കവിത

ചുമര്‍ച്ചിത്രം


ജേക്കബ്‌ തോമസ്‌
 

 


ഇന്നു രാവിലെ വരെ
വഴിപോക്കരാരും
ഈ ചുമരിനെ
തീരെ ശ്രദ്ധിച്ചില്ല.

പഴകിമങ്ങിയ നോട്ടീസുകളും
പരസ്യങ്ങളും
പണ്ടാരോ പകര്‍ത്തിയ
കുറേ മുദ്രാവാക്യങ്ങളും
മാത്രം.

ജാക്സണ്‍ പൊള്ളോക്ക്‌ വരച്ച
ആധുനിക ചിത്രങ്ങള്‍
നിങ്ങള്‍ കണ്ടുകാണും.
നിലത്തിട്ട ക്യാന്‌വാസില്‍
പല നിറങ്ങളില്‍
ചായങ്ങള്‍ വലിച്ചെറിഞ്ഞും
ഇറ്റിറ്റുവീഴ്‌ത്തിയും രൂപപ്പെട്ടവ.

ചുമരിലെ പുതിയ ചിത്രം നോക്കൂ.
ഇത്‌ തീര്‍ക്കാന്‍
ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ.
ഒരു ഫ്ലാഷുകൊണ്ട്‌
ഒരു കളര്‍ ഫോട്ടോ
ഒരുക്കുന്ന പോലെ.

ഇതിന്‌
ഫോട്ടോഗ്രാഫിയുടെയും
പൊള്ളോക്കിന്റേയും
ടെക്‌നിക്കുകളുപയോഗിച്ചു.

ആദ്യം
പഴയകാല ഫ്ലാഷുകള്‍ പോലെ
രാസസമ്മിശ്രത്തിന്റെ
ഒരു വിസ്‌ഫോടനം
 



ഇനാമല്‍ നിറങ്ങള്‍ക്ക്‌ പകരം
ചുമരിലെറിഞ്ഞത്‌
ഓര്‍ഗാനിക്‌ നിറങ്ങള്‍
ബയോഡീഗ്രേഡബിള്‍ ചായങ്ങള്‍.

തണ്ണിമത്തന്റെ
ഹൃദയത്തിന്റെ ചുവപ്പും
തോടിന്റെ പച്ചയും
അങ്ങുമിങ്ങും
കുരുക്കളുടെ കറുപ്പും

പല പച്ചകളുണ്ട്‌
അച്ചിങ്ങപ്പയറിന്റെ
ക്യാബേജിന്റെ
പലതരം പച്ചമുളകിന്റെ.

തണ്ണിമത്തനും തക്കാളിയ്ക്കുമൊപ്പം
രക്തത്തിന്റെയും ചുവപ്പ്‌
ഇടയ്ക്കിടെ പരന്നു കാണുന്നത്‌
തലച്ചോറുകളുടെ നിറമാണ്‌.

ഒരേ നിറമെങ്കിലും
ഒന്നില്‍ കുത്തിനിറച്ചിരുന്നത്‌
മതഭ്രാന്തരുടെ പ്രചരണങ്ങളും
വാഗ്ദാനങ്ങളും.

വേറൊന്നില്‍ നിറഞ്ഞിരുന്നത്‌
പച്ചക്കറികള്‍ വിറ്റ്‌
കുടുംബം പോറ്റാനുള്ള അകാംക്ഷ
പക്ഷേ പടത്തില്‍
നിങ്ങള്‍ക്കത്‌ കാണാനാവില്ല.

ഇത്‌ ജീവന്‍ കൊണ്ട്‌ ചാലിച്ച ചിത്രം
ചായങ്ങളുണങ്ങും തോറും
നിറങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന
ജീവനുള്ള രചന.

ഈ ചിത്രം
വില്‍പനയ്ക്കല്ല
ഇതിന്റെ വില
രചന തീരും മുമ്പേ
കൊടുത്തുകഴിഞ്ഞിരുന്നു.
 

comments