ഞാന്‍ അച്ഛന്റെ കൈയ്യില്‍ പിടിച്ചു നടന്നു. അച്ഛന്റെ നീളന്‍ കാല്‍
വയ്പുകളെ പിന്തുടരുന്നതിന് എനിക്ക് ഓടുക തന്നെ വേണമായിരുന്നു. പുതിയ
വസ്ത്രങ്ങളായിരുന്നു എന്റേത്. കറുത്ത ഷൂസ്, പച്ച സ്കൂള്‍ യൂണിഫോം, ചുവന്ന
തൊപ്പി. പുതിയ വേഷത്തിലായിരുന്നെങ്കിലും എന്റെ സന്തോഷം അത്ര
അതിരുകവിഞ്ഞിരുന്നില്ല. കാരണം ഇതു ഞങ്ങളുടെ ആഘോഷദിവസമൊന്നുമായിരുന്നില്ല.
എന്നെ ആദ്യമായി സ്‌കൂളില്‍ ചേര്‍ത്ത ദിവസമായിരുന്നു.
ഞങ്ങള്‍ പോകുന്നതു നോക്കി അമ്മ ജനാലക്കല്‍ തന്നെ ഉണ്ടായിരുന്നു. എന്തോ
സഹായത്തിനഭ്യര്‍ത്ഥിക്കുന്നതു പോലെ, ഞാന്‍ ഇടയ്ക്കിടെ തിരിഞ്ഞു
നോക്കിക്കൊണ്ടേയിരുന്നു. നിരയായ് പൂന്തോട്ടങ്ങളുള്ള തെരുവിലൂടെ ഞങ്ങള്‍
നടന്നു. റോഡിന്റെ ഇരുവശവുമുള്ള വയലുകളില്‍ സമൃദ്ധമായ് ധാന്യങ്ങളും,
പയര്‍ച്ചെടികളും, മയിലാഞ്ചി ചെടികളും അങ്ങിങ്ങായ് ഈന്തപ്പനകളും
നിന്നിരുന്നു.
'എന്തിനാണ് സ്കൂളില്‍ പോകുന്നത്? ഇനി അച്ഛനെ ഞാന്‍ ശല്യപ്പെടുത്തുകയേ
ഇല്ലേ?' ഞാന്‍ അമര്‍ഷത്തോടെ അച്ഛനോട് ചോദിച്ചു.
'ഇതൊരു ശിക്ഷയല്ല', അച്ഛന്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു, ' സ്കൂളെന്നു
പറഞ്ഞാല്‍ ശിക്ഷിക്കുന്ന സ്ഥലമല്ല.അതൊരു ഫാക്ടറിയാണ്. അവിടെ നല്ല
ആണ്‍കുട്ടികളെ നല്ല പുരുഷന്മാരാക്കി വാര്‍ത്തെടുക്കുന്നു. നിനക്ക്
അച്ഛനെപ്പോലെയും നിന്റെ ചേട്ടനെപ്പോലെയും ഒക്കെ ആയിത്തീരണ്ടേ?'
എനിക്കൊന്നും മനസ്സിലായില്ല. വീടിന്റെ സ്വര്‍ഗ്ഗീയതയില്‍ നിന്നകറ്റി
റോഡിന്റെ ഏറ്റവും അറ്റത്ത് വലിയ ചുറ്റുമതിലുള്ള, ഒരു കോട്ട പോലെ
അങ്ങേയറ്റം ഭീകരമായ ഈ കെട്ടിടത്തിലേക്ക് എറിയത്തക്കവണ്ണം
ഇതിനുള്ളിലെന്തെങ്കിലും ഒരു നല്ല സംഗതി ഉണ്ടാകുമെന്ന് എനിക്ക്
വിശ്വസിക്കാനായില്ല.
'ഇനി നീ തനിയെ പോയി അവരോടൊപ്പം ചേരുക. മുഖത്ത് ഒരു നല്ല പുഞ്ചിരിയുമായ്
മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാവുന്ന തരത്തില്‍ ചെല്ല്', അച്ഛന്‍ പറഞ്ഞു.
ഞാന്‍ വിസമ്മതത്തോടെ അച്ഛന്റെ കയ്യില്‍ മുറുകെ പിടിച്ച് നിന്നു. പക്ഷെ
അച്ഛനെന്നെ സൗമ്യതയോടെ ഉള്ളിലേക്ക് തള്ളിവിട്ട് കൊണ്ടു പറഞ്ഞു,'നല്ല
ഒരാളാവുക. യഥാര്‍ത്ഥത്തില്‍ നിന്റെ ജീവിതം ഇന്നു മുതല്‍ അരംഭിക്കുകയാണ്.നീ
തിരികെ വരുന്നതു വരെ ഞാന്‍ പുറത്ത് കാത്തു നില്‍ക്കാം.'

ഞാന്‍ കുറച്ച് മുമ്പോട്ട് നടന്ന ശേഷം അവിടെത്തന്നെ നിന്നു. എന്റെ
കണ്ണില്‍ ഇരുട്ടു കയറിയിരുന്നു. അല്‍പസമയത്തിനു ശേഷം ആണ്‍കുട്ടികളുടെയും
പെണ്‍കുട്ടികളുടെയും മുഖങ്ങള്‍ എന്റെ കാഴ്ചയിലേക്ക് വന്നു തുടങ്ങി. അവരെ
ആരെയും തന്നെ എനിക്ക് പരിചയമില്ലായിരുന്നു. അവര്‍ക്ക് എന്നെയും. സ്വന്തം
വഴി നഷ്‌ടപ്പെട്ട ഒരപരിചിതനെപ്പോലെ എനിക്ക് തോന്നി. പക്ഷെ ആദ്യ
കാഴ്ചയിലുണ്ടായ ജിജ്ഞാസ അവരെ എന്റടുത്തേക്ക് നയിച്ചു. അവരില്‍
ഒരാണ്‍കുട്ടി എന്റെ അടുത്തേക്ക് വന്നു.
'നിന്നെ ആരാണിവിടെ എത്തിച്ചത്?'
'എന്റെ അച്ഛന്‍', ഞാന്‍ പതിഞ്ഞ സ്വരത്തില്‍ മറുപടി പറഞ്ഞു.
;'എന്റെ അച്ഛന്‍ മരിച്ചുപോയ്', അവന്‍ വളരെ നിസ്സാരമായ് പറഞ്ഞു.
എന്താണ് മറുപടി പറയേണ്ടത് എന്നെനിക്കറിയില്ലായിറുന്നു. എനിക്ക്
പിന്നില്‍ ദയനീയമായ മുരള്‍ച്ചയോടെ ഗേറ്റ് അടഞ്ഞു. ചില കുട്ടികള്‍
ഇടയ്ക്ക് വിങ്ങിക്കരയുന്നുണ്ടായിരുന്നു. മണിമുഴങ്ങി. കുറെ
പുരുഷന്മാര്‍ക്ക് പിന്നാലെ ഒരു സ്ത്രീ അവിടേക്ക് കടന്നുവന്നു.
പുരുഷന്മാര്‍ തങ്ങളെ തരം തിരിക്കാന്‍ തുടങ്ങി. മൂന്നുവശവും നിരവധി
നിലകളാല്‍ ചുറ്റപ്പെട്ട ആ വലിയ കെട്ടിടത്തിന്റെ മുറ്റത്ത് ഞങ്ങള്‍ കുഴഞ്ഞു
മറിഞ്ഞ ആകൃതിയില്‍ രൂപപ്പെട്ടു. ഓരോ നിലകളുടെയും മട്ടുപ്പാവിന്റെ തടികളില്‍
തീര്‍ത്ത മേല്‍ക്കൂരകള്‍ ഞങ്ങളെ തുറിച്ചുനോക്കിക്കൊണ്ടേയിരുന്നു.
'ഇതാണ് നിങ്ങളുടെ പുതിയ വീട്', സ്ത്രീ പറഞ്ഞു തുടങ്ങി, ഇവിടെ
നിങ്ങള്‍ക്ക് അച്ഛനമ്മമാരുണ്ട്. ഇവിടുത്തെ എല്ലാ സംഗതികളും അറിവിനും
മതത്തിനും അനുകൂലവും അസ്വാദ്യമായതുമാണ്. കണ്ണുകള്‍ തുടച്ച് ജീവിതത്തെ
സന്തോഷത്തോടെ അഭിമുഖീകരിക്കുക'.
ഞങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് സമര്‍പ്പിക്കപ്പെട്ടു. ജീവനുള്ളവ
ജീവനുള്ളവയിലേക്ക് ആവാഹിക്കപ്പെടുന്നു. ആദ്യനിമിഷം തന്നെ എന്റെ ഹൃദയം
എന്നെ സ്നേഹിച്ചവരുമായ് സ്നേഹത്തിലായി. എന്നെ പ്രണയിച്ച
പെണ്‍കുട്ടിയുമായ് പ്രണയത്തിലായി. അതുകൊണ്ടു തന്നെ എന്റെ ചെറിയ ചെറിയ
തെറ്റുകള്‍ക്ക് യാതൊരടിസ്ഥാനവും ഇല്ലായിരുന്നു. ഒരു സ്കൂളിന് ഇത്രയേറെ
വൈവിധ്യമുണ്ടാകുമെന്ന് ഞാന്‍ കരുതിയതേയില്ല. ഇവിടെ എല്ലാ തരത്തിലുള്ള
കളികളിലും ഞങ്ങള്‍ പങ്കാളികളായി. ഊഞ്ഞാലാട്ടം, കുതിരകളി, പന്തുകളി....
മ്യൂസിക്‌റൂമിലിരുന്ന് ഞങ്ങള്‍ ആദ്യത്തെ പാട്ട് പാടി. ഞങ്ങള്‍ ഭൂഗോളം
അടുത്തു കണ്ടു.അതു കറങ്ങുമ്പോള്‍ ഭൂഖണ്ഡങ്ങളും രാജ്യങ്ങളും പരിചയപ്പെട്ടു.
ഞങ്ങളുടെ ഭാഷയെപ്പറ്റി ആദ്യമായ് ഒരാമുഖം ലഭിച്ചു.

ഞങ്ങള്‍ എണ്ണാന്‍ പഠിക്കാനും ആരംഭിച്ചു. അവര്‍
പ്രപഞ്ചസ്രഷ്ടാവിനെക്കുറിച്ചുള്ള കഥകള്‍ ഞങ്ങള്‍ക്കുവേണ്ടി വായിച്ചു.
ഞങ്ങള്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലോകത്തെപ്പറ്റിയും അദ്ദേഹത്തിനുശേഷമുള്ള
ലോകത്തെപ്പറ്റിയും സംസാരിച്ചു. അദ്ദേഹത്തിന്റെ വചനങ്ങള്‍ക്ക് അവര്‍
ഉദാഹരണങ്ങള്‍ നല്‍കി. ഞങ്ങള്‍ സമൃദ്ധമായ് ഭക്ഷണം കഴിച്ചു. പിന്നെ ഒരു
ലഘുനിദ്രയ്ക്കുശേഷം സ്നേഹവും സൗഹൃദവും പഠനവുമായ് മുമ്പോട്ട് നീങ്ങി.
ഞങ്ങള്‍ക്കു മുന്നില്‍ തുറക്കപ്പെട്ട വഴി ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും
ഞങ്ങള്‍ വിചാരിച്ചത്ര മധുരതരമോ കാര്‍മേഘങ്ങളൊഴിഞ്ഞതോ ആയിരുന്നില്ല.
അവിചാരിതങ്ങളായ അപകടങ്ങളും പൂഴിക്കാറ്റുകളും കടന്നു വന്നു. അതുകൊണ്ടു തന്നെ
ഞങ്ങളെപ്പോഴും ജാഗരൂകരും ക്ഷമയുള്ളവരും ആയിത്തീര്‍ന്നു.ഇതു വെറും ഒരു
കളിപോലെയോ വിഢ്ഢിയാക്കപ്പെടല്‍ പോലെയോ ഉള്ള സംഗതികളായിരുന്നില്ല. എന്നാല്‍
ശത്രുക്കള്‍ക്കാവട്ടെ വേദനയും വിരോധവും പടര്‍ത്താനും യുദ്ധത്തിനായ്
ഉയര്‍ത്തെഴുന്നേല്‍ക്കാനും കഴിഞ്ഞു. ആ സ്ത്രീ, ചിലപ്പോഴൊക്കെ പുഞ്ചിരിയോടും
മറ്റു ചിലപ്പോള്‍ നെറ്റി ചുളിച്ച് വഴക്കുപറഞ്ഞുകൊണ്ടും കടന്നുവന്നു.
എല്ലായ്പ്പോഴും അവര്‍ ഞങ്ങളെ ശാരീരികമായ് ശിക്ഷിച്ചുകൊണ്ടിരുന്നു.
ഓരോരുത്തരുടെയും മാനസികാവസ്ഥകള്‍ മാറിവന്നെങ്കിലും അവരിലാരിലും വീടിന്റെ
സ്വര്‍ഗീയതയിലേക്ക് തിരികെപ്പോകുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍
ഉയര്‍ന്നില്ല. ഞങ്ങള്‍ക്ക് മുമ്പിലെപ്പോഴും അദ്ധ്വാനത്തിന്റെയും
പോരാട്ടത്തിന്റെയും ആത്മസംരക്ഷണത്തിന്റെയും വഴികള്‍ മാത്രമായിരുന്നു
അവശേഷിക്കപ്പെട്ടത്. ആര്‍ക്കായിരുന്നോ വിജയത്തിന്റെയും സന്തോഷത്തിന്റെയും
സന്ദര്‍ഭങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞത് അവര്‍ തന്നെ പിന്നീട്
കഷ്‌ടപ്പാടുകള്‍ക്കിടയില്‍പ്പെട്ട് ഉഴറി.
ദിവസം അവസാനിക്കുന്നതിന്റെ മണി മുഴങ്ങി, ഞങ്ങളുടെ ജോലി
അവസാനിക്കുന്നതിന്റെയും. വീണ്ടും മലര്‍ക്കെ തുറന്ന ഗേറ്റിലൂടെ കുട്ടികള്‍
ഇരച്ച് ആര്‍ത്ത് പുറത്തു കടന്നു. ഗേറ്റ് കടക്കുമ്പോള്‍ എന്റെ
കൂട്ടുകാരോടും സ്നേഹഭാജനങ്ങളോടും ഞാന്‍ യാത്ര പറഞ്ഞു.ഞാന്‍ തിരികെ
വരുമ്പോള്‍ കാത്തു നില്‍ക്കാമെന്ന് അച്ഛനെനിക്ക് ഉറപ്പു
നല്‍കിയിരുന്നു.പക്ഷെ എന്റെ അന്വേഷണങ്ങള്‍ക്ക് അച്ഛനെ കണ്ടെത്താനായില്ല.
ഞാന്‍ റോഡിന്റെ ഓരം ചേര്‍ന്ന് കാത്തുനിന്നു. കുറെ സമയം ആ നില്‍പ്പ്
തുടര്‍ന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഒടുവില്‍ ഞാന്‍ തനിയെ
വീട്ടിലേക്ക് പോകുവാന്‍ തീരുമാനിച്ചു. അല്‍പ്പം നടന്നു തുടങ്ങിയപ്പോള്‍
ഒരു മദ്ധ്യവയസ്കന്‍ എന്റടുത്തേക്ക് നടന്നു വന്നു. ഒറ്റനോട്ടത്തില്‍ തന്നെ
ഞാനയാളെ തിരിച്ചറിഞ്ഞു. അയാള്‍ പുഞ്ചിരിയോടെ അടുത്തേക്ക് വന്നുകൊണ്ട്
പറഞ്ഞു:
'നമ്മള്‍ കണ്ടുമുട്ടിയിട്ട് വളരെക്കാലമായല്ലോ, സുഖമാണോ?'
അതെയെന്നര്‍ത്ഥത്തില്‍ തലയാട്ടി ഞാന്‍ തിരിച്ചു ചോദിച്ചു:

'നിങ്ങള്‍ക്കെങ്ങനെ സുഖമാണോ?'
'നിങ്ങള്‍ കാണുന്നതുപോലെ തന്നെ, ഒന്നും അത്ര നല്ലതല്ല. ദൈവം
അനുഗ്രഹിക്കട്ടെ.'
ഒരിക്കല്‍കൂടി എന്റെ കൈ കവര്‍ന്നശേഷം അയാള്‍ നടന്നു പോയി.
ഞാന്‍ നടന്നുതുടങ്ങി. പെട്ടെന്ന് എന്റെ മുന്‍പിലെ കാഴ്ചകള്‍ എന്നില്‍ ഒരു
നടുക്കമുളവാക്കി. എന്റെ ദൈവമേ ഇരുവശവും നിരനിരയായ്
പൂന്തോട്ടങ്ങളുണ്ടായിരുന്ന വഴികളെവിടെ? എവിടെയാണത് അപ്രത്യക്ഷമായത്?
എപ്പോഴാണ് ഇത്രയധികം വാഹനങ്ങള്‍ ഇവിടേക്ക് കടന്നുവന്നത്? എങ്ങനെയാണ്
ഇത്രയധികം ജനക്കൂട്ടം ഈ നിരത്തില്‍ വന്നുപെട്ടത്? എങ്ങനെയാണീ റോഡിന്റെ
വശങ്ങളില്‍ ചപ്പുചവറുകൂനകള്‍ പ്രത്യക്ഷമായത്? എവിടെ
പാതവക്കത്തുണ്ടായിരുന്ന കൃഷിയിടങ്ങള്‍ ? വലിയ വലിയ കെട്ടിടങ്ങള്‍
ഇവിടെയെല്ലാം സ്ഥാനം പിടിച്ചിരിക്കുന്നു. തെരുവിലാകെ കുട്ടികള്‍
നിറഞ്ഞിരിക്കുന്നു. അന്തരീക്ഷമാകെ ബഹളമയമായിരിക്കുന്നു.ചില സ്ഥലങ്ങളില്‍
മാന്ത്രികര്‍ ഇന്ദ്രജാലം കാണിക്കുകയും അവരുടെ കൂടകളില്‍ നിന്ന് പാമ്പുകളെ
പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു.
ഒരു ബാന്‍ഡു സംഘം നഗരത്തില്‍ നടക്കുവാന്‍ പോകുന്ന സര്‍ക്കസിനെപ്പറ്റി
വിളംബരം ചെയ്തുകൊണ്ട് കടന്നുവന്നു. അവര്‍ക്കു മുമ്പിലായി ഒരു സംഘം
ബഫൂണുകളും മല്ലന്മാരും നടന്നിരുന്നു.ഒരു കൂട്ടം വാനുകള്‍ പട്ടാളക്കാരെയും
വഹിച്ചുകൊണ്ട് ഇഴഞ്ഞുപൊയ്ക്കൊണ്ടിരുന്നു. ഒരു ഫയര്‍ എഞ്ചിന്‍ സൈറണ്‍
മുഴക്കിക്കൊണ്ട് കടന്നുവന്നു. എനിക്ക് മനസ്സിലായില്ല എങ്ങനെ ഈ വാഹനം
അതിന്റെ വഴിതുറന്ന് തീ പടരുന്നിടത്തേക്ക് എത്തിച്ചേരുമെന്ന്.മറ്റൊരിടത്ത്
ടാക്സി ഡ്രൈവറും യാത്രക്കാരനും തമ്മില്‍ പൊരിഞ്ഞ വഴക്ക് നടക്കുന്നു.
യാത്രക്കാരന്റെ ഭാര്യ ചുറ്റും സഹായത്തിനായ്
അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും ആരും അവരെ ഗൗനിച്ചതേയില്ല. കൊള്ളാം ദൈവമേ!
ഞാന്‍ സ്‌തബ്‌ധനായ് നിന്നു. എനിക്ക് തല ചുറ്റുന്നതു പോലെ തോന്നി. അരദിവസം
കൊണ്ടെങ്ങനെയാണ് ഇതെല്ലാം സംഭവിച്ചത്? അതും ഒരു സൂര്യോദയത്തിനും
അസ്തമയത്തിനും ഇടയില്‍?
ഒരു പക്ഷെ വീട്ടില്‍ ചെല്ലുമ്പോള്‍ അച്ഛനില്‍ നിന്ന് ഉത്തരം
കിട്ടുമായിരിക്കും. പക്ഷെ എവിടെയാണ് എന്റെ വീട്? എനിക്കു ചുറ്റും വലിയ
കെട്ടിടങ്ങളും അലഞ്ഞു തിരിയുന്ന ജനക്കൂട്ടവുമല്ലാതെ മറ്റൊന്നും
കാണുവാനാവുന്നില്ല. ഞാന്‍ അബുഘോഡയ്ക്കും പൂന്തോട്ടത്തിനും ഇടയിലെ
ക്രോസ്‌റോഡിലൂടെ നടന്നു. എനിക്ക് വീട്ടിലെത്തുവാന്‍ അബുഘോഡ
മുറിച്ചുകടക്കണമായിരുന്നു. പക്ഷെ വാഹനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം എന്നെ
അതിനനുവദിച്ചില്ല. ഒരു ഫയര്‍ എഞ്ചിന്‍ അതിന്റെ സൈറണ്‍ ഉച്ചസ്ഥായിയില്‍
മുഴക്കി മന്ദഗതിയില്‍ കടന്നു പോയി. 'തീ ചാമ്പലാക്കി തിമര്‍ക്കട്ടെ', ഞാന്‍
എന്നോട് തന്നെ പറഞ്ഞു. എനിക്ക് തീര്‍ത്തും
വെറിപിടിച്ചിരുന്നു.ഇതിനിടയില്‍ എനിക്ക് റോഡു മുറിച്ചു കടക്കുവാന്‍
കഴിഞ്ഞിരുന്നുവെങ്കില്‍ അത് ഒരല്‍ഭുതം തന്നെയായിരുന്നു. കുറെ സമയം ഞാന്‍
അവിടെത്തന്നെ നിന്നു .തൊട്ടടുത്ത ഇസ്തിരിക്കടയിലെ ജോലിക്കാരനായ യുവാവ്
എന്റടുത്തേക്ക് വരുന്നതു വരെ. അവന്‍ കൈകള്‍ എനിക്കു നേരെ നീട്ടിക്കൊണ്ട്
സൗമ്യതയോടെ പറഞ്ഞു:
'മുത്തശ്ശാ റോഡു മുറിച്ചു കടക്കുവാന്‍ ഞാന്‍ സഹായിക്കാം.'
comments