു
ലോഹത്തൊപ്പിപോലൊന്ന് തലയില്‍ വന്ന് മൂടുന്നു. ചുറ്റുമുള്ള കുഴലുകളില്‍
നിന്ന് സോപ്പുകുമിളകള്‍ വന്നയാളെ പൊതിയുമ്പോള്‍ എവിടെനിന്നൊക്കെയോ
തേക്കാനും ഉരസാനുമുള്ള യന്ത്രങ്ങള്‍ ഇറങ്ങി വരുന്നു. ചാപ്ലിന്റെ മോഡേണ്‍
ടൈംസിനെ ഓര്‍മിപ്പിക്കുന്ന രംഗം. നിമിഷങ്ങള്‍ കൊണ്ട് കുളി കഴിഞ്ഞ് അയാള്‍
നിരത്തിലേക്കിറങ്ങുന്നു. ഏറെ സംതൃപ്‌തിയോടും ഉന്മേഷത്തോടും കൂടി.
എന്തുകൊണ്ട് ഇത്തരത്തിലുള്ള ഒരു ഹൈടെക് ബാത്ത്‌ഹൗസിനെക്കുറിച്ച്
ചിന്തിച്ചുകൂടാ! കാലത്തിനനുസരിച്ച് കോലംകെട്ടാന്‍ പ്രേരിപ്പിക്കുകയാണ്
ഒരു പാരമ്പര്യ സ്നാനകേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്ന വൃദ്ധനോട് തന്റെ
സ്വപ്‌നത്തിലുള്ള ബാത്തിംഗ് പ്രോജക്ട് വിവരിച്ചുകൊണ്ട് ഒരു യുവാവ്.
അതും വൃദ്ധന്റെ പാരമ്പര്യ കുളിക്കേന്ദ്രത്തിലെ കുളത്തിലെ ഇളം ചൂടില്‍
മലര്‍ന്ന് കിടന്ന്.

മേല്‍ വിവരിച്ച ആദ്യ സീനൊഴിവാക്കിയാല്‍ യുവ ചൈനീസ് സംവിധായകന്‍ യാങ്ങ്
ഷാങ്ങിന്റെ ഷവര്‍ എന്ന ചലച്ചിത്രം ഒരു പാരമ്പര്യ കുളിക്കേന്ദ്രത്തെ
കേന്ദ്രബിന്ദുവാക്കി ചിട്ടപ്പെടുത്തിയ ചിത്രമാണ്. 1999ല്‍ ഇറങ്ങിയ ഏറെ
ശ്രദ്ധേയമായ ഈ ചിത്രം സ്വദേശത്തും വിദേശത്തും ധാരാളം പുരസ്‌കാരങ്ങള്‍
നേടുകയുണ്ടായി.
ഉപഭോക്താക്കള്‍ മാസ്റ്റര്‍ ല്യൂ എന്ന് അഭിസംബോധന ചെയ്യുന്ന ഷൂഷാവിന്റേതാണ്
സ്‌നാനകേന്ദ്രം. ഒരു സ്‌നാനകേന്ദ്രം എന്നതിനേക്കാള്‍ എല്ലാ
പ്രായക്കാര്‍ക്കും ഒത്തുകൂടാനുള്ള ഒരിടം എന്നു വിളിക്കുന്നതാവും കൂടുതല്‍
ശരി. എങ്കിലും അവിടെ ഒരു പാരമ്പര്യ സ്‌നാനകേന്ദ്രത്തിലുള്ള സകലസേവനങ്ങളും
ലഭ്യമാണ്. പലതരം കുളികള്‍, മുടിമുറിക്കലും ക്ഷൗരവും, തിരുമ്മലും
പിടിക്കലുമെല്ലാമുണ്ട്. പതിവുകാരില്‍ ഏറെയും വൃദ്ധന്മാരാണ്. അവര്‍
തങ്ങളുടെ സമപ്രായക്കാരുമായി പല കളികളിലും അതിന്റെ രസത്തിലും വഴക്കിലും
ഏര്‍പെട്ട് ദിവസത്തിന്റെ ഏറിയ പങ്കും അവിടെ കഴിക്കുന്നു.തങ്ങളുടെ
ഏകാന്തതയെ തുടച്ചുകളഞ്ഞുകൊണ്ട്.
എല്ലാത്തിന്റെയും പ്രധാനിയായി മാസ്റ്റര്‍ ല്യൂ വര്‍ത്തിക്കുന്നു. അയാള്‍
സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ എന്നതിനേക്കാള്‍ ചുറ്റുമുള്ളവരുടെ വഴക്കും
പ്രശ്നങ്ങളും തീര്‍ക്കുന്ന ഒരു മദ്ധ്യസ്ഥനാണ്. പ്രതിസന്ധികളില്‍
ദമ്പതികളുടെ ഉപദേഷ്ടാവാണ്.ആരേയും സാമ്പത്തികമായി നിര്‍ലോഭം സഹായിക്കുന്ന
ഒരു പരോപകാരിയും. ആരില്‍ നിന്നും കണക്കു പറഞ്ഞ് അയാള്‍ പണം വാങ്ങാറില്ല.
ജീവിതത്തെ ഏറ്റവും സൗമ്യമായ് സമീപിക്കുകയും എളുപ്പത്തോടെ
ജീവിച്ചുതീര്‍ക്കുകയും ചെയ്യുന്ന പ്രകൃതം.
ജോലിക്കാരെക്കൂടാതെ ബുദ്ധിമാന്ദ്യമുള്ളവനെങ്കിലും ഇളയമകനും സ്ഥാപനം
ഭംഗിയായി നടത്തിക്കൊണ്ടുപോകുന്നതില്‍ വൃദ്ധനെ സഹായിക്കുന്നു. സന്തോഷത്തോടും
സംതൃപ്‌തിയോടും കൂടി തന്റെ ജോലിയില്‍ വ്യാപൃതനായ ഒരു പകല്‍നേരത്താണ്
അയാളുടെ മൂത്ത മകന്‍ ഡാമിങ്ങ് അവിടേക്ക് കയറി വരുന്നത്.
പഠനം തീര്‍ന്നയുടനെ അച്ഛന്റെ വഴിവിട്ട് നഗരത്തിലേക്ക് ചേക്കേറിയവനാണ്
അയാള്‍. ഷെല്‍സനില്‍ ഭേദപ്പെട്ട ഒരു കച്ചവടക്കാരനാണ്
അയാളിപ്പോള്‍.അവിടന്ന് തന്നെയാണ് കല്യാണം കഴിച്ചിരിക്കുന്നതും. ഭാര്യയെ
ഇത്തവണയുമയാള്‍ കൂടെക്കൂട്ടിയില്ല. ബുദ്ധിമാന്ദ്യമുള്ള അനുജന്‍ എര്‍വിങ്ങ്
പോസ്റ്റ്‌കാര്‍ഡില്‍ വരച്ചയച്ച ചിത്രം കണ്ട് പിതാവ് മരിച്ചെന്ന്
തെറ്റിദ്ധരിച്ച് വന്നിരിക്കയാണ് അയാള്‍.
ഒരനുഷ്‌ഠാനം പോലെ തുടരും പിതാവിന്റെ കുളിക്കേന്ദ്രത്തോടോ അവിടെയെത്തും
നാടന്‍ മനുഷ്യരോടോ ഏറെ മതിപ്പില്ല അയാള്‍ക്ക്.എത്തിക്സിനേക്കാള്‍
പ്രോഫിറ്റില്‍ വിശ്വാസം അര്‍പ്പിക്കുന്ന ഒരു തേര്‍ഡ് ജെനറേഷന്‍ പ്രതിനിധി.
എങ്കിലും നാട്ടിന്‍പുറ ഭക്ഷണത്തോടുള്ള ഇഷ്ടം ഇതുവരെയും അയാളില്‍ നിന്ന്
വിട്ടുപോയിട്ടില്ല. മായം ചേരാത്ത നൂഡില്‍സ് നഗരത്തില്‍ കിട്ടില്ലെന്ന്
വെളിപ്പെടുത്തുന്നു അത്താഴനേരത്ത് അയാള്‍.
രാത്രിയില്‍ അത്ര സൗകര്യപ്രദമല്ലാത്ത മുറിയില്‍ ഉറക്കം കിട്ടുന്നില്ല
അയാള്‍ക്ക്, ജനിച്ചുവളര്‍ന്ന ഇടമായിട്ടുകൂടി. ഒരു പക്ഷേ, ഒരു കുളി
ഉറക്കത്തിന് സഹായകമാകുമെന്ന് ചിന്തിച്ച് ടൗവ്വലെടുത്ത്
കുളിമുറിയിലേക്ക് നടക്കുന്നു. ശബ്ദം കേട്ട് എണീറ്റു വന്ന പിതാവ്
ടാങ്കുകളില്‍ വെള്ളം നിറയ്ക്കാമെന്ന് പറയുന്നെങ്കിലും അയാള്‍ ഷവറിനു താഴെ
ഒരു കാക്കക്കുളിയില്‍ ഒതുക്കുന്നു. പിതാവ് പൈപ്പിലൂടെ തുറന്നു വിട്ട
ഇളംചൂട് വെള്ളത്തിലെ കുളി ആസ്വാദ്യമയ് തോന്നുന്നു അയാള്‍ക്ക്.

പുലര്‍ച്ചെ തന്നെ വീണ്ടും സജീവമാകുകയാണ് കുളിക്കേന്ദ്രം. അച്ഛനും
മന്ദബുദ്ധിയെങ്കിലും ഇളയമകനും വര്‍ദ്ധിച്ച സന്തോഷത്തോടെ പരസ്പരം വെള്ളം
തെറിപ്പിച്ചും കളിയാക്കിയും തമാശപൊട്ടിച്ചും ആളുകളെത്തുന്നതിനുമുമ്പ്
ഒരുക്കിയെടുക്കുകയാണ് കുളിക്കേന്ദ്രത്തെ. വൈകീട്ട് സ്ഥാപനം
പൂട്ടിയതിനുശേഷം സ്പോര്‍ട്ട്‌സ് വസ്ത്രത്തിലേക്ക് മാറി വെളിയില്‍ ഓടാന്‍
പോവുക അവരുടെ പതിവാണ്. പലപ്പോഴും രണ്ടുകുട്ടികള്‍ തമ്മിലുള്ള കളിപോലെയാണ്
അത്. ഓരോ ദിവസത്തെ ഓട്ടപ്പന്തയത്തിലും മകനുവേണ്ടി അയാള്‍
തോറ്റുകൊടുക്കുന്നു. അവനെ വിജയിയായി കാണാന്‍ കൊതിച്ചും അവന്റെ കുറവുകളെ
അവനെ ബോദ്ധ്യപ്പെടുത്താതിരിക്കാന്‍ വേണ്ടിയും.
ബുദ്ധിമാന്ദ്യമുള്ളവനെങ്കിലും അവന് അച്ഛനെ ഏറെ ഇഷ്‌ടമാണ്, ജേഷ്‌ഠനേയും.
അവനത് ഏറ്റവും നിഷ്‌കളങ്കമായ് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. അവരുടെ
എല്ലാ ഉപഭോക്താക്കളുമായും അവന്‍ ഇണക്കത്തിലാണ്. അവരില്‍ തന്നെ ശരീരത്തില്‍
വെള്ളം തട്ടിയാല്‍ തൊണ്ടപൊട്ടി പാട്ടുപാടുന്ന പൊണ്ണത്തടിയന്‍
ചെറുപ്പക്കാരനെയാണ് അവന് ഏറെ ഇഷ്‌ടം.
രണ്ടു ദിവസമാകുമ്പോഴേക്ക് നഗരജീവിയായ മൂത്തമകന് അവിടംവിട്ട് പോകാന്‍
തിടുക്കമായി. അയാള്‍ തൊട്ടടുത്ത പട്ടണത്തില്‍ പോയി പിതാവിനൊരു സമ്മാനം
വാങ്ങുന്നു. ഒരു ഇലക്ട്രിക് മസാജര്‍. വൃദ്ധന് ഇലക്ട്രിക് തിരുമ്മല്‍
ഇഷ്‌ടമാകുന്നില്ല. അയാള്‍ പാരമ്പര്യ ചൈനീസ് രീതികളില്‍ നിന്ന് കടുകിടാ
വ്യതിചലിക്കാത്ത പ്രകൃതക്കാരനാണ്. എങ്കിലും അയാളത് പുറത്തു കാട്ടിയില്ല.
സമ്മാനത്തിന് മകന് നന്ദി പറയുന്നു.
ഷെന്‍സനിലേക്ക് പോകാന്‍ വിമാനടിക്കറ്റു ബുക്ക് ചെയ്യാന്‍
പട്ടണത്തിലേക്ക് പോകുന്ന ഡാമിങ്ങിന്റെ കൂടെപ്പോകാന്‍ അനുജന്‍ ഇര്‍മിങ്ങ്
വാശി പിടിക്കുന്നു. ഇതുവരെയും തന്റെ കൂടെയല്ലാതെ പുറത്തെവിടെയും
പോയിട്ടില്ലാത്ത മകനെ പറഞ്ഞയക്കാന്‍ വൃദ്ധന് ഭയമുണ്ട്. എങ്കിലും മൂത്ത
സഹോദരനോടൊപ്പം ആണെന്നതിനാല്‍ അയാള്‍ സമ്മതിക്കുന്നു.
തുടരും...
comments