ആസ്വാദനം

കാലത്തിന്റെ പഴുതുകള്‍
അഥവാ
കവിതയിലെ സിഗ്‌നലുകള്‍

ടി.പി. വിനോദ്‌

 




ജീവിതത്തെ വേറൊരു രീതിയില്‍ നിര്‍വ്വഹിക്കുന്നതിലേക്ക്‌ നമ്മെ ഉണര്‍ത്താനായി മുറുക്കിവച്ചിരിക്കുന്ന അലാറങ്ങളാവുമ്പോള്‍, ഭാഷയ്ക്കും ചിന്തയ്ക്കുമിടയിലുള്ള അകലത്തെ വേഗതയുള്ള വാക്കുകള്‍ കൊണ്ട്‌ മറികടക്കുമ്പോള്‍ അല്ലെങ്കില്‍ ചരിത്രത്തിലെ ഒഴിവിടങ്ങളെ വേദനയുടെ വെളിച്ചം കൊണ്ട്‌ പൂരിപ്പിക്കുമ്പോഴാവണം കവിതയ്ക്ക്‌ അതിന്റെ കേവലകൗതുകങ്ങള്‍ക്കപ്പുറം കനമുണ്ടാവുന്നത്‌. എഴുത്ത്‌, വായന എന്നിവ കൂടാതെ നിലനില്‍പ്‌ എന്നത്‌ വാക്കുകളുടെ മൂന്നാമത്തെ മനമാവേണ്ടതിന്റെ അനിവാര്യതയെ ഇങ്ങനെയൊക്കെയാവാം കവിത അഭിമുഖീകരിക്കുന്നതും.

പി.എന്‍. ഗോപീകൃഷ്‌ണന്റെ മടിയരുടെ മാനിഫെസ്റ്റോ എന്ന പുസ്തകത്തിലെ കവിതകള്‍ സമയത്തിന്റെ മൂര്‍ച്ചകളെ കടന്ന് പോകുന്ന സചേതനവും അചേതനവുമായ സംഗതികളുടെ നിരുപാധിക സാക്ഷ്യങ്ങളാണ്‌. ചാലകതയുള്ള വാക്കുകളും പരമ്പര്യേതരമായ ഊര്‍ജ്ജസാന്നിദ്ധ്യവും കൊണ്ട്‌ ഈ കവിതകള്‍ നമ്മുടെ ബുദ്ധിയിലേക്കും ബോധത്തിലേക്കും നേരിട്ട്‌ പ്രവേശിക്കുന്നു. കാഴ്ചകളുടെയും ഓര്‍മകളുടെയും രേഖീയവിതാനങ്ങളിലേക്ക്‌ നമ്മുടെ നേരങ്ങള്‍ എങ്ങനെയൊക്കെ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് ഈ വരികളിലൂടെ ആലോചിച്ചെത്തുമ്പോള്‍ കൗതുകങ്ങളുടെ ആനന്ദത്തില്‍ നിന്ന് നമ്മുടെ വായന കാലഹരണത്തിന്റെ നടുക്കങ്ങളിലേക്ക്‌ പരിഭാഷപ്പെടുന്നു.

'എന്നിട്ടും ഞാന്‍ ചത്തില്ല
അല്ല, ചത്തു
പക്ഷെ ഓരോ മൃതദേഹത്തെയും
നുണയാക്കി
ഞാന്‍ അതിജീവിച്ചു. ( കവിത: നുണയന്‍)

പേരില്ലാത്ത
പേരിടാന്‍ ധൈര്യപ്പെടാത്ത
തുളകളിലേക്ക്‌
കാലം
അതിന്റെ ലിംഗം
അടിച്ച്‌ കയറ്റുന്നു (കവിത: പുതിയ പുതിയ ദ്വാരങ്ങള്‍)

വിസ്‌മൃതിയെ മാത്രം വിരിയിച്ചെടുക്കേണ്ടി വരുന്ന സസ്യങ്ങളായി ജീവിതങ്ങളെ ഉല്‍പ്പരിവര്‍ത്തനം ചെയ്യുന്ന അധികാരത്തിന്റെയും വാണിഭത്തിന്റെയും ആനുകാലിക അന്തരീക്ഷത്തിലേക്ക്‌ ഈ കവി ആഴത്തിലുള്ള തിരിച്ചറിവിന്റെ, ഉറപ്പുള്ള ചൂണ്ട്‌ പലകകള്‍ സ്ഥാപിക്കുന്നു.

'തുടര്‍ച്ചകള്‍ എന്തുകൊണ്ട്‌
ഒരാളില്‍ തുടരുന്നു?
ഒരാളില്‍
ഞെരിഞ്ഞമരുന്നു?' ( കവിത: അന്തോണി ടെറിക്കന്‍)



ശരീരത്തിന്റെ ലിംഗപരമായ വേര്‍തിരിവുകളാല്‍ നിര്‍ണയിക്കപ്പെടുന്ന ജീവശാസ്ത്രപരവും സാമൂഹികവുമായ നിലനില്‍പിന്റെ നിര്‍ദ്ദേശാങ്കങ്ങളെ നൈസര്‍ഗ്ഗികവും മൗലികവുമായ സൂക്ഷ്‌മതയോടെയാണ്‌ ഗോപീകൃഷ്‌ണന്‍ കുറിച്ചു വെക്കുന്നത്‌.

'പറയൂ പരിണാമമേ
ആണത്തമെന്നാല്‍
പില്‍ക്കാലം
ശരീരമായ്‌ സാക്ഷാല്‍കരിച്ച
ചില വേഷഭൂഷകള്‍ മാത്രമോ?' ( കവിത: പറയൂ പരിണാമമേ)

കാരണം
ഞാന്‍ പുരുഷന്‍
എന്റെ പ്രശ്നം
അനശ്വരത.
ഒരു പിടക്കോഴി പോലും
വെറുമൊരു മുട്ടയിട്ട്‌
കൊത്തിവിരിയിച്ച്‌
അതിജീവിക്കുന്ന പ്രശ്നം ( കവിത: പുരുഷന്‍)



വാക്കുകളുടെ സങ്കലനങ്ങള്‍ ഭാവുകത്വപരമായ പഴമകളെ ഉന്മേഷപൂര്‍വ്വം അതിക്രമിക്കുനതിന്റെ തല്‍സമയദൃശ്യങ്ങള്‍ ഈ പുസ്തകത്തില്‍ കവിത ജീവനോടെയുണ്ടെന്നതിന്‌ തെളിവു തരുന്നു. രചനാപരമായ പദപ്രശ്നങ്ങളുടെ കൗതുകങ്ങള്‍ക്കപ്പുറം ഭാഷയെ കവിതയുടെ ജൈവസത്തായി ആഗിരണം ചെയ്യുന്നതുകൊണ്ടുതന്നെയാണ്‌ ഇതു സാദ്ധ്യമാകുന്നത്‌. ഭാഷ തന്നെ കേന്ദ്രപ്രമേയമായി വരുന്ന കവിതകളില്‍ പുതിയ എഴുത്തുകാരന്‌ ഭാഷയെ ചൊല്ലിയുള്ള ഖേദങ്ങളെയും അങ്കലാപ്പുകളെയും നിര്‍മമതയോടെ കോറിയിട്ടിരിക്കുന്നതും ഇവിടെ നമുക്ക്‌ കാണാനാവും.

'ചെറിയ ദൈവമേ നിന്റെ
വലിയ പ്രേതം വന്ന്
പിന്‍ വലിക്കുന്ന യാത്രാ-
ലക്ഷ്യ വാഗ്ദാനം
പകരം വെക്കുന്നു ബോംബ്‌
വലുതാം
അഞ്ച്‌ സൗജന്യനിമിഷങ്ങളും.' (കവിത: മൃത്യോര്‍മ)

'ഡയല്‍ ചെയ്‌ത്‌
റിങ്ങിന്‌ കാതോര്‍ക്കുമ്പോള്‍
മറുപടി കിട്ടി
ഈ ഭാഷ
ഇപ്പോള്‍ നിലവിലില്ല.' ( കവിത: കാവ്യശാസ്ത്രം)

മനുഷ്യേതരമായ അസ്തിത്വങ്ങളില്‍ നിന്നുള്ള ചരിത്രബാഹ്യമായ സന്ദേശങ്ങളെ ഈ പുസ്തകത്തിലെ കവിതകള്‍ സൂക്ഷ്‌മസംവേദിയായ ജാഗ്രത കൊണ്ട്‌ പിടിച്ചെടുക്കുന്നു. ജീവനില്ലാത്തവയുടെ ചിഹ്നങ്ങള്‍ സൂചക- സൂചിത അര്‍ത്ഥബന്ധങ്ങളെക്കുറിച്ചുള്ള ഊഹങ്ങളെയും ശീലങ്ങളെയും ലംഘിച്ചുകൊണ്ട്‌ നമുക്ക്‌ ഏറെ പരിചയമില്ലാത്ത കാവ്യസങ്കേതങ്ങളായി പരിണമിക്കുന്നു. 0488-800510, ഒരു ഓട്ടോറിക്ഷയുടെ ആത്മഗതം, ഒരു പിരിയാണി( സ്ക്രൂ) മനുഷ്യകുലത്തോട്‌ സംസാരിക്കുന്നു എന്നീ കവിതകളില്‍ നമുക്ക്‌ ആ പുതുമകളെ വായിക്കാനാവും.

പുസ്തകത്തിന്റെ ആമുഖത്തില്‍ കവി പറയുന്നു,' കാലത്തിന്റെ, സമയത്തിന്റെ, അളവുകോലുകള്‍ക്കപ്പുറം വസിച്ചു മനസ്സിലാക്കുന്നതിനെയാണ്‌ മടി എന്ന് വേഗത്തിന്റെ ലോകം വിളിക്കുന്നത്‌. അങ്ങനെയുള്ള മടിയില്‍ നിന്ന് വിരിയിച്ചെടുത്ത കവിതകളാണിവ.'


തിടുക്കങ്ങളെ തിരുത്തി നോക്കുന്ന, അകര്‍ഷണങ്ങളെ അഴിച്ചു നോക്കുന്ന ബോധത്തിന്റെ ആ ധ്യാനമിരിപ്പിനെ ഈ പുസ്തകത്തില്‍ നാം വരികള്‍ തോറും കണ്ടുമുട്ടുന്നു.

 



പുസ്തകം: മടിയരുടെ മാനിഫെസ്റ്റോ
കവി: പി.എന്‍. ഗോപീകൃഷ്‌ണന്‍
പ്രസാധനം: കറന്റ്‌ ബുക്സ്‌, തൃശൂര്‍.



 

comments