കവിത

ഓക്‌ടാവിയാ പാസിന്റെ
മൂന്നു കവിതകള്‍

 

 



1

പ്രതിരൂപങ്ങള്‍


എന്റെ ശരീരത്തില്‍
നീ പര്‍വ്വതങ്ങള്‍ തിരയുന്നു
ശരീരത്തിന്റെ വനത്തില്‍
മറവു ചെയ്യട്ടെ സൂര്യനെയും.

നിന്റെ ശരീരത്തില്‍
ഞാനൊരു തോണി തിരയുന്നു
രാവിന്റെ അര്‍ദ്ധയാമങ്ങളില്‍
തുഴഞ്ഞു നീങ്ങാന്‍



2

സ്‌പര്‍ശം

എന്റെ കൈകള്‍
നിന്റെ സ്വത്വത്തിന്റെ
തിരശ്ശീല നീക്കുന്നു
നഗ്‌നതകൊണ്ട്‌ നിന്നെ മറയ്ക്കുന്നു
നിന്റെ ഉടലിന്റെ
ആത്മാവ്‌ തുറക്കുന്നു
എന്റെ കൈകള്‍
നിനക്കായ്‌ മറ്റൊരു ശരീരം
കണ്ടെത്തുന്നു



3

പാലം

ഈ നിമിഷവും
ഈ നിമിഷവും തമ്മില്‍
നീയും ഞാനും തമ്മില്‍
ഒരു പാലം.

അതിലേക്ക്‌
കാലെടുത്തുവെക്കുമ്പോള്‍
നീ നിന്നിലെത്തുന്നു
ലോകം ഒരു മോതിരം കണക്കെ
ബന്ധിതമാവുന്നു.

തീരത്തുനിന്നും
മറുതീരത്തേക്ക്‌
എപ്പോഴുമൊരു ശരീരം
നീണ്ടുനിവര്‍ന്നു കിടക്കുന്നു;
ഒരു മഴവില്ല്.

അതിന്റെ കമാനത്തിനു കീഴെ
ഞാന്‍ മയങ്ങുന്നു.


വിവര്‍ത്തനം : കമറുദ്ദീന്‍ ആമയം

 

comments