
1988ല്‍ സാഹിത്യത്തിന്റെ നോബല്‍
സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഞാനല്ല എന്റെ ഭാഷയാണ് യഥാര്‍ത്ഥ
വിജയി എന്നാണ് നജീബ് മഹ്‌ഫൂസ് പ്രതികരിച്ചത്. ആധുനിക അറബ്
ആഖ്യാനകലയിലെ വഴിവിളക്കായ നജീബ് മഹ്‌ഫൂസ് 1911ല്‍ കെയ്‌റോയിലെ
ഗമാലിയയില്‍ ജനിച്ചു. ഫിലോസഫിയില്‍ ബിരുദം നേടി. 1939ല്‍ ആദ്യ നോവല്‍
പ്രസിദ്ധീകരിച്ചു. നോവലുകളും ചെറുകഥകളും ലേഖനങ്ങളുമായി അമ്പതോളം കൃതികളുടെ
കര്‍ത്താവ്. ഈജിപ്‌റ്റിലെ സിനിമാ ഫൗണ്ടേഷന്റെ ഡയറക്‌ടറായും സാംസ്‌കാരിക
മന്ത്രാലയത്തിന്റെ കണ്‍സള്‍ട്ടന്റായും ദീര്‍ഘകാലം മഹ്‌ഫൂസ്
പ്രവര്‍ത്തിച്ചു.
1991ല്‍ നോബല്‍ സമ്മാനം നേടിയ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരി നദിന്‍
ഗാദിമിര്‍ മഹ്‌ഫൂസുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്.

നദിന്‍: ഇപ്പോഴും എഴുതുന്നുണ്ടോ?
മഹ്‌ഫൂസ്: ഡ്രീംസ് എന്റെ തൊണ്ണൂറ്റി മൂന്നാം പിറന്നാളിന്
പ്രസിദ്ധീകരിച്ച പുസ്‌തകമാണ്. ഞാന്‍ സ്വപ്‌നങ്ങളെക്കുറിച്ച് എഴുതുന്നു.
അത്ര ദീര്‍ഘമായവ അല്ല. താങ്കള്‍ ഇപ്പോള്‍ എഴുതുന്നില്ലേ?
നദിന്‍: എനിക്കിപ്പോള്‍ എഴുതാന്‍ വളരെ പ്രയാസമാണ്.അടുത്ത് ഒരു നോവല്‍
പൂര്‍ത്തിയാക്കി. ഓരോ കൃതി പൂര്‍ത്തിയാവുമ്പോഴും ഇതെന്റെ അവസാന രചന
ആയിരിക്കുമെന്ന് കരുതും.
മഹ്‌ഫൂസ്: 1950കളുടെ തുടക്കത്തില്‍ കെയ്‌റോ ട്രിലോജി പൂര്‍ത്തിയാക്കി
കഴിഞ്ഞപ്പോള്‍ ഇനിയൊന്നും എഴുതാനില്ലെന്ന് തോന്നി. ആഖ്യാനത്തിന്റെ
ഈടുവെപ്പുകളെല്ലാം ഉപയോഗിച്ചു കഴിഞ്ഞു, ഇനിയൊന്നും പറയാന്‍ ബാക്കിയില്ലെന്ന
തോന്നല്‍. ഇടയ്ക്കൊന്ന് എഴുതാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.അങ്ങനെ
സിനിമയിലേക്ക് തിരിഞ്ഞു. തിരക്കഥാകൃത്തായി. ഞാന്‍ അര്‍ട്ടിസ്റ്റ്
സിന്‍ഡിക്കേറ്റില്‍ രെജിസ്റ്റര്‍ ചെയ്തത് സ്ക്രിപ്റ്റ് റൈറ്റര്‍
ആയിട്ടാണ്, നോവലിസ്റ്റായിട്ടല്ല. ആറുകൊല്ലത്തെ ഇടവേളയ്ക്കു ശേഷം ഒരു
നോവലെഴുതി. 'ചില്‍ഡ്രന്‍ ഒഫ് ജബലവി'. എഴുത്ത് പിന്നെ എന്നില്‍ നിന്നുള്ള
ഒഴുക്കായിരുന്നു. തുറന്നു പറഞ്ഞാല്‍ ഇനി എഴുതാനാവില്ല എന്നു തോന്നിയ
കാലത്ത് വലിയ നിരാശയുണ്ടായിരുന്നു.
നദിന്‍: അന്ന് എന്തു പ്രായമുണ്ടായിരുന്നു?
മഹ്‌ഫൂസ്: നാല്‍പതുകളുടെ തുടക്കം.
നാദിന്‍: താങ്കളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും അതിയായ നിരാശ
തോന്നുമായിരുന്നു. നൈരാശ്യം എഴുത്തുകാരെ സംബന്ധിച്ച് ഒരപകട മേഖലയാണ്.
എണ്‍പത്തിയൊന്നാം വയസ്സില്‍ ഏറെ എഴുതിക്കഴിഞ്ഞതായി എനിക്കു തോന്നുന്നു.
മഹ്‌ഫൂസ്: തൊണ്ണൂറ്റിമൂന്നാം വയസ്സിലും ഞാന്‍ എഴുത്ത് തുടരുന്നു. ഇത്
ആഗ്രഹങ്ങളുടെയും പ്രചോദനങ്ങളുടെയും പ്രശ്‌നമാണ്. അതെപ്പോഴും
ഉണ്ടായിക്കൊള്ളണമെന്നില്ല. ശാരീരികമായി ക്ഷീണിച്ചിട്ടും എന്റെ കാര്യത്തില്‍
എഴുതാനുള്ള ആവേശം കെട്ടടങ്ങിയില്ല. വലതു കൈക്കു അപകടം പറ്റിയ ശേഷം പേന
പിടിക്കാന്‍ ആവുന്നില്ല. എന്താണ് പേജില്‍ എഴുതുന്നതെന്ന് കാണാനും വയ്യ.
ഞാനിപ്പോള്‍ പറഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്.

നദിന്‍: എനിക്ക് പറഞ്ഞുകൊടുക്കാനാവില്ല.
മഹ്‌ഫൂസ്: എനിക്കും അങ്ങനെ തന്നെയായിരുന്നു. പേന എനിക്ക് ആറാമത്തെ
വിരലായിരുന്നു. അറുപതു കൊല്ലക്കാലം അതു തുടര്‍ന്നു. പേനയില്ല്ലാതെ
എഴുതേണ്ടി വരുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഇന്നെനിക്ക്
മറ്റു മാര്‍ഗ്ഗങ്ങളില്ലാതെയായി.
നദിന്‍: മഹ്‌ഫൂസ് എപ്പോഴാണ് എഴുത്ത് ആരംഭിച്ചത്?
മഹ്‌ഫൂസ്: സ്‌കൂള്‍ കുട്ടിയായിരുന്ന കാലം മുതല്‍. ഞാന്‍ ധാരാളം
ഡിക്‌റ്ററ്റീവ് നോവലുകള്‍ വായിക്കുമായിരുന്നു. ഓരോ നോവല്‍ വായിച്ചു
കഴിയുമ്പോഴും ഞാന്‍ അതെന്റെ രീതിയില്‍ മാറ്റി എഴുതിക്കൊണ്ടിരുന്നു. പിന്നെ
സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് കഥകള്‍ എഴുതിത്തുടങ്ങി. എനിക്ക് കഥകള്‍
ഭാവന ചെയ്യാനുള്ള പ്രാപ്‌തി ഉണ്ടാവുന്നതുവരെ അത് തുടര്‍ന്നു. ഞാനേറെ
ആദരിച്ചിരുന്ന എന്നെ ഏറെ സ്വാധീനിച്ച സലാമ മൂസ പറഞ്ഞത് ഞാനോര്‍ക്കുന്നു.
'നിനക്ക് പ്രതിഭയുണ്ട്. പക്ഷെ ഈ കഥകള്‍ കൊള്ളാത്തവയാണ്.'
കാലാന്തരത്തില്‍ ഞാന്‍ കൊള്ളാത്ത കഥകളില്‍ നിന്ന് സഹിക്കാവുന്ന
കഥകളിലേക്ക് എഴുതി മാറി.
comments